UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുഷമ സ്വരാജ്-ലളിത് മോദി-വസുന്ധര രാജെ; കത്തിപ്പിടിക്കുന്ന വിവാദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Avatar

അഴിമുഖം പ്രതിനിധി

സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുള്ള മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയ്ക്ക് ‘മാനുഷിക പരിഗണന’യുടെ പേരില്‍ യാത്ര രേഖകള്‍ കൈവശപ്പെടുത്തുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അവിഹിതമായി ഇടപെട്ടു എന്ന വിവാദം നരേന്ദ്ര മോദി സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

2011ല്‍ മോദിയുടെ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ അപേക്ഷയില്‍ അദ്ദേഹത്തിന് അനുകൂലമായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ അഭിപ്രായം രേഖപ്പെടുത്തിയന്ന പുതിയ വെളിപ്പെടുത്തല്‍ സംഭവത്തിന്റെ നാടകീയതയ്ക്ക് മറ്റൊരു മാനം നല്‍കിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രിയെ ന്യായീകരിച്ചുകൊണ്ട് മുതിര്‍ന്ന മന്ത്രിമാരെല്ലാം രംഗത്തെത്തിയതോടെ സുഷമ സ്വരാജിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ലഭിച്ചു എന്ന് പറയാം. എന്നാല്‍, സുഷമ സ്വരാജിനെതിരെ ‘സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, ചട്ടങ്ങളുടെ ലംഘനം’ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ രാജി ആവശ്യപ്പെട്ടിരിക്കയാണ്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ അരങ്ങേറിയ സംഭവങ്ങളുടെ ഒരു രേഖാചിത്രം ചുവടെ:

1. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കീത്ത് വാസും ബ്രിട്ടണിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അധിപ സാറാ റാപ്‌സണും തമ്മില്‍ നടന്ന ഒരു ഇ-മെയില്‍ സംഭാഷണത്തെ കുറിച്ചുള്ള വാര്‍ത്ത ദ സണ്‍ഡെ ടൈംസ് പത്രം പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ലളിത് മോദിയുടെ യാത്രാരേഖകള്‍ അനുവദിക്കുന്ന നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ സഹായിക്കണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടതായി എംപി തന്റെ മെയിലില്‍ പരാമാര്‍ശിക്കുന്നുണ്ട്. വിവാദ ക്രിക്കറ്റ് ഭരണാധികാരിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയിരുന്ന സമയത്താണ് സുഷമ ആവശ്യം ഉന്നയിച്ചത്.

2. കാന്‍സര്‍ ബാധിതയായ ഭാര്യയുടെ സര്‍ജറി പോര്‍ച്ചുഗലില്‍ നടക്കുന്നതിനാല്‍, ‘മാനുഷികപരിഗണന’ വച്ച് പുറത്താക്കപ്പെട്ട മുന്‍ ഐപിഎല്‍ തലവന്റെ ലണ്ടനില്‍ നിന്നുള്ള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിന് താന്‍ സഹായിച്ചതായി വെളിപ്പെടുത്തിക്കൊണ്ട് സുഷമ സ്വരാജ് ഞായറാഴ്ച തന്നെ രംഗത്തെത്തി.

3. പ്രതിപക്ഷം രാജി ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടെ, ശത്രുക്കളാല്‍ ചുറ്റപ്പെട്ട മന്ത്രിയെ സംരക്ഷിക്കുന്നതിനായി ബിജെപി തിങ്കളാഴ്ച അവരുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ തന്നെ രംഗത്തിറക്കി. ‘വിഷയത്തില്‍ ഒരു ധാര്‍മ്മിക പ്രശ്‌നവും ഉണ്ടായിട്ടില്ല,’ എന്ന് ഷാ പ്രഖ്യാപിച്ചു. മന്ത്രിയുടെ ‘ദേശാഭിമാനവും ദേശീയതയും സുവിധിതമാണെന്നും അവര്‍ ഒരിക്കലും അത്തരം കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിന് തയ്യാറാവില്ല,’ എന്നും പ്രഖ്യാപിച്ചുകൊണ്ട് ബിജെപിയുടെ പ്രത്യയശാസ്ത്ര മേധാവികളായ രാഷ്ട്രീയ സ്വയംസേവക സംഘവും മന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തി.

4. എന്നാല്‍ സര്‍ക്കാര്‍ വിശദീകരണത്തില്‍ തൃപ്തരാവാതിരുന്ന കോണ്‍ഗ്രസ്, സുഷമയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ രാജ്യസഭയിലെ പാര്‍ട്ടിയുടെ ഉപനേതാവ് ആനന്ദ് ശര്‍മ്മയും ജനറല്‍ സെക്രട്ടറി ദിഗ്വിജയ സിംഗും വരെയയുള്ളവര്‍ വിഷയത്തിലുള്ള പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്തു. വിവാദ നായകനായ മുന്‍ ഐപിഎല്‍ തലവനും ബിജെപി നേതാക്കളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ചെവ്വാഴ്ച ആവശ്യപ്പെട്ടു.

5. ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജിനെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങളെല്ലാം ‘അടിസ്ഥാനരഹിതമാണ്’ എന്ന് ചൂണ്ടിക്കാട്ടി സുഷമയ്ക്ക് ശക്തമായ പിന്തുണയുമായി ചൊവ്വാഴ്ച അവരുടെ സഹപ്രവര്‍ത്തകനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ സുഷമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെയ്റ്റ്‌ലി രംഗത്തെത്തിയത്. ‘ഞങ്ങളുടെ മന്ത്രിമാര്‍ തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ളവരാണ്. അങ്ങനെയെടുക്കുന്ന തീരുമാനങ്ങളില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്വവുമുണ്ടായിരിക്കും,’ എന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.

6. വാര്‍ത്താവിനിമയ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതല കൂടിയുള്ള ജെയ്റ്റ്‌ലി വിഷയത്തില്‍ പ്രതികരിക്കാതിരുന്നത് ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂലമാണെന്ന ആരോപണം ഉയര്‍ന്നതിന് ശേഷമാണ് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകയെ സംരക്ഷിക്കാന്‍ രംഗത്തെത്തിയത്. സുഷമ മന്ത്രിയെന്ന നിലയിലുള്ള തന്റെ പ്രകടനത്തിന്റെ പേരില്‍ പരക്കെ പ്രകീര്‍ത്തിക്കപ്പെടുന്ന സമയത്ത്, അവരും ലളിത് മോദിയും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസും തമ്മിലുള്ള ഇ-മെയില്‍ രേഖകള്‍ പുറത്ത് വന്നതിന് പിന്നില്‍ ‘അകത്തളങ്ങളില്‍’ ഉള്ള ചിലര്‍ക്ക് പങ്കുണ്ടെന്ന അഭ്യൂഹം സാമൂഹിക മാധ്യമങ്ങളില്‍ പ്രപചരിക്കുകയും ചെയ്തിരുന്നു. മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് ഒരു ട്വീറ്റില്‍ ഇതിനെ കുറിച്ച് പരാമര്‍ശിക്കുകയും #അസ്തീന്‍കാസാന്‍പ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമാവുകയും ചെയ്തു.

7. മോദി-സ്വരാജ് വിഷയത്തില്‍ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടയില്‍, വിവാദങ്ങളിലേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേര് ചൊവ്വാഴ്ച കടന്നുവന്നത് സര്‍ക്കാരിന്റെ തലവേദന വര്‍ദ്ധിപ്പിച്ചു. ലളിത് മോദിയുടെ നിയമസഹായ സംഘം പുറത്തുവിട്ട ഒരു രേഖയിലാണ് വസുന്ധരയുടെ പേര് പരാമര്‍ശിക്കപ്പെടുന്നത്. അന്നത്തെ രാജസ്ഥാന്‍ പ്രതിപക്ഷ നേതാവായിരുന്ന രാജെ 2011 ഓഗസ്റ്റില്‍ മോദിയുടെ ബ്രിട്ടണിലെ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് സഹായകരമായ രീതിയില്‍ ‘സാക്ഷ്യപത്രം’ നല്‍കിയെന്നാണ് ആ രേഖയില്‍ പറയുന്നത്. തന്റെ പേര് ഇന്ത്യന്‍ അധികൃതരുടെ മുന്നില്‍ വെളിപ്പെടുത്തില്ല എന്ന ശക്തമായ ഉറപ്പിന്റെ പുറത്താണ് അങ്ങനെ ഒരു സാക്ഷ്യപത്രം നല്‍കാന്‍ രാജെ തയ്യാറായതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

8. അവരുടെ മാധ്യമ ഉപദേശകന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ രാജെ ഇങ്ങനെ പറയുന്നു: ‘എനിക്ക് ലളിത് മോദിയുടെ കുടുംബത്തെ അറിയാം. പക്ഷെ ഏത് രേഖയെ കുറിച്ചാണ് ജനങ്ങള്‍ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല.’ രേഖയില്‍ രാജെയുടെ ഒപ്പില്ലെന്നും കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി അവര്‍ക്ക് മോദിയുമായി യാതൊരു ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടി രേഖയുടെ വിശ്വാസ്യതയെ രാജസ്ഥാന്‍ ബിജെപി വക്താവ് കൈലാസ് നാഥ് ബട്ട് ചോദ്യം ചെയ്തു. ബിജെപി പ്രസിഡന്റ് അമിത് ഷായോട് തന്റെ നിലപാട് വ്യക്തമാക്കിയ രാജെ അദ്ദേഹത്തെ കാണുന്നതിന് സമയവും ചോദിച്ചു.

9. ലളിത് മോദിയുമായി സുഷമ സ്വരാജിനുള്ള ബന്ധത്തെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് കൊഴുപ്പ് പകര്‍ന്നുകൊണ്ട് സര്‍ക്കാരിനെതിരെ നിരവധി ചോദ്യങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം ബുധനാഴ്ച രംഗത്തെത്തി. ‘സ്വജനപക്ഷാപാതം, അധികാര ദുര്‍വിനിയോഗം, ചട്ടങ്ങളുടെ ലംഘനം,’ എന്നീ ആരോപണങ്ങള്‍ അദ്ദേഹം മന്ത്രിക്കെതിരെ ഉന്നയിച്ചു. എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് 16 കേസുകളില്‍ അന്വേഷണം നടത്തുകയും അതില്‍ 15 എണ്ണത്തില്‍ കാരണംകാണിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത മുന്‍ ഐപിഎല്‍ തലവനെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന ചോദ്യവും ചിദംബരം ഉന്നയിച്ചു.

10. മൗറീഷ്യസ് ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ നിന്നും 21 കോടി രൂപ രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്തിയ ലളിത് മോദിയുടെ ഉടമസ്ഥതയില്‍ ഉള്ളത് എന്ന് ആരോപിക്കപ്പെടുന്ന ഒരു രാജസ്ഥാന്‍ ആസ്ഥാന കമ്പനിക്കെതിരായ വിദേശനാണ്യ ചട്ട ലംഘന കേസില്‍ അമ്പേഷണം ത്വരിതപ്പെടുത്താന്‍ ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. മോദിയുടെ ബന്ധുക്കള്‍ തലപ്പത്തുള്ള ഈ കമ്പനിയിലേക്ക് വിദേശ നിക്ഷേപങ്ങള്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. കമ്പനിയിലെ ചില ജീവനക്കാരെ ഇതിനകം തന്നെ അവര്‍ ചോദ്യം ചെയ്തുകഴിഞ്ഞു. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷകര്‍ക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം ‘എപ്പോള്‍’ ആവശ്യം വന്നാലും അപ്പോള്‍ അന്വേഷണവുമായി സഹകരിക്കാന്‍ ലളിത് മോദിയോട് ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍