അഴിമുഖം പ്രതിനിധി
കേരള ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മാനദണ്ഡം നിലവില്‍ ഇല്ല. കോടാനുകോടി വിലയുള്ള ഭൂമിയുടെ, കരാറുകളുടെ, റോഡ് നിര്‍മ്മാണങ്ങളുടെ കേസുകളാണ് പ്ലീഡര്‍മാര്‍ ഏറ്റെടുക്കുന്നത്. ഒരു ദിവസം ഒരു സ്‌പെഷല്‍ ഗവ. പ്ലീഡര്‍ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ പൊതുമൂല്യം എന്നു പറയുന്നത് കോടിക്കണക്കിന് രൂപയാണ്. അത്തരത്തില്‍ ഒരുദിവസം കോടതിയില്‍ വരുന്ന നൂറിലധികം കേസുകളാണ് നൂറ്റിമുപ്പതോളം വരുന്ന ഗവ പ്ലീഡര്‍മാര്‍ കൈകാര്യം ചെയ്യുന്നത്.
ഇതില്‍ തന്നെ റവന്യു, വനം, പൊതുമരാമത്ത് എന്നീ പ്രധാനപ്പെട്ട മേഖലകളില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടക്കുന്നത്. ഈ മേഖലകളില്‍ സ്‌പെഷല്യസ് ചെയ്തിട്ടുള്ള മുപ്പതോ നാല്‍പ്പതോ വര്‍ഷം പ്രാക്ടീസ് ഉള്ള വക്കീലന്‍മാരാകും പ്രതിഭാഗത്തിനു (സര്‍ക്കാരിനെതിരായി) വേണ്ടി ഹാജരാകുന്നത്. ഈ വൈദഗ്ധ്യം സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നവര്‍ക്കും ഉണ്ടാകണം. മാത്രമല്ല അതിലൊരു കണ്ടിന്യൂറ്റിയും ഉണ്ടാവേണ്ടതുണ്ട്. കണ്ടിന്യൂറ്റി എന്നാല്‍, ഒരു ഫയല്‍ കൈകാര്യം ചെയ്യുന്ന ഒരാളെ പെട്ടെന്നു മാറ്റി നാളെ മറ്റൊരാളെ ഏല്‍പ്പിച്ചാല്‍ ആ വരുന്നയാള്‍ക്ക് ഇന്നലെ വരെ നടന്നതിനെ കുറിച്ച് അറിയില്ലെങ്കില്‍ കേസ് തോല്‍ക്കും. പരിചയവും ഒപ്പം കഴിവും ഉള്ള ഒരാളായിരിക്കണം സര്‍ക്കാരിന്റെ താതപര്യം സംരക്ഷിക്കേണ്ട കേസുകളില്‍ പ്ലീഡര്‍മാരായി ഹാജരാകേണ്ടത്. മേല്‍പ്പറഞ്ഞ പരിചയവും കഴിവും ഗവ. പ്ലീഡര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് ബാധകമല്ല എന്നതാണ് ഇവിടെ തുടരുന്ന ദുഃസ്ഥിതി.
ഇടതുപക്ഷം വന്നാലും വലതുപക്ഷം വന്നാലും രാഷ്ട്രീയപ്രേരിതമായിട്ടല്ലാതെ നിയമനങ്ങള്‍ നടക്കാറില്ല. കഴിവുള്ള രണ്ടുപേര്‍ തമ്മില്‍ പ്ലീഡര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ നില്‍ക്കുമ്പോള്‍ അവരില്‍ നിന്നും ഭരിക്കുന്ന മുന്നണിയുടെ രാഷ്ട്രീയതാത്പര്യം നോക്കി ഒരാളെ നിയമിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല. എന്നാല്‍ യാതൊരു മെറിറ്റും നോക്കാതെ രാഷ്ട്രീയം മാത്രം നോക്കി നടക്കുന്ന നിയമനങ്ങളാണ് ജനാധിപത്യവിരുദ്ധമായി അനുഭവപ്പെടുന്നത്. കഴിവുള്ളൊരാള്‍ കഴിവില്ലാത്തൊരാളുമായി മത്സരം നടക്കുമ്പോള്‍ രണ്ടാമന്‍ ഭരണപാര്‍ട്ടിയുടെ നോമിനിയായതുകൊണ്ട് സ്ഥാനം നേടുന്ന കാഴ്ചയാണ് മറ്റു പലയിടത്തുമെന്നപോലെ ഗവ. പ്ലീഡര്‍ നിയമനത്തിലും നടക്കുന്നത്.
റവന്യുവകുപ്പിന്റെ സ്‌പെഷല്‍ ഗവ. പ്ലീഡര്‍ ആയിരുന്ന സുശീല ഭട്ടിനു പകരമായി വന്നിരിക്കുന്ന രണ്ടു ഗവ. പ്ലീഡര്‍മാരും കഴിവുള്ളരൊക്കെ തന്നെയാണ്. എന്നാല്‍ ഹാരിസണ്‍ മലയാളത്തിന്റെതു പോലുള്ള ഗഹനമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണോ എന്നിടത്താണ് സംശയം. കഴിഞ്ഞ പത്തുവര്‍ഷക്കാലം രണ്ടു സര്‍ക്കാരുകളും അവരവരുടെ ഊഴത്തില്‍ നിലനിര്‍ത്തിപ്പോന്നിരുന്ന സുശീല ഭട്ടിനെ മാറ്റുമ്പോള്‍ പകരം വച്ചിരിക്കുന്നവര്‍ അവരെപ്പോലെ മിടുക്കുണ്ടോ എന്ന ചോദ്യത്തിന് ഈ സര്‍ക്കാര്‍ മറുപടി പറയണം.
ഫൈനല്‍ ഹിയറിംഗിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഒരു കേസിന്റെ അവസാന നിമിഷം അഭിഭാഷകയെ മാറ്റുന്നത് ഒട്ടും ബുദ്ധിപരമല്ല എന്നത് ആര്‍ക്കും തോന്നാവുന്ന കാര്യമാണ്. അല്ലെങ്കില്‍ വന്നിരിക്കുന്നവര്‍ മാറ്റപ്പെട്ടയാളെക്കാള്‍ മിടുക്കുള്ളവരാണെന്ന് തെളിയിക്കണം.
കോണ്‍സ്റ്റിസ്റ്റ്യൂഷണല്‍ ലോയും ഫാക്റ്റ്‌സും കേസുകളില്‍ ഉണ്ടാകും. ഫാക്റ്റ്‌സ് ആറിയാവുന്ന വക്കീലുമാര്‍ ഒരു കേസ് മുന്നോട്ടു കൊണ്ടുപോവുകയും അതേസമയം ഭരണഘടനാപരമായ വാദങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ നിന്നും ആളെ കൊണ്ടുവരേണ്ട സ്ഥിതിയും നമുക്കിപ്പോള്‍ ഉണ്ട്. ഉദ്ദാഹരണം ഇ എഫ് എല്‍ കേസ്. സര്‍ക്കാരിനെതിരെ മൊത്തം 52 കേസുകള്‍ ഉണ്ടായിരുന്നു. സുപ്രിം കോടതയില്‍ നിന്നും വിശ്വനാഥന്‍ വക്കീല്‍ വന്ന് അരദിവസം കൊണ്ട് കേസ് പഠിച്ച് ഒരു ദിവസം കൊണ്ട് വാദിച്ചു. സര്‍ക്കാര്‍ കേസ് ജയിക്കുകയും ചെയ്തു. അവിടെ സെറ്റില്‍ഡ് കോണ്‍സ്റ്റിസ്റ്റ്യൂഷണല്‍ പൊസിഷനെ കുറിച്ചായിരുന്നു വാദം. ഹാരിസണിന്റെയോ ടാറ്റയുടെയോ മറ്റ് ഭൂമിസംബന്ധമായ കേസുകളുടെ കാര്യത്തിലോ ഇതല്ല അവസ്ഥ.. ഓരോ ഡോക്യുമെന്റും ഏതാണ് എവിടെയാണ് എത്രാമത്തെ പേജിലാണ് പറഞ്ഞിരിക്കുന്നതെന്ന് അറിയണം. ഇതറിയാവുന്നൊരാളായിരുന്നു സുശീല ഭട്ട്. ഒരു ദിവസം സുശീല ഭട്ടിനെ പെട്ടെന്ന് ഇറക്കി വിടുമ്പോള്‍ അവര്‍ കൈകാര്യം ചെയ്തിരുന്ന കേസിനെ ബാധിക്കത്തക്ക വിധത്തിലുള്ള അപകടകരമായൊരു അവസ്ഥ വരും ദിവസങ്ങളില്‍ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
സുശീല ഭട്ടിനെ പോലെ, ആയിരക്കണക്കിനു പേജുകളുള്ള ഈ ഫയലുകളില്‍ ഏതു രേഖ എവിടെയാണ് ഉള്ളതെന്നും ഏതു തീരുമാനപ്രകാരം എന്തു നടപടിയാണ് എടുത്തിട്ടുള്ളതെന്നും അറിയാവുന്നൊരാളുടെ സേവനം മതിയാക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വരുന്നയാള്‍ എത്ര കഴിവുള്ളയാളുമാകട്ടെ, പക്ഷെ ഈ കേസ് ഒരു മാസത്തിനുള്ളില്‍ പഠിച്ച് അവസാന ഹിയറിംഗില്‍ വാദിക്കാന്‍ കഴിയുക എന്നത് മാനുഷികമായി അസംഭവ്യമാണ്.
രണ്ട് അലമാരികള്‍ സ്വന്തം കൈയില്‍ നിന്നും പണം നല്‍കിയാണ് സുശീല ഭട്ട് ഈ കേസ് സംബന്ധമായ രേഖകള്‍ സൂക്ഷിക്കാന്‍ വാങ്ങിവച്ചിരിക്കുന്നത്. ഒരു സര്‍ക്കാരും അതിനുള്ള സഹായം പോലും അവര്‍ക്ക് ചെയ്തു കൊടുത്തിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് അവര്‍ക്കെതിരെ നടന്ന നീക്കങ്ങള്‍ അതിശക്തമായിരുന്നു. പോബ്‌സിന്റെ കേസുകളില്‍ ഉള്‍പ്പെടെ അവര്‍ എതിര്‍വാദമുയര്‍ത്തി എന്നതിനാല്‍ സുശീല ഭട്ടിന്റെ ഓഫിസിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ പിടിച്ചുവച്ചു. സുശീല ഭട്ടിന്റെ ഓഫിസില്‍ ഉണ്ടായിരുന്ന രണ്ടു വനിത ജീവനക്കാര്‍ എട്ടുമാസത്തോളം ശമ്പളം കൊടുക്കാതെ തടഞ്ഞുവയ്ക്കുകയായിരുന്നു. അതിന്റെ പിന്നില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നൂവെന്നാണ് പറയുന്നത്. പോബ്‌സണ്‍ കേസില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുണ്ടായിരുന്ന നിലപാടിനെതിരെ അവര്‍ നിന്നു എന്നതാണ് വിരോധകാരണം. തന്റെ കൈയില്‍ നിന്നും മാസം ഇരുപതിനായിരം രൂപവീതം ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തുകൊണ്ടായിരുന്നു അവര്‍ സ്‌പെഷ്യല്‍ ഗവ. പ്ലീഡറുടെ ഓഫിസിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോയിക്കൊണ്ടിരുന്നത്.
നൂറിലേറെ പേജുകളുള്ള ഫയലുകള്‍ മഴ നനയുന്നതുകണ്ടിട്ടാണ് സുശീല ഭട്ട് തന്റെ കൈയില്‍ നിന്നും പണം മുടക്കി അലമാരകള്‍ വാങ്ങുന്നത്. അത്രമേല്‍ സത്യസന്ധയോടെയും ആത്മാര്‍ത്ഥതയോടെയുമാണ് അവര്‍ തന്റെ കടമകള്‍ നിര്‍വഹിച്ചു പോന്നിരുന്നതെന്നതിന് ധാരാളം സാക്ഷികളുണ്ട്. ഈ ഗുണങ്ങള്‍ ഇനി വരുന്നവര്‍ക്ക് ഉണ്ടാകുമോ എന്നാണ് സര്‍ക്കാരിനോട് ചോദിക്കാനുള്ളത്.
ഓരോ സര്‍ക്കാരുകളും ഭരണത്തില്‍ വരുമ്പോള്‍ മാറ്റിമറിക്കലുകള്‍ സാധാരണമാണ്. സുശീല ഭട്ടിനെ പ്രത്യേകമായി മാറ്റുന്നതില്‍ കമ്പനികളുടെ താത്പര്യം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നറിയില്ല. ഭരണഘടനവിദഗ്ധന്‍ എന്ന നിലയില്‍ പേരുകേട്ടിട്ടില്ലാത്ത എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനാക്കുന്നു. പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ പോസ്റ്റ് കൊടുക്കുന്നു. ദാമോദരന്‍ എത്ര ഭരണഘടന പ്രശ്‌നങ്ങള്‍ വാദിച്ചു ജയിച്ചിട്ടുണ്ടെന്ന് അറിയില്ല. എന്നാല്‍ സുശീല ഭട്ടിന് അവര്‍ കൈകാര്യം ചെയ്തിരുന്ന കേസുകളില്‍ ഉണ്ടായിരുന്ന വൈദഗദ്ധ്യം ഇടതുവലതു സര്‍ക്കാരുകള്‍ ഒരുപോലെ സമ്മതിച്ചിരുന്നതാണ്. പ്രതിമാസം എണ്‍പതിനായിരമോ തൊണ്ണൂറായിരമോ രൂപയാണ് ഒരു സര്‍ക്കാര്‍ പ്ലീഡറുടെ ശമ്പളം. ടാക്‌സ് പിടിച്ചതിനു ശേഷമുള്ളതെ കൈയില്‍ കിട്ടൂ. എല്ലാ അലവന്‍സുകളും ചേര്‍ത്തുള്ള തുകയാണ്. ഒരു വര്‍ഷം അവരുടെ സേവനം നീട്ടിയെങ്കില്‍ സര്‍ക്കാരിന് ശമ്പളയിനത്തില്‍ പോകുമായിരുന്നത് പരമാവധി പത്തുലക്ഷത്തിനടുത്ത് രൂപ മാത്രം. ഹാരിസണ്‍ മലയാളത്തിന്റെ കേസിന്റെ മെറിറ്റ് നോക്കിയാല്‍ സര്‍ക്കാരിന് ഒരു വര്‍ഷം കൂടി സുശീല ഭട്ട് തുടരട്ടെ എന്നു തീരുമാനിച്ചാല്‍ ഒരു തെറ്റും ഉണ്ടാകില്ലായിരുന്നു.
ഈ വിഷയത്തില്‍ ഊന്നി നിന്നുകൊണ്ട് പറയാനുള്ളത്, ഗവ. പ്ലീഡറായി ഹൈക്കോടതിയില്‍ വരേണ്ടത് പൊതുജനതാത്പര്യം സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നു സ്വയം കരുതുന്നവരാകണം എന്നൊരു മാനദണ്ഡം ഉണ്ടാക്കിയെടുക്കണം എന്നാണ്. അതു ചെയ്യാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുമോ? ഗവ. പ്ലീഡറായി നിയമിക്കപ്പെടാന്‍ ഒരു ക്രൈറ്റീരിയ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ? അതോ തന്നിഷ്ടപ്രകാരം ആളുകളെ നിയമിക്കാനോ? ഗവ. പ്ലീഡര്‍മാരെ നിയമിക്കുമ്പോള്‍ തന്നിഷ്ടക്കാരെ വയ്ക്കുകയും ജുഡീഷ്യല്‍ നിയമനം സത്യസന്ധമാകണമെന്നു പറയുന്നതിലും സിപിഎമ്മിനുള്ള ഇരട്ടത്താപ്പ് വ്യക്തമാണ്. ജുഡീഷ്യല്‍ നിയമനങ്ങളില്‍ സുതാര്യതയും മാനദണ്ഡങ്ങളും ഉറപ്പു വരുത്തണമെന്നത് സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷേ ഇവിടെ കാണിക്കുന്നതോ? സ്വന്തം കൈയിലിരിക്കുന്ന നിയമനങ്ങളില്‍ മാനദണ്ഡം പാലിക്കാനെങ്കിലും പാര്‍ട്ടി തയ്യാറാകേണ്ടതുണ്ട്.
റവന്യു വകുപ്പിലെ സ്‌പെഷ്യല്‍ പ്ലീഡറായി സുശീല ഭട്ട് തുടരുക തന്നെ വേണമെന്നാണ് പൊതുവികാരം. കാരണം, കഴിഞ്ഞ അഞ്ചുവര്‍ഷമായി അവര്‍ നടത്തിയ കേസുകളില്‍ ഒന്നും സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടില്ല. അതേസമയം അവര്‍ നടത്തിപ്പോന്നിരുന്ന കേസുകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുക വഴി സര്‍ക്കാര്‍ തോറ്റുപോയതിന്റെ കഥകളുമുണ്ട്. 50 കോടി വിലവരുന്ന തൃശൂര്‍ ജില്ലയിലെ ബലാജി ക്ലബിന്റെ കേസ് അവരുടെ കയ്യില്‍ നിന്നും മാറ്റി അഡീ. അഡ്വക്കേറ്റ് ജനറലിനെ ഏല്‍പ്പിച്ച ദിവസം ആ കേസ് തോറ്റു. നിരവധിയുണ്ട് ഇത്തരം ഉദാഹരണങ്ങള്‍. അതിനാലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഒരു പ്രത്യേക സര്‍ക്കാര്‍ ഉത്തരവിറക്കി ഇത്തരം കേസുകള്‍ ഇനി സുശീലഭട്ടിനെ ഏല്‍പ്പിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. അതിനു മുമ്പ് മറ്റാരുടെയും കാര്യത്തില്‍ ഇത്തരമൊരു ഉത്തരവ് കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഓര്‍ക്കണം. സാധാരണ അഡ്വക്കേറ്റ് ജനറലാണ് ഏതു കേസ് ആരു വാദിക്കണമെന്ന് തീരുമാനിക്കുന്നത്. എ ജി പോലും കള്ളക്കളി കളിക്കുന്നൂവെന്ന തോന്നല്‍ വന്നപ്പോഴാണ് സുശീലയുടെ കാര്യത്തില്‍ പ്രത്യേക ഉത്തരവ് ഇറക്കിയത്. ഇതൊക്കെ പറഞ്ഞത്, സുശീല ആര്‍ ഭട്ട് എന്ന അഭിഭാഷകയ്ക്ക് മികവിന്റെതായൊരു ചരിത്രമുണ്ട് എന്നറിയാനാണ്. അതു മാനിക്കാതെ, പെട്ടെന്നൊരു ദിവസം അവരെ പറഞ്ഞു വിടുക എന്നത് സര്‍ക്കാരിന് ഒരുതരത്തിലും ഗുണകരമാവില്ലെന്നു മാത്രമല്ല, ചീത്തപ്പേരും കേള്‍പ്പിക്കുകയും ചെയ്യും.