UPDATES

കന്യാസ്ത്രീകള്‍ക്കെതിരായ പ്രതികാരനടപടിയില്‍ ഇടപെടണം: പോപ്പിന് സ്വാമി അഗ്നിവേശിന്റെ കത്ത്‌

ലൈംഗികാതിക്രമത്തിന് ആരോപണവിധേയനായ വ്യക്തിയോട് മൃദു സമീപനം സ്വീകരിക്കുന്ന കത്തോലിക്ക സഭ, ഇരയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി പോരാട്ടം നടത്തുന്നവരെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പ്രതിഷേധിച്ചതിന് കത്തോലിക്ക സഭ അഞ്ച് കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പോപ്പ് ഫ്രാന്‍സിസിന് സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിന്റെ കത്ത്.

സിസ്റ്റര്‍ ആല്‍ഫി പള്ളശേരില്‍, സിസ്റ്റര്‍ അനുപമ കേളമംഗലത്തുവെളിയില്‍, സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍, സിസ്റ്റര്‍ ആന്‍സിറ്റ ഉറുമ്പില്‍ എന്നിവരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രഥമദൃഷ്ട്യാ പ്രതികാര നടപടിയാണ്. അടിച്ചമര്‍ത്തപ്പെട്ട ഇരയ്ക്ക് വേണ്ടി സംസാരിച്ച ഇവരെ ഇന്ത്യയിലെ ജനങ്ങള്‍ ബഹുമാനിക്കുന്നു. സഭയുമായി ബന്ധപ്പെട്ട പലരും അതിക്രമങ്ങളോട് സഹിഷ്ണുതയും നീതിയ്ക്കായുള്ള പോരാട്ടങ്ങളോട് അസഹിഷ്ണുതയും പുലര്‍ത്തുന്നു. ഇതല്ല യേശു ക്രിസ്്തു ലോകത്തെ പഠിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുന്നതിലുള്ള താങ്കളുടെ പ്രതിബദ്ധതയില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ താങ്കള്‍ ഈ വിഷയത്തില്‍ ഇടപെട്ട് കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രശന്ങ്ങളുമായി നേരി്ട്ട് ബന്ധമില്ലാത്ത എനിക്ക് പോലും ഇത്തരത്തിലാണ് തോന്നുന്നതെങ്കില്‍ ഇതുമായി അടുത്ത ബന്ധമുള്ള കേരളത്തിലുള്ളവര്‍ക്ക് എത്രമാത്രം തീവ്രമായിട്ടായിരിക്കും ഈ പ്രശ്‌നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നത് എന്ന് ആലോചിക്കുന്നു. കേരളത്തിന്റെ പൊതുസമൂഹം ഈ കന്യാസ്ത്രീകള്‍ക്കൊപ്പമാണ്.

നാല് കന്യാസ്ത്രീകളോട് കുറുവിലങ്ങാട് മഠം വിടാന്‍ ജനുവരി 18ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അഞ്ചാമത്തെ കന്യാസ്ത്രീയായ സിസ്റ്റര്‍ നീന റോസ് എടത്തിലിനും സ്ഥലം മാറ്റ ഉത്തരവ് കിട്ടിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ചും ഇടപെടണമെന്ന് ആവശ്യപ്പെട്ടും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. തങ്ങളെ ഒറ്റപ്പെടുത്താനും മാനസികമായി പീഡിപ്പിക്കാനുമാണ് സഭ ശ്രമിക്കുന്നതെന്ന് ഒരു കന്യാസ്ത്രീ കുറ്റപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ആരോപണവിധേയനായ വ്യക്തിയോട് മൃദു സമീപനം സ്വീകരിക്കുന്ന കത്തോലിക്ക സഭ, ഇരയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി പോരാട്ടം നടത്തുന്നവരെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനുവരി 21ന്റെ കത്തില്‍ അഗ്നിവേശ് കുറ്റപ്പെടുത്തുന്നു.

കന്യാസ്ത്രീ നേരിട്ട ലൈംഗികാതിക്രമത്തില്‍ ഉചിതമായി പ്രതികരിക്കാത്തത്, ഇന്ത്യയിലെ റോമന്‍ കത്തോലിക്ക സഭയുടെ പ്രതിച്ഛായ മോശമാക്കിയിരിക്കുകയാണ് എന്നും സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകള്‍ക്ക് വേണ്ടി പോപ്പ് ഫ്രാന്‍സിസ് ഇടപെടണമെന്നും അവര്‍ നീതിയും സ്‌നേഹവും അര്‍ഹിക്കുന്നതായും സ്വാമി അഗ്നിവേശ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍