UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സൂപ്പര്‍ അമ്മ’യെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി

Avatar

രമാ ലക്ഷ്മി
(വാഷിങ്ടണ്‍ പോസ്റ്റ്)

സൗദിയില്‍ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ രക്ഷിക്കുക, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് ഹണിമൂണ്‍ യാത്രയ്ക്കു പോകാനാകും വിധം മറ്റൊരു പാസ്‌പോര്‍ട്ട് കിട്ടാന്‍ സഹായിക്കുക – ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഈ മാസം ഇതുവരെ ചെയ്ത കാര്യങ്ങള്‍ ഇവയാണ്.

രണ്ടുവര്‍ഷം മുന്‍പ് സ്ഥാനമേറ്റതു മുതല്‍ സുഷമാ സ്വരാജിന്റെ നയതന്ത്രം ചുറ്റിത്തിരിയുന്നത് ലോകത്തെവിടെയും പ്രശ്‌നങ്ങളില്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ്. ട്വിറ്ററിലൂടെ പരാതി പറയുന്ന ആരുടെയും പ്രശ്‌നം പരിഹരിക്കുന്ന ‘സൂപ്പര്‍ അമ്മ’ എന്ന അസാധാരണ റോളിലാണ് വിദേശകാര്യമന്ത്രി.

ഏതു രാത്രിയിലും വീട്ടിലിരുന്ന് സുഷമ പരാതിക്കാര്‍ക്ക് മറുപടി അയക്കുന്നു. ‘എന്റെ കുട്ടീ’ എന്നു വിളിച്ച് സഹായം ഉടനെത്തുമെന്ന് ഉറപ്പുനല്‍കുന്നു. അത് സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയവരായാലും വീസ പ്രശ്‌നങ്ങളില്‍പ്പെട്ടവരായാലും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരായാലും.

വിദേശത്ത് നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി ട്വീറ്റ് ചെയ്യുന്ന അമേരിക്കക്കാര്‍ക്ക് വ്യക്തിപരമായി മറുപടി അയയ്ക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ എഫ് കെറിയെ സങ്കല്‍പിച്ചുനോക്കൂ! ‘ഇന്റര്‍നെറ്റിലെ ഏറ്റവും വിട്ടുവീഴ്ചയില്ലാത്ത വിദേശകാര്യ മന്ത്രി’ എന്നാണ് സുഷമയെ ബസ് ഫീഡ് പ്രശംസിച്ചത്.

പാര്‍ലമെന്റില്‍ ദീര്‍ഘകാലം അംഗമായി അടുത്തറിയുന്നവര്‍ക്ക് സുഷമയുടെ പെരുമാറ്റത്തില്‍ അത്ഭുതമില്ല. ‘സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. വിഷമമനുഭവിക്കുന്നവരോട്, അവര്‍ എവിടെയുള്ളവരായാലും, അനുതാപമുള്ള മനസാണ് സുഷമയ്ക്ക്,’ വിദേശ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യകാലത്ത് ട്വിറ്റര്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയ ഇന്ത്യന്‍ രാഷ്ട്രീയക്കാരിലൊരാള്‍. പ്രസിഡന്റ് ഒബാമയ്ക്കും പോപ്പ് ഫ്രാന്‍സിസിനും ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്നതും മോദിയെയാണ്. ഔദ്യോഗിക വക്താവില്ലാത്ത മോദി പ്രധാന സന്ദേശങ്ങള്‍ നല്‍കാന്‍ ട്വിറ്ററിനെയാണ് ആശ്രയിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലെ കഴിവ് നോക്കി മന്ത്രിമാരെ വിലയിരുത്തുമെന്ന് മോദി പറഞ്ഞതിനെത്തുടര്‍ന്ന് മന്ത്രിമാര്‍ അവരുടെ ഓണ്‍ലൈന്‍ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ട്വിറ്ററില്‍ 5.5 മില്യണ്‍ പേര്‍ ഫോളോ ചെയ്യുന്ന സുഷമ ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രിമാരില്‍ മുന്‍നിരയിലാണ്. ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കുമായി 165 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ രക്ഷകയെന്ന നിലയില്‍ സുഷമയുടെ പ്രതിച്ഛായ പരക്കുന്നതോടെ ആളുകള്‍ എംബസികളെ ആശ്രയിക്കാതെ മന്ത്രിക്കു നേരിട്ട് ട്വീറ്റ് ചെയ്യുകയാണ്.

ജോലി നഷ്ടപ്പെട്ട് മൂന്നുദിവസമായി ഭക്ഷണം കഴിക്കാത്ത സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ചിത്രം ട്വീറ്റ് ചെയ്തയാളോട് സുഷമയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘സൗദിയില്‍ ജോലി നഷ്ടപ്പെട്ട ഇന്ത്യാക്കാരില്‍ ആരും പട്ടിണിയാകില്ലെന്നു ഞാന്‍ ഉറപ്പുതരുന്നു. ഓരോ മണിക്കൂറിലും ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്.’

തൊഴിലാളികള്‍ക്കായി എട്ടു ദിവസത്തെ ഭക്ഷണം എത്തിച്ച മന്ത്രി അവര്‍ക്കു ബാക്കിയുള്ള ശമ്പളം കിട്ടാനുള്ള വഴി കണ്ടെത്താനായി ഉദ്യോഗസ്ഥരെ സൗദിയിലേക്ക് അയയ്ക്കുകയും ചെയ്തു.

സുഷമയുടെ എല്ലാ ദൗത്യങ്ങളും ഗൗരവമേറിയവ എന്നു പറയാനാവില്ല. ഭാര്യയുടെ പാസ്‌പോര്‍ട്ട് നഷ്ടമായതിനാല്‍ താന്‍ ഒറ്റയ്ക്കാണ് ഹണിമൂണിനെത്തിയതെന്നു പറഞ്ഞ് യൂറോപ്പില്‍ ട്രെയിനില്‍ ഒറ്റയ്ക്കിരിക്കുന്ന ചിത്രം അയച്ചുകൊടുത്ത ഫൈസാന്‍ പട്ടേലിന് മന്ത്രിയുടെ മറുപടി കിട്ടി. ‘നിങ്ങളുടെ ഭാര്യയോട് എന്നെ സമീപിക്കാന്‍ പറയുക. അവര്‍ നിങ്ങളുടെ തൊട്ടടുത്ത സീറ്റിലുണ്ടാകുമെന്ന് ഞാന്‍ ഉറപ്പാക്കും.’

അടുത്ത ദിവസം പട്ടേലിന്റെ ഭാര്യയ്ക്കു പാസ്‌പോര്‍ട്ട് കിട്ടി.

‘സുഷമയ്ക്കു മുന്‍പ് വിദേശമന്ത്രാലയം വിദഗ്ദ്ധര്‍ക്കും നിരീക്ഷകര്‍ക്കുമുള്ള ഉന്നതസങ്കേതമായിരുന്നു’, ബിജെപിയുടെ വിദേശകാര്യ വിഭാഗം തലവന് വിജയ് ചൗതായ് വാലെ പറയുന്നു. ‘വിദേശത്തുള്ള സാധാരണക്കാരുടെ ജീവിതവും മന്ത്രാലയത്തിന്റെ ദൗത്യങ്ങളുടെ ഭാഗമാക്കിയത് അവരാണ്.’

എന്നാല്‍ വകുപ്പിലെ നയതന്ത്രകാര്യങ്ങളില്‍ മോദിയുടെ കൈകടത്തല്‍ കാരണം സുഷമയ്ക്കു മറ്റുകാര്യങ്ങളൊന്നും ചെയ്യാനില്ലാത്തതാണ് അവര്‍ ട്വിറ്ററിലെ പരസ്യ നയതന്ത്രത്തിലേക്കു തിരിയാന്‍ കാരണമെന്നാണ് വിമര്‍ശക പക്ഷം.

‘കോണ്‍സുലേറ്റ് തലത്തില്‍ കൈകാര്യം ചെയ്യപ്പെടേണ്ട കാര്യങ്ങളിലുള്ള സുഷമയുടെ വളരെ പ്രകടമായ ഇടപെടല്‍ എല്ലാക്കാര്യങ്ങളും സ്വയം ചെയ്യാനാഗ്രഹിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ കീഴില്‍ സ്വന്തം പ്രസക്തി നിലനിര്‍ത്താനുള്ള ശ്രമമാണ്,’ മുന്‍ നയതന്ത്രജ്ഞന്‍ കെ സി സിങ് പറയുന്നു.

എല്ലാ സംഭവങ്ങളിലും ഫയര്‍ എന്‍ജിനുമായി ഓടുകയല്ല സംവിധാനം കൂടുതല്‍ മെച്ചമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും സിങ് ചൂണ്ടിക്കാട്ടുന്നു.

സുഷമയുടെ വികാരപരമായ ഇടപെടല്‍ കഴിഞ്ഞ വര്‍ഷം സുഷമയെ രാഷ്ട്രീയ വിവാദത്തിലും പെടുത്തി. ബ്രിട്ടനില്‍ അഭയം തേടിയ ക്രിക്കറ്റ് പ്രമാണി ലളിത് മോഡിയെ ഭാര്യയുടെ സര്‍ജറിക്കായി പോര്‍ച്ചുഗലിലേക്കു യാത്ര ചെയ്യാന്‍ അനുവദിക്കുന്നതില്‍ തെറ്റില്ല എന്ന് ബ്രിട്ടീഷ് അധികൃതരോട് സുഷമ പറഞ്ഞതാണ് പ്രശ്‌നമായത്.

സുപ്രീം കോടതി അഭിഭാഷകയും തീപ്പൊരി പ്രാസംഗികയുമായിരുന്ന സുഷമ സ്വരാജ് എഴുപതുകളിലാണ് രാഷ്ട്രീയത്തില്‍ വരുന്നത്. ഒരു ദശകത്തോളം ബിജെപിക്ക് പ്രശ്‌നങ്ങളില്‍ ആശ്രയിക്കാവുന്ന നേതാവായിരുന്ന അവര്‍ ആദ്യമായി ഹരിയാന സംസ്ഥാനത്ത് മന്ത്രിയാകുമ്പോള്‍ 25 വയസുമാത്രം. ഭര്‍ത്താവും മകളും അഭിഭാഷകരാണ്.

2014 വരെ മോദിയുടെ ശക്തയായ വിമര്‍ശകയായിരുന്നു സുഷമ. എന്നാല്‍ പ്രധാനമന്ത്രിയായശേഷം മോദിയുടെ നിഴലായി മാറി. പാക്കിസ്ഥാനോട് കടുപ്പിച്ചു സംസാരിച്ച് പൊതുവേദിയില്‍ ശക്തമായ പ്രതിച്ഛായയുണ്ടാക്കാനും ശ്രമിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയ്ക്ക് പട്ടുസാരി നല്‍കുക തുടങ്ങിയ സംഭവങ്ങളും വാര്‍ത്തയായി.

അവരുടെ രക്ഷാദൗത്യങ്ങളാണ് ആരാധകരെ നേടാന്‍ സുഷമയെ സഹായിച്ചത്.

യെമന്‍, ദക്ഷിണ സുഡാന്‍, സിറിയ, ഇറാഖ്, ഉക്രൈയിന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ക്കു മടങ്ങിവരാന്‍ സുഷമ സൗകര്യമൊരുക്കി. ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ തന്റെ സഹോദരിയെ സൗദി അറേബ്യയില്‍ മനുഷ്യക്കടത്തുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഒരാള്‍ പരാതി അയച്ചപ്പോള്‍ അവിടത്തെ പ്രാദേശിക പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അവരെ രക്ഷിച്ചു. വഴിതെറ്റി അതിര്‍ത്തി കടന്ന ബധിരയും മൂകയുമായ യുവതിയെ പാക്കിസ്ഥാനില്‍നിന്നു രക്ഷിക്കാനും അവര്‍ മുന്‍കൈയെടുത്തു.

ജൂണില്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപില്‍നിന്ന് 12 വയസുകാരനായ സോനുവിനെ രക്ഷിക്കാന്‍ മുന്‍കയ്യെടുത്തു. ആറുവര്‍ഷം മുന്‍പ് ന്യൂഡല്‍ഹിയില്‍നിന്ന് തട്ടിയെടുക്കപ്പെട്ട സോനു കണ്ണീരോടെ സുഷമയുടെ കാല്‍ തൊട്ടുവെന്നും മന്ത്രി കുട്ടിയെ ആലംഗനം ചെയ്തുവെന്നും സോനുവിന്റെ പിതാവ് ഓര്‍മിക്കുന്നു. ‘നിങ്ങള്‍ ഞങ്ങള്‍ക്കു ദൈവമാണെന്ന് എന്റെ ഭാര്യ അവരോടു പറഞ്ഞു. ദൈവമല്ലെന്നും ഞാന്‍ എന്റെ ജോലി ചെയ്യുകയാണെന്നായിരുന്നു മറുപടി’, സോനുവിന്റെ പിതാവ് ഓട്ടമൊബൈല്‍ മെക്കാനിക്കായ മെഹ്മൂദ് ഇസ്ലാമുദ്ദീന്‍ പറയുന്നു. ‘ഞങ്ങളുടെ മകനെ തിരിച്ചുകൊണ്ടുവന്നതിന് എല്ലാ ദിവസവും ഞങ്ങള്‍ അവരെ അനുഗ്രഹിക്കുന്നു. അവര്‍ ദീര്‍ഘായുസായിരിക്കട്ടെ.’

എന്നാല്‍ സര്‍ക്കാരിലെ സൂപ്പര്‍മാതാവിനും ചെയ്യാനാകാത്ത കാര്യങ്ങളുണ്ട്. ജൂണില്‍ ട്വിറ്ററിലെത്തിയ ഒരു പരാതി കേടായ റഫ്രിജറേറ്റര്‍ വിറ്റ കമ്പനിക്കെതിരെയായിരുന്നു. ‘സഹോദരാ, എനിക്ക് നിങ്ങളുടെ റഫ്രിജറേറ്ററിന്റെ കാര്യങ്ങളില്‍ സഹായിക്കാനാകില്ല. പ്രശ്‌നങ്ങളില്‍പ്പെട്ട മനുഷ്യരെ സഹായിക്കുന്ന തിരക്കിലാണ് ഞാന്‍,’ സുഷമ മറുപടി നല്‍കി. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍