UPDATES

ട്രെന്‍ഡിങ്ങ്

പാകിസ്താനും ആ ചിന്തവേണ്ടേ; കാന്‍സര്‍ ബാധിത യുവതിക്ക് വിസ നിഷേധിച്ചതിനു കാരണം വ്യക്തമാക്കി സുഷമ

പാകിസ്ഥാന്‍ മെഡിക്കല്‍ വിസയ്ക്കുള്ള ശുപാര്‍ശ ഇനിയും നല്‍കിയിട്ടില്ലെന്ന് സുഷമ

ക്യാന്‍സര്‍ ബാധിതയായ പാക് യുവതിക്ക് ചികിത്സയ്ക്കായി ഇന്ത്യയിലെത്താനുള്ള വിസ നിഷേധിച്ചത് പാകിസ്ഥാന്‍ ശുപാര്‍ശ ചെയ്യാത്തതിനാലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് മെഡിക്കല്‍ വിസയ്ക്കുള്ള ശുപാര്‍ശ ഇനിയും നല്‍കിയിട്ടില്ലെന്ന് സുഷമ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

പാകിസ്ഥാന്‍ വധശിക്ഷ വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മ അവന്തിക മകനെ സന്ദര്‍ശിക്കാനായി പാകിസ്ഥാന്‍ വിസയ്ക്ക് അപേക്ഷിച്ചതിനെക്കുറിച്ചുള്ള ഒരു കൂട്ടം ട്വീറ്റുകളിലാണ് സുഷമ അസിസിന്റെ ശുപാര്‍ശയെക്കുറിച്ചും പറയുന്നത്. ഇന്ത്യയില്‍ ചികിത്സ തേടുന്ന പാകിസ്ഥാന്‍ പൗരന്മാരോട് തനിക്ക് അനുകമ്പയുണ്ടെന്നും അവര്‍ ട്വീറ്റുകളില്‍ പറയുന്നു. എന്നാല്‍ അസീസിന്റെ ശുപാര്‍ശയില്ലാതെ അദ്ദേഹത്തിന്റെ രാജ്യത്തെ ഒരു പൗരനും ഇന്ത്യന്‍ വിസ അനുവദിക്കാനാകില്ല. അദ്ദേഹത്തിനും തന്റെ രാജ്യത്തെ പൗരന്മാരെക്കുറിച്ച് ചിന്തയുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

അവന്തിക ജാദവിന്റെ വിസ അപേക്ഷയും അസീസ് തീര്‍പ്പാക്കാതെ വച്ചിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. താന്‍ ഇത് സംബന്ധിച്ച് അയച്ച കത്തിനോട് പ്രതികരിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും സുഷമ വ്യക്തമാക്കുന്നു. ഫൈസ തന്‍വീര്‍ എന്ന 25കാരിയാണ് ഇന്ത്യയില്‍ ചികിത്സയ്ക്കായി വിസയ്ക്ക് അപേക്ഷിച്ചത്. വായില്‍ ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ചിരിക്കുയാണ് ഈ യുവതിക്ക്. ഗാസിയാബാദിലെ ഇന്ദ്രപ്രസ്ഥ ഡെന്റല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് കോളേജിലാണ് യുവതിയ്ക്ക് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി 10 ലക്ഷം രൂപ ഇവര്‍ മുന്‍കൂറായി അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം സര്‍താജ് അസിസിന് വിസ അനുവദിക്കുന്നതില്‍ യാതൊരു പങ്കുമില്ലെന്നാണ് തന്നോട് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നതെന്ന് ഫൈസ തന്‍വീര്‍ സിഎന്‍എന്‍-ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അവര്‍ തന്നോട് സുഷമ സ്വരാജിന് അപേക്ഷ നല്‍കാനാണ് പറഞ്ഞതെന്നും തന്‍വീര്‍ അറിയിച്ചു. ചികിത്സാ വിസയ്ക്കായി താന്‍ നെട്ടോട്ടമോടുകയാണെന്ന് അവര്‍ വ്യക്തമാക്കി. രാഷ്ട്രീയ കാരണങ്ങളാല്‍ മെഡിക്കല്‍ വിസ അനുവദിക്കാത്തത് നല്ല കാര്യമല്ലെന്നും ഇന്ത്യയില്‍ നിന്നും അത്തരമൊരു നീക്കം പ്രതീക്ഷിക്കാത്തതിനാലാണ് അപേക്ഷിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍