UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

നദിയൊഴുകും വഴി

സ്വാമി സംവിദാനന്ദ്

ഓര്‍മകളിലെ നിര്‍മ്മല കാരുണ്യം; കൗമാരത്തിന്റെ ഓര്‍മ്മകളില്‍

സമാന്തര ചികിത്സയിലെ വെളിച്ചങ്ങള്‍ക്കിടയിലെ വെള്ളിവെളിച്ചമായിരുന്നു സ്വാമി. വൈദ്യന്മാര്‍ക്കിടയിലെ അപൂര്‍വ്വവൈദ്യനും

ഇന്നലെ അര്‍ദ്ധരാത്രി ഒറ്റപ്പലത്തെ പാലിയില്‍ മഠത്തില്‍ എത്തുമ്പോള്‍ നാമജപങ്ങള്‍ക്കിടയില്‍ നിര്‍മ്മലാനന്ദത്തിലെന്നപോലെ അദ്ദേഹം കണ്ണടച്ചിരിപ്പുണ്ട്. ആദ്യമായ് നിര്‍മ്മലാനന്ദഗിരിയെ കാണാനെത്തുന്നതും രണ്ടു പതിറ്റാണ്ടിനു മുന്നെ ഒരര്‍ദ്ധരാത്രിയാണ്. അന്ന് സ്വാമിജിയുടെ വാസസ്ഥാനമായിരുന്നു ഷൊര്‍ണ്ണൂരുള്ള പാലിയില്‍ മഠം. അര്‍ദ്ധരാത്രിയില്‍ എത്താനായിരുന്നില്ല അന്നിറങ്ങിത്തിരിച്ചത്. സ്വാമിയെ കാണണം എന്ന് ഒരു കൗമാരക്കാരന്‍ പറയുമ്പോള്‍ ‘എറണാകുളത്തുനിന്നും താനിങ്ങോട്ട് ട്രയിനിയില്‍ കയറി പോരെടോ വൈകുന്നേരം ഇവിടെ എത്തിക്കോ’ എന്ന മറുപടിയാണു കിട്ടിയത്. അങ്ങനെ വൈകിട്ട് ഷെര്‍ണ്ണൂറില്‍ ട്രെയിനിറങ്ങി ഒരു ടെലിഫോണ്‍ ബൂത്തില്‍ കയറി സ്വാമിയെ വിളിച്ചു. ‘താനാ ഓട്ടോക്കാരോടാരൊടെങ്കിലും ചോദിക്ക് അവര്‍ കൊണ്ടുവന്നാക്കും‘. അക്കാലത്ത് സ്‌റ്റേഷനു മുന്നില്‍ ഇത്രയധികം ഓട്ടോകളൊന്നുമില്ല. ഓട്ടോയില്‍ കയറാനായി ചെല്ലുമ്പോഴാണ് അടുത്തൊരു ഭിത്തിയില്‍ എറണാകുളത്ത് കാണാന്‍ സാധിക്കാതെപോയ ഒരു ഇംഗ്ലീഷ് പടം കളിക്കുന്നതിന്റെ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് കണ്ടത്. ഓട്ടോക്കാരനോട് ഈ പടം നടക്കുന്ന തിയേറ്ററിലേക്ക് പോണം എന്നു പറഞ്ഞപ്പോള്‍ അതിനു ഓട്ടോ വേണ്ട, ദാ ആ കാണുന്നതാണ് തിയേറ്റര്‍ എന്നു പറഞ്ഞു. എന്തായാലും സിനിമയും കണ്ട് ഒരു ചുറ്റിത്തിരിയലും കഴിഞ്ഞ് ഓട്ടോ കിട്ടി പാലിയില്‍ മഠത്തിലെത്തുമ്പോള്‍ സമയം പാതിരാത്രിയായ്. ആദ്യമായ് ഷെര്‍ണ്ണൂറിലെത്തിയതാണ്, ആദ്യമായ് സ്വാമിയെ കാണുന്നതാണ്, താമസിച്ചെത്തിയതിന് എന്തെങ്കിലും പറയുമോ എന്ന
ശങ്കയുണ്ടായിരുന്നു. അന്ന് കാലില്‍ തൊട്ട് തൊഴാനൊന്നും നിന്നില്ല. അത് ചെയ്താ ശരിയാകുമോ തെറ്റാകുമോ എന്നറിയാതെ ശങ്കിച്ചത് കൊണ്ടങ്ങനെ നിന്നു. യാതൊരു അപരിചിതത്വവും ഇല്ലാതെ സ്വാമിജി പറഞ്ഞു തുടങ്ങി; താന്‍ വന്നിട്ട് കഞ്ഞികുടിക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ കഞ്ഞി കുടിക്കാം.  അവിടെ അപ്പോള്‍ നടന്നിരുന്നതെന്തോ ആഗോള ചര്‍ച്ചയായിരുന്നു. ഒക്കെ നമ്മുടെ തലയ്ക്ക് വെളിയിലൂടെ ബൗണ്‍സാവുന്നത് കണ്ട് ‘തന്നെ ഇതില്‍ പങ്കെടുപ്പിക്കാത്തത് ചര്‍ച്ച ആദ്യം മുതല്‍ കേട്ടില്ലല്ലൊ എന്നോര്‍ത്തിട്ടാണ്’ സമാശ്വാസിപ്പിക്കാനെന്നവണ്ണം സ്വാമി പറഞ്ഞു. എന്താ വൈകിയതെന്ന് ചോദിച്ചാല്‍ സിനിമ കാണാന്‍ കയറി എന്നു പറയാനൊരുങ്ങിയെങ്കിലും ചോദ്യങ്ങളൊന്നുമുണ്ടായില്ല. സ്വാമിയെക്കൂടാതെ നാലുപേരുള്ള ആ സംഘത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ മുകളിലെ മച്ചില്‍ പായ വിരിച്ച് കിടക്കുമ്പോള്‍ രാത്രി അവസാനിച്ച് എന്നുണര്‍ത്തിച്ച് രാക്കിളി ശബ്ദങ്ങള്‍. അധിക ദിവസം കഴിയാതെ തന്നെ ഒരു കാര്യം മനസിലായ്, സ്വാമിജിക്ക് ഊണും ഉറക്കവും ഒന്നും അത്ര കാര്യമല്ല. എത്ര വൈകി കിടന്നാലും മൂന്നു മണികഴിയുമ്പോഴേയ്ക്കും അദ്ദേഹം മരുന്നു പണികളുടെ ലോകത്തേക്ക് കടക്കുന്നതു കണ്ട് അത്ഭുതം പൂണ്ടങ്ങനെ കണ്ണു മിഴിക്കും.

പിന്നീട് എന്റെ അറിവുകുറവ് നിമിത്തം ഞാന്‍ ജോലി ചെയ്തിരുന്നതായ ചില ക്ഷേത്രങ്ങളില്‍ പ്രഭാഷണത്തിനു വിളിക്കുക എന്ന അതിക്രമം നടത്തിയിരുന്നു. അദ്ദേഹം വരാമെന്നേല്‍ക്കും. അതൊരു കരുണയാണ്; ഒരു കൗമാരക്കാന്റെ മോഹങ്ങളോടുള്ള കരുണ. യാതൊരു യുക്തിബോധവുമില്ലാതെ തിരുവനന്തപുരം മുതല്‍ ഇങ്ങോട്ട് മിക്ക സ്ഥലങ്ങളിലും പ്രഭാഷണത്തിനു വിളിച്ചിട്ടുണ്ട്. പ്രഭാഷണത്തിന് അല്പം മുന്‍പ് മാത്രം എത്തിച്ചേര്‍ന്ന് എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ എണ്ണക്കൂലി കൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന എന്നെ പലപ്പോഴും ചിരിയോടെ സാന്ത്വനിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ സ്വാമിജി എത്തിയത് കോയമ്പത്തൂരില്‍ നിന്നാണ്. എന്റെ ധാരണ അദ്ദേഹം വരില്ല എന്നായിരുന്നു. പക്ഷേ കൃത്യം സമയത്ത് എത്തി ഭരണസമിതിക്കാരുടെ ചീത്തവിളികളില്‍ നിന്നും രക്ഷിക്കും. അതിനൊപ്പം ഒരു കാര്യം കൂടി പറയും ‘ഞാന്‍ ഇവിടെ സംസാരിച്ചു പോകുന്നതിനു പിന്നാലെ ഇയാള്‍ക്ക് നല്ല തല്ലു കിട്ടാനുള്ള സാദ്ധ്യതയുണ്ട്. വഴിയേപോണ അടിവാങ്ങിക്കാന്‍ പല സ്ഥലത്തും ഈ വിദ്വാന്‍ എന്നെ വിളിച്ചുകൊണ്ട് പോകാറുമുണ്ട്’.

എന്തായാലും പലകാലങ്ങളില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് രോഗവുമായ് ബന്ധപ്പെട്ട് അനവധിപേരെ കൂട്ടികൊണ്ട് പോയിട്ടുണ്ട്. ഒപ്പം വന്ന പലരും പിന്നീട് സ്വാമിയുടെ അടുത്ത ആരാധകരായിട്ടുണ്ട്. എന്റെ അമിത ആരാധന നിമിത്തം, ഏതു രോഗത്തില്‍ നിന്നും രക്ഷിക്കും എന്ന വിശ്വാസവും കൊണ്ടും ഏത് രോഗികളെയും കൂട്ടി സ്വാമിയെ കാണാന്‍ പരിശ്രമിക്കുമായിരുന്നു. ചിലര്‍ രോഗത്തില്‍ നിന്നും രക്ഷപ്പെട്ടു, ചിലര്‍ രോഗ ശമനം കിട്ടാതെ വീണ്ടും വലഞ്ഞു. പലര്‍ക്കും പച്ചമരുന്നുകള്‍ കിട്ടാതെ നിസ്സഹായരായി. എന്തായാലും ക്യാന്‍സര്‍ എന്ന മഹാരോഗത്തില്‍ നിന്നും അദ്ദേഹം രക്ഷിച്ച നിരവധിയാളുകളെ എനിക്കറിയാം.
പരാജയപ്പെട്ടവരെയും. സ്വയം ചികിത്സ നടത്തിയിരുന്ന ഒരാളായിരുന്നില്ല സ്വാമിജി. സ്വന്തം അസുഖങ്ങള്‍ക്ക് മുന്നില്‍ നിശബ്ദനാവുകയുണ്ടായിരുന്നു. അദ്ദേഹം മരുന്നു പറഞ്ഞ് കൊടുത്തവര്‍ അസുഖം മാറി സസുഖം നടക്കുമ്പോഴും അതേ രോഗബാധിതനായ് നടക്കുകയും ‘പ്രാരാബ്ദമാടോ’ എന്ന് പറഞ്ഞ് അതവഗണിച്ച് സ്വന്തം ജോലികള്‍ തുടരുന്നതും അറിയാം.

സ്വാമിജിയുടെ കാശിവാസക്കാലം അത്രയധികം ദൈര്‍ഘ്യമേറിയതായിരുന്നില്ലെങ്കിലും കുറച്ച് നാള്‍ കാശി സ്‌കൂളില്‍ സംസ്‌കൃത പഠനത്തിനായ് പരിശ്രമിച്ച് പിന്‍വാങ്ങുകയുണ്ടായ്. ഒരിക്കല്‍ സ്വാമി കൈവല്ല്യാനന്ദയുമായ് കാശിയില്‍ നടക്കാനിറങ്ങിയപ്പോഴാണ് സ്വാമിജി പഠിച്ച സ്‌കൂള്‍ കാണിച്ച് തന്നത്. തിലഭാണ്ഡേശ്വരം മഠത്തില്‍ നിന്നും സന്യാസമെടുത്ത് വൈകാതെ തന്നെ സ്വാമിജി കാശിയുപേക്ഷിച്ചു.

സ്വാമി കാശികാനന്ദ ഗിരി മഹാരാജയിരുന്നു സ്വാമിജിയുടെ മാനസ ഗുരു എന്നു പറയാം. സ്വാമിജിയുടെ ഭഗവദ് ഗീത പ്രഭാഷണം മുഴുവന്‍ ദിവസത്തെയും കുത്തിയിരുന്ന് ശ്രദ്ധാപൂര്‍വ്വം റെക്കോര്‍ഡ് ചെയ്യുകയും അത് അദ്ദേഹത്തിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. 98 ലെ കുംഭമേള സമയത്തായിരുന്നു ആദ്യമായ് നിര്‍മ്മലാനന്ദജിയ്ക്ക് വേണ്ടി അത് ചെയ്തത്. അയച്ചുകൊടുത്തതെല്ലാം രാഘവേന്ദ്രാനന്ദ് ആയിരുന്നു. അതിനു ശേഷം നിരവധി തവണ നിരവധി പുസ്തകങ്ങള്‍ മുംബൈയില്‍ നിന്നും കാശിയില്‍ നിന്നും ഹരിദ്വാറില്‍ നിന്നും സ്വാമിജിക്കെത്തിച്ചു കൊടുക്കുമായിരുന്നു. പിന്നീടു യാദൃശ്ചികമായ് നിര്‍മ്മലാനന്ദ്ജിയുടെ ക്ലാസ് കേള്‍ക്കുമ്പോള്‍ ആ പുസ്തകങ്ങളില്‍ നിന്നെല്ലാമുള്ള റഫറന്‍സ് കേള്‍ക്കാന്‍ സാധിക്കും. പരപ്പിലും ആഴത്തിലുമുള്ള വായനയ്ക്കുപരി എത്ര ദൂരത്തും ചികിത്സാപരമായ ഒരു പുതിയ അറിവ് ഉണ്ടെങ്കില്‍ അത് നേടാനുള്ള പരിശ്രമം സ്വാമിജി നടത്തിയിരിക്കും. തരണനല്ലൂര്‍ അനിയന്‍ നമ്പൂതിരിപ്പാടാണ് താന്ത്രിക ഗ്രന്ഥങ്ങളും ഡാമരങ്ങളും ബീജ നിഘണ്ടുവും ആഗമ ഗ്രന്ഥങ്ങളും അടക്കമുള്ള അപൂര്‍വ്വ പുസ്തകങ്ങള്‍ തേടിയിരുന്ന ഒരാള്‍. അതേ പോലെ തന്നെ അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ അന്വേഷകനായിരുന്നു സ്വമിജിയും.

സമ്പൂര്‍ണ്ണാനന്ദയുടെയും ചൗഖംബ അടക്കമുള്ള മിക്കവരുടെയും പുസ്തകങ്ങള്‍ അദ്ദേഹത്തിനായ് കണ്ടെത്തിക്കൊടുക്കുമായിരുന്നു. സ്വാമിജി കാശികാനന്ദ് ജീയുടെ പ്രഭാഷണങ്ങള്‍ പലവുരു കേട്ടിരുന്നെങ്കിലും അദ്ദേഹത്തെ വിശദമായ് പരിചയപ്പെടാനുള്ള അവസരം ഒരുക്കുന്നതും ഞാന്‍ മുംബൈയില്‍ ഉണ്ടായിരുന്ന സമയത്താണ്. അതോടൊപ്പം നിര്‍മ്മലാനന്ദ്ജിയുടെ ആഗ്രഹമായിരുന്നു കാശികാനന്ദജിയുടെ ഒരു പുസ്തകം എങ്കിലും ഏറ്റെടുത്ത് പ്രിന്റ് ചെയ്യണമെന്ന്. അതും സ്വാമിജിയോടാവിശ്യപ്പെട്ടപ്പോള്‍ അദ്ദേഹം സമ്മതിച്ചു. പിന്നീട് കേരളത്തിലേക്ക് ചികിത്സാര്‍ത്ഥം കാശികാനന്ദജീയെ എത്തിക്കുമ്പോളും ചികിത്സ ഒറ്റപ്പാലത്ത് കുട്ടേട്ടന്റെ അടുത്തേക്ക് നിശ്ചയിക്കുമ്പോഴും പിന്നീട് രണ്ട് പ്രാവിശ്യം എത്തിയപ്പോഴും ഞാനും വരണം എന്നാവിശ്യപ്പെട്ട് വിളിച്ചിരുന്നു .

സ്വാമിജിയുടെ അത്ഭുതപ്പെടുത്തിയ ഒരു ഗുണം വിരുദ്ധ രാഷ്ട്രീയക്കാരുടെയൊക്കെ ആരാധന പിടിച്ചുപറ്റാന്‍ സാധിച്ചു എന്നതാണ്. ഇടതുപക്ഷക്കാരന് അദ്ദേഹം ഒരു ഇടതുപക്ഷക്കാരനായിരുന്നു. ഹിന്ദുമതത്തിനു വേണ്ടി നിലകൊള്ളുന്നു എന്നു ഹൈന്ദവ സംഘടനകള്‍ കരുതി. സ്വാമിക്ക് ഒരു മതവുമില്ല നല്ല ചികിത്സയാണെന്നുമാത്രം മുസ്ലീമുകള്‍ പറഞ്ഞു. നിരീശ്വരവാദികള്‍ക്ക് സ്വാമി ഒരു മതത്തെ പ്രോത്സാഹിപ്പിക്കുന്ന ആളാണെന്നു ഒരിക്കലും തോന്നിയിരുന്നില്ല. അങ്ങനെ എല്ലാവരെയും മനുഷ്യത്വമെന്ന ഒരു ചരടില്‍ കോര്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഇങ്ങനെയൊക്കെ ഇരിക്കുമ്പോഴും രാഷ്ട്രീയരംഗത്തെയും മതത്തിന്റെയും അരുതായ്മകള്‍ക്കെതിരേ ആഞ്ഞടിച്ച് പ്രഭാഷണം ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പറയുന്നത് കഴുത്തരിയുന്ന തരത്തിലാണെങ്കിലും വിവാദങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ ജ്ഞാനഗുണത്തിന്റെ മഹനീയത കൊണ്ട് സാധിച്ചു. വല്ലാതെ സ്വാമിയെ ചോദ്യം ചെയ്തു തളര്‍ത്താന്‍ നോക്കുമ്പോള്‍ ‘താങ്കള്‍ പഠിച്ചതില്‍ അങ്ങനെയും എന്റെ ഗുരുക്കന്മാര്‍ ഇങ്ങനെയും പറഞ്ഞിരിക്കുന്നത് കൊണ്ട് നമുക്ക് ബാക്കി വിഷയത്തില്‍ ചര്‍ച്ചയാവാം’ എന്നു പറഞ്ഞ് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനും അദ്ദേഹം കൗശലത കാണിച്ചിരുന്നു.

ആദ്യകാലത്ത് സ്വാമിജിയെ ആധ്യാത്മിക വിഷയ സംബന്ധമായ് വളരെയധികം പിന്തുടര്‍ന്നെങ്കിലും പില്‍കാലത്ത് നമ്മള്‍ പലതിലും വിയോജിപ്പ് രേഖപ്പെടുത്തുമ്പോഴും സ്വാമിജിയതു സാകൂതം കേട്ടിരുന്നു. ഒരിക്കല്‍ ഡല്‍ഹിയില്‍ എന്റെ പരിചയത്തിലുള്ള ഒരു രോഗിക്കായ് സ്വാമിയെ കൂട്ടികൊണ്ട് വരുമ്പോള്‍ പറയുകയാണ്- ‘എടോ എനിക്ക് 60 വയസ്സ് കഴിഞ്ഞത് ആരും സമ്മതിക്കില്ലടോ. താന്‍ കണ്ടതല്ലേ എന്റെ കാര്‍ഡിലെ പ്രായം? അന്‍പത് രൂപയുണ്ടെങ്കില്‍ എനിക്ക് എണ്‍പത് വയസ്സാണെന്ന രേഖ ഞാന്‍ തരാം സ്വാമിജീ എന്നു തിരിച്ചു പറഞ്ഞപ്പോള്‍, താന്‍ കാശിയില്‍ പോയ് നമ്മുടെ തലക്കടിക്കാനാണല്ലെ പഠിച്ചതെന്ന് പറഞ്ഞു കളിയാക്കി. തുറന്ന വിമര്‍ശനങ്ങളെ സഹിഷ്ണതയോടെ കേട്ടിരിക്കാനുള്ള കഴിവ് സ്വാമിയെ മറ്റ് സന്യാസിമാരില്‍ നിന്നും വ്യത്യസ്തനാക്കിയിരിക്കുന്നു. അവസാനം അദ്ദേഹവുമായ് ബന്ധപ്പെട്ട് ചെയ്യാനൊരുങ്ങിയത് എല്ലാ ഔഷധ സസ്യങ്ങളും അടങ്ങുന്ന ഒരു നഴ്‌സറിയായിരുന്നു. ആവിശ്യത്തിന് വിത്തുകള്‍ കൊണ്ടു വന്നു കൊടുത്തെങ്കിലും അവിടെയുള്ള പലരുടെയും സമയക്കുറവോ മറ്റു പലകാരണങ്ങളാലോ അത് മുഴുവന്‍ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. മുപ്പത് ഏക്കര്‍ സ്ഥലത്ത് താന്‍ എന്ത് മരം വേണമെങ്കിലും നട്ടോ എന്ന് പറഞ്ഞു തുടങ്ങിയ കൂട്ടത്തില്‍ തന്നെ ഒരു കാര്യം കൂടിപറഞ്ഞു; ഞാന്‍ ഇവിടെയുള്ളപോള്‍ ഈ
സ്ഥലത്ത് ഇതൊക്കെ നടക്കും അതിനു ശേഷം എന്തെണ്ടാകും എന്നു പറയാന്‍ സാധിക്കില്ല.

കേരളത്തിലെ സന്യാസി സമൂഹത്തിന് അഭിമാനിക്കാവുന്ന ഭിഷഗ്വരനായിരുന്നു കേരളത്തിലെ പ്രഭാഷണ കലയെ ആദരിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന പദഗാംഭീര്യമായിരുന്നു. തന്നെക്കുറിച്ചുള്ള കെട്ടുകഥകള്‍ കേട്ട് അതും ചിലപ്പോള്‍ ശരിയായിരിക്കും എന്ന് സ്വയം പറഞ്ഞു ചിരിക്കുന്നയാളാണ്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമ സംബന്ധമായ്. നീണ്ടുരില്‍ ഞാന്‍ പൂജ ചെയ്തിരുന്ന കാലത്ത് ‘അല്ല സ്വാമി ഈയാള് ഇങ്ങനെ പറയുന്നുണ്ടല്ലോ’ എന്ന് പറഞ്ഞ് ഫോണ്‍ ചെയ്തപ്പോള്‍, തനിക്ക് വേറെ പണിയില്ലേടോ, അങ്ങനെ പറയട്ടെ എന്നു ചിരിച്ചുകൊണ്ട് നിരുത്സാഹപ്പെടുത്തി. രാഘവന്‍ വൈദ്യനായിരുന്നു സ്വാമിയുടെ
ചെറിയ പ്രായത്തില്‍ വൈദ്യത്തിന്റെ വഴികളില്‍ ശ്രദ്ധകൊടുക്കാന്‍ പാകപ്പെടുത്തിയ പലരില്‍ ഒരാള്‍. പക്ഷെ സ്വപ്രയത്‌നവും അന്വേഷണ കൗതുകവും നേപ്പാള്‍ തൊട്ട് ശ്രീലങ്ക തുടങ്ങി എല്ലാ ദിക്കിലെയും സമാന്തര/ ആയുര്‍വേദ ചികിത്സാസമ്പ്രദായങ്ങളിലെ അപൂര്‍വ്വം കൈയ്യെഴുത്ത് പ്രതികളൊക്കെ കണ്ടെത്തി സ്വന്തം വഴി വെട്ടിത്തെളിച്ചു മുന്നേറാന്‍ സാധിച്ചിരുന്നു. ഒപ്പം നടന്നില്ലെങ്കിലും അകലെ നിന്ന് മാത്രം കണ്ടൊരാള്‍ എന്ന നിലയില്‍ എന്നെപ്പോലെ ഒരു സാധരണക്കാരന് സ്വാമിയെക്കുറിച്ച് അല്പമെങ്കിലും പറയാന്‍ സാധിക്കുമ്പോള്‍ ഒപ്പം നടന്നവരുടെ ഭാഗ്യത്തെ സന്തോഷത്തോടെ കാണുന്നു.

അദ്ദേഹം അഭിമാനപൂര്‍വ്വം പ്രസിദ്ധപ്പെടുത്തിയ ചില കാര്യങ്ങള്‍ക്കു പിന്നില്‍ നിശബ്ദനായ് നില്ക്കുവാന്‍ സാധിച്ചു എന്നത് സ്വകാര്യ സന്തോഷമായിരുന്നു. ഇനി പ്രതീക്ഷിക്കാത്ത നേരത്ത് പല നമ്പരുകളില്‍ നിന്നും വരുന്ന ഘനഗംഭീരമായ സ്വരത്തിലെ കോളുകളുണ്ടാവുകയില്ല. സ്വാമിക്കെന്തിനാ ഇത്ര ബിനാമിക്കാര്‍ ഏതെലും ഒരു നമ്പരില്‍ നിന്നു വിളിച്ചൂടെ എന്നു പറഞ്ഞു കളിയാക്കാന്‍ ശ്രമിക്കുമ്പോള്‍, തന്നെയൊക്കൊ പിടിക്കാന്‍ ഇതാടോ എളുപ്പ വഴി എന്നു തിരിച്ചു കളിയാക്കും. ‘അങ്ങയോടൊരു കാര്യം പറയാനാണ് വിളിച്ചത്‘ എന്ന തുടക്കം കൊണ്ട് തന്നെ മനസ്സിലാക്കാം രണ്ട് പേരെയും പരിചയമുള്ള ബഹുമാന്യരായ ആരുടെയെങ്കിലും അടുത്തിരിന്നാണ് വിളി. എടോ എന്നും താന്‍ എന്നും വിളിച്ചാണെങ്കില്‍ സാധാരണ പഴയ പയ്യനോടുള്ള സംസാരമാണെന്നും ഉറപ്പിക്കാം.

സര്‍പ്പങ്ങളെ വളര്‍ത്തുന്നതില്‍ കാണിച്ച അപകടകരമായ കൗതുകം തന്നെയായിരുന്നു സ്വാമിജിയുടെ ജീവിതത്തിലെ പല പരീക്ഷണങ്ങളും. അവയിലെ വിജയവും പരാജയവും സൗമ്യനായ് നേരിടാനും ചികിത്സാര്‍ത്ഥമല്ലാതെ വാക്കുകള്‍കൊണ്ട് പോലും ആരെയും ഒരു കുഞ്ഞ് കാര്യത്തിനു പോലും വേദനിപ്പിക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയും സ്വയം എരിഞ്ഞ് മറ്റുള്ളവര്‍ക്ക് വെളിച്ചമാവാന്‍ കാട്ടുന്ന വ്യഗ്രതയും മാത്രം മതി മനുഷ്യ പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള അദ്ദേഹത്തിന്റെ പാരസ്പര്യം തിരിച്ചറിയാന്‍.

സമാന്തര ചികിത്സയിലെ വെളിച്ചങ്ങള്‍ക്കിടയിലെ വെള്ളിവെളിച്ചമായിരുന്നു സ്വാമി. വൈദ്യന്മാര്‍ക്കിടയിലെ അപൂര്‍വ്വവൈദ്യനും. അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരിക്കാനായ് എന്നതും വളരെ വഷളനായ കുട്ടിയായ എന്നെപ്പോലുള്ള അസുരഗുണക്കാരെയും ഒപ്പം നിര്‍ത്താന്‍ കാണിച്ച കരുണയും കരുതലും മാത്രം മതി സ്വാമി നിര്‍മ്മലാനന്ദ ഗിരി എന്ന മഹാത്മാവിനെ ആദരവോടെ നമിക്കാന്‍. മുന്‍ഗാമികളൊ പിന്‍ഗാമികളോ ഉണ്ടാവാന്‍ സാദ്ധ്യതയില്ലാത്ത ഒരപൂര്‍വ്വ ജന്മത്തിന്റെ ഓര്‍മ്മയ്ക്കായ് കുറച്ച് ദേവതാരു മരങ്ങള്‍ നട്ട് ഇന്നത്തെ ദിനത്തെ പൂര്‍ണമാക്കി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍