UPDATES

ട്രെന്‍ഡിങ്ങ്

വിമര്‍ശകരോട് മംഗളം ന്യൂസ് എഡിറ്റര്‍ പ്രദീപ് എസ് വിക്കുള്ള ചോദ്യങ്ങള്‍

ലോകത്ത് ഏതൊരു മാധ്യമവും ചെയ്യുന്നത് ഞങ്ങളും ചെയ്തു. ഇനിയും ചെയ്യും.

മംഗളം ടെലിവിഷനില്‍ നിന്നും രാജിവച്ച മാധ്യമപ്രവര്‍ത്തക അല്‍-നീമ അഷറഫിനെ വ്യക്തിഹത്യ ചെയ്യും വിധി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടെന്ന ആരോപണത്തില്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ നിന്നും നിശിതമായ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന മംഗളം ടെലിവിഷന്‍ ന്യൂസ് എഡിറ്റര്‍ പ്രദീപ് എസ് വിയെ അഴിമുഖം ബന്ധപ്പെട്ടപ്പോള്‍, തനിക്ക് ഈ വിഷയങ്ങളില്‍ സമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്ന അല്‍-നീമയോടും തിരിച്ചു ചില ചോദ്യങ്ങളാണുള്ളത് എന്നാണ് പ്രതികരിച്ചത്. ആ ചോദ്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

പ്രദീപ് എസ് വിയുടെ ചോദ്യങ്ങള്‍

സ്ത്രീസുരക്ഷയും അഴിമതിരഹിത ഭരണവും വാദ്ഗാനം ചെയ്ത് അധികാരത്തില്‍ എത്തിയ ഒരു സര്‍ക്കാരിന്റെ സത്യസന്ധത എത്രത്തോളം ഉണ്ടെന്നു കണ്ടെത്താന്‍ ഒരു വനിത മാധ്യമപ്രവര്‍ത്തകയ്ക്കു തോന്നുകയും മറ്റൊരു ഐഡന്റിറ്റിയില്‍ ഒരു മന്ത്രിയെ വിളിച്ചു സംസാരിക്കുകയും ചെയ്യുമ്പോള്‍ ആ ഐഡിന്റിറ്റിയോട് മംഗളം ചാനല്‍ പുറത്തുവിട്ടതുപോലെയുള്ള സംഭാഷണം നടത്താന്‍ ഒരു മന്ത്രി തയ്യാറാവുകയാണെങ്കില്‍ ആ രീതിയില്‍ എത്രയോ പേര്‍ ആ മന്ത്രിയെ മുമ്പു സമീപിച്ചിരിക്കാം? ഇനിയും എത്ര പേരോട് ആ മന്ത്രി അതുപോലെ സംസാരിക്കാന്‍ സാധ്യത ഉണ്ടായിരുന്നു? അങ്ങനെയുള്ള ഒരാളെ തുറന്നു കാട്ടുമ്പോള്‍ മംഗളം ടെലിവിഷന്‍ ചെയ്യുന്നത് എങ്ങനെയാണു തെറ്റാകുന്നത്?

ലോകത്തിലെ പല അഴിമതികളുടെയും തുടക്കം സെക്‌സില്‍ കൂടിയാണ്. സെക്‌സില്‍ കൂടി ബന്ധം സ്ഥാപിക്കുകയും അതുവഴി കാര്യം സാധിച്ചെടുക്കുകയുമാണ്. ഇവിടെ മന്ത്രിയും ആ തരത്തിലുള്ള അഴിമതിക്കു തയ്യാറായി നില്‍ക്കുകയാണ്. അതു തുറന്നു കാട്ടുന്നതില്‍ എവിടെയാണു തെറ്റ്?

ഒരു മാധ്യമപ്രവര്‍ത്തകയാണു മന്ത്രിയെ വിളിച്ചതെങ്കില്‍ അവര്‍ക്ക് ഈ സംഭാഷണംവച്ച് സ്വന്തമായി എന്തൊക്കെ കാര്യങ്ങള്‍ നേടാമായിരുന്നു, മറ്റുള്ളവര്‍ക്കായി നേടിക്കൊടുക്കാമായിരുന്നു. ഇവിടെ മന്ത്രിയുടെ കറുത്തവശം സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുകയായിരുന്നില്ലേ ചെയ്തത്? അതില്‍ എവിടെയാണു തെറ്റ്?

ഒരു സ്ത്രീ ലക്ഷ്യങ്ങള്‍വച്ചുകൊണ്ട് സംസാരിച്ചാല്‍ അതേ രീതിയില്‍ സംസാരിക്കാന്‍ എ കെ ശശീന്ദ്രനെ പോലൊരു മന്ത്രി തയ്യാറാകാമോ? അങ്ങനെയാണു മന്ത്രിയുടെ രീതിയെങ്കില്‍ അതേ മന്ത്രിയെ വച്ച് ഇതിനു മുമ്പും പലരും നേട്ടങ്ങള്‍ കൊയ്തുകാണില്ലേ?

മന്ത്രിയെ ഈ രീതിയില്‍ ഒരു സ്ത്രീക്ക് സമീപിക്കാന്‍ കഴിയുമെന്നാണെങ്കില്‍ അതിനര്‍ത്ഥം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സുരക്ഷ സംവിധാനം മുഴുവന്‍ പരാജയം ആണെന്നല്ലേ? അതു തുറന്നു കാണിക്കുക കൂടിയായിരുന്നില്ലേ മംഗളം ടെലിവിഷന്‍ ചെയ്തത്?

മാധ്യമങ്ങളോട്‌
ലോകത്ത് ഏതൊരു മാധ്യമവും ചെയ്യുന്നത് ഞങ്ങളും ചെയ്തു. ഇനിയും ചെയ്യും. മംഗളം ടെലിവിഷന്‍ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ് കിട്ടിയിരുന്നെങ്കില്‍ മീഡിയാവണും ദൂരദര്‍ശനും ഒഴികെ മലയാളത്തിലെ ഏതു വാര്‍ത്താ ചാനല്‍ ഉപയോഗിക്കാതിരിക്കും?

സരിതയുടെ വദനസുരതമാണ് കോയമ്പത്തൂര്‍ സിഡിയിലുള്ളത് എന്ന വിവരം മാധ്യമങ്ങളോട് പറഞ്ഞത് ഇവിടുത്തെ ഉന്നത പോലീസുദ്യോഗസ്ഥര്‍ തന്നെയാണ്. അത് ആദ്യം കൈക്കലാക്കാനല്ലേ ഇക്കണ്ട നെട്ടോട്ടമൊക്കെ നടത്തിയത്. എന്നിട്ട് ദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചുവെന്ന് പറഞ്ഞ് കാണിക്കാന്‍ ആരോഗ്യ സര്‍വകലാശാല ഡയറക്ടറെ കൈയില്‍ കാശു പിടിപ്പിച്ചു കൊടുത്ത് ദൃശ്യം പകര്‍ത്തിയത്  ‘മാതൃഭൂമി’ ചാനലായിരുന്നു.

വൈക്കത്ത് ഒരു എസ്‌ഐയെ മൃതദേഹത്തോടൊപ്പം കിടത്തിയത് ‘മനോരമ’യായിരുന്നു.

ഇല്ലാത്ത വാര്‍ത്ത കൊടുത്ത് പ്രഫ. ജോസഫിന്റെ കൈ വെട്ടിച്ചത് ‘ഇന്ത്യാ വിഷ’നായിരുന്നു. ജയിലില്‍ കിടന്ന പിള്ളയെ ഫോണ്‍ വിളിച്ച് കുടുക്കിലാക്കിയ ‘റിപ്പോര്‍ട്ടര്‍’ ചാനലിന്റെ നടപടി എന്തു തരം ട്രാപ്പായിരുന്നു.

സോളാര്‍ വിവാദം കത്തി നിന്നപ്പോള്‍ ആര്യാടന്‍ മുഹമ്മദിന്റെ പി.എസ് കേശവനാണ് എന്ന പേരില്‍ അന്ന് മന്ത്രിയായിരുന്ന എപി അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചത് ‘ഏഷ്യാനെറ്റ് ന്യൂസിലെ’ ആര്‍. അജയഘോഷ് ആയിരുന്നു. അത് ആള്‍മാറാട്ടവും അധാര്‍മികവുമായിരുന്നില്ലേ? 

പണ്ട് റിപ്പോര്‍ട്ടര്‍ പി.സി. ജോര്‍ജിന്റെ അവിഹിത ബന്ധത്തിലുണ്ടായ കുട്ടി എന്നു പറഞ്ഞ് ജിഷ എന്നൊരു കുട്ടിയെ ഒളിക്യാമറിയില്‍ കുരുക്കിയിരുന്നു. (ഒരു കോളനിയില്‍ താമസിച്ചിരുന്ന അവരെ പണം തരാം എന്നു പ്രലോഭിപ്പിച്ചാണ് സമീപിച്ചത് ). ഇതൊക്കെ ചെയ്തവരും ചെയ്യിപ്പിച്ചവരുമൊക്കെയാണ് ധാര്‍മിക മാധ്യമ പ്രവര്‍ത്തനവുമായി ഇപ്പോ ഇറങ്ങിയിട്ടുള്ളത്.

മാധ്യമ ഗോലിയാത്തുകള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മംഗളം എന്ന പ്രസ്ഥാനത്തെ മുളയിലേ നുള്ളുക തന്നെയാണ് ലക്ഷ്യം. അതിനായി ‘അംബാനി’യും ‘മര്‍ഡോക്കും’ ‘ബ്രിട്ടാസും’ ‘കോട്ടയം അച്ചായനു’മൊക്കെ ആഞ്ഞുപിടിക്കുന്നു. ഹണിയാണോ കെണിയാണോ എന്ന് അന്വേഷിച്ച് കണ്ടു പിടിക്കട്ടെ. അതിന് മുന്‍പ് എന്തിനാണ് ഈ വേവലാതി? ലോകത്ത് ഏതൊരു മാധ്യമവും ചെയ്യുന്നത് ഞങ്ങളും ചെയ്തു. ഇനിയും ചെയ്യും. ഊഹാപോഹങ്ങളും വ്യാജ പ്രചാരണങ്ങളും കൊണ്ട് മൈലേജ് കൂട്ടിത്തരുന്നതിന് നന്ദി..

അല്‍-നീമ അഷറഫിനോട്

അല്‍-നീമ അഷറഫ് എന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ അപമാനകരമായി ഇട്ടെന്നു പറയുന്ന പോസ്റ്റില്‍ എന്റേതെന്നു പറയാന്‍ ആദ്യത്തെ രണ്ടോ മൂന്നോ വരികള്‍ മാത്രമാണ് ഉള്ളത്. പക്ഷേ ആ പോസ്റ്റിലെ മുഴുവന്‍ വാചകങ്ങളും എന്റെതെന്ന രീതിയില്‍ എന്റെ കുടുംബത്തെ വരെ തീര്‍ത്തും മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതിലെ ധാര്‍മിക എന്താണ്?

അല്‍-നീമയുടെ തൊഴില്‍പരമായ മികവിനെ പരാമര്‍ശിച്ചുള്ള എന്റെ വാചകത്തെ അസഭ്യമെന്ന നിലയില്‍ അധിക്ഷേപിക്കുന്നവരോട്, തൊഴില്‍പരമായ മികവ് അഥവ professional scrutiny യില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന വ്യക്തയായിരുന്നു അല്‍-നീമ. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ മികവിന്റെ പട്ടികയില്‍ ഇടം നേടാതിരുന്നവരുടെ കൂട്ടത്തില്‍ മംഗളം ടെലിവിഷനില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയാണ് അല്‍-നീമ. എന്നാല്‍ ഈ കുട്ടിയുള്‍പ്പെടെ മികവ് ഇല്ലാത്തവരെന്നു കണ്ട് തരംതിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതുവേണ്ടെന്നും എല്ലാവര്‍ക്കും അവരവരുടെ കഴിവ് പ്രകടിപ്പിക്കാന്‍ പരമാവധി അവസരം കൊടുക്കു, ചാനല്‍ ഓണ്‍ എയറില്‍ വന്ന് ഒരു വര്‍ഷം അവര്‍ അവരുടെ മികവ് പ്രകടിപ്പിക്കാന്‍ അവസരം കൊടുത്തതിനുശേഷം മതി professional scrutiny എന്നു പറഞ്ഞയാളല്ലേ മംഗളം സി ഇ ഒ അജിത് കുമാര്‍?

കോര്‍ഡിനേറ്റിംഗ് എഡിറ്റേഴ്‌സും ന്യൂസ് എഡിറ്റേഴ്‌സും അടങ്ങുന്ന എഡിറ്റോറിയല്‍ ടീം ഒരു പരീക്ഷ സംഘടിപ്പിച്ചിരുന്നു. അതിന്റെ മേല്‍നോട്ടത്തിനായി എത്തിയിരുന്നത് കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ പാനല്‍ ആയിരുന്നു. കഥാകൃത്ത് ഇ വി ശ്രീധരന്‍, ഡോ.കെ അമ്പാടി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ആ പാനലിന്റെ പരീക്ഷയില്‍ ഏറ്റവും അവസാനത്തെ ആളായി മാറിയ ആളല്ലേ അല്‍-നീമ? ഈ കുട്ടിയെ റീഡിംഗിന് ഉപയോഗിക്കാന്‍ പറ്റില്ല, ഡസ്‌കില്‍ ഉപയോഗിക്കാന്‍ പറ്റില്ല, പ്രൊഡക്ഷന്‍ സൈഡിലോ മറ്റുമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്ന എഡിറ്റോറിയല്‍ ടീമിന്റെ നിര്‍ദേശം മുകള്‍ത്തട്ടില്‍ പോയപ്പോഴും സിഇഒ ഇടപെട്ട് ആ നിര്‍ദേശം മരവിപ്പിക്കുകയായിരുന്നില്ലേ? അവരവരുടെ തെറ്റുകള്‍ മനസിലാക്കിയും തിരുത്തിയും ഓരോരുത്തരും മികവിലേക്ക് എത്തട്ടെയെന്നായിരുന്നില്ലേ മംഗളം മാനേജ്‌മെന്റ് തീരുമാനിച്ചതും?

ആരോപണങ്ങള്‍ മാത്രമേ ഇനിയുണ്ടാകൂവെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് രാജിവച്ചത്: അല്‍ നീമ പ്രതികരിക്കുന്നു

 

തൊഴിലില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിലുള്ള നിരാശ മറ്റുള്ളവരോടു പങ്കുവയ്ക്കുമ്പോള്‍ ആ കൂട്ടത്തില്‍ ന്യൂസ് എഡിറ്റര്‍ എന്ന നിലയില്‍ ഞാനും ഉണ്ടായിരുന്നില്ലേ? എനിക്ക് പലതും ചെയ്യണമെന്നുണ്ട്, പക്ഷേ എന്നെക്കൊണ്ട് കഴിയുന്നില്ല, ഈ തൊഴിലില്‍ എനിക്ക് നില്‍ക്കാന്‍ പറ്റില്ലെന്നു പറയുമ്പോള്‍ ജോലിയില്‍ തുടരാന്‍ പരാമവധി പ്രോത്സാഹിപ്പിക്കുകയായിരുന്നില്ലേ ഞാന്‍ ചെയ്തത്‌?

മികവ് അളക്കാന്‍ എത്തിയ പാനലിനു മുന്നില്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരാണെന്നതില്‍ പോലും അറിയാതെ നില്‍ക്കേണ്ടി വന്നില്ലേ? ഇങ്ങനെയുള്ളൊരാളെ ഒരു ചാനലിന് എങ്ങനെ ഒപ്പം കൊണ്ടുപോകാമെന്നായിരുന്നു പാനല്‍ ചോദിച്ചത്. എന്നിട്ടും കുട്ടി മംഗളത്തില്‍ നിന്നു പുറത്തു പോയോ?

ട്രയല്‍ റണ്ണില്‍ എഡിറ്റോറിയല്‍ ടീമിനു കര്‍ശനമായ താക്കീത് ഏല്‍ക്കേണ്ടി വന്നിരുന്നില്ലേ, അതിന്തിനായിരുന്നു? ട്രയല്‍ റണ്‍ സമയത്ത് പിസിആര്‍ ഹെഡ് എന്ന നിലയില്‍ ഒരു ബുള്ളറ്റിന്‍ കഴിഞ്ഞപ്പോള്‍ ആങ്കറോട് അടുത്ത വാര്‍ത്ത ആരെങ്കിലും വായിക്കും എന്നു പിസിആറില്‍ നിന്നും കമാന്‍ഡ് നല്‍കിയതിന്. ആ അവതാരിക ഈ കാര്യം പരാതിയായി എഡിറ്റോറിയല്‍ ടീമിനു നല്‍കി. ആ പരാതിയിലും നടപടിയെടുക്കാതെ, ആ കുട്ടിക്ക് പരാമവധി ആത്മവിശ്വാസം നല്‍കൂ എന്നല്ലേ മാനേജ്‌മെന്റ് പറഞ്ഞത്?

മംഗളം നിര്‍ബന്ധിച്ച് സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമാക്കാന്‍ ശ്രമിച്ചു എന്നു പരാതിയുണ്ടെങ്കില്‍ എന്തുകൊണ്ട് അതു നടന്ന സമയത്ത് ചാനല്‍ വിടണം എന്നു തീരുമാനിച്ചില്ല? എന്തായാലും അങ്ങനെയൊരു നിര്‍ബന്ധം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കുറഞ്ഞതു മൂന്നുമാസം മുമ്പെങ്കിലും ആയിരിക്കണമല്ലോ? ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ ഒരു മന്ത്രിയെ കുടുക്കാനുള്ള സ്റ്റിംഗ്  ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ? മംഗളം അങ്ങനെ ചെയ്തു എന്നുപറയുമ്പോള്‍ ഈ ലോജിക് എങ്കിലും ആലോചിക്കേണ്ടതല്ലേ?

ഈ ചോദ്യങ്ങള്‍ക്കാണ് എനിക്ക് ഉത്തരം വേണ്ടത്. നിങ്ങള്‍ക്ക് മംഗളത്തെ വിമര്‍ശിക്കാം. പക്ഷേ ആ വിമര്‍ശനങ്ങള്‍ക്കു മുമ്പ് എന്റെ ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം നല്‍കണം. അതുപോലെ മംഗളത്തെ കല്ലെറിയുന്നവരോട്, നിങ്ങളില്‍ പാപം ചെയ്യാത്തവരുണ്ടെങ്കില്‍ ധൈര്യമായി കല്ലെറിഞ്ഞോളൂ. അല്ലാത്തവര്‍ സ്വയം പരിശോധനയ്‌ക്കെങ്കിലും വിധേയരാകൂ.

പ്രദീപ്‌ എസ് വിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്‌

സ്ത്രീ പക്ഷം…….പാഠഭേദം……….

“കപട” മുഖത്തെ സ്ഥാപനത്തിലെ ഓരോ സെക്ഷനും തിരിച്ചറിഞ്ഞ് വിലയിരുത്തി സഹികെട്ടിരുന്നു… മംഗളം മാനേജ്മെൻ്റ് സംരക്ഷിച്ചത് കൊണ്ട് മാത്രം മറ്റുള്ളവർ സഹിച്ചു,,,
കള്ള വീഡിയോ കാട്ടി ഇൻ്റർവ്യൂ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് തെളിഞ്ഞ ദിവസം പുറത്താക്കാൻ എഡിറ്റോറിയൽ ബോർഡ് നിർദ്ദേശിച്ചതാണ്…അപ്പോഴും മംഗളം മാനേജ്മെൻ്റ് സംരക്ഷിച്ചു….
ഇനി മറ്റുള്ളവർ ആശ്വസിക്കും….
————-++++++++

എൻ്റെ കുഞ്ഞനുജത്തി അൽനീമ അഷറഫിന്,,,
സ്ഥാപനത്തിലെ മറ്റൊരു പെൺകുട്ടിയുടെ കുറിപ്പ്……
—————–++++++++

COPY PASTE WRITING OF ANOTHER WOMAN MEMBER FROM MANGALAM FAMILY —-
————-++++++++

പ്രിയപ്പെട്ട മാധ്യമ സുഹൃത്തേ ,
നീ ചെയ്തത് വളരെ മഹത്തരമായ കാര്യമാണെന്ന് ഒരുപക്ഷേ ആൾക്കാർ പറഞ്ഞേക്കാം. നിനക്ക് കയ്യടികൾ നൽകിയേക്കാം. പക്ഷെ ഒന്നു നീ ഓർക്കുക ആ മന്ത്രി രാജി വെച്ച ദിവസം നിന്റെ മുഖത്തും സന്തോഷം ഉണ്ടായിരുന്നു. അന്നേദിവസം ഈ സംഭവത്തിൽ പ്രതിഷേധിച്ചു ഡെസ്കിൽ വന്ന പല കോളുകൾക്കും നീ മറുപടി കൊടുക്കുകയും വിളിച്ചവരെ പരിഹസിച്ചു കോൾ വെക്കുകയും ചെയ്ത ആളാണ്. അപ്പോൾ കൂടെ നിന്നവർ പറഞ്ഞു നിന്റെ നാവിനെ കണ്ട്രോൾ ചെയ്യൂ അല്ലെങ്കിൽ വേറൊരു രീതിയിൽ നീ വ്യാഖ്യാനിക്കപ്പെടും എന്ന്. അന്ന് നീ അത് ചെറിയ ചിരിയോടെ ഏറ്റെടുത്തു.

ഒരു കാര്യം നീ ഓർക്കുക. നിനക്കെതിരെ ഒത്തിരി പ്രോബ്ലംസ് വന്നപ്പോൾ നിന്റെ റീഡിങ് പെർഫോർമൻസ് മോശമായത് സഹിതം, നിന്നെ സപ്പോർട്ട് ചെയ്ത സ്ഥാപനമാണ് മംഗളം . നിന്റെ ചെയ്തികൾ ചില കാര്യങ്ങളിൽ അതിരു വിട്ടപ്പോഴും, നിന്റെ ഭാഗത്താണ് തെറ്റ് എന്ന് ഉത്തമ ബോധ്യവും, തെളിവുകളും ഉണ്ടായിട്ടും നിന്നെ നിലനിർത്താനാണ് മംഗളം നോക്കിയത്. അവിടെ നീ സുരക്ഷിതയല്ലായിരുന്നു എന്ന് പറയാൻ പറ്റുമോ ? കഴിഞ്ഞ മെയ്‌ മാസത്തിൽ നിനക്ക് എന്തൊക്കെയോ മനസിലായി എന്നാണല്ലോ നീ പറഞ്ഞത്. അന്ന് നീ ഈ പറഞ്ഞ ധാർമികത എവിടെ ആയിരുന്നു. അന്നും നീ സാലറി വാങ്ങുന്നുണ്ടായിരുന്നല്ലോ. നിന്റെ ധാർമികത മംഗലവുമായി ഇണങ്ങുന്നത് അല്ലായിരുന്നു എങ്കിൽ ആ നിമിഷം നീ ഇറങ്ങണമായിരുന്നു..

Faces of mangalam എന്നാ പ്രോഗ്രാമിൽ നിനക്ക് വളരെ അടുപ്പമുണ്ടെന്ന് പറഞ്ഞ നിന്റെ ”പ്രിയപ്പെട്ട ചേച്ചി”യെപ്പറ്റി നീ എന്തുമാത്രം കുറ്റങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നത്. അതിനു ശേഷം അവരെ കാണുമ്പോൾ ഉള്ള സ്നേഹപ്രകടനങ്ങളിൽ മറ്റാരെക്കാളും മികച്ച വ്യക്തിയും നീ ആയിരുന്നു. Best performer.. അതുകൊണ്ടു നീ അഭിപ്രായങ്ങളിൽ മറിഞ്ഞു തിരിയുമെന്നതിൽ ഞങ്ങൾക്കാർക്കും തർക്കമില്ല. പക്ഷെ ഒരുകാര്യം നല്ല കാറ്റുള്ള ടൈംയിൽ നീ ഇത് ചെയ്തതുകൊണ്ട് നിനക്ക് നേട്ടമുണ്ട്. .

നീ മംഗളത്തിൽ സബ്എഡിറ്റർ പോസ്റ്റിൽ എങ്ങനെ കയറി എന്ന് എനിക്ക് നന്നായി അറിയാം. നീ ഒരു ചാനലിലും ചെയ്യാതെ, പേർസണൽ ആവിശ്യത്തിന് നിർമിച്ച വീഡിയോ ഇന്റർവ്യൂ നു കൊണ്ട് വന്നിട്ട് അത് ഏതോ ചാനലിൽ കാണിച്ചതാണ് എന്ന് കള്ളം പറഞ്ഞതും…. പിന്നീടു ആ കള്ളം പൊളിയുകയും നീ സമ്മതിക്കുകയും ചെയ്തു… so ഈ രണ്ട് വേഷം നിനക്കിണങ്ങും…
മറ്റൊരു കാര്യം. ഇവിടുത്തെ പെൺകുട്ടികൾ safe അല്ലാന്നു കള്ളം പറഞ്ഞു നീ നീറണ്ട… They are all protected here..അവരുടെ പ്രശ്നങ്ങൾ പുറംലോകത്തെ അറിയിക്കാൻ നിന്റെ നാവിനെ ആശ്രയിക്കുന്ന കുട്ടികളും അല്ല അവർ. നീ പരാജയമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നീ ഇറങ്ങി. പലവട്ടം ഒഴിവാക്കപ്പെടേണ്ട നിന്നെ മാനേജ്‌മന്റ് നിലനിർത്തിയത് മംഗളം സ്ഥാപനത്തിൽ നിന്ന് ഒരു പെൺകുട്ടിയും മനസ്സ് നൊന്തു ഇറങ്ങിപ്പോകരുത്‌ എന്ന്‌ സ്ഥാപനത്തിന് നിർബന്ധം ഉള്ളതുകൊണ്ട് മാത്രമാണ് . നീ ഈ വിഷയം legally സോൾവ്‌ ആകുന്നതു വരെ പിടിച്ചു നിന്നിരുന്നേൽ ഒരു പക്ഷെ നിനക്ക് നഷ്ടക്കച്ചോടം ആയേനെ..

Watever… i dont know wats ur catch in this performance… so enjoy ur fame for a shoooorttt tym span… and a peace of advice for free…ഇനിയുള്ള സ്ഥാപനത്തിൽ എങ്കിലും വിശ്വാസ്യത കാണിക്കണം.. wish u al d bst for ur next move….—–
————++++++++++

-“””BY A WOMAN MEMBER FROM MANGALAM FAMILY””””

സ്ത്രീ പക്ഷം…….പാഠഭേദം………. "കപട" മുഖത്തെ സ്ഥാപനത്തിലെ ഓരോ സെക്ഷനും തിരിച്ചറിഞ്ഞ് വിലയിരുത്തി സഹികെട്ടിരുന്നു…

Posted by Pradeep Sv on Mittwoch, 29. März 2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍