UPDATES

ദളിത് പോരാട്ടത്തിന്റെ ശക്തിയറിയിച്ച് സ്വാഭിമാന്‍ സംഘര്‍ഷ് യാത്ര


അഴിമുഖം പ്രതിനിധി

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ദളിത് ആക്രമണങ്ങള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ ദളിത് ശോഷണ്‍ മുക്തി മഞ്ച് ഉള്‍പ്പെടെ ആറു സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ‘ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് ‘ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന റാലി പ്രകാശ് അംബേദ്കര്‍ ഉദ്ഘാടനം ചെയ്തു. സീതാറാം യെച്ചൂരി, രാധിക വെമൂല, ജിഗ്നേഷ് മേവാനി, ബസ്വാഡ വില്‍സണ്‍, സുഭാഷിണി അലി,സുധാകര്‍ റെഡ്ഡി, ഡി രാജ. വിജൂ കൃഷ്ണന്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.

രാജ്യത്ത് നടക്കുന്ന ദളിത് ആക്രമങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്ന വാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവരെക്കൂടി ഉള്‍പ്പെടുത്തി ശക്തമായ സമരപരിപാടികള്‍ക്ക് വിവിധ ദളിത് സംഘടനകള്‍ രൂപം നല്‍കിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദളിതര്‍ക്ക് നേരെയുള്ള ആക്രമങ്ങളില്‍ 40 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. 

മേദിയുടെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദളിതര്‍ക്കു നേരെയുളള അതിക്രമങ്ങളും കൂടിയിരിക്കുകയാണെന്നും ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ദളിതര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യല്‍, ദളിതരെ കൊലപ്പെടുത്തുക തുടങ്ങിയ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും സ്വാഭിമാന്‍ റാലിയുടെ പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ റാലികള്‍ സംഘടിപ്പിക്കാന്‍ ദളിത് സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍