UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ എസ് എസ്സിന്റെ ഉര്‍ദു വിരോധം; സ്വച്ച് ഭാരത് അഭിയാന്‍ മോഡല്‍

അഴിമുഖം പ്രതിനിധി 

ഡല്‍ഹി കലാ സാംസ്കാരികവകുപ്പ് നടപ്പിലാക്കുന്ന മൈ ദില്ലി സ്റ്റോറി എന്ന പദ്ധതിക്കായി മതിലുകളില്‍ എഴുതിയ കാവ്യ ശകലങ്ങള്‍  നശിപ്പിച്ച് ആര്‍എസ്എസിന്റെ ഉര്‍ദു വിരോധം. ചുമര്‍ പെയിന്റ് ചെയ്യുകയായിരുന്ന കലാകാരന്‍മാരെ കൈകാര്യം ചെയ്യാന്‍ തുനിഞ്ഞ ഇവര്‍ ഉര്‍ദു വരികള്‍ക്കു മേലെ സ്വചഛ് ഭാരത്‌ അഭിയാന്‍ എന്നും നരേന്ദ്ര മോദി എന്നും എഴുതിവെക്കുകയും ചെയ്തു. ജയ്‌ ശ്രീരാം എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് എത്തിയ സംഘം കലാകാരന്‍മാരെ ലാഹോറികള്‍ എന്ന് വിളിച്ചു. 150 ഓളം പേരുണ്ടായിരുന്ന സംഘമാണ് അക്രമത്തിനു മുതിരുകയും എഴുതിയ വരികള്‍ മാറ്റാന്‍ കലാകാരന്‍മാരോട് ആവശ്യപ്പെടുകയും ചെയ്തത്. അതിലുണ്ടായിരുന്ന ഒരാള്‍ താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണെന്ന് വ്യക്തമാക്കുകയും ഉര്‍ദു ഇവിടെ അനുവദിക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഡല്‍ഹിയില്‍ നിന്നുള്ള അഹ്മദ്, ഫ്രാന്‍സ് സ്വദേശിയായ സ്വെന്‍ സൈമണ്‍ എന്നിവരായിരുന്നു ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ മതിലില്‍ വരികള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരുന്നത്. പലയിടങ്ങളിലായി 40ഓളം വരികള്‍ ചേര്‍ക്കാന്‍ ആണ് സര്‍ക്കാര്‍ കലാകാരന്‍മാരെ ചുമതലപ്പെടുത്തിയിരുന്നത്. പല തവണ നശിപ്പിക്കപ്പെട്ടെങ്കിലും പുനര്‍ നിര്‍മ്മിക്കപ്പെട്ട നഗരത്തെക്കുറിച്ച് എഴുതിയിരുന്ന വരികളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചത്.

സംഘത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ കലാകാരന്‍മാര്‍ ശ്രമിച്ചുവെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ടയാള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ഫയല്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പിന്നീടെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഇവരോട് മോശമായിട്ടാണ് പെരുമാറിയത്. പോലീസുകാര്‍ കലാകാരന്‍മാരെ വാനില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ഡല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്ര ഫോണ്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വെറുതേ വിടുകയുമായിരുന്നു. സംഭവത്തെ കുറിച്ച് അറിയില്ല, പരിശോധിക്കട്ടെ എന്നാണ് സ്ഥലത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ എകെ സിംഗ്ല മാധ്യമങ്ങളോടു പ്രതികരിച്ചത്.   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍