UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മമാരുടെ ദിനത്തില്‍ അമ്മയില്ലാതെ

Avatar

മോളി കോട്‌സന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

2002 മാര്‍ച്ച് രണ്ടിന് സ്‌പെന്‍സര്‍ ഗിഫ്റ്റ്‌സില്‍ ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങളുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മ എന്നെ വിളിച്ചത്. കുശലം പറയാനും എന്നെ എത്ര സ്‌നേഹിക്കുന്നു എന്നു പറയാനുമായിരുന്നു ആ വിളി. അത് ഞങ്ങള്‍ വഴക്കിടുന്ന കാലമായിരുന്നു. എനിക്കു വയസ് 14. അമ്മ വേദനസംഹാരികളുടെ അടിമയും. രണ്ടുപേരും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികള്‍.

മരുന്നുകളുടെ അടിമത്തം ഉപേക്ഷിച്ചുവരികയാണെന്ന് അമ്മ അവകാശപ്പെട്ടിരുന്നുവെങ്കിലും അതായിരുന്നില്ല സത്യം. മുന്‍ വേനല്‍ക്കാലത്ത് എന്റെ കാലൊടിഞ്ഞപ്പോള്‍ അമ്മ വികോഡിന്‍ മോഷ്ടിച്ചു. മരുന്നിന് അടിമയാകുന്നതില്‍നിന്ന് എന്നെ രക്ഷിക്കാനായി അത് മാറ്റിവയ്ക്കുന്നുവെന്നാണ് അമ്മ പറഞ്ഞത്. ഞാന്‍ അത് വിശ്വസിച്ചില്ല. അമ്മ അത് എടുത്തുമാറ്റുമ്പോള്‍ എത്ര ഗുളികകളുണ്ടായിരുന്നുവെന്ന് ഞാന്‍ എണ്ണിത്തിട്ടപ്പെടുത്തി. ഏതാനും മണിക്കൂറുകള്‍ക്കുശേഷം വീണ്ടും എണ്ണിയപ്പോള്‍ നാലെണ്ണം കുറവായിരുന്നു. എന്നാല്‍ എനിക്ക് അമ്മയെ ചോദ്യം ചെയ്യാനായില്ല. അത് എങ്ങനെ എന്നതിനെപ്പറ്റി എനിക്ക് രൂപമുണ്ടായിരുന്നില്ല.

ആ ഫോണ്‍വിളി അവസാനത്തേതായിരുന്നു.

അടുത്ത ദിവസം ഞാനും അച്ഛനും പ്രഭാതഭക്ഷണം കഴിഞ്ഞ് മേശ വൃത്തിയാക്കുമ്പോഴേക്ക് മറ്റൊരു ഫോണ്‍വിളിയെത്തി. ജോ, അമ്മയുടെ ബോയ്ഫ്രണ്ട്. ഇതിനുമുന്‍പൊരിക്കലും ജോ ഇവിടേക്കു ഫോണ്‍ ചെയ്തതായി എനിക്കോര്‍മയില്ല. എന്തോ പ്രശ്‌നമുണ്ടെന്നു തോന്നി. ശാന്തനാകാന്‍ അച്ഛന്‍ ജോയോടു പറഞ്ഞു. പിന്നെ പെട്ടെന്ന് അച്ഛന്റെ മുഖം മാറി. അറിയപ്പെടാത്ത ഭീതിയോടെ ഞാന്‍ കരഞ്ഞുതുടങ്ങി.

എന്നെ കെട്ടിപ്പിടിച്ച് സംഭവിച്ചതെന്ത് എന്നു പറഞ്ഞു തുടങ്ങും മുന്‍പ് അച്ഛനും കരഞ്ഞുതുടങ്ങി. രാവിലെ അമ്മ ഉറക്കത്തിലാണെന്നു കരുതി വീടിനു പുറത്തേക്കു പോയ ജോ ഉച്ചകഴിഞ്ഞു തിരിച്ചുവരുമ്പോഴും അമ്മ ഉറക്കം വിട്ടെണീറ്റിരുന്നില്ല.

അമ്മയ്ക്ക് 48 വയസായിരുന്നു.

ഒരുപാട് കുറവുകളുണ്ടായിരുന്നു അമ്മയ്ക്ക്. ചിലതൊക്കെ വേദനസംഹാരികളോടുള്ള അടിമത്തത്തില്‍നിന്നുണ്ടായവയാണ്. അമ്മ ചിലപ്പോഴൊക്കെ മോശമായി പെരുമാറിയിരുന്നു. അച്ഛന്റെ പുതിയ പെണ്‍സുഹൃത്തുക്കളോട് ഇടപെടേണ്ടിവരുന്ന അവസരങ്ങളില്‍ പ്രത്യേകിച്ചും. വേദനസംഹാരികള്‍ കുറിച്ചുതരുന്ന ഡോക്ടര്‍മാരെ അന്വേഷിച്ചുനടക്കവേ ഒരിക്കല്‍ അമ്മ അറസ്റ്റിലായി. പലപ്പോഴും വളരെ അലസയായിരുന്നു അമ്മ. ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച മുടക്കാനും എത്ര ദിവസം വേണമെങ്കിലും സ്‌കൂളില്‍ പോകാതിരിക്കാനും എന്നെ അനുവദിച്ചു. വസ്ത്രങ്ങള്‍ക്കും മേക്കപ്പിനും പ്ലാസ്റ്റിക്ക് സര്‍ജറിക്കുമായി വളരെയധികം പണം ചെലവിട്ടു. തീരെ ശ്രദ്ധിക്കാതെ വളര്‍ത്തിയിരുന്ന നാലു പൂച്ചകള്‍ അമ്മയ്ക്കുണ്ടായിരുന്നു. അമ്മ വീട്ടില്‍ സിഗററ്റ് വലിക്കാന്‍ മടിച്ചില്ല.

എങ്കിലും, അമ്മ എന്നെ തീവ്രമായി സ്‌നേഹിച്ചു. അത് കാണിക്കുകയും ചെയ്തു. നിരവധി ഓമനപ്പേരുകളിലൂടെ; ലക്ഷക്കണക്കിന് ഉമ്മകളിലൂടെയും തലോടലുകളിലൂടെയും; പിറന്നാളിന് ആഴ്ചകള്‍ മുന്‍പേയെത്തുന്ന സമ്മാനങ്ങളിലൂടെ; സ്വന്തം പ്ലേറ്റ് എനിക്കു നല്‍കി പകരം എന്റെ പ്ലേറ്റിലെ ഭക്ഷണം കഴിക്കുന്നതിലൂടെ; എന്റെ നിസാരനേട്ടങ്ങളെപ്പറ്റി സുഹൃത്തുക്കളോട് വാചാലയാകുന്നതിലൂടെ; നൂറുകണക്കിന് കുട്ടിക്കാല ചിത്രങ്ങളടങ്ങിയ ഒരു ഡസനോളം ആല്‍ബങ്ങളിലൂടെ; മാധുര്യമേറിയ വിവരണങ്ങളടങ്ങിയ ബേബി ബുക്കുകളിലൂടെ. ഒരാഴ്ച പ്രായമുള്ളപ്പോള്‍ അമ്മയ്ക്ക് ഞാന്‍ ‘ലോകത്ത് ഏറ്റവും മനോഹരിയായ പെണ്‍കുട്ടി’യായിരുന്നു. എനിക്ക് ഇഷ്ടപ്പെടാത്ത ആണ്‍സുഹൃത്തുക്കള്‍ അതിവേഗം അമ്മയുടെയും സുഹൃത്തുക്കളല്ലാതായി മാറി.

അമ്മയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികള്‍ ഞാനും സഹോദരന്മാരുമാണെന്ന കാര്യത്തില്‍ എനിക്കു സംശയമേയില്ല. അമ്മ മതവിശ്വാസിയായിരുന്നില്ല. ആല്‍ക്കഹോളിക് അനോനിമസിസില്‍ സുഖം പ്രാപിച്ചുവരുമ്പോള്‍ എന്നെയാണ് അമ്മ ‘ഉയര്‍ന്ന ശക്തി’യെന്നു വിളിച്ചത്. അമ്മ തമാശക്കാരിയായിരുന്നു, വൃത്തിയില്ലാത്തവളും ശാപവാക്കുകള്‍ ഉപയോഗിക്കുന്നവളും ലൈംഗികതയെ സ്‌നേഹിച്ചിരുന്നവളുമായിരുന്നു. അതിമനോഹരിയായ, സ്‌നേഹമുള്ള കുഴമറിച്ചിലായിരുന്നു അവര്‍. അമ്മയെ ലഭിച്ചത് എന്റെ ഭാഗ്യമാണ്.

എന്തിലും ഏതിലും കുറ്റം കാണുന്ന സ്വന്തം അമ്മമാരെപ്പറ്റി എന്റെ വനിതാസുഹൃത്തുക്കള്‍ പറയുമ്പോള്‍ എനിക്ക് ഇത് കൂടുതല്‍ ബോദ്ധ്യമാകുന്നു. ശരീരഭാരം, ഹെയര്‍സ്‌റ്റൈല്‍, ആണ്‍സുഹൃത്തുക്കള്‍, തൊഴില്‍ എന്നിങ്ങനെ എന്തിലും അവരുടെ അമ്മമാര്‍ വിമര്‍ശനമുയര്‍ത്തുന്നു. അവര്‍ ഒരിക്കലും മക്കളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നില്ല. എന്നാല്‍ എന്റെ അമ്മ എന്നെ ഒരിക്കലും താഴ്ത്തിക്കെട്ടിയില്ല. തടിച്ചൊരു ടീനേജറായ എന്നോട് എന്റെ ശരീരം മനോഹരമാണെന്ന്, ഞാന്‍ സുന്ദരിയാണെന്ന്, മിടുക്കിയാണെന്ന്, നല്ല വ്യക്തിയാണെന്ന് മാത്രമേ അമ്മ പറഞ്ഞിട്ടുള്ളൂ. അമ്മയുടെ മരണത്തിനുശേഷം എനിക്കു നേരിടേണ്ടിവന്ന അസുഖകരമായ അനുഭവങ്ങളെ ചെറുക്കാനുള്ള കരുത്ത് പകര്‍ന്നുതരികയായിരുന്നു അമ്മ; അത് അപ്പോള്‍ എനിക്കു മനസിലായില്ലെങ്കിലും.

അമ്മയുടെ മരണം കഴിഞ്ഞിട്ട് പതിനാലുവര്‍ഷം. അമ്മ എനിക്കൊപ്പമുണ്ടായിരുന്നതിലേറെ വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഇന്നും ആ നഷ്ടപ്പെടല്‍ തുടരുന്നു. എന്റെ ബോയ്ഫ്രണ്ടിന് അമ്മയെ പരിചയപ്പെടുത്താനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അമ്മ അവനെ ആരാധിക്കുമായിരുന്നു. എന്റെ മെഡിക്കല്‍ സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാനായിരുന്നെങ്കില്‍ അമ്മ അതീവ അഭിമാനം കൊള്ളുമായിരുന്നു. ഞാന്‍ വിവാഹിതയാകുന്നതു കാണാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്യുമായിരുന്നു അമ്മ.  ലോകത്തിലെ നമ്പര്‍ വണ്‍ അമ്മൂമ്മയാകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തെളിയിക്കാനായി ഒരു മഗ് കണ്ടെത്തുമായിരുന്നു അമ്മ.

ചിലപ്പോള്‍ കയ്‌പേറിയ അനുഭവങ്ങളായും നഷ്ടപ്പെടല്‍ കടന്നുവരുന്നു. ഒരു റെസിപി വെബ്‌സൈറ്റ് ഒരിക്കല്‍ എനിക്കയച്ച ഇ മെയിലില്‍ എനിക്കിഷ്ടപ്പെട്ട വിഭവങ്ങളെപ്പറ്റി അമ്മ അവരോടു പറഞ്ഞു എന്നൊരു വാചകമുണ്ടായിരുന്നു. അമ്മയെ വിളിക്കൂ എന്നൊരു കൂട്ടിച്ചേര്‍ക്കലും. അമ്മ മരിച്ചുപോയതിനാല്‍ അതു സാദ്ധ്യമല്ലെന്നു പറഞ്ഞ് അവരുടെ മാര്‍ക്കറ്റിങ് മാനേജര്‍ക്ക് ഞാന്‍ കത്തെഴുതി. ഖേദം പ്രകടിപ്പിച്ച കമ്പനി സന്ദേശം മാറ്റുമെന്നും അറിയിച്ചു.

മദേഴ്‌സ് ഡേയാണ് ഏറ്റവും ദുഃഖകരമായ ദിനം. പലപ്പോഴും ദിവസങ്ങളോളം, ആഴ്ചകളോളം ഞാന്‍ അമ്മയെപ്പറ്റി ഓര്‍ക്കാറില്ല. അപ്പോഴാകും മദേഴ്‌സ് ഡേയുടെ വരവ്. ഒപ്പം ലക്ഷക്കണക്കിന് ഹാഷ് ടാഗുകളും. പലപ്പോഴും സഹപ്രവര്‍ത്തകരും പരിചയക്കാരും അമ്മയ്ക്കുവേണ്ടി പ്രത്യേകമായി എന്താണു ചെയ്യുകയെന്ന് എന്നോടു ചോദിക്കും. കാര്യമറിയുമ്പോള്‍ ഖേദപ്രകടനങ്ങളോടെ ആ സംഭാഷണങ്ങള്‍ അവസാനിക്കും. ദേഷ്യം പിടിക്കുന്ന ചില നേരത്ത് പ്രമോഷനല്‍ ഇ മെയിലുകള്‍ക്ക് ‘ എന്റെ അമ്മ മരിച്ചുപോയി. ദയവായി നിങ്ങള്‍ മെയിലിങ് ലിസ്റ്റില്‍ നിന്ന് എന്നെ ഒഴിവാക്കുക’ എന്നു മറുപടി അയയ്ക്കും. ചിലപ്പോള്‍ മറ്റുള്ളവര്‍ക്കും അല്‍പം അസന്തുഷ്ടിയുണ്ടാകണമെന്ന് എനിക്കു തോന്നും.

വര്‍ഷത്തില്‍ ഈ സമയത്താണ് എനിക്ക് അമ്മയെപ്പറ്റിയുള്ള സ്വപ്‌നങ്ങളുണ്ടാകുന്നത്. അവ എപ്പോഴും ഒരേപോലെയാണ്. വളരെക്കാലത്തിനുശേഷം അമ്മ തിരിച്ചുവരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ, എന്നാല്‍ തീരെ സ്‌നേഹമില്ലാതെ. എന്റെ ഫോണ്‍വിളികള്‍ ഒഴിവാക്കുന്നു. എന്നോട് സഹതാപമില്ലാതെ പെരുമാറുന്നു. അമ്മയുടെ സ്വഭാവത്തിന് തീരെ യോജിക്കാത്തതുപോലെ. എനിക്ക് വേദനയും സങ്കടവുമുണ്ടാകുന്നു. എന്നെ ഉപേക്ഷിച്ച്, എന്നോടു പറയാതെ വ്യാജമരണം അഭിനയിച്ച് അമ്മ പോയതില്‍ ദേഷ്യമുണ്ടാകുന്നു. നീരസത്തിന്റെ നേര്‍ചിത്രീകരണമാണ് ഈ സ്വപ്‌നങ്ങള്‍. മരുന്നിന് അടിമയായി എന്നെ ഉപേക്ഷിച്ചുപോയതിലുള്ള അമര്‍ഷത്തിന്റെ പ്രകടനങ്ങള്‍.

എന്നാല്‍ എനിക്ക് ദേഷ്യമില്ല; നീരസമില്ല. അമ്മയുടെ കാര്യങ്ങള്‍ ഇങ്ങനെ വഷളായതില്‍ ദുഃഖം മാത്രം. അമ്മയെപ്പറ്റി മറ്റെന്തൊക്കെ സ്വപ്‌നങ്ങള്‍ കാണാനാകുമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. തിരിച്ചുവരുമ്പോള്‍ എന്നെക്കണ്ട് ആഹ്ളാദിക്കുന്ന അമ്മ? ഈ സമയമത്രയും പുനരധിവാസകേന്ദ്രത്തിലായിരുന്ന, ഇത്തവണ പൂര്‍ണമുക്തി നേടിയ അമ്മ? വെറുതെ ചുറ്റിത്തിരിയുന്ന, എനിക്ക് ട്യൂണ സാന്‍ഡ് വിച്ച് ഉണ്ടാക്കുന്ന, ‘മോണ്‍ടെല്‍’ കാണുന്ന അമ്മ?

ഒരുപക്ഷേ എന്റെ തലച്ചോറിന് ഇത് സംസ്‌കരിച്ചെടുക്കാന്‍ കഴിയുന്നുണ്ടാകില്ല. അമ്മ തിരിച്ചെത്തിയ, പരിപൂര്‍ണവും മനോഹരവുമായ ഒരു സ്വപ്‌നത്തില്‍നിന്നുള്ള ഉണര്‍ത്തപ്പെടല്‍ അതീവ ദുഃഖകരമായിരിക്കും. ഇപ്പോഴത്തെ സ്വപ്‌നങ്ങളില്‍ നിന്ന് ഉണരുക എന്നത് ആശ്വാസകരമാണ്. ഞാന്‍ എന്നോടു തന്നെ പറയും, ‘ നല്ലത്. എന്റെ അമ്മ ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള അമ്മയായിരുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍