UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

സിനിമ

സ്വര്‍ണ കടുവ മാസാണ്, ബിജു മേനോനും; പക്ഷേ ആവര്‍ത്തനങ്ങള്‍ക്കുമില്ലേ പരിധി?

1990-കള്‍ മുതല്‍ മലയാളത്തിലെ സജീവ സാന്നിധ്യമായിരുന്നു ജോസ് തോമസ് എന്ന സംവിധായകന്‍. നിരവധി ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. ശൃംഗാരവേലന് ശേഷം മൂന്നു കൊല്ലത്തെ ഇടവേള എടുത്താണ് അദ്ദേഹം സ്വര്‍ണ്ണക്കടുവയിലൂടെ മടങ്ങി വരുന്നത്. ബാബു ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. ഉഡായിപ്പും തന്ത്രങ്ങളും നിറഞ്ഞ, ബിജു മേനോന്റെ രണ്ടാം വരവിലെ പതിവ് ഫോര്‍മുലകള്‍ നിറഞ്ഞതായിരുന്നു സ്വര്‍ണ കടുവയുടെ ട്രെയിലര്‍. അതിനു ജനകീയ മലയാള സിനിമയില്‍ മിനിമം ഗ്യാരന്റി ഉണ്ടെന്നാണ് വെപ്പ്.

 

ഒരു സ്വാര്‍ത്ഥനായ രാക്ഷസന്റെ കഥ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ബിജു മേനോന്റെ റിനി ഈപ്പന്‍ മാട്ടുമ്മല്‍ ആണ് സിനിമയിലെ സ്വര്‍ണ കടുവ. തന്റെ മുതലാളിയായ ലോലപ്പന്റെ (ഇന്നസെന്റ്) കുതന്ത്രങ്ങള്‍ക്കു മുഴുവന്‍ കൂട്ടുനില്‍ക്കുന്ന വിശ്വസ്തനാണ് റിനി.അതേസമയം വലിയ ബിസിനസ് മാഗ്‌നെറ്റും സിനിമാ നിര്‍മാതാവും സ്ത്രീലമ്പടനും ഒക്കെയായ മുതാലാളിയെ ഇയാള്‍ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുമുണ്ട്. അറ്റമില്ലാത്ത പണം സമ്പാദിച്ച് വലിയ സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചു ജീവിക്കുക എന്നതാണ് റിനിയുടെ ലക്ഷ്യം. യാദൃശ്ചികമായി റിനിക്ക് ഒരു കൊലപാതകത്തില്‍ പങ്കു ചേരേണ്ടി വരുന്നു. അതിനു ശേഷം അയാളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളും ഉയര്‍ച്ച താഴ്ചകളും ഒക്കെയാണ് സ്വര്‍ണ്ണ കടുവ.

സ്വര്‍ണകിരീടം, പരുന്ത് പോലുള്ള സിനിമകളിലെ പണത്തിനും ഭൗതിക ഉയര്‍ച്ചയ്ക്കും വേണ്ടി എന്തും ചെയുന്ന നായകന്റെ ഗണത്തില്‍പ്പെട്ട ആളാണ് റിനി. ഇത്തരം സ്വഭാവ ഗുണങ്ങള്‍ ഉള്ള മറ്റെല്ലാ നായകന്മാരെയും പോലെ അച്ഛന്റെ ദുര്‍മരണം അടക്കം പല കാരണങ്ങള്‍ അയാളുടെ സാമൂഹ്യവിരുദ്ധ ജീവിതത്തിനു പിന്നിലുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം നെഗറ്റീവ് ഷേഡ് ഉള്ളവരാണ്. തുടങ്ങിയ വഴിയില്‍ തന്നെ കഥയെ കൊണ്ടുചെന്നെത്തിക്കുക എന്ന രീതിയാണ് സിനിമയില്‍ ഉള്ളത്. ഇത് മലയാള സിനിമ പരീക്ഷിച്ചു വിജയിച്ച ഒരു രീതിയാണ്. ഇടയ്ക്ക് സമകാലിക സംഭവങ്ങളുടെയും വാര്‍ത്തകളുടെയും ആക്ഷേപഹാസ്യപരമായ അവതരണം ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ്, മദ്യ നിരോധനം, മാണി, സുധീരന്‍, സിന്ധു, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, പ്രശസ്ത ജ്വല്ലറി മുതലാളിമാര്‍ ഒക്കെ സിനിമയില്‍ കയറി വരുന്നുണ്ട്. കഥയ്ക്കും സാഹചര്യങ്ങള്‍ക്കും എത്രത്തോളം ആവശ്യമുണ്ടെന്നറിയില്ലെങ്കിലും ഇത്തരം വിഷയങ്ങള്‍ സമയാസമയങ്ങളില്‍ വന്നു പൊയ്‌ക്കൊണ്ടിരുന്നു.

 

കോമഡി സ്‌കിറ്റുകളും അത് നിറച്ച റിയാലിറ്റി ഷോകളുമെല്ലാം ശരാശരി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ നിത്യകാഴ്ച ആയിരിക്കുന്നു. അത്തരം സ്‌കിറ്റുകളുടെ സ്വാധീനം എത്രത്തോളം ഇപ്പോള്‍ റിലീസ് ചെയ്യുന്ന മലയാള സിനിമകളില്‍ ഉണ്ട് എന്നത് ആകര്‍ഷകമായ പഠന വിഷയമായിരിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ നിറഞ്ഞു നിന്നിരുന്ന കുറച്ച് കോമഡി ആര്‍ട്ടിസ്റ്റുകളുടെ പല കാരണങ്ങള്‍ കൊണ്ട് പെട്ടന്നുള്ള പിന്മടക്കവും ഇത്തരം സ്‌കിറ്റുകളിലെ താരങ്ങളുടെ സിനിമയിലേക്കുള്ള കടന്നുവരവും ഒക്കെ മലയാള സിനിമയിലെ ഹാസ്യ രീതികളെ മാറ്റിയിട്ടുണ്ട്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ കടന്നുവരവും ഇതിനു ശേഷം കൂടുതലായിട്ടുണ്ട്. ജോസ് തോമസിന്റെ തന്നെ ഉദയപുരം സുല്‍ത്താനും മായാമോഹിനിയും ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും. ഇത്തരം ടിപ്പിക്കല്‍ സ്‌കിറ്റ് ഹാസ്യം തന്നെയാണ് ഏറിയ പങ്കും സ്വര്‍ണ കടുവയിലും ഉള്ളത്.

 

 

വില്ലന്‍ സ്വഭാവമുള്ള നായകന്‍ മലയാള സിനിമയില്‍ പുതുമയൊന്നുമില്ല. പക്ഷെ ഈയടുത്ത കാലത്തൊന്നും ‘അമ്മ, പെങ്ങള്‍ കുടുംബ ദൗര്‍ബല്യങ്ങള്‍ വല്ലാതെ അലട്ടാത്ത നായകന്മാരെ കണ്ടിട്ടില്ല. രീതിയുടെ ആവര്‍ത്തിക്കും സ്‌നേഹരാഹിത്യത്തിനും അങ്ങനെ യാതൊരു പക്ഷഭേദവും ഇല്ല. താരതമ്യേന വേഗത്തില്‍ പോകുന്ന കണ്ടിരിക്കാവുന്ന ഒന്നാം പകുതിക്കു ശേഷം കഥ എങ്ങനെ മുന്നോട്ടു കൊണ്ട് പോകണം എന്ന് ആര്‍ക്കും വലിയ നിശ്ചയം ഇല്ലാത്ത പോലെ തോന്നി. രണ്ടാം പകുതി സിനിമയെ പൂര്‍ണമായും നശിപ്പിക്കുന്നുണ്ട്. എന്തൊക്കെയോ ഭീകര സംഭവവികാസങ്ങള്‍, ട്വിസ്റ്റുകള്‍, യാതൊരു ആവശ്യവും ഇല്ലാതെ വന്നും പോയുമിരിക്കുന്ന കഥാപാത്രങ്ങള്‍, തുടര്‍ച്ചയില്ലാത്ത രംഗങ്ങള്‍ ഒക്കെ ആണ് പിന്നീട സ്വര്‍ണ കടുവയില്‍. എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന ലഷ്യത്തിലേക്കു കഥയെയും കഥാപാത്രങ്ങളെയും അടിച്ചു തെളിച്ചു വിട്ട പോലെ തോന്നി.

 

ബിജു മേനോന്റെ കയ്യില്‍ റിനി ഭദ്രമായിരുന്നെങ്കിലും ഹിറ്റായ രണ്ടാം വരവില്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുന്നു. ഒരേ തരം റോളുകള്‍, ഒരേ ശൈലിയിലും രീതിയിലുമുള്ള സംഭഷണങ്ങള്‍, കഥാഗതികള്‍ ഒക്കെ നടന്‍ എന്ന രീതിയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയെ തടയുന്നു. ഇന്നസെന്റിന്റെ ലോലപ്പന്‍ മുതലാളി കുറെ കാലങ്ങള്‍ക്കു ശേഷം അദ്ദേഹം ചെയ്യുന്ന ഒരു മുഴുനീള വേഷമാണ്. കോമഡിയും വില്ലത്തരവും സമാസം ചേര്‍ത്ത ഈ റോള്‍ അദ്ദേഹത്തിന്റെ മുന്‍കാല റോളുകളുടെ വികലമായ അനുകരണം മാത്രമാണ്. പലതരം കാഴ്ചവസ്തുക്കളാണ് ഏറിയ പങ്കും സ്ത്രീ കഥാപാത്രങ്ങള്‍. ഇരുട്ടായാല്‍ ഏതു പെണ്ണും ഒന്നല്ലേ എന്നൊക്കെയുള്ള ഡയലോഗും കയ്യടിയും നാല് പീഡന വാര്‍ത്തകള്‍ ഒക്കെ ഒരേ സമയത്ത് മുന്‍പേജില്‍ നിറയുന്ന ഈ സമയത്തിനു പറ്റിയ അവസ്ഥ തന്നെയാണ്

 

സ്വര്‍ണ കടുവ മാസ്സ് ആണ്; ബിജു മേനോന്‍ ഉഡായിപ്പ് കളിച്ചു നിറഞ്ഞു നില്‍ക്കുന്ന നായകനാണ്, കുറെ സ്‌കിറ്റ് തമാശകള്‍ ഉണ്ട്. പക്ഷെ ഇതൊക്കെ പണ്ട് മുതലേ പല ഭാവത്തില്‍ വന്നതിന്റെ കവിളത്തു മുന്തിരി ഒട്ടിച്ചു വിടും പോലെ തോന്നുമെന്ന് മാത്രം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍