UPDATES

വിദേശം

മനുഷ്യാവകാശങ്ങളെച്ചൊല്ലി സൗദിയോട് ഇടഞ്ഞു സ്വീഡന്‍

Avatar

ആഡം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സൗദി അറേബ്യയിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് അധികം പേരൊന്നും ശക്തമായി പ്രതികരിക്കാറില്ല. മതന്യൂനപക്ഷങ്ങളും, സ്ത്രീകളും, സ്വവര്‍ഗാനുരാഗികളും അടിച്ചമര്‍ത്തല്‍ നേരിടുന്നു. രാഷ്ട്രീയാഭിപ്രായങ്ങളുടെ പേരില്‍ ആയിരക്കണക്കിനാളുകള്‍ തടവറയിലാണ്. മതനിന്ദയും ദൈവനിന്ദയും ആരോപിക്കപ്പെട്ടവരെപ്പോലും വധശിക്ഷക്കും കടുത്ത ശാരീരികപീഡനങ്ങള്‍ക്കും ശിക്ഷിക്കുന്നു.

ഇതൊക്കെയായാലും, ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ പോലെ ക്രൂരത കാട്ടുന്നില്ല സൗദി രാജകുടുംബം എങ്കിലും അവരില്‍ നിന്നും അത്ര അകലെയല്ല താനും.
ഇത്രയൊക്കെയായിട്ടും കഴിഞ്ഞ 70 വര്‍ഷമായി യു എസിന്റെ പശ്ചിമേഷ്യയിലെ നിര്‍ണായക സഖ്യകക്ഷിയാണ് സൗദി. മനുഷ്യാവകാശങ്ങള്‍ക്കായി എന്തെങ്കിലും ഔദ്യോഗിക ആവശ്യം ഉന്നയിച്ചാല്‍ തന്നെ സൗദി ചെവി കൊടുക്കാറുമില്ല.

സൗദി അറേബ്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ മടിക്കാത്ത ഒരു രാജ്യം സ്വീഡനാണ്. കെയ്‌റോയില്‍ നടന്ന അറബ് ലീഗ് യോഗത്തില്‍ ജനാധിപത്യത്തെയും, സ്ത്രീകളുടെ അവകാശത്തെയും കുറിച്ച് സംസാരിക്കുന്നതില്‍ നിന്നും തന്നെ വിലക്കി എന്ന സ്വീഡിഷ് വിദേശകാര്യ മന്ത്രി മാര്‍ഗരറ്റ് വാള്‍സ്‌റ്റോമിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സൗദിയുമായുള്ള വലിയൊരു ആയുധ ഇടപാട് സ്വീഡന്‍ റദ്ദാക്കി.

മന്ത്രിയായപ്പോള്‍ ഒരു ‘സ്ത്രീപക്ഷ’ വിദേശനയം വാഗ്ദാനം ചെയ്ത വാള്‍സ്‌റ്റോം സൗദിയില്‍ ബ്ലോഗെഴുത്തുകാരന്‍ റെയ്ഫ് ബദാവിക്ക് ചാട്ടയടി ശിക്ഷ നല്‍കിയതിനെ വിമര്‍ശിക്കുകയും സൗദി അറേബ്യയെ ഒരു സ്വേച്ഛാധിപത്യ രാജ്യമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാലിപ്പോള്‍ സ്വീഡനെ ഒരു പാഠം പഠിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി. മാര്‍ച്ച് 9നുള്ള തന്റെ പ്രഭാഷണം വിലക്കിയെന്ന വാള്‍സ്‌റ്റോമിന്റെ പ്രസ്താവനയെ തുടര്‍ന്ന് നിരവധി നയതന്ത്ര നീക്കങ്ങളാണ് നടന്നത്:

മാര്‍ച്ച് 10, സൗദി അറേബ്യ സ്‌റ്റോക്‌ഹോമില്‍ നിന്നും തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചു വിളിച്ച്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ സ്വീഡന്റെ ഇടപെടലിനെ തുടര്‍ന്നാണ് അത് എന്ന വിശദീകരണവും നല്‍കി. അന്നേദിവസം തന്നെ വാള്‍സ്‌റ്റോമിന്റെ പ്രസ്താവനയെ അപലപിച്ച് അറബ് ലീഗ് അംഗരാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി.

മാര്‍ച്ച് 18, സൗദി അറേബ്യക്കും അവരുടെ നീതിന്യായ സംവിധാനത്തിനുമെതിരെ സ്വീഡന്റെ വിദേശകാര്യ മന്ത്രി നടത്തിയ അപലപനീയമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് യു എ ഇ സ്വീഡനില്‍ നിന്നും തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചു.

മാര്‍ച്ച് 19, സ്വീഡിഷ് പൗരന്‍മാര്‍ക്ക് ഇനി വ്യാപാര വിസ അനുവദിക്കുകയോ നിലവിലുള്ളവരുടെ വിസ പുതുക്കുകയോ ചെയ്യില്ലെന്ന് സൗദി വ്യക്തമാക്കി.

വാള്‍സ്‌റ്റോമിന്റെ പ്രസ്താവനയില്‍ നിന്നും അകലം പാലിക്കാന്‍ സ്വീഡന്റെ പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫ്വെനില്‍ സമ്മര്‍ദം ചെലുത്താനാണ് ഇതെല്ലാം. സ്വീഡനില്‍ ആഭ്യന്തര തിരിച്ചടിയും ഇതുണ്ടാക്കും.

സൗദി അറേബ്യയിലേക്കുള്ള സ്വീഡന്റെ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി 1.3 ബില്ല്യണ്‍ ഡോളറായിരുന്നു. തര്‍ക്കം വ്യാപാര സാധ്യതകളെ ബാധിക്കുമോ എന്നു സ്വീഡനിലെ വ്യാപാരി സമൂഹത്തിന് ആശങ്കയുണ്ട്. ആയുധ ഇടപാട് തന്നെ വളരെ വലുതായിരുന്നു. 39 ദശലക്ഷം ഡോളറിന്റെ സ്വീഡിഷ് സൈനികോപകരണങ്ങളാണ് സൗദി കഴിഞ്ഞ വര്‍ഷം മാത്രം വാങ്ങിയത്. തര്‍ക്കം തുടങ്ങുന്നതിന് മുമ്പുതന്നെ സൗദി അറേബ്യയുമായി നല്ല ബന്ധം പുലര്‍ത്തണം എന്നാവശ്യപ്പെട്ട് സ്വീഡനിലെ 31 വ്യാപാര പ്രമുഖര്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

വിസ തടയാനുള്ള നീക്കത്തില്‍ നിന്നും തങ്ങളുടെ സാമ്പത്തിക ശക്തിയെക്കുറിച്ച് സൗദിക്കുള്ള വിശ്വാസമാണ് തെളിയുന്നത്. ‘ഇത് സ്വീഡനിലെ വ്യാപാരി സമൂഹത്തിന് നല്ലതല്ല, കാലക്രമത്തില്‍ സ്വീഡനിലെ ജോലികള്‍ക്കും,’ സ്‌റ്റോക്‌ഹോം വാണിജ്യ സമിതിയുടെ വാര്‍ത്താവിനിമയ ഡയറക്ടര്‍ ആന്ദ്രിയാസ് ആസ്‌ട്രോ പറഞ്ഞു.

ഭൗമരാഷ്ട്രീയ ആശങ്കകളും ഉയരുന്നുണ്ട്. പശ്ചിമേഷ്യയിലെ ഒരു വലിയ രാഷ്ട്രീയ ശക്തിയാണ് സൗദി അറേബ്യ. യു എ ഇ യുടെ നടപടിയും അറബ് ലീഗിന്റെ പിന്തുണയുമൊക്കെ കാണിക്കുന്നതും ഇതാണ്. ‘ഒരു കരാര്‍ പങ്കാളിയെന്ന നിലയില്‍ സ്വീഡന്റെ വിശ്വാസ്യതയാണ് ഇതിലുള്ളത്,’ മുന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ കാള്‍ ബിള്‍ദ് പറയുന്നു. ‘ഒരു ചെറിയ രാജ്യമായ സ്വീഡന് ഈ വിശ്വാസ്യത ആവശ്യമാണ്. ഈ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്.’

വോള്‍സ്‌റ്റോം ചുമതല.യേറ്റെടുത്തത്തിന് ശേഷം പശ്ചിമേഷ്യയിലെ സ്വീഡന്റെ നയങ്ങള്‍ അസാധാരണമായ തരത്തില്‍ ശക്തമാണ്. ഈ വര്‍ഷം സ്വീഡന്‍ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു. ഇത് ഇസ്രയേലുമായി വാഗ്വാദങ്ങള്‍ക്കിടയാക്കി. സ്‌കാണ്ടിനേവിയന്‍ സര്‍ക്കാരുകള്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹൂ ഇപ്പോള്‍ കഴിഞ്ഞ ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ പറഞ്ഞിരുന്നു.

സ്ഥിതി ശാന്തമാകുമെന്ന് കരുതാം. പ്രതിസന്ധി പരിഹരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സൗദിയിലെ സ്വീഡന്റെ നയതന്ത്ര പ്രതിനിധി പറഞ്ഞിരുന്നു. സ്വീഡനും സൗദി അറേബ്യയും തമ്മില്‍ നല്ല നയതന്ത്രബന്ധം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് വാള്‍സ്‌റ്റോം പറയുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍