UPDATES

എഡിറ്റര്‍

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാജീവികളും മോദിയുടെ ധീരമായ തീരുമാനവും

അഴിമുഖം പ്രതിനിധി

500ന്‌റേയും 1000ന്‌റേയും നോട്ടുകള്‍ നിരോധിച്ച മോദി സര്‍ക്കാരിന്‌റെ നടപടി അനിവാര്യവും രാജ്യതാല്പര്യം സംരക്ഷിക്കുന്നതും ആണെന്ന് വാദിക്കുകയാണ്, രാജ്യസഭാംഗവും ബിജെപി സഹയാത്രികനും മാധ്യമ പ്രവര്‍ത്തകനുമായ സ്വപന്‍ ദാസ് ഗുപ്ത. ടൈംസ്‌ ഓഫ് ഇന്ത്യയിലെ റൈറ്റ് ആന്‍ഡ്‌ റോങ്ങ്‌ എന്ന കോളത്തില്‍ നിന്ന്.

500ന്‌റേയും 1000ന്‌റേയും നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചില പ്രത്യേക വര്‍ഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കിടയില്‍. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നല്ല പറഞ്ഞു വരുന്നത്. ധാരാളം ബുദ്ധിമുട്ടുകളുണ്ട്. ഇതിന് അഭ്യൂഹങ്ങളും അപവാദ പ്രചാരണങ്ങളും ധാരാളം പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. മാദ്ധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം ബഹളങ്ങളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുകയാണെങ്കിലും ഗ്രാമീണ മേഖലയിലെ ദരിദ്രര്‍ക്കും ഇത് ആശങ്കയുണ്ടാക്കുന്നുണ്ടാവാം. 1000ന്‌റെ നോട്ടൊന്നും അവര്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ടാവില്ലെങ്കിലും.

അതേസമയം നേരത്തെ സൂചിപ്പിച്ച ചര്‍ച്ചാ വര്‍ഗത്തിന് ദരിദ്രരോടും തൊഴിലാളികളോടും ചെറുകിട പച്ചക്കറി, പലചരക്ക് കച്ചവടക്കാരോടും ഒന്നും പ്രത്യേകിച്ച് പരിഗണനയൊന്നും ഇല്ല. കള്ളപ്പണം പിടിക്കണമെന്ന് നിരന്തരം വിളിച്ചുപറഞ്ഞു കൊണ്ടിരുന്നവരുമാണ് അവര്‍. ഇവിടെ പ്രശ്‌നം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്‌റെ ക്രെഡിറ്റ് തട്ടിയെടുക്കുമാേ എന്നതാണ്. 1960കള്‍ മുതല്‍ അതിരൂക്ഷമായി ഇന്ത്യ നേരിടുന്ന കള്ളപ്പണം എന്ന പ്രശ്‌നം പരിഹരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ മോദിക്ക് കഴിയുമോ എന്ന ആശങ്കയിലാണ് അവര്‍. സത്യസന്ധതയില്ലായ്മ ഇന്ത്യക്കാരുടെ ജീവിതരീതി ആയി മാറിയിരിക്കുന്നു. ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്ന അമേരിക്കക്കാരന്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചു എന്നറിയുമ്പോള്‍ അതുള്‍ക്കൊള്ളാതെ ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങുന്ന പോലെ.

രാഷ്ട്രീയക്കാര്‍ അവരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഉദാഹരണത്തിന് മുത്തലാഖ് വിഷയം വരുമ്പോള്‍ മമത ബാനര്‍ജി ഒരിക്കലും ലിംഗനീതിക്ക് വേണ്ടി നിലകൊള്ളില്ല. കാരണം യാഥാസ്ഥിതിക മുസ്ലീം സംഘടനകളുടെ പിന്തുണയെ അവരുടെ പാര്‍ട്ടി അത്രത്തോളം ആശ്രയിക്കുന്നു. പാകിസ്ഥാന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളിലുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്ന കാര്യം വേഗത്തില്‍ നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. കാരണം ഇന്ത്യന്‍ പൗരത്വം, ആസാമിലും പശ്ചിമബംഗാളിലുമുള്ള ബംഗ്ലാദേശ് സ്വദേശികളായ മുസ്ലീങ്ങള്‍ക്കും മ്യാന്‍മറിലെ റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കും നല്‍കണമെന്ന് അവര്‍ താല്‍പര്യപ്പെടുന്നു. തങ്ങളെ ദീര്‍ഘകാലമായി പിന്തുണച്ച് വരുന്ന വ്യാപാരി സമൂഹത്തിനെ കൈവെടിയാന്‍ ബിജെപി ഒരിക്കലും തയ്യാറാവില്ല. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എല്ലായ്‌പോഴും ബിജെപിക്ക് ശ്രദ്ധയുണ്ടാകും. കള്ളപ്പണത്തിന്‌റെ തുടക്കം വ്യാപാരത്തിലൂടെയാണ്.

നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് വളരെ ആശ്ചര്യകരമായ കാര്യങ്ങളാണ്. വിഭാഗീയ താല്‍പര്യങ്ങള്‍ക്കപ്പുറം ദേശീയ താല്‍പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള ഒരു നേതാവിന്‌റെ കഴിവാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കിനെ പിണക്കി വലിയ വെല്ലുവിളിയാണ് മോദി ഇതിലൂടെ ഏറ്റെടുത്തിരിക്കുന്നത്. 2007ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ക്കെതിരെ വൈദ്യുതി മോഷണത്തിന് എടുത്തിരുന്ന കേസും പിഴയും പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ മോദി വഴങ്ങിയില്ല. ഒന്നുകില്‍ സര്‍ക്കാര്‍ നടപടിയെടുക്കും അല്ലെങ്കില്‍ താന്‍ രാജി വയ്ക്കുമെന്നായിരുന്നു സ്വകാര്യ സംഭാഷണങ്ങളില്‍ മോദി പറഞ്ഞിരുന്നത്. നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ദീര്‍ഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു നേതാവ് ഇന്ത്യയെ ലോകശക്തിയായി പുനര്‍നിര്‍മ്മിക്കുന്നതാണ്.

കൂടുതല്‍ വായിക്കാന്‍: https://goo.gl/w2PjV1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍