UPDATES

സിനിമ

എന്നോടൊപ്പം മുറിയില്‍ ഉണ്ടായിരുന്നുവെന്നു നിങ്ങള്‍ പറഞ്ഞയാള്‍ ആരാണ്?-മാധ്യമങ്ങളോട് നടി ശ്വേത ബസു ചോദിക്കുന്നു

Avatar

ടീം അഴിമുഖം

വ്യഭിചാര കേസിലേക്ക് തന്നെ മാധ്യമങ്ങള്‍ തെറ്റായി വലിച്ചിഴച്ചതായി മുന്‍ ബാലതാരം ശ്വേത ബസു പ്രസാദ് ആരോപിക്കുന്നു. അവര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വ്യഭിചാര സംഘത്തെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടിയെ 59 ദിവസത്തേക്ക് ഒരു റസ്‌ക്യൂ ഹോമിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍, ഡിസംബര്‍ അഞ്ചാം തീയതി ഹൈദരാബാദിലെ നാംപള്ളി മെട്രോപോലീറ്റന്‍ സെഷന്‍സ് കോടതി ശ്വേതയെ കേസുകള്‍ പിന്‍വലിച്ച് കുറ്റവിമുക്തയാക്കുകയും വിചാരണ കോടതി അവര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം ഉള്‍പ്പെടുത്തി കൊണ്ട് ശ്വേത ബസു പ്രസാദ്  എഴുതിയ തുറന്ന കത്തിന്റെ പൂര്‍ണ രൂപം.

പ്രിയപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ,
യുദ്ധം തകര്‍ത്ത അതിര്‍ത്തികള്‍, പ്രകൃതി ദുരന്തം താണ്ഡവമാടിയ ഇടങ്ങള്‍, ഭീകരാക്രമണം നടന്ന സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിര്‍ഭയമായി തത്സമയം പോലും റിപ്പോര്‍ട്ടുകള്‍ നല്‍കിയ ചില വലിയ മാധ്യമപ്രവര്‍ത്തകരെയും റിപ്പോര്‍ട്ടര്‍മാരെയും ആരാധിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നുവന്നത്. ഇവരുടെ സ്വാധീനത്തിലാണ് ഞാന്‍ ബിരുദത്തിന് മാസ് മീഡിയയും ജേര്‍ണലിസവും പഠിച്ചതും. ‘ഹോ! ഈ ആളുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, സത്യം പുറത്ത് കൊണ്ടുവരുന്നതിനായി അവരുടെ ജീവന്‍ പോലും പണയം വയ്ക്കുന്നു’ എന്ന് ഞാന്‍ എപ്പോഴും അത്ഭുതംകൂറി. ഓ..! നിങ്ങള്‍ എന്റെ ജീവിതം ഇപ്പോള്‍ നാശകോശമാക്കിയിരിക്കുന്നു, നന്നായി. എല്ലാം ചില പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിരവധി നിറം പിടിപ്പിച്ച കഥകളോടൊപ്പം എന്റെ…. ക്ഷമിക്കൂ, എന്റേതല്ലാത്ത ‘പ്രസ്താവനയും’ കൂട്ടിച്ചേര്‍ത്ത്, സംഭവത്തെ കുറിച്ച് നിരവധി വ്യാഖ്യാനങ്ങളാണ് പുറത്ത് വന്നത്. എന്റേതെന്ന് പറഞ്ഞ് പുറത്ത് വന്ന പ്രസ്താവനയില്‍ ഇങ്ങനെ വായിക്കാം:

‘എന്റെ കരിയറില്‍ ഞാന്‍ വളരെ മോശം തിരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ പണത്തിന് ഞെരുക്കത്തിലുമാണ്. എനിക്ക് എന്റെ കുടുംബത്തെ സംരക്ഷിക്കുകയും മറ്റ് ചില ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യണം. എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍, പണം നേടാനായി വ്യഭിചാരം നടത്തുന്നതിന് ചില ആളുകള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. എനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. മറ്റ് സാധ്യതകളൊന്നും എന്റെ മുന്നില്‍ തെളിയാത്തതിനാല്‍ ഞാന്‍ അതുമായി ബന്ധപ്പെടാന്‍ തുടങ്ങി. ഞാന്‍ മാത്രമല്ല ഇത്തരം ഒരു പ്രശ്‌നം അഭിമുഖീകരിക്കുന്നത്. മറ്റ് പല നായിക നടിമാരും ഈ ഘട്ടത്തിലൂടെ കടന്നുപോയവരാണ്’.

ഇത് കാര്യഗൗരവത്തോടെ പറയുന്നതാണോ? ഈ പ്രസ്താവന ആരുടെ മനോധര്‍മമായാലും, അവര്‍ ജോലി സമയത്ത് സിഗററ്റുകള്‍ വലിച്ചിരിക്കുകയായിരുന്നോ? 80 കളിലെ ഒരു ബോളിവുഡ് സിനിമയിലെ ഒരു സംഭാഷണത്തിന് സമാനമാണ് ഈ പ്രസ്താവന. എന്തുകൊണ്ടാണ് ഈ പ്രസ്താവനയില്‍ ‘ആന്റ്’ എന്ന ഇംഗ്ലീഷ് വാക്ക് ഇത്രതവണ ആവര്‍ത്തിച്ചിരിക്കുന്നത്? ദയവായി ഹൈസ്‌കൂള്‍ വ്യാകരണമെങ്കിലും പഠിക്കൂ!

ഭാഗ്യത്തിന്, എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്നെ അറിയുന്നവരും ഈ പ്രസ്താവന വിശ്വസിച്ചിട്ടില്ല. അതിന് ഞാന്‍ അവരോട് നന്ദി രേഖപ്പെടുത്തുന്നു. ഞാന്‍ ഇങ്ങനെ സംസാരിക്കില്ലെന്ന് അവര്‍ക്കറിയാം. പക്ഷെ, ഇന്ത്യയിലുള്ള മറ്റുള്ളവര്‍ക്കും, ഈ ഭൂലോകത്ത് എവിടെയുമുള്ള ആര്‍ക്കും വേണ്ടി ഒരു തവണ കൂടി ഞാന്‍ ആവര്‍ത്തിക്കാം: ഇത് എന്റെ പ്രസ്താവനയല്ല!

നമ്മുടെ സമൂഹത്തിനുള്ള കുഴപ്പം എന്താണെന്ന് വച്ചാല്‍, എല്ലാവരും എന്നോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും, എന്നെ കുറിച്ച്, ‘പാവം പെണ്‍കുട്ടി,’ ‘കഷ്ടമായിപ്പോയി,’ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നിടത്തോളം എല്ലാവരും എന്നെ പിന്തുണയ്ക്കും. പക്ഷെ, 23 വയസുള്ള ഒരു പെണ്‍കുട്ടിക്ക് കരുത്താര്‍ജ്ജിക്കാനും സഹാനുഭൂതിയുടെ സഹായമില്ലാതെ അവള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകും എന്ന് തെളിയിക്കുകയും ചെയ്താല്‍, അവള്‍ കള്ളം പറയുകയാണെന്ന് സമൂഹത്തിന് തോന്നുന്നത് എന്തുകൊണ്ടാണ്? വാര്‍ത്തകള്‍ അങ്ങനെ ആയിപ്പോയതിന് ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ആരെയും നിര്‍ബന്ധിച്ച് സ്‌നേഹിപ്പിക്കാനോ ബഹുമാനിപ്പിക്കാനോ സാധിക്കില്ലല്ലോ. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. സംഭവിച്ചതൊന്നും എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ ആയിരുന്നില്ല.

എന്നെ അറസ്റ്റ് ചെയ്ത ശേഷം അവര്‍ എന്നെ റസ്‌ക്യൂ ഹോമില്‍ ആക്കുകയായിരുന്നു. അവിടെ ഞാന്‍ അമ്പത്തിയൊമ്പതര ദിവസം കഴിഞ്ഞു. 60-ാം ദിവസം മാത്രം വീട്ടിലേക്ക് മടങ്ങിയെത്തിയ ഞാന്‍ ഇതിനിടയില്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കുക? എന്റെ ഫോണ്‍ കണ്ടുകെട്ടപ്പെട്ടിരുന്നു. അമ്മയെയും ചില അടുത്ത സുഹൃത്തുക്കളെയുമാണ് ഞാന്‍ അവസാനമായി വിളിച്ചത്. ആ രണ്ട് മാസം എനിക്ക് വാര്‍ത്താപത്രങ്ങളോ, ടെലിവിഷനോ, ഇന്റര്‍നെറ്റോ, റോഡിയോയോ ഒന്നും പ്രാപ്യമല്ലായിരുന്നു. ഹൈദരാബാദിന്റെ പ്രാന്തപ്രദേശമായ മെഹബൂബ് നഗറിലെ പ്രോജ്വല റസ്‌ക്യു ഹോമിന് വെളിയില്‍ സംഭവിക്കുന്നത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അവിടെ കുട്ടികളെ ഹിന്ദിയും ഇംഗ്ലീഷം ഹിന്ദുസ്ഥാനി സംഗീതവും പഠിപ്പിച്ച് എന്റെ സമയം ഞാന്‍ സുന്ദരമാക്കിയെങ്കിലും… ആ കുട്ടികള്‍ എല്ലായിപ്പോഴും എന്റെ പ്രാര്‍ത്ഥനകളില്‍ കടന്നു വരുന്നു. ഇനി അത് അങ്ങനെ ആയിരിക്കുകയും ചെയ്യും. രണ്ട് മാസത്തിനിടയില്‍ ഞാന്‍ 12 പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തു. അതെ 12. അവിടെ ഞാന്‍ എന്റെ സമയം വളരെ ക്രിയാത്മകമായി ചിലവിട്ടു.

പക്ഷെ ഞാന്‍ 2014 ഒക്ടോബര്‍ 30ന് മുംബൈയിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, രണ്ട് മാസത്തെ എന്റെ അസാന്നിധ്യത്തില്‍ പുറത്തുവന്ന മുഴവന്‍ പത്ര റിപ്പോര്‍ട്ടുകളും ഞാന്‍ കണ്ടു. അവ എന്നെ നിരാശപ്പെടുത്തുന്നതിനേക്കാള്‍ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്!

ഞാന്‍ ഒരു ‘പ്രസ്താവന’ നല്‍കിയതായി ‘പോലീസുകാര്‍’ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളില്‍ കണ്ടു. എന്നാല്‍ ഹൈദരാബാദിലെ പോലീസുമായി ഞാന്‍ ബന്ധപ്പെട്ടപ്പോള്‍ അവരത് നിഷേധിക്കുകയായിരുന്നു. ഞാന്‍ നടത്തിയെന്ന് പറയപ്പെടുന്ന ഏതെങ്കിലും പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പത്രക്കുറിപ്പും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് ഹൈദരാബാദ് പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇത്തരം കേസുകളില്‍ പെടുന്ന ആളുകളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ നിയമം അനുവദിക്കാത്തതിനാല്‍, പോലീസിന് അത്തരമൊരു പത്രക്കുറിപ്പ് ഇറക്കാനും സാധിക്കുമായിരുന്നില്ല. അത് നിയമത്തിന് എതിരാണ്. പിന്നെ എങ്ങനെ അവര്‍ക്കത് സാധിക്കും? ഇങ്ങനെ ഒരു പ്രസ്താവന നിലവിലില്ല. എന്റെ അസാന്നിധ്യമായിരുന്നു അത് പ്രചരിക്കാനുള്ള ഒരു കാരണം.

പിന്നെ, ഈ വ്യവസായികള്‍ക്ക് എന്റെ ജീവിതത്തില്‍ എന്ത് പങ്കാണുള്ളത്? ഇതറിയാന്‍ നിങ്ങളെ പോലെ തന്നെ എനിക്കും ആകാംഷയുണ്ട്! അപ്പോള്‍, ഇതാണ് കടങ്കഥ: ‘എന്നോടൊപ്പം’ പിടിക്കപ്പെട്ട ഈ വ്യവസായ പ്രമുഖരുടെ പേരുകള്‍ വെളിയില്‍ വിടാത്തത് എന്തുകൊണ്ടാണ്?

സൂചന: എന്നെ അറസ്റ്റ് ചെയ്യുന്ന സമയത്ത് എന്നോടൊപ്പം ആ മുറിയില്‍ ഏതെങ്കിലും വ്യവസായി ഉണ്ടായിരുന്നോ?
ആലോചിക്കൂ, ആലോചിക്കൂ…

അത് തെളിയിക്കൂ!

ഓഗസ്റ്റ് 30ന് സംഘടിപ്പിക്കപ്പെട്ട സന്തോഷം അവാര്‍ഡ് ദാനച്ചടങ്ങിനായി ഞാന്‍ ഹൈദരാബാദില്‍ ഉണ്ടായിരുന്നു. ഏതെങ്കിലും ഏജന്റ് എനിക് യാത്രയും താമസവും ഏര്‍പ്പാടാക്കിത്തരികയോ ലൈംഗിക വ്യാപാരത്തിന് പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല! അവാര്‍ഡ് ദാനച്ചടങ്ങ് സംഘടിപ്പിച്ചവര്‍ തന്നെയാണ് എന്നെ ടിക്കറ്റും താമസസ്ഥലവും ഏര്‍പ്പാടാക്കിയത്. ഞാനും മറ്റ് അതിഥികളും താമസിച്ചിരുന്ന ഹോട്ടല്‍, ചടങ്ങിന്റെ ഹോസ്പിറ്റാലിറ്റി പങ്കാളികളില്‍ ഒന്നായിരുന്നു. യാത്രാപരിപാടിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും എന്റെ ഇ-മെയിലില്‍ ഉണ്ട്.

2005 ല്‍ പുറത്തിറങ്ങിയ ഇക്ബാലിന് ശേഷം ഞാന്‍ അഭിനയിക്കേണ്ട എന്നായിരുന്നു എന്റെ മാതാപിതാക്കളുടെ തീരുമാനം. 16 വയസില്‍ ഞാന്‍ സിനിമ ലോകത്തേക്ക് എടുത്ത് ചാടുന്നതിനേക്കാള്‍, ഞാന്‍ പത്തും പന്ത്രണ്ടും ക്ലാസുകള്‍ പാസാവുന്നതിനായിരുന്നു അവര്‍ പ്രാധാന്യം കല്‍പ്പിച്ചത്! എല്ലാ വാരാന്ത്യങ്ങളിലും വാസാബിയില്‍ അത്താഴം കഴിക്കാന്‍ സാധിച്ചിരുന്നില്ല എന്നതിന്റെ അര്‍ത്ഥം എന്നെ വളര്‍ത്തുന്നതിനായി അവര്‍ കഷ്ടപ്പെട്ടില്ല എന്നല്ല. സാധ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസം എനിക്ക് ലഭിച്ചു, എനിക്ക് ജന്മദിന സമ്മാനങ്ങളും കുടുംബ ഉല്ലാസയാത്രകളും കളിക്കാനായി കായിക ക്ലബില്‍ അംഗത്വവും ലഭിച്ചു. സംഗീതം പഠിക്കുന്നതിനായി എന്നെ മ്യൂസിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ത്തു (മുംബൈയില ജൂഹുവിലുള്ള സംഗീത് മഹാഭാരതിയിലാണ് ഞാന്‍ സിത്താര്‍ പഠിച്ചത്). ഒരു ഉയര്‍ന്ന ഇടത്തരം കുടുംബത്തിന് നല്‍കാന്‍ കഴിയുന്ന സൗകര്യങ്ങളെല്ലാം അവര്‍ എനിക്ക് നല്‍കി.

18 വയസായപ്പോഴേക്കും ഞാന്‍ ചില ദക്ഷിണേന്ത്യന്‍ (തെലുങ്ക്, തമിഴ്) സിനിമകളില്‍ അഭിനയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി, ഉസ്താദ് അംജദ് അലി ഖാന്‍, പണ്ടിറ്റ് ശിവകുമാര്‍ ശര്‍മ്മ, ശുഭ മുഡ്ഗല്‍, എ ആര്‍ റഹ്മാന്‍, വിശാല്‍ ഭരദ്വാജ്, ഡോ എല്‍ സുബ്രഹ്മണ്യം, പണ്ടിറ്റ് ഹരിപ്രസാദ് ചൗരസ്യ എന്നിവരുടെ അഭിമുഖങ്ങള്‍ അടങ്ങുന്ന ‘റൂട്ട്‌സ് ഓണ്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്’ എന്ന ഡോക്യൂമെന്ററിയുടെ പണിപ്പുരയിലായിരുന്നു ഞാന്‍. 2014ല്‍ ഒരു സുഹൃത്തായ അഥിരാജ് ബോസിനോടൊപ്പം ചേര്‍ന്ന് INT.CAFE NIGHT എന്ന പന്ത്രണ്ട് മിനിട്ടുള്ള ഷോര്‍ട്ട് ഫിലിം നിര്‍മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. ഷെര്‍നാസ് പാട്ടീല്‍, നസറുദ്ദീന്‍ ഷാ, നവീന്‍ കസ്തൂരിയ എന്നിവര്‍ കൂടി വേഷമിട്ട ഈ ചിത്രം ഇപ്പോള്‍ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. ചില അഭിനയ കരാറുകള്‍ക്കായി ഓഡീഷന്‍ ടെസ്റ്റുകളിലും ഞാന്‍ ഇതിനിടയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അപ്പോള്‍, ഏത് ‘വാതിലുകളാണ്’ അടയ്ക്കപ്പെട്ടത്? അവസാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ തെളിവുകള്‍ കൃത്യമാക്കുക!

ഏതായാലും, 2014 ഡിസംബര്‍ അഞ്ചിന് ഹൈദരാബാദിലെ നാംപള്ളി മെട്രോപോലിറ്റന്‍ കോടതി എനിക്ക് ശുദ്ധിപത്രം നല്‍കുകയും എനിക്കെതിരെ വിചാരണ കോടതി ചുമത്തിയ കുറ്റങ്ങളും സ്‌റ്റേ ഉത്തരവും പിന്‍വലിക്കുകയും ചെയ്തു. ഈ സംഭവ വികാസങ്ങള്‍ക്കിടയിലും എന്നെ പിന്തുണച്ച എല്ലാവര്‍ക്കും എന്റെ നന്ദി. നിങ്ങള്‍ക്ക് ഊഷ്മളമായ ആലിംഗനം.

ഇതിനകം തന്നെ ധാരാളം പറയുകയും ധാരാളം കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഈ സംഭവത്തില്‍ നിന്നും ഞാന്‍ പൂര്‍ണമായി മോചിതയായിരിക്കുന്നു. വ്യാജ പ്രസ്താവന നല്‍കിയവരെയും വിവരങ്ങള്‍ കൃത്യമായി പരിശോധിക്കാതെ തെറ്റായ കഥകള്‍പ്രചരിപ്പിച്ചവരെയും ഞാന്‍ അവഗണിക്കുന്നു. കാരണം ഈ സംഭവം അതില്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നില്ല!

ശ്വേത ബസു പ്രസാദ്
6/12/2014

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍