UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എട്ടില്‍ നിന്നും നാല്‍പ്പതിലേക്ക്; തിരുവനന്തപുരം അത്ര സ്വച്ഛമല്ല

Avatar

വി ഉണ്ണികൃഷ്ണന്‍ 

2014-15 ലെ സ്വച്ഛ്‌  ഭാരത്‌ സര്‍വ്വേ പ്രകാരം എട്ടാം സ്ഥാനത്തു നിന്ന തിരുവനന്തപുരം 2016 ലെ സര്‍വ്വേ വന്നപ്പോള്‍ 40 ലേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. നഗരത്തിന്റെ മാലിന്യസംസ്കരണ സംവിധാനത്തിനെ കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും ഈയവസരത്തില്‍ അനേകം ചോദ്യങ്ങള്‍ ഉയരുകയാണ്. നാലാം സ്ഥാനത്തു നിന്ന കൊച്ചി ഇത്തവണ 55-മതും കോഴിക്കോട് 41ല്‍ നിന്നും 44ല്‍ എത്തിയതും കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഇത് തിരുവനന്തപുരത്തിന്റെ മാത്രം പ്രശ്നമല്ല കേരളത്തിനെ മുഴുവന്‍ ബാധിക്കുന്ന ഒന്നാണ് എന്ന് വ്യക്തമാവും.

ഒരു വര്‍ഷത്തിനുള്ളില്‍ തലസ്ഥാന നഗരം 40മത് സ്ഥാനത്തേക്കു തള്ളപ്പെടാന്‍ കാരണമെന്ത് എന്നുള്ള ചോദ്യമുയരുമ്പോള്‍ സ്വച്ഛ്‌  ഭാരത്‌ സര്‍വ്വേയെക്കുറിച്ചു കൂടി നമ്മള്‍ അറിയേണ്ടതുണ്ട്. ഇതിനെല്ലാം പുറമെ ബന്ധപ്പെട്ടവര്‍ വീഴ്ചയ്ക്ക് നല്‍കുന്ന വിശദീകരണങ്ങളും

സ്വച്ഛ്‌  ഭാരത്‌ മിഷന്‍

2008 ലെ ദേശീയ ശുചീകരണ നയം പ്രകാരം 2014-15 കാലയളവിലാണ്‌ ആദ്യമായി സ്വച്ഛ്‌  ഭാരത്‌ സര്‍വ്വേക്ഷണ്‍ സര്‍വ്വേ രാജ്യത്ത് നടക്കുന്നത്. അന്നും മൈസൂരിനു തന്നെയായിരുന്നു ഒന്നാം സ്ഥാനം. കേന്ദ്ര നഗരവികസന മന്ത്രാലയം ഇക്കാര്യത്തില്‍ പ്രാഥമികമായി പരിഗണിക്കുന്നത് ഓരോ വീടുകളിലെയും പൊതു ഇടങ്ങളിലെയും ശുചിത്വ-മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളെയാണ്. 31 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 476 ക്ലാസ് 1 നഗരങ്ങളില്‍ ഖരമാലിന്യ ശേഖരണം, നിര്‍മ്മാര്‍ജ്ജനം, കക്കൂസ് മാലിന്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ളത്തിന്റെ ഗുണം, വേസ്റ്റ് വാട്ടര്‍ മാനെജ്മെന്റ് എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് വിശദമായി പരിശോധിക്കുക.

ഇത്തവണ പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള  53 നഗരങ്ങളിലും 22 സംസ്ഥാനങ്ങളിലുമാണ് മന്ത്രാലയം സര്‍വ്വേ നടത്തിയത്. ഇതില്‍ തലസ്ഥാന നഗരിയെ വിലയിരുത്തപ്പെട്ടത് പ്രധാനമായും ആറു തരത്തിലാണ്. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനമടക്കമുള്ള  ശുദ്ധീകരണത്തിനു സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിലെ രീതികള്‍, മാലിന്യ സംസ്കരണം (ശുചീകരണം,ശേഖരണം,ഗതാഗതം), (പ്രക്രിയ, നശീകരണം), ശുചിത്വം (സ്വകാര്യ, പൊതു കക്കൂസ്, മൂത്രപ്പുരകള്‍) എന്നീ മേഖലകളില്‍ അതാത് ഭരണകേന്ദ്രങ്ങള്‍ സ്വീകരിച്ച നടപടികളാണ് മാനദണ്ഡമായത്. 1000ല്‍ 596 എന്നതാണ് തിരുവനന്തപുരത്തിന് ആകെ ലഭിച്ച സ്കോര്‍. മന്ത്രാലയം നിയോഗിച്ച ഉദ്യോഗസ്ഥന്‍ പൊതുജനങ്ങളില്‍ നിന്നും നടത്തിയ അഭിപ്രായശേഖരണവും നഗരത്തിനു തിരിച്ചടിയായിട്ടുണ്ട് എന്ന്  വ്യക്തം. കാരണം ഓരോ വീട്ടിലുമുള്ള ശൌചാലയങ്ങളുടെ എണ്ണത്തില്‍ ഒഴികെ നഗരം എപ്പോഴും വൃത്തിയാണോ, ഡസ്റ്റ് ബിന്‍ കണ്ടെത്താന്‍ എളുപ്പമാണോ, 500 മീറ്ററുകള്‍ക്കുള്ളില്‍ ശൌചാലയങ്ങള്‍ ഉണ്ടോ എന്നിങ്ങനെ പൊതുജനങ്ങള്‍ക്കായുള്ള ചോദ്യങ്ങളില്‍ നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്ന ഉത്തരങ്ങള്‍ വച്ചുള്ള ശതമാനക്കണക്കുകള്‍ പലതും 30നു താഴെയാണ്. പൊതുജനങ്ങള്‍ നല്കിയ ഫീഡ്ബാക്കിന് റാങ്ക് 60 ഉം ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച റാങ്ക് 40 ഉം ആണ്. ഇതിനാസ്പദമായചിത്രങ്ങളും സ്വച്ഛ്‌  ഭാരത്‌ സര്‍വ്വേക്ഷണ്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ ഇതിനു മറുവാദങ്ങളും ഉയരുന്നുണ്ട്.


സ്വച്ഛ്  ഭാരത്‌ സര്‍വ്വേ-ഒരു വ്യവസ്ഥാപിത ചട്ടക്കൂട്; നഗരസഭ

തികച്ചും പ്രീ-ഫിക്സ്ഡ് ആയ ഒരു രീതിയിലാണ് സര്‍വ്വേ നടക്കുന്നത് എന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടറും പ്രോഗ്രാം മാനെജ്മെന്റ് കോര്‍ഡിനേറ്ററുമായ അനൂപ്‌ റോയ് പറയുന്നു.

‘ജനസംഖ്യയുടെ കണക്കെടുക്കുന്നതുപോലെയല്ല മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള സര്‍വേ. അതിനെ വിവിധ തരത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ജിപിഎസ് സംവിധാനം, സോഫ്റ്റ്‌വെയര്‍ എന്നിവ ഉപയോഗിച്ചാണ് ഡാറ്റ ശേഖരിക്കുക. ഇവിടെ വന്നിരിക്കുന്ന ആദ്യ പിഴവ് സര്‍വ്വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കേന്ദ്രീകൃതമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ക്കു വേണ്ടിയാണ്. അതില്‍ തിരുവന്തപുരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തന്നെ മാര്‍ഗ്ഗമില്ല. അങ്ങനെ വരുമ്പോള്‍ മത്സരത്തില്‍ പിന്തള്ളപ്പെടുക എന്നത് നമ്മുടെ കഴിവുകേടായി കാണേണ്ടതില്ല’

എന്നാല്‍  നഗരത്തിലെ വികേന്ദ്രീകൃത സംവിധാനം കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കു പോലും സ്വീകാര്യമായി എന്ന് അനൂപ്‌ റോയ് സാക്ഷ്യപ്പെടുത്തുന്നു. സര്‍വ്വേ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി തങ്ങളെ സമീപിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു.

‘ഉണ്ടാകുന്ന മാലിന്യങ്ങളുടെ നല്ലൊരു ശതമാനവും വീടുകളില്‍ തന്നെ വളമായി മാറ്റുന്ന രീതിയിലുള്ള സംവിധാനമാണ് നമ്മുടേത്. ആയതിനാല്‍ തന്നെ ദൈനംദിന മാലിന്യശേഖരണം ആവശ്യമായി വരുന്നില്ല. രണ്ടാമത്  നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങളാണ്. സന്നദ്ധസംഘടനകളെയും മറ്റ് ഏജന്‍സികളെയും ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. മാലിന്യങ്ങളില്‍ റീസൈക്കിള്‍ ചെയ്യാവുന്നവ ഏജന്‍സികള്‍ തന്നെ ഏറ്റെടുക്കും ശേഷമുള്ള മാലിന്യം മാത്രമേ നഗരസഭ നേരിട്ട് കൈകാര്യം ചെയ്യുന്നുള്ളൂ’– അനൂപ്‌ വ്യക്തമാക്കി.

നഗരസഭയെ പിന്തുണയ്ക്കുന്ന നിലപാടാണ്‌ തണല്‍ പ്രോഗ്രാം ഡയറക്ടറും സീറോ വേസ്റ്റ് ഫെല്ലോഷിപ്പ് ജേതാവുമായ ഷിബു കെ നായരുടേത്. തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനം ശ്ലാഘനീയമായ തരത്തിലാണ് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

‘വികേന്ദ്രീകൃതമായ മാലിന്യസംസ്കരണ സംവിധാനമാണ് നഗരം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വേയില്‍ അതു രേഖപ്പെടുത്താനുള്ള മാര്‍ഗ്ഗമില്ല എന്നതാണ് ഇത്തവണത്തെ പിന്തള്ളലിന് കാരണമായത്. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ തലത്തില്‍ കണ്ടുവരാറുള്ള മെല്ലെപ്പോക്ക് നയം അല്ല ഇവിടെ സ്വീകരിക്കുന്നതായി ഞാന്‍ മനസ്സിലാക്കിയത്‌. ഓരോ ഘട്ടത്തിലും ത്വരിതഗതിയിലുള്ള നടപടികള്‍ നഗരസഭാ സ്വീകരിക്കാറുണ്ട്. ഒരു പക്ഷേ അത് ഡോക്യുമെന്റ് ചെയ്യുന്നതില്‍ പിഴവു സംഭവിച്ചതാവാം. നഗരസഭയുടെ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രക്രിയകളുമായി സഹകരിക്കുന്ന ഒരാളാണ് ഞാന്‍. ആവശ്യമായ എല്ലാ പിന്തുണയും അക്കാര്യത്തില്‍ ലഭിച്ചിട്ടുമുണ്ട് എങ്കിലും 100 ശതമാനം വൃത്തി അവകാശപ്പെടാന്‍ ആവില്ല’– ഷിബു കെ നായര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തിരുവനന്തപുരത്തെ റെസിഡന്റ് അസോസിയേഷനുകളുടെ സംഘടനായ ഫ്രാറ്റിന്റെ  (FRAT- Federation of Residents’ Associations Thiruvananthapuram) പ്രസിഡന്റ് ആയ ടികെ ഭാസ്കര പണിക്കരുടേത് വ്യത്യസ്തവും ഇന്നത്തെ അവസ്ഥയില്‍ പ്രസക്തവുമായ ഒരഭിപ്രായമാണ്.

8ല്‍ നിന്നും 40 -കാരണം നമ്മള്‍ ഓരോരുത്തരും

അവനവന്റെ വീട്ടിലെ  മാലിന്യങ്ങള്‍അയലത്തെ വീട്ടിലും മുന്‍പിലുള്ള റോഡിലും നിക്ഷേപിക്കുന്ന നമ്മുടെ സ്വഭാവം മാറ്റാതെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാവില്ല എന്ന് ടികെ ഭാസ്കര പണിക്കര്‍ പറയുന്നു.

‘രാജ്യമാകെ നടന്ന സര്‍വ്വേയില്‍ നമുക്ക് സ്ഥാനം നഷ്ടമായെങ്കില്‍ അതിനു കാരണക്കാര്‍ നമ്മള്‍ തന്നെയാണ്. നഗരസഭയ്ക്കും സര്‍ക്കാരിനും പരിമിതികളുണ്ട്. രാവിലെ ജീവനക്കാര്‍ വൃത്തിയാക്കുന്ന നടവഴികള്‍ ഉച്ചയാകുമ്പോഴേക്കും മാലിന്യം കൊണ്ടു നിറയും. ഇതിങ്ങനെ തുടരുകയാണ്. നിര്‍ദ്ദിഷ്ട സ്ഥലത്ത് നിക്ഷേപിക്കേണ്ടവ നമ്മുടെ സൗകര്യത്തിനു വേണ്ടി തോന്നിയ ഇടത്ത് നിക്ഷേപിക്കുന്ന പ്രവണത മാറ്റേണ്ടിയിരിക്കുന്നു. മറ്റൊന്ന് ഭരണനേതൃത്വവും ഉദ്യോഗസ്ഥരും തമ്മിലുള്ള രാഷ്ട്രീയപരമായ മത്സരമാണ്‌. കമ്മ്യൂണിസ്റ്റ് ഭരിക്കുമ്പോ കോണ്ഗ്രസ് ഉദ്യോഗസ്ഥരും അതുപോലെ തിരിച്ചും നടപടികള്‍ക്കു വിമുഖത കാട്ടും. അതുകൊണ്ടു തന്നെ പലപ്പോഴും ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നടക്കാതെ വരുന്നു’

കോര്‍പ്പറേഷന്‍ ശുചീകരണ ജീവനക്കാരിയായ ശാന്തയുടെ അഭിപ്രായം ഇതിനെ സാധൂകരിക്കുന്നു

‘രാവിലെ വരുമ്പോള്‍ ഒരു കുന്നുണ്ടാവും ചപ്പും കുപ്പേം എല്ലാം കൂടി റോഡില്‍. ചിലര്‍ നടക്കാന്‍ പോകുന്ന വഴി ഒരു കവറും കൊണ്ടാണ് വരിക. പോകുന്ന പോക്കിന് അതെവിടെങ്കിലും ഇട്ടിട്ടൊരു പോക്കങ്ങു പോകും. നമ്മള്‍ വൃത്തിയാക്കിയ സ്ഥലത്താവും അതു ചെന്ന് വീഴുക. തലേന്നത്തെ ചോറും കറിയും എന്നുവേണ്ട കുഞ്ഞുങ്ങളുടെ സ്നഗ്ഗി വരെ കാണും അതില്‍. മാറ്റുന്നതില്‍ ബുദ്ധിമുട്ടുണ്ടായിട്ടല്ല. നമ്മുടെ നാട് നമ്മള്‍ തന്നെ വൃത്തികേടാക്കുന്നു. എന്നിട്ട് സര്‍ക്കാരിനെയും അന്നത്തെ അന്നത്തിനു വേണ്ടി ജോലി ചെയ്യുന്നവരേം കുറ്റോം പറയും’ -ശാന്ത അഭിപ്രായപ്പെടുന്നു. 

നഗരസഭ ഇക്കാര്യത്തെ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ചുമതലയേല്‍ക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒരു പരിധിവരെ നടപ്പിലാക്കിയിട്ടുണ്ട് എന്നും മേയര്‍ വികെ പ്രശാന്ത്‌ പറയുന്നു.  ഇനിയുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കും എന്നും  ഇതു വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിവരങ്ങള്‍ സ്വച്ഛ്‌  ഭാരത്‌ സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതായും പ്രോഗ്രാം കോര്‍ഡിനേറ്ററുടെ വാക്കുകളെ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലപ്രദമായി നടപ്പിലാക്കിയിരിക്കുന്ന കിച്ചന്‍ ബിന്‍ സംവിധാനം വഴി നല്ലൊരു ശതമാനം മാലിന്യങ്ങളും കമ്പോസ്റ്റ് ആയി അവിടെത്തന്നെ ഉപയോഗിക്കാവുന്ന രീതി കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്‌ എന്നും മേയര്‍ വ്യക്തമാക്കി.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും നഗരത്തിലെ മാലിന്യ സംസ്കരണം ഇന്നും ഒരു കീറാമുട്ടി തന്നെയാണ്. പല ഭാഗങ്ങളിലായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യ കൂമ്പാരങ്ങള്‍ തെരുവുനായകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നുണ്ട്. അതു പോലെ തന്നെ രോഗങ്ങള്‍ പരക്കുന്നതിനും. ഓപ്പറേഷന്‍ അനന്തയ്ക്കായി കുഴച്ചു മറിച്ചിട്ടിരിക്കുന്ന പലയിടങ്ങളിലും മഴപെയ്യുമ്പോള്‍ മലിനജലം പാതകളിലെക്കും കയറുന്ന അവസ്ഥയാണ്‌. വഴിവക്കുകളില്‍ കാണപ്പെടുന്ന മദ്യക്കുപ്പികള്‍, ദിനംപ്രതി പ്രത്യക്ഷപ്പെടുന്ന മാലിന്യക്കെട്ടുകള്‍ എന്നിങ്ങനെ ഏറെ കടമ്പകള്‍ നഗരസഭയ്ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. നടപടികള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കുകയാണെങ്കില്‍ പോലും ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ വിജയിച്ചില്ലെങ്കില്‍ തലസ്ഥാനത്തിന്റെത് മാത്രമല്ല സംസ്ഥാനത്തിന്റെ മുഴുവന്‍ അവസ്ഥ ശോചനീയമായിരിക്കും എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അത് മറികടക്കുക എന്നതൊരു വലിയ വെല്ലുവിളി ആണെന്നുള്ള സത്യം അപ്പോഴും നിലനില്‍ക്കുന്നു.  

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)    

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍