UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് അജണ്ടയെ തൂത്തെറിയുക; ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് പ്രമേയത്തിന്റെ പൂര്‍ണരൂപം

Avatar

2016 സെപ്റ്റംബര്‍ 16-ന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് ജാഥയില്‍ അംഗീകരിച്ച പ്രമേയത്തിന്‍റെ പൂര്‍ണ്ണരൂപം. രാജ്യത്ത് ദളിതര്‍ക്കെതിരെ വര്‍ദ്ധിവരുന്ന ആക്രമണങ്ങള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ ദളിത് ശോഷണ്‍ മുക്തി മഞ്ചും സി പി എമ്മും ഉള്‍പ്പെടെ ആറു സംഘടനകളുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റിലേക്ക് റാലി നടത്തിയത്. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന റാലി പ്രകാശ് അംബേദ്കര്‍ ഉദ്ഘാടനം ചെയ്തു. സീതാറാം യെച്ചൂരി, രാധിക വെമൂല, ജിഗ്നേഷ് മേവാനി, ബസ്വാഡ വില്‍സണ്‍, സുഭാഷിണി അലി, സുധാകര്‍ റെഡ്ഡി, ഡി രാജ. വിജു കൃഷ്ണന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.

ആര്‍എസ്എസ് നേതൃത്വത്തിലുള്ള, നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച തോതില്‍ തുടരുകയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നത് പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രങ്ങള്‍ 40 ശതമാനം കൂടി എന്നാണ്. 2015-ല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത് (163.30 ശതമാനം, 6,665 കേസുകള്‍), ഛത്തീസ്ഗഡ് (91.90 ശതമാനം, 3,008 കേസുകള്‍) രാജസ്ഥാന്‍ (58.5 ശതമാനം, 7,144 കേസുകള്‍) എന്നിവയാണ് ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധന രേഖപ്പെടുത്തിയത്. ദളിത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ദളിതരുടെ കൊലപാതകങ്ങളും കുത്തനെ ഉയരുകയാണ്.  ദളിതര്‍ക്ക് അവകാശപ്പെട്ട വിഭവങ്ങളിലെയും സമ്പത്തിലെയും പങ്ക് നിഷേധിക്കുന്നു എന്നു മാത്രമല്ല അവരുടെ നിസാരമായ ഭൂമികൂടി തട്ടിപ്പറിക്കുകയാണ്. 2011-ലെ സാമൂഹ്യ സാമ്പത്തിക ജാതി കണക്കെടുപ്പനുസരിച്ച് 73 ശതമാനം ഗ്രാമീണ ദളിത കുടുംബങ്ങള്‍ ദുരിതത്തിലാണ്. 45 ശതമാനം പട്ടികജാതി കുടുംബങ്ങളും ഭൂരഹിതരും വരുമാനത്തിന്റെ വലിയ ഭാഗവും താത്ക്കാലിക കായികാധ്വാനംകൊണ്ട് നേടുന്നവരുമാണ്. അസമത്വവും ദുരിതവും വര്‍ധിക്കുകയും പട്ടിണി, പോഷകാഹാരക്കുറവ്, ആരോഗ്യ പ്രശ്നങ്ങള്‍, നിരക്ഷരത, മനുഷ്യ വികസന സൂചികയുടെ നിരാശാജനകമായ തോത് എന്നിവയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. അപമാനകരമായ ജീവിത സാഹചര്യങ്ങളാണ് നേരിടേണ്ടിവരുന്നത്. ദുരിതപൂര്‍ണമായ തൊഴിലുകളും തൊട്ടിപ്പണി പോലുള്ള അപമാനകരമായ തൊഴിലുകളും ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു.

കേന്ദ്രമന്ത്രിമാരുടെയും ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും കുടിലതന്ത്രങ്ങളുടെയും ഫലമായി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്തെങ്ങും ഹിന്ദുത്വ ശക്തികള്‍ക്കും ബിജെപി സര്‍ക്കാരിനുമെതിരെ അസാധാരണമായ വിധത്തില്‍ ഐക്യവും പോരാട്ടവുമാണ് ഉയര്‍ന്നുവന്നത്. ജൂലായ് 11, 2016-ല്‍ ചത്ത പശുവിന്റെ തോലുരിഞ്ഞു എന്നപേരില്‍ ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കളെ പരസ്യമായി നഗ്നരാക്കി മര്‍ദിച്ചു. ഈ അധമമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ ആ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമാക്കി ആഘോഷിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും കഴിഞ്ഞ രണ്ടു വര്‍ഷമായി വര്‍ദ്ധിക്കുകയാണ്. ഡോ. നരേന്ദ്ര ധാബോല്‍ക്കാര്‍, ഗോവിന്ദ് പന്‍സാരെ, പ്രൊഫ. കല്‍ബുര്‍ഗി എന്നിവര്‍ കൊല്ലപ്പെട്ടത് വര്‍ണാശ്രമ ധര്‍മ്മത്തിലൂന്നിയ ജാതി സമ്പ്രദായത്തിനും വേദകാല സാമൂഹ്യസ്ഥിതി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും  അന്ധവിശ്വാസങ്ങള്‍ക്കും എതിരായ പോരാട്ടങ്ങളുടെ പേരിലാണ്. ഐഐടി മദ്രാസ്, പൂനെ FTII, ലഖ്നൌ സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല എന്നിവക്കെതിരെ ആസൂത്രിതമായ രീതിയില്‍ ആക്രമണങ്ങള്‍ നടക്കുന്നു. ആയിരക്കണക്കിന് സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുകയും സ്വകാര്യവത്കരണത്തിന് വലിയ പ്രോത്സാഹനം നല്കുകയും ചെയ്യുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉന്നത ഗവേഷണ സ്ഥാപനങ്ങളുടെയും വര്‍ഗീയവത്കരണം മറയില്ലാതെ നടക്കുന്നു.

ഗോരക്ഷ എന്ന പേരില്‍ അക്രമി സംഘങ്ങള്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ഏറുന്നു. ഗോ സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ ഒരു ഭീതിയുമില്ലാതെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായി നല്കുന്നു. പരസ്യമായി മര്‍ദിക്കല്‍, ബലപ്രയോഗത്തിലൂടെ ചാണകം തീറ്റിക്കല്‍, നഗ്നരാക്കി തെരുവിലൂടെ നടത്തല്‍ തുടങ്ങി ഇതിന്റെ ഇരകള്‍ നേരിടുന്ന അക്രമങ്ങള്‍ വെളിച്ചം കാണുകയാണ്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാതെയും ഇത്തരം കൃത്യങ്ങളെ മഹത്വവത്കരിച്ചും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകള്‍ ഇവയെ പ്രത്യക്ഷമായിത്തന്നെ പിന്താങ്ങുകയാണ്. ഇത്തരം അക്രമങ്ങള്‍ നടത്തുന്ന വിവിധ ഹിന്ദുത്വ സംഘടനകളും ഗോ രക്ഷക് അക്രമി സംഘങ്ങളും ദളിതരെ അപമാനവീകരിക്കുകയും അവരുടെ അടിസ്ഥാന ആത്മാഭിമാനത്തെ ചവിട്ടിയരക്കാന്‍ ശ്രമിക്കുകയുമാണ്.

അതോടൊപ്പം പശുക്കളെ അറക്കുന്നതും പശുവിറച്ചി നിരോധിച്ചുകൊണ്ടും ജനങ്ങളുടെ ഭക്ഷണ ശീലങ്ങളെ നിയന്ത്രിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പശുവിറച്ചി നിരോധനം നടപ്പാക്കിക്കൊണ്ട് ഇത്തരം നീക്കങ്ങള്‍ക്ക് ഒരു നിയമസാധുതയുടെ മേലങ്കി നല്കാന്‍ ബിജെപി ഭരിക്കുന്ന ഹരിയാനയും മഹാരാഷ്ട്രയും ശ്രമിക്കുകയാണ്. പശുക്കളെ വില്‍ക്കുന്നതിലും പശുവിറച്ചിക്കും നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ വരള്‍ച്ചക്കാലത്ത് പശുക്കളെ വില്‍ക്കുകയും കാലവര്‍ഷത്തിന്റെ സമയത്ത് പുതിയവയെ വാങ്ങുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് കര്‍ഷകരെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. ഈ പണമാണ് അവര്‍ വിത്തുവാങ്ങാനും മറ്റ് കാര്‍ഷിക സാമഗ്രികള്‍ക്കുമായി ഉപയോഗിച്ചിരുന്നത്. ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രോട്ടീന്‍ ലഭിക്കുന്നതിനുള്ള ചെലവുകുറഞ്ഞ ഒരു മാര്‍ഗം കൂടിയാണ് ഇല്ലാതാക്കപ്പെടുന്നത്. തോല്‍ വ്യവസായത്തില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗം കൂടിയാണ് ഇല്ലാതാകുന്നത്. പത്താം തരം വിജയിക്കാത്തവരെയും വീട്ടില്‍ കക്കൂസില്ലാത്തവരെയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അംഗീകരിച്ച നിയമം സമൂഹത്തെ വിഭജിക്കാനും ഒരു പുതിയ വിഭാഗം പട്ടിക ജാതിക്കാരെ സൃഷ്ടിക്കാനുമുള്ള ശ്രമമാണ്.

ഉന സംഭവം ഒറ്റപ്പെട്ട ഒന്നല്ല. പശു സംരക്ഷണ അക്രമി സംഘങ്ങള്‍ ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്നതും ജമ്മു കാശ്മീരില്‍ ഉധംപൂരില്‍ ഷാഹിദ് അഹ്മദ് എന്ന ട്രക് ഡ്രൈവറെ കൊന്നതും ഝാര്‍ഖണ്ഡില്‍ മുഹമ്മദ് മജ്ലൂമിനെയും 12-കാരനായ ഇനായത്തുള്ള ഖാന്‍ എന്ന കുട്ടിയെയും കെട്ടിത്തൂക്കിക്കൊന്നതും ഇതിന് മുമ്പ് നടന്നതാണ്. പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഝാര്‍ഖണ്ട്, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഇത്തരം നിരവധി സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിക്കുമ്പോഴും കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുകയാണ്. പശുവിറച്ചി കഴിച്ചു എന്നാരോപിച്ച് കര്‍ണാടകയില്‍ ഒരു ദളിത് കുടുംബത്തിന് നേരെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത് ഇതിനൊക്കെ ശേഷമാണ്. ബിജെപി സര്‍ക്കാരിന്റെ പിന്തുണ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയാണ്.

ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ട മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്കെല്ലാം എതിരായ ആര്‍എസ്എസിന്റെ സാംസ്കാരിക ദേശീയത അജണ്ടയാണ് ഇതില്‍ നിന്നും തെളിയുന്നത്. വ്യക്തി സ്വാതന്ത്ര്യത്തെ ജാതിവാദത്തിന് കീഴെയാക്കുന്ന ഒരു സംവിധാനത്തിലേക്കാണ് ഇത് ലക്ഷ്യമിടുന്നത്. ഗോല്‍വാര്‍ക്കറുടെ ‘നാം അല്ലെങ്കില്‍ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്ന പുസ്തകത്തില്‍ പറയുന്നതരം സാംസ്കാരിക ദേശീയത രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നേതൃത്വത്തിലുള്ള ജാതി, വര്‍ഗീയ ശക്തികള്‍ക്കെതിരായി പ്രശ്നാധിഷ്ഠിതമായ വിശാല ഐക്യം രൂപപ്പെടുത്തണമെന്നാണ് ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് കരുതുന്നത്. സാംസ്കാരിക ദേശീയതയുടെ മറവിലാണ് ഇന്ത്യന്‍ ഭരണഘടനക്ക് പകരം മനുസ്മൃതി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ജാതി, ലിംഗ വിവേചനങ്ങള്‍ നടപ്പാക്കാനും ശ്രമം നടക്കുന്നു. സാമൂഹ്യമായ പുറന്തള്ളലും അസമത്വവും സാമൂഹ്യബന്ധങ്ങളുടെ തത്വങ്ങളായി സാധൂകരിക്കപ്പെടുന്നു. സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, മത മണ്ഡലങ്ങളില്‍ ബ്രാഹ്മണ്യ ശക്തികളുടെയും ശ്രേണീബന്ധങ്ങളുടെയും അധീശത്വവും വിവേചനവും ഹീനമായ ജാതീയ അടിച്ചമര്‍ത്തലും നടക്കുന്നു. ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനം നിഷേധിക്കുക, ബ്രാഹ്മണര്‍ മാത്രം പൂജാരികളായാല്‍ മതിയെന്ന് നിഷ്കര്‍ഷിക്കുക, മിശ്ര വിവാഹിതരെ ദുരഭിമാനക്കൊലക്ക് വിധേയരാക്കുക, ഘാപ് പഞ്ചായത്തുകളുടെ തീട്ടൂരങ്ങള്‍ നടപ്പാക്കുക തുടങ്ങി അന്തമില്ലാത്ത ദുരാചാരങ്ങളും സാമൂഹ്യവിവേചനങ്ങളും നടമാടുകയാണ്. ഇപ്പറഞ്ഞ എല്ലാ തലത്തിലും നിലവിലുള്ള വ്യവസ്ഥയെ തൂത്തെറിയുക എന്നതാണ് ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് വിഭാവനം ചെയ്യുന്നത്. അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും ഐക്യത്തിനും സാംസ്കാരിക ദേശീയതയേയും ജാതീയ അടിച്ചമര്‍ത്തലിനെയും ചെറുക്കാനും തകര്‍ക്കാനുമുള്ള അവരുടെ ചെരുത്തുനില്‍പ്പുകള്‍ക്കും നവ-ഉദാരവാദ സാമ്പത്തിക നയങ്ങള്‍ക്കെതിരായ മര്‍ദിത ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും ഐക്യത്തിനും വേണ്ടി ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് പ്രവര്‍ത്തിക്കും.

ബാബ സാഹേബ് അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ ഭരണഘടന തൊട്ടുകൂടായ്മ തുടച്ചുനീക്കുന്നതിനും വിദ്യാഭ്യാസത്തിലെ തുല്യാവകാശത്തിനും, ജനാധിപത്യപ്രക്രിയയിലും തൊഴില്‍ സാമ്പത്തിക വികസനത്തിലെ തുല്യാവകാശങ്ങള്‍ക്കും വ്യവസ്ഥകള്‍ ഉള്ളതാണ്. ഇന്ത്യന്‍ ഭരണഘടന ശക്തിപ്പെടുത്തുന്നതിനും ജാതി വിവേചനം അവസാനിപ്പിക്കുന്നതിനും ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുമായി ഈ വ്യവസ്ഥകള്‍ നടപ്പാക്കുന്നു എന്നുറപ്പാക്കുന്നതിനുമായി ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് പ്രവര്‍ത്തിക്കും. തുല്യനീതിയിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലും അധിഷ്ഠിതമായ സാമൂഹ്യനീതിക്കായി അത് പ്രവര്‍ത്തിക്കും. ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ഇവയാണ്:

1. എസ് സി/എസ് ടി പീഡന നിയമം കാര്യക്ഷമായി നടപ്പാക്കുക.
2. എസ് സി/എസ് ടി/ സബ് പ്ലാന്‍ കാര്യക്ഷമമായി നടപ്പാക്കുക.
3. ദളിതര്‍ക്കതിരായ ആക്രമങ്ങളിലെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക.
4. സാമൂഹ്യവിരുദ്ധ ഗോ രക്ഷക് സംഘങ്ങളെ നിരോധിക്കുക.
5. തോട്ടിപ്പണി നിര്‍ത്തലാക്കി പകരം തൊഴില്‍ നല്കുക. കരാര്‍പ്പണി അവസാനിപ്പിച്ചു തൊഴിലാളികളെ സ്ഥിരപ്പെടുത്തുക.
6. ഭൂരഹിതരായ ദളിതര്‍ക്ക് മുന്‍ഗണന നല്കി എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്കുക.
7. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയാന്‍ രോഹിത് നിയമം നടപ്പാക്കുക.
8. വിദ്യാഭ്യാസത്തിന്റെ കമ്പോളവത്കരണവും വര്‍ഗീയവത്കരണവും അവസാനിപ്പിക്കുക.
9. പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ സര്‍വ്വകലാശാല തലം വരെ സൌജന്യമായി തുല്യ അവസരം ഉറപ്പാക്കുക.
10. ഭിന്നജാതി വിവാഹം പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുക.
11. നാഗ്പൂരില്‍ നടന്ന ജാതി അന്താചി പരിഷദ് പ്രമേയങ്ങള്‍ക്കനുസൃതമായി സമൂഹത്തില്‍ നിന്നും ജാതി തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടത്തുക.
12. സ്വകാര്യ മേഖലയില്‍ സംവരണം ഉറപ്പാക്കുക. നിയമനങ്ങളിലെ സംവരണ ഒഴിവുകള്‍ നികത്തുക.
13. ആര്‍ എസ് എസിന്റെ ജാതി, വര്‍ഗീയ വിഭാഗീയ അജണ്ടക്കെതിരെ പോരാടുക.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചും ഇവയെ അടിസ്ഥാനമാക്കിയുള്ള പ്രശ്നാധിഷ്ഠിത ഐക്യത്തിലും രാജ്യമൊട്ടാകെ വലിയ ജനകീയ പ്രചാരണം നടത്താന്‍ എല്ലാ പുരോഗമന ശക്തികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു. വിവിധ തലങ്ങളിലെ പ്രതിഷേധങ്ങളും എല്ലാ തരം ജാതീയ വിവേചനങ്ങളെയും ചെറുക്കലും നടത്തേണ്ടതുണ്ട്. സാംസ്കാരിക ദേശീയതയുടെ ശക്തികളെ തള്ളിക്കളയാനും പോരാടുന്ന എല്ലാ ജനങ്ങളുടെയും ഐക്യം ഊട്ടിയുറപ്പിക്കാനും വരും വര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ ബഹുജനങ്ങളെ സംഘടിപ്പിക്കേണ്ടതുണ്ട്.

 

(ചിത്രങ്ങള്‍ക്ക് കടപ്പാട്: കെ.എം വാസുദേവന്‍, ദേശാഭിമാനി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍