UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

വായന/സംസ്കാരം

കാമുകിയുടെ നാഭി മാത്രം കാണുന്ന കാമുകന്‍

സാമൂഹ്യാധികാരങ്ങളെക്കുറിച്ച്, ഭാഷയിലും എഴുത്തിലും പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ ജാതി, ലിംഗ സ്വത്വാധീശത്വാധികാരങ്ങളെക്കുറിച്ച്, നൂറുകണക്കിന് വിചിന്തനങ്ങളുണ്ടാകുന്ന ഉത്തരാധുനിക കാലത്തെ സാഹിത്യത്തില്‍ എങ്ങനെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന പ്രശ്നം കൂടുതലായി ആരായേണ്ടതുണ്ട്. പരമ്പരാഗത സാഹിത്യത്തിന്റെ ഘടനകളും ഭാഷയും കൈയൊഴിക്കപ്പെടുകയും ചെയ്യുമ്പോഴും പരമ്പരാഗതമായ അധികാര ബന്ധങ്ങളെ എങ്ങനെ നമ്മുടെ ഭാവനകള്‍ ഉഉല്‍പാദിപ്പിക്കുന്നു എന്ന പ്രശ്നം ജാഗ്രതയാവശ്യപ്പെടുന്ന വിമര്‍ശനത്തെ ആവശ്യപ്പെടുന്നു. സാഹിത്യം കേവലമായ വായനാനന്ദത്തിന്റെ ഉപാധിയാകുന്നതിനപ്പുറം സൂക്ഷ്മമായ ജീവിത, സാമൂഹ്യ വിമര്‍ശനത്തിന്റെ പാഠമാകാത്തതെന്തു കൊണ്ടാവുമെന്ന പ്രശ്നം സങ്കീര്‍ണമായൊരു സാമൂഹ്യ പശ്ചാത്തലത്തില്‍ ഉന്നയിക്കേണ്ടതുണ്ട്. പുതിയകാലത്തെ മലയാളഭാവനകളെ നിര്‍ണയിക്കുന്ന സുസ്മേഷ് ചന്ത്രോത്തിനെപ്പോലുള്ളവരുടെ കഥകള്‍ ഇത്തരത്തിലൊരു വായന ആവശ്യപ്പെടുന്നു. ഭാഷയുടെയും ആഖ്യാനത്തിന്റെയും അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്ന സുസ്മേഷിന്റെ കഥാലോകം സവിശേഷമായി കേരളീയമൊയൊരു വീടിനകത്ത് കറങ്ങിത്തിരിയുന്നതുകാണാം. പരമ്പരാഗതമായ ഗാര്‍ഹിക ബന്ധങ്ങളെ, ലിംഗാധികാരത്തെ സാധൂകരിക്കുന്ന ആഖ്യാനങ്ങളാണ് ഇവിടെ കാണുന്നത്. എന്റെ മകള്‍ ഒളിച്ചോടും മുമ്പ്, കുടുംബശ്രീ, പിതാവും പുത്രിയും, ഹരിതമോഹനം, ഉപജീവിത കലോത്സവം, സങ്കടമോചനം തുടങ്ങി ഒട്ടേറെ കഥകള്‍ കേരളീയ അണുകുടുംബത്തിന്റെ പുരുഷ വൈകാരികതകളെ പുനരുല്‍പ്പാദിപ്പിക്കുകയാണ്. കേന്ദ്രസ്ഥാനത്ത് ഭര്‍ത്താവ്, അച്ഛന്‍, അയാളെ ചുറ്റിത്തിരിയുന്ന ദുര്‍ബല ഭാര്യ, അമ്മ, മക്കള്‍ സ്വത്വങ്ങള്‍… അവരുടെ വൈകാരികതകള്‍. പ്രശ്നങ്ങള്‍ പലത് സംഭവിച്ചാലും കുടുംബം എന്ന യൂണിറ്റ് സമരങ്ങളും സംഘര്‍ഷങ്ങളുമില്ലാതെ നില്‍ക്കുന്നു. ഇതാണ് ഇക്കഥകളുടെ പൊതുതലം. രതിയും ആരാധികയും എന്ന കഥ (സമാഹാരം- സങ്കടമോചനം) ഇതിന്റെ ആകെത്തുകയാണെന്നു കാണാം. 

 

1.
ഒറ്റയടിക്കു പറഞ്ഞാല്‍ ആണ്‍, പെണ്‍ സങ്കല്പങ്ങളൊക്കെ മാറിക്കൊണ്ടിരിക്കുന്ന കാലത്തിലും എങ്ങനെയാണ് അധീശ പുരുഷന്റെ കാമനകള് പെണ്‍ശരീരത്തെ കാണുന്നതെന്നതാണ് ഇക്കഥ പറയുന്നത്. ഒരര്‍ഥത്തില്‍ നോക്കിയാല്‍ ഒരുതരം പൈങ്കിളി സ്വഭാവമുള്ള കഥയാണ് ഇത്. സുന്ദരിയായ ആരാധികയുടെ ഭര്‍ത്താവായ ദര്‍ശന് പതിനൊന്ന് വര്‍ഷത്തിനുശേഷം കോളേജില്‍ പഠിച്ചിരുന്നപ്പോളത്തെ കാമുകിയായ രതിയുമായി ഫോണ്‍ ബന്ധമുണ്ടാകുന്നു. ഫോണിലൂടെ ആ ബന്ധം ദൃഡമാകുമ്പോള് അയാള്‍ ഭാര്യയില്‍ നിന്ന് ബോധപൂര്‍വം അകലുകയും രതിയുമായി സംഗമിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. അയാളെ വശീകരിച്ചിരുന്നത് പ്രേമിച്ചിരുന്ന കാലത്തെ രതിയുടെ മോഹന ശരീരമാണ്. ലൈംഗികതയ്ക്കായി മാത്രം അവരിരുവരും ഒന്നിക്കാന്‍ തീരുമാനിച്ച് രതിയുടെ വീട്ടിലെത്തുന്നു. രതി അയാളെ സ്വീകരിച്ച് കിടക്കിയിലേക്ക് നയിച്ചെങ്കിലും അവളുടെ ഇപ്പോഴത്തെ ശരീരത്തിന്റെ അവസ്ഥകണ്ട് വെറുപ്പുതോന്നി. പൂര്‍ണ നഗ്നരായെങ്കിലും അവളെ ഒന്നു ചുംബിക്കുവാന്‍ പോലുമാകാതെ അയാള്‍ വെറുപ്പിനാല്‍ നിറുന്നു. അയാള്‍ വേഗം അവിടെ നിന്ന് സ്ഥലം വിടുകയും വീട്ടിലെത്തി തന്റെ ഭാര്യയുടെ സാന്നിധ്യം സ്വീകരിക്കുകയും ചെയ്തു.

മലയാള സാഹിത്യത്തിലും സിനിമയിലും ഒരുപാട് ആവര്‍ത്തിക്കപ്പെട്ട ഒരു ഗുണപാഠകഥയുടെ ഘടനയാണ് കഥയുടെ ആകെത്തുക. കഥയുടെ ആഖ്യാനം രതിയെ സംഗമിച്ച ശേഷം അതില്‍ നിന്നുണ്ടായ വെറുപ്പുമായി രോഷത്തോടെ കാറോടിച്ചുവരുന്ന ദര്‍ശന്റെ വികാരങ്ങളിലൂടെയാണ്. നാശം, നശിക്കാന്‍ എന്നൊക്ക പിറുപിറുത്തും കാറ് റോഡിലൂടെ വെട്ടിച്ചുമൊക്കെയാണ് ആ വരവ്. കാമുകിയുമായുള്ള സംഗമം അയാള്‍ക്ക് ഓക്കാനമുണ്ടാക്കുന്ന അനുഭവമാണ് നല്കിയത്. അയാള്‍ കൈയുയര്‍ത്തി ചുമലുകളെ പൊതിഞ്ഞിരിക്കുന്ന കുപ്പായം മണത്തുനോക്കി. കാലത്തു പൂശിയ സുഗന്ധത്തെ മറച്ച് വേറേതോ മണം കയറിപ്പറ്റിയിരിക്കുന്നു. വേറേതോ മണം… അത് അവളുടെ മണമാണ്… അല്പം മുമ്പ് കാലുകള്‍ക്കിടയില്‍ ചുളുങ്ങിക്കിടന്നു നാണമഭിയനയിച്ച പഴയകാമുകിയുടെ… ഈ വര്‍ത്തമാനകാലത്തു നിന്ന് അതിലേക്കു നയിച്ച സംഭവത്തിലേക്ക് പോവുകയാണ് കഥ. നാലഞ്ചു മാസം മുമ്പ് രതിയുടെ ശബ്ദം അയാളെ ഫോണില്‍ തേടിയെത്തിയതോടെയാണ് അയാള്‍ക്ക് ഭാര്യയായ ആരാധികയോട് വിദ്വേഷം ഉണ്ടായിത്തുടങ്ങിയത്. മകള്‍ നിരാഹികയ്ക്ക് നാലു വയസായി. രതി ഫോണിലെത്തിയതോടെ ദര്‍ശന്റെ ജീവിതമാകെ മാറിമറിയുകയായി. അയാള്‍ ചെറുതും വലുതുമായ കാര്യങ്ങള്‍ക്കൊക്കെ ഭാര്യയെ ശകാരിച്ചു കൊണ്ടിരുന്നു. അയാളുടെ ഭാര്യയാകട്ടെ സാധാരണ കുടുംബിനിയായി ദര്‍ശനും മകള്‍ക്കുമിടയില്‍ ഓടിനടക്കുന്നവളായിരുന്നു.

 

എല്ലാ അര്‍ഥത്ഥത്തിലും മിടുക്കിയാണ് തന്റെ ഭാര്യ. അവള്‍ ജോലിക്കു പോകുന്നത് വേണ്ടെന്നുവച്ചിട്ടാണ് വീടുപണി ഏറ്റെടുത്തു നടത്തിയത്. അതിലാണ് താനിപ്പോള്‍ സകുടുംബം താമസിക്കുന്നത്… അവള്‍ പഠിച്ചത് എഞ്ചിനീറിംഗായിരുന്നില്ല. അയാള്‍ ഓര്‍ത്തു. അടുത്ത കൊല്ലം മുതല്‍ മകളെ സ്കൂളിലാക്കി ജോലിക്കു കയറമെന്നാണ് തന്റെ ഭാര്യയുടെ ആഗ്രഹം. മടുപ്പില്ലാത്ത ലൈംഗികത. അസ്വാരസ്യങ്ങളില്ലാത്ത ദാമ്പത്യം. എല്ലാം ഭര്‍ത്താവിനും വീടിനുമായി സമര്‍പ്പിച്ച വിധേയയാണ് ആരാധിക. ആ ബന്ധമാണ് രതി വന്നതോടെ ഉടയുന്നത്. അതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളു… അത് ആ മാറിടമഞ്ഞയിലേക്കുള്ള ആദ്യത്തെ ആകര്‍ഷണത്തിന്റെ വേരുതേടാനുള്ള വ്യഗ്രതയായിരുന്നു. കാമുകിയായ രതിയെ അയാള്‍ കാണുന്നത് അവളുടെ ശരീരത്തിന്റെ മുഴുപ്പിലൂടെയാണ്. ആ മലമ്പ്രദേശത്തേക്ക് ഉടുവസ്ത്രവിധാനങ്ങളിലെ വൈവിധ്യം കടന്നുവരാന്‍ന്‍ നാളുകളെടുത്തിരുന്നു. അതുകൊണ്ടുതന്നെ പെണ്‍കുട്ടികളുടെ വേഷങ്ങളില്‍ കാര്യമായ വൈവിധ്യമൊന്നും വന്നിരുന്നില്ല. അതുകൊണ്ടാണ് ഗാനമേളയുടെ പരിശീലന ദിവസം രതിക്കു പിന്നില്‍ നിന്നു പാട്ടു പുസ്തകം നോക്കുമ്പോള്‍ ദാവണിക്കുള്ളിലൂടെ ആ മാറിട സമൃദ്ധി കണ്ണില്‍പ്പെട്ടതും. തിങ്ങി ഞെങ്ങിയ മാറിടങ്ങള്‍ മഞ്ഞയുടെ രാശി പടര്‍ത്തിയും വെളുപ്പിന്റെ പാലഴക് പരത്തിയും ഓളം വെട്ടി നിന്നു. അന്നുറപ്പിച്ചു; രതിയാണ് ജീവിതം. എന്നാല്‍ ജീവിതം അവരെ ഒന്നിപ്പിച്ചില്ല. 

 

 

പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും അയാളുടെ ഓര്‍മയില്‍ കടന്നുവരുന്നത് രതിയുടെ മാറിട സമൃദ്ധിയാണ്. അത് ആ മാറിട മഞ്ഞയിലേക്കുള്ള ആദ്യത്തെ ആകര്‍ഷണത്തിന്റെ വേരു തേടാനുള്ള വ്യഗ്രതയായിരുന്നു. അങ്ങനെ മടുപ്പിക്കാത്ത ലൈംഗികതയും മറ്റും പ്രദാനം ചെയ്യുന്ന ഭാര്യയെവിട്ട് കാമുകിയുടെ മാറിടം തേടിയുള്ള യാത്ര ദര്‍ശനാരംഭിക്കുന്നത്. കാമുകിയായ രതി വിവാഹംകഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഈ രതിയെത്തേടി അയാള്‍ പോയത് പ്രേമിച്ച കാലത്ത് തരാതെ പോയതൊക്കെ തരും എന്നുറപ്പാക്കിയിട്ടായിരുന്നു. അവളതിന് സൗകര്യം ഒരുക്കി. ഈ ശരീരത്തിന്റെ ചെറുപ്പം പോകുന്നതിനു മുമ്പ് അതറിയണം എന്നാഗ്രഹത്തിന്റെ പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍ രതിയെ കണ്ടതോടെ ഓര്‍മകള്‍ വിലങ്ങുകയായി, അങ്ങനെ പഴയ ഓര്‍മകളുടെ വേലിയേറ്റത്തിനിടയില്‍ പരസ്പരം ആവേശത്തോടെ ആദ്യം കണ്ടുമുട്ടിയ നിമിഷം – തന്റെ കാറിലേക്ക് അവള്‍ കയറിയപ്പോള്‍- അയാളുടെ മനസിലേക്കു വന്നത് ഒരു ചോദ്യമായിരുന്നു- പഴയ രതി തന്നെയാണോ ഇത്? അതായത് അയാളുടെ മനസിലുള്ള നിറഞ്ഞ മാറിടമുള്ള രതിയായിരുന്നില്ല വര്‍ത്തമാനകാലത്ത് അയാളെ എതിരേറ്റത്. അതോടെ അയാളുടെ സങ്കല്പങ്ങളാകെ ഉടയുകയായിരുന്നു. വഴിയില്‍ കാറിനുള്ളില്‍ വച്ചു രതിയുടെ കൈ അയാളുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചപ്പോഴും അയാള്‍ സ്വയം ചോദിച്ചത് ഈ സ്ത്രീ ഏതാണെന്നാണ്. രതിയുടെ ക്വാര്‍ട്ടേഴ്സിലെത്തിയതും ഉപചാരങ്ങള്‍ക്കൊന്നും നില്ക്കാതെ അവര്‍ ഏര്‍പ്പെട്ടത് ലൈംഗികതയിലേക്കാണ്. കതകടച്ച് അകത്തു കയറിയതേ രതി അയാളെ ചുറ്റിപ്പിടിച്ചു. പഴയ സ്നേഹവും ആവേശവും തിരികെക്കൊണ്ടുവരാന്‍ ശ്രമിച്ച് അയാളും അവളെ അമര്‍ത്തിപ്പിടിച്ചു. ആദ്യം ചുംബിച്ചത് നെറ്റിയിലാണ്. അപ്പോള്‍ സംശയം തോന്നി ചുംബിച്ചതെവിടെയാണ്? ഉന്മേഷമില്ലായ്മയോ ഊഷ്മളതയില്ലായ്മയോ പ്രകടമാകുന്ന വെറും തൊലിച്ചുരുളിലായിരുന്നില്ലേ ആ ചുംബനം?

അങ്ങനെ ഓരോ കെട്ടിപ്പിടിത്തവും ചുംബനവും അയാള്‍ക്ക് വെറുപ്പിന്റെ ആധിക്യമായി മാറുന്നു. അവസാനമത് ആത്മനിന്ദ തോന്നുന്നതിലേക്ക് എത്തുന്നു. ആലിംഗനവവും ചുംബനങ്ങളും വെറുപ്പിന്റെ അനുഭവത്തിലേക്കു നയിച്ചിട്ടും ദര്‍ശന്‍ അവിടെ നിര്‍ത്താതെ രതിയുമായുള്ള ശാരീരിക വേഴ്ചയ്ക്കു തയാറെടുത്തു. അതിനായി അവളെ നഗ്നയാക്കി. – അയാളന്നേരം വല്ലാതെ വിളറിപ്പോയി. രതിയുടെ കാലുകള്‍. നഗ്നമായ കറുത്ത കാലുകള്‍. അതിന്റെ വരണ്ട ചര്‍മവും മുഷിഞ്ഞ തൊലിയും അയാളെ ദുഃഖിപ്പിക്കുകയാണ് ചെയ്തത്. എന്നിട്ടും തുടങ്ങിവയ്ക്കപ്പെട്ടതിന്റെ നിവൃത്തികേടില്‍ അയാള്‍ അവളുടെ കരുവാളിച്ച ചുണ്ടുകള്‍ തേടിച്ചെന്നു. ആദ്യത്തെ സ്പര്‍ശനത്തില്‍ തന്നെ അയാള്‍ അരുചി പിടിച്ചെടുത്തു. സ്ത്രീ ജാതികളില്‍ ഏതു ഗണത്തിലാണ് രതി വരുന്നത്? നനഞ്ഞു പതുങ്ങിയ മുലകള്‍. രണ്ടായി മുഴച്ചുന്തി നില്‍ക്കുന്ന വയര്‍. അതിനെ വിഭജിക്കും വിധം ശരീരത്തിന്റെ ഭാഗമായി കഴിഞ്ഞ അരയിലെ ചരട്. കറുത്തു ശോഷിച്ച പൊക്കിള്‍. മെലിഞ്ഞ തുടകള്‍. കലകള്‍ വീണ വറയും ചന്തികളും. വൃത്തിയാക്കാതെ സൂക്ഷിച്ചരിക്കുന്ന നാഭിത്തടം. അയാള്‍ അവിടേക്കു തന്നെ നോക്കി. മറ്റൊരാളുടെ രണ്ടു കുട്ടികളെ എന്നോ പ്രസവിച്ചു കഴിഞ്ഞ സ്ത്രീയാണിത്. അയാള്‍ക്ക് തുടര്‍ന്നെന്തെങ്കിലും ചെയ്യാന്‍ സ്വയം മടി തോന്നി. അക്കൂട്ടത്തില്‍ പിന്തിരിയാനുള്ള ബോധവുമുണ്ടായി. പക്ഷേ രതി ലജ്ജ പ്രകടിപ്പിച്ചു കൊണ്ട് തന്നെ ചുറ്റിപ്പിടിക്കുന്നത് അയാളറിഞ്ഞു. അതോടെ അയാള്‍ താന്‍ തന്നെത്താനെ തണുത്തുപോകുന്നത് ഉള്‍ക്കൊണ്ടു. പഴയ രതി തന്നെയോ ഇത്? കാണാന്‍ കൊതിച്ച അവളുടെ ഉടലിതായിരുന്നുവോ? അപ്പോള്‍ അയാള്‍ തന്റെ ഭാര്യയെക്കുറിച്ച് ഓര്‍ത്തു. അതിങ്ങനെയാണ്- ഐശ്വര്യമുള്ള മുഖം, നേദിച്ചുവച്ച കണ്ണുകള്‍. നേര്‍ത്തുസുഭഗമായ വയറും കൈകളും. സുഗന്ധമുള്ള ഉടല്‍. ഒഴുകിക്കിടക്കുന്ന മദിപ്പിക്കുന്ന മുടി. ഉത്തേജിപ്പിക്കുന്ന നിശ്വാസങ്ങള്‍.

 

കഥയുടെ മര്‍മം ഇവിടുത്തെ താരതമ്യത്തിലാണ് വെളിപ്പെടുന്നത്. പുരുഷന്‍ വിവിധ വ്യവഹാരങ്ങളിലൂടെ നിര്‍വചിച്ച സ്ത്രീ ശരീരമുണ്ട്. വിധേയത്വത്തിന്റെയും സൗന്ദര്യത്തിന്റെയും രൂപത്തില്‍ അവന്‍ ഭാവനചെയ്തിരിക്കുന്ന പെണ്ണുടല്‍. മുഴുത്ത അവയവങ്ങളും മറ്റുമുള്ളത്. പെണ്ണെന്നു പറയുന്നത് ചില അവയവങ്ങളാണെന്നും പുരുഷാനാവശ്യമുള്ള അവയവങ്ങളെ കേവലം സംയോജിപ്പിച്ചിരിക്കുന്ന ഒന്നാണ് സ്ത്രീ ശരീരമെന്നുമാണ് പൊതു പുരുഷ കാഴ്ചപ്പാട്. അതായത് പെണ്ണ് വെറും ചരക്കു മാത്രമാണ്. കാണാനും കീഴ്പ്പെടുത്താനമുള്ള ചരക്ക്. ദര്‍ശന്റെ കാമുകി അയാള്‍ക്ക് ചരക്ക് മാത്രമാണ്. അയവയവ മുഴപ്പുള്ള ചരക്ക്. അതാണവളുടെ മാറിടം തപ്പി അയാള്‍ യാത്രതിരിക്കുന്നത്. പുരുഷനെ സുഖിപ്പിക്കുന്ന മാറിട സമൃദ്ധി. രതിയുടെ ശരീരകാഴ്ചയെ ഇങ്ങനെയാണ് ദര്‍ശന്‍ കാണുന്നത്- മാറിടം, വയറ്, നാഭി, തുട. അവളുടെ മുഖമോ ശരീരം മൊത്തമായോ ദര്‍ശന്‍ കാണുന്നതേയില്ല. മുലകളും നിതംബവും യോനിയും കേന്ദ്രീകരിച്ചാണ് പെണ്‍ശരീരത്തിന്റെ ചരക്കുവല്‍ക്കരണം നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ സുഖിപ്പിക്കുന്ന അവയവങ്ങളുടെ വലിയൊരു പട്ടിക പുരുഷന്റെ ഉള്ളിലുണ്ട്. ആ അളവുകോലുമായാണ് അയാള്‍ രതിയുടെ വസ്ത്രങ്ങള്‍ ഊരിയെറിയുന്നത്. ശരീരം അനാവൃതമാക്കല്‍ പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും അയാളുടെ സങ്കല്‍പ്പത്തിലെ അളവുകള്‍ തെറ്റുന്നതാണ് കഥയിലെ പ്രശ്നം. അഥവാ അയാളുടെ പ്രണയത്തെ തകര്‍ത്തു കളയുന്നത്. പ്രണയം ഇവിടെ പാരസ്പര്യത്തോടെയുള്ള സ്നേഹമോ വിശ്വാസമോ ആകാതെയിരിക്കുകയും പുരുഷന്റെ ശരീര അളവുകളുടെ രേഖപ്പെടുത്തലിന്റെ ഉപകരണമായി മാറുകയും ചെയ്യുന്നു. അതിലെല്ലാം പ്രഥമകാഴ്ചയില്‍ അയാളുടെ കണ്ണുകളെ അവളുടെ ശരീരം തകര്‍ക്കുന്നു. ആണിന്റെ കോയ്മകള്‍ നിര്‍വചിച്ച പെണ്‍ശരീരം അവന്റെ ഭോഗത്തിന്റെ പൂര്‍ത്തീകരണമാണ്. അവിടേക്കു മാത്രമാണ് അയാള്‍ കാമുകിയെയും പ്രണയത്തെയും സ്ഥാനപ്പെടുത്തുന്നത്. ശോഷിച്ച പൊക്കിളും മെലിഞ്ഞ തുടയും കലകള്‍ വീണ ചന്തിയുമൊക്കെ ചരക്കിന്റെ നിര്‍വചനത്തിനു പുറത്തു നില്‍ക്കുന്ന അളവുകളാണ്. അതാടെ അയാളുടെ പ്രണയം വെറുപ്പും ആത്മനിന്ദയുമായി മാറുന്നു. തന്റെ അധീശാണത്ത കാഴ്ചകളെ തൃപ്തിപ്പെടുത്താത്ത ശരീരമായി രതി മാറുന്നതോടൊണ് വെറുപ്പ് അയാളില്‍ പ്രവര്‍ത്തിക്കുന്നത്.

 

വെറുപ്പെന്നത് കേവലം ഒരു വികാരമല്ല, ചരിത്രപരമായി പുരുഷാധിപത്യത്തിന്റെ പെണ്‍ശരീരത്തോടുള്ള സമീപനമാണ്. തങ്ങളുടെ കാഴ്ചയ്ക്കു പാകമാകാത്ത ശരീരങ്ങളെ പ്രാന്തവല്‍കരിക്കുന്ന വികാരമാണത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു ശരീരത്തിനോടുള്ള സമീപനവും ഇവിടെ ചേര്‍ത്തുകാണണം. ഡോവ് സോപ്പുകൊണ്ട് പലവട്ടം കുളിക്കേണ്ടുന്ന വെറുപ്പായിരുന്നു അതെന്നുള്ള വിവരണം ശ്രദ്ധിക്കണം. ആദ്യം കാണുമ്പോള്‍ തന്നെ അയാളുടെ സൗന്ദര്യസങ്കല്പം രതിയുടെ ശരീരത്തിലില്ലെന്നറിഞ്ഞിട്ടും അയാള്‍ പോകുന്നത് ലൈംഗികതയിലേക്കാണ്. എവിടെയെങ്കിലും തന്റെ സങ്കല്പങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും എന്ന ചിന്തയിലാകും ഇത്. എന്നാല്‍ മറ്റൊന്ന് അവിടെ സംഭവിക്കുന്നുണ്ട്. അയാളെ കേന്ദ്രീകരിച്ച ആഖ്യാനത്തിനകത്ത് ഇടയ്ക്കിടയ്ക്ക് അത് പ്രത്യക്ഷപ്പെടുന്നുണ്ട്. രതിയുടെ പ്രണയവാഞ്ഛകളാണത്. മുറിക്കകത്തേക്കു കടന്നപ്പോള്‍ത്തന്നെ രതി അയാളെ ആവേശത്തോടെ പുണരുന്നുണ്ട്- കതകടച്ച് അകത്തു കയറിയതേ രതി അയാളെ ചുറ്റിപ്പിടിച്ചു. അതായത് രതിയില്‍ പഴയ പ്രണയം ആവേശത്തോടെ പ്രവര്‍ത്തിക്കുന്നു. അവളില്‍ പ്രണയം രതിയായി കത്തുന്നു. എന്നാല്‍ രതിയുടെ ഭാഗത്തു നിന്നല്ല ആഖ്യാനം പ്രവര്‍ത്തിക്കുന്നത്. രതിക്കവിടെ സ്ഥാനമേ കിട്ടുന്നില്ല. മറിച്ച് അയാള്‍ക്കുമുന്നില്‍ അവള്‍ വെറും വസ്തുവായി മാറ്റപ്പെടുന്നു. രതിയുടെ പ്രണയാനുഭവം എന്തെന്ന് ഇവിടെ കാണുന്നില്ല. രതി എങ്ങനെ അയാളെ കാണുന്നുവെന്നും അനുഭവിക്കുന്നുവെന്നും. അവളുകൂടി മുന്‍കൈ എടുക്കുന്നതിലൂടെയാണ് അവരുടെ സമാഗമം നടക്കുന്നത്. എന്നാല്‍ അതിലെ അവളുടെ അനുഭവങ്ങള്‍ക്കുനേരെ അയാള്‍ വെറുപ്പ കാണിക്കുകയാണ് ചെയ്യുന്നത്. അവള്‍ നാണം അഭിനയിച്ചു എന്നാണ് എഴുതിയിരിക്കുന്നത്. അതായത് അവളും ദര്‍ശനെപോലെ വെറുപ്പുതോന്നി അഭിനയിക്കുന്നവളാണെന്ന്. രതിയപ്പോള്‍ നാണിച്ചു ചുരുങ്ങിയത് അയാള്‍ക്കിഷ്ടമായില്ല… അയാളുടെ അരയിലേക്ക് നോക്കി രതി അഭിനയിച്ചു.

 

സ്വന്തമിഷ്ടപ്രകാരമാണ് അവള്‍ ഇതിലിടപെടുന്നതെങ്കിലും അഭിനയിച്ചു എന്ന പുരുഷകാഴ്ചയിലൂടെ ആവിഷ്കരിക്കുന്നത് എന്തുകൊണ്ടാവുെമന്ന പ്രശ്നം കഥയിലെ ഈ ബന്ധത്തിനെതിരേയുള്ള വിധിതീര്‍പ്പാണെന്നു പറയാം. ഇവിടെ രതിക്ക് എന്താണ് അയാളുമായുള്ള ബന്ധത്തിലെ പ്രശ്നം എന്നതിന് വ്യക്തമായ സൂചനകളില്ല. ഭര്‍ത്താവ്, അയല്‍പക്കത്തുള്ളവര്‍ തുടങ്ങിയ സാഹചര്യങ്ങളാണ് പറയുന്നത്. എന്നാലതത്ര ഭദ്രവുമല്ല. വര്‍ഷങ്ങള്‍ക്കുശേഷം കാമുകനെ കണ്ടുപിടിച്ച്, സംസാരിച്ച് ആവേശത്തോടെ കാണുമ്പോള്‍ അതിനുള്ള സാഹചര്യമെല്ലാം ഒരുക്കി- അത് പെട്ടെന്നു കെട്ടുപോയി എന്നു പറയുന്നതില്‍ പന്തുകേടുണ്ട്. ദര്‍ശന്‍ എന്ന പുരുഷനില്‍ ആഖ്യാനം കേന്ദ്രീകരിക്കുന്നിടത്താണ് രതിയുടെ ശരീരത്തെ അതിന്റെ ഇച്ഛകളെ ഇവിടെ വെളിവാകാതെ പോകുന്നത്.

 

 

അങ്ങനെ പഴയ കാമുകിയും കാമുകനും കൂടിച്ചേരുന്ന കഥ ദുരന്തമായി മാറ്റുന്നതിലൂടെ കുടുംബമെന്ന സ്ഥാപനത്തെ സാധൂകരിക്കുകയാണ് കഥ. രണ്ടു കുടുംബങ്ങളാണ് ഇക്കഥയില്‍. രതിയുടെയും ദര്‍ശന്റേതും. രതിയുടെ കുടുംബത്തിന് സാമ്പത്തിക പരാധീനതയുണ്ടെന്ന സൂചനകളാണ് നല്കുന്നത്. അവരുടെ ക്വാര്‍ട്ടേഴ്സ്, അതിലെ മുഷിഞ്ഞ തുണികള്‍. രതിയുടെ ഇപ്പോഴത്തെ വൃത്തിയില്ലാത്ത ശരീരം തുടങ്ങിയ സൂചനകള്‍ ഇതാണ് പറയുന്നത്. അതേസമയം ദര്‍ശന് ഈ പരാധീനതകളില്ല. ഉയര്‍ന്ന ഉദ്യേോഗം, അതിനനുസരിച്ചുള്ള സൗകര്യങ്ങളുള്ള വീട്, സൗന്ദര്യവതിയായ ഭാര്യ തുടങ്ങിയവ. ഈ രണ്ട് കുടുംബത്തിനും പുറത്താണ് അവര്‍ തങ്ങളുടെ സമാഗമം പദ്ധതിയിടുന്നത്. ദര്‍ശനും രതിയും കുടുംബത്തിനകത്തേക്കു മടങ്ങുന്നു. ദര്‍ശനാകട്ടെ എന്നന്നേക്കും ആ സമാഗമത്തിന്റെ ഓര്‍മയെത്തന്നെ കുഴിച്ചു മൂടിയാണ് വീട്ടിലേക്കു പോകുന്നതുതന്നെ. രതിയുമൊത്തു കിടന്നപ്പോള്‍ സംഭവിച്ച അവളുടെ ശരീരത്തിലെ ഗന്ധം അയാള്‍ ഡോവ് സോപ്പുപയോഗിച്ച് കഴുകി കളയുന്നു എന്ന വിവരണം ശ്രദ്ധിക്കണം. തന്റെ ആരാധികയാണ് ഭാര്യ എന്നും തന്റെ സ്ത്രീ എന്നും അയാള്‍ ഉറപ്പിക്കുന്നു.

 

അവസാനം അയാളെത്തിച്ചേരുന്ന നിലപാട് ഇതാണ്- ആ സൗന്ദര്യവും വ്യക്തിത്വവും അതിനെ സംബന്ധിച്ച എല്ലാ കിനാവുകളും ഒരു കാലത്തിന്റെ സ്വപ്നം മാത്രമായിരുന്നു. അന്നത്തെ ലോകത്തിന്റെ വിശാലത അവിടെ വരെ മാത്രമായിരുന്നു. അതിനെ വിടുകയായിരുന്നു വേണ്ടിയിരുന്നത്. മറ്റൊരു കാലത്ത് ഏറ്റുപിടിക്കേണ്ടിയിരുന്നില്ല. ഈ തീരുമാനം എടുക്കുന്നതോടെയാണ് അയാള്‍ ഉന്മേഷവാനായി യാത്രയാകുന്നത്. പ്രണയം, സൗഹൃദം എന്നിവയുടെ കേവലമായ നിര്‍വചനങ്ങള്‍പ്പോലും റദ്ദാക്കപ്പെടുകയും സൗന്ദര്യത്തിന്റെയും ശരീരത്തിന്റെയും പുരുഷ നിര്‍വചനങ്ങള്‍ ഛര്‍ദിക്കപ്പെടുകയും ചെയ്യുന്നതാണിത്. ചരക്കെന്ന യുക്തിയിലാണ്, പെണ്ണിന്റെ ശരീരത്തിന്റെ സൗന്ദര്യവല്കരണത്തിലാണ് പ്രണയവും അടുപ്പവും നിലനില്‍ക്കുകയുള്ളുവെന്നും അല്ലാത്തപ്പോളത് ഇല്ലാതാകുന്നുവെന്നും നായകന്‍ അടിവരയിടുന്നു. പലതരത്തിലുള്ള പ്രത്യയശാസ്ത്രപരതയിലൂടെ കുടുംബത്തിനു പുറത്തെ ബന്ധങ്ങള്‍ നിരോധിച്ച് അഥവാ അവ തെറ്റെന്നു പറഞ്ഞ് കുടുംബത്തെ സവിശേഷമായി താങ്ങിനിര്‍ത്തുകയാണ് ഇക്കഥ.

 

നല്ല സ്ത്രീ, ചീത്ത സ്ത്രീ എന്നിങ്ങനെ ചരിത്രത്തിലുടനീളം സ്ത്രീയെ വിഭജിക്കാനുപയോഗിച്ച സമീപനം കഥയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുതും കാണാം. പെട്ടെന്നു തന്റെ കാമുകനെ കണ്ടപ്പോള്‍ ലൈംഗികതയ്ക്കൊക്കെ സമ്മതിച്ച, തന്റെ ശരീരം ഭംഗിയായി സൂക്ഷിക്കാത്ത രതി ചീത്തയാണെന്ന സൂചന ആഖ്യാനം നല്കുന്നു. അവളാണ് ഫോണില്‍ ദര്‍ശനെ കണ്ടെത്തുന്നതും രതിക്കൊക്കെ മുന്‍കൈയെടുക്കുന്നതും. അതേസമയം ഭര്‍ത്താവ് നിരന്തരം കുറ്റപ്പെടുത്തിയിട്ടും ശകാരിച്ചിട്ടും ഭര്‍ത്താവിനെത്തന്നെ സ്നേഹിച്ചുകൊണ്ടിരുന്ന ആരാധിക നല്ലവളാണെന്ന സൂചനയും. നല്ല സ്ത്രീയാണ് തന്റെ കടുംബം സംരക്ഷിക്കുക എന്ന ധ്വനി ഇവിടെ മുഴങ്ങുന്നു. പരസ്ത്രീയുടെ അധരങ്ങളില്‍ നിന്നു തേന്‍ ഇറ്റിറ്റു വീഴുന്നു. അവളുടെ അണ്ണാക്ക് എണ്ണയേക്കാള്‍ മൃദുവാകുന്നു. പിന്നത്തേതിലോ അവള്‍ കാഞ്ഞിരംപോലെ കൈപ്പും ഇരുവാള്‍ത്തലപോലെ മൂര്‍ച്ചയും ഉള്ളവള്‍ തന്നെ എന്നിങ്ങനെയുള്ള ബൈബിള്‍ സദാചാര പാഠങ്ങളെ (സദൃശ്യവാക്യങ്ങള്‍- 5) സൂക്ഷ്മമായി ഓര്‍മിപ്പിക്കുന്നുണ്ട് ഇക്കഥ. അഥവാ ഇത്തരം സദാചാരപാഠങ്ങളുടെ സൂക്ഷ്മമായ തുന്നലാണ് കഥ. സുസ്മേഷിന്റെ കഥാലോകത്ത് സംതൃപ്ത കുടുംബങ്ങളുടെ കഥയാണ് ഏറെക്കാണുകയെന്ന്‍ മുമ്പ് പറഞ്ഞത് ഇത് സാധൂകരിക്കുന്നുണ്ട്. ഏതാണീ കുടുംബം? ദര്‍ശനെപ്പോലെ ആണ്‍കോയ്മയിലടിയുറച്ച, സ്ത്രീയെ ചരക്കാക്കായി മാത്രം കാണുന്ന പുരുഷന്റെ സുഖവാസസ്ഥാനമാണ്. ശുശ്രൂഷക്കാരായ ആരാധികമാര്‍ ഭര്‍ത്താക്കന്മാരെ സംരക്ഷിക്കുന്ന ലോകം. പുരുഷലിംഗബോധമൊക്കെ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ഇടം.

 

2.
മാധവിക്കുട്ടിയുടെ സോനാഗാച്ചിയെന്ന കഥ ഇവിടെ താരതമ്യം ചെയ്യേണ്ടതുണ്ട്. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഉന്നതോദ്യഗസ്ഥനായ അയാള്‍ ഒരു ദിവസം രാവിലെ അമല എന്ന വേശ്യയെ ഓര്‍മവരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉദ്യോഗസ്ഥനാകുന്നതിന് മുമ്പ് ഒരിക്കല്‍ അവളെ അയാള്‍ സന്ദര്‍ശിച്ചരുന്നു. അന്നവിടെ അവളെ കണ്ട് നഒരു രാത്രി മുഴുവന്‍ സംസാരിച്ചിരിക്കുകയായിരുന്നു. അവളുടെ മുടിയും മണത്ത്. അന്നവള്‍ അയാളോടു പറഞ്ഞിരുന്നു- താന്‍ കിടക്കുന്നത് ബാല്യകാല സഖിയോടൊപ്പമാണെന്ന്. വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ വീണ്ടും അവളുടെയടുത്തെത്തുന്നു. അപ്പോളവര്‍ അയാളെ നിരാശപ്പെടുത്താനാണ് ശ്രമിക്കുന്നത്. തനിക്കു ക്ഷയമാണെന്നും താന്‍ കച്ചവടം നിര്‍ത്തിയെന്നും അവള്‍ ആവര്‍ത്തിച്ചു പറയുന്നു. എന്നിട്ടും അയാള്‍ അവളോടൊപ്പം താമസിക്കുന്നു. രാത്രി അവളുടെ കൂടെ കിടക്കുന്നു. സങ്കീര്‍ണതകളില്ലാത്ത ഇക്കഥ ഗുണപാഠമായിട്ടല്ല നമ്മളോടു സംവദിക്കുക. മറിച്ച് അരുതായ്മയായിട്ടാണ്. വേശ്യ, സമൂഹത്തിന് മുന്നില്‍ ശരീരം വില്കുന്ന തെറ്റുകാരിയാണ്. അവള്‍ കാണാന്‍ കൊള്ളാവുന്ന കുറേ അവയവങ്ങളുടെ കൂട്ടം മാത്രമാണ്. വ്യക്തിയല്ല. എന്നിട്ടും അവളുടെ ശരീരത്തിന്റെ വിവരണം കഥയിലില്ല. അവളുടെ സൗന്ദര്യത്തിന്റെ പകര്‍പ്പ് കഥാകാരി വരയ്ക്കുന്നതേയില്ല. അവളുടെ മുടിയിലാണ് നായകന്റെ ശ്രദ്ധ. അതിന്റെ മണത്തിലും- രാവിലെ ആകാശം വെളുക്കുന്നതുവരെ അവളുടെ മുടി മണത്തുകൊണ്ട് അവളുടെ ആലിംഗനത്തില്‍ കിടന്നു. രതി ഇവിടെ സവിശേഷമായ പാരസ്പര്യമായി മാറുന്നു. രണ്ടാമത്തെ വരവിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. രോഗിയായിട്ടും ശരീരം ആകെ ക്ഷീണിച്ചിട്ടും അയാള്‍ അവളുടെ പ്രണയം തേടുന്നു. അന്നും അയാള്‍ ഒരു രാത്രി മുഴുവന്‍ അവളുടെ കൂടെ അവളെ ആശ്ലേഷിച്ചുകൊണ്ട് കിടന്നു. അവളുടെ കൂടെ കിടക്കുന്നു. വേശ്യയെ സമൂഹം കാണുന്ന കാഴ്ചയും ഇവിടുത്തെ കാഴ്ചയും അമ്പേ ഭിന്നമാണ്. പെണ്ണ് ശരീരമല്ലാതാവുകയും വ്യക്തിയാവുകയും രതി ശരീരാവയവങ്ങള്‍ തമ്മിലുള്ള വേഴ്ച അല്ലാതായി മാറുകയും ചെയ്യുന്നതാണ്. ഇക്കഥകള്‍ രണ്ടും താരതമ്യം ചെയ്യുമ്പോള്‍ കാഴ്ചകളിലെ ലിംഗം വ്യക്തമാകുന്നു. പെണ്ണിനെ ചില അവയവങ്ങളായി കാണ്ട് പ്രണയത്തെയും രതിയെയെും അതിലമര്‍ത്തുന്ന പുരുഷാധിപത്യ കാഴ്ചയും പെണ്ണിനെ വ്യക്തിയായി കാണുന്ന ആണ്‍കാഴ്ചയും. പ്രണയത്തെയും സ്നേഹത്തെയും ജനാധിപത്യപരമായി നിര്‍വചിക്കുന്ന രാഷ്ട്രീയം ഇത്തരം കഥകളിലാണ് കാണുവാന്‍ കഴിയുന്നത്. ആണെഴുത്തിന്റെയും പെണ്ണെഴുത്തിന്റെയും വ്യത്യാസമാണോ ഇവിടെ വെളിവാകുന്ന ശരീരക്കാഴ്ചകള്‍ അടയാളപ്പെടുത്തുന്നത്? പാഠത്തിലെ ലിംഗത്തെക്കുറിച്ചുള്ള ചിന്തകള്‍ സൂക്ഷ്മമാകേണ്ടത് ഇത് ഓര്‍മിപ്പിക്കുന്നു.

റെഫറന്‍സ് 

പുസ്തകങ്ങള്‍
സുസ്മേഷ് ചന്ത്രോത്ത്, സങ്കടമോചനം, കറന്റ് ബുക്സ്, തൃശൂര്‍
മരണ വിദ്യാലയം, മാതൃഭൂമി, കോഴിക്കോട്
എന്റെ മകള്‍ ഒളിച്ചോടും മുമ്പ്, മാതൃഭൂമി, കോഴിക്കോട്.
കമലസുറയ്യ/മാധവിക്കുട്ടി മാധവിക്കുട്ടിയുടെ കൃതികള്‍ സമ്പൂര്‍ണം, ഡിസി ബുക്സ്

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍