UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കംബോഡിയയിലെ കൊലക്കളങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത സിഡ്നി എച്ച് ഷാന്‍ബെര്‍ഗ് അന്തരിച്ചു

Avatar

മാറ്റ് ഷൂഡെല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ന്യൂ യോര്‍ക് ടൈംസ് വിദേശകാര്യ ലേഖകനായിരുന്ന സിഡ്നി ഷാന്‍ബെര്‍ഗ് അന്തരിച്ചു. 1975-ല്‍ കംബോഡിയയില്‍ അധികാരം  പിടിച്ചെടുത്ത ഖമെര്‍ റൂഷ് ഭരണകൂടത്തിനെ കുറിച്ചുള്ള ഷാന്‍ബെര്‍ഗിന്റെ ധീരമായ വാര്‍ത്തകള്‍ അദ്ദേഹത്തിന് പുലിറ്റ്സര്‍ സമ്മാനം നേടിക്കൊടുത്തിരുന്നു. ഒസ്കാര്‍ പുരസ്കാരം നേടിയ ‘ദി കില്ലിംഗ് ഫീല്‍ഡ്സ്’ എന്ന  ചലച്ചിത്രം ഈ റിപ്പോര്‍ട്ടുകളെ ആസ്പദമാക്കിയായിരുന്നു. ന്യൂ യോര്‍കിലെ ഒരാശുപത്രിയില്‍ ജൂലായ് 9-നു ഹൃദയാഘാതം മൂലം മരിക്കുമ്പോള്‍ അദ്ദേഹത്തിന് 82 വയസായിരുന്നു.

1970-കളുടെ ആദ്യത്തില്‍ ടൈംസിന്റെ സിംഗപ്പൂര്‍ ലേഖകനായിരിക്കുമ്പോളാണ് ഒരിക്കല്‍ ഫ്രഞ്ച് സംരക്ഷിത പ്രദേശമായിരുന്ന വിയറ്റ്നാം അതിര്‍ത്തിയിലുള്ള കംബോഡിയയെക്കുറിച്ച് ഷാന്‍ബെര്‍ഗ് വാര്‍ത്തകള്‍ എഴുതാന്‍ തുടങ്ങിയത്.

കംബോഡിയയിലെ ഗ്രാമങ്ങളെ മുച്ചൂടും മുടിച്ചുകൊണ്ടുള്ള യു.എസ് ബോംബാക്രമണങ്ങളെക്കുറിച്ച് ആദ്യമായി വിശദമായ വാര്‍ത്തകള്‍ നല്കിയത് അദ്ദേഹമായിരുന്നു. ഒരു വിദൂര ഗ്രാമത്തില്‍ ബി-52 പോര്‍വിമാനങ്ങള്‍ 20 ടണ്‍ ബോംബ് വര്‍ഷിച്ച 1973-ലെ ആക്രമണവും ഇതില്‍പ്പെടും. 150 ഗ്രാമീണരാണ് ഇതില്‍ കൊല്ലപ്പെട്ടത്.

ഒന്നിലധികം ഭാഷകള്‍ അറിയുന്ന, ആ വിഷയത്തെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ള ഡിത് പ്രാന്‍ എന്ന കംബോഡിയക്കാരനായിരുന്നു റിപ്പോര്‍ട്ടിംഗില്‍ ഷാന്‍ബെര്‍ഗിന്റെ പങ്കാളിയും വഴികാട്ടിയും. കമ്മ്യൂണിസ്റ്റ് പിന്തുണയോടുകൂടിയ ഖമെര്‍ റൂഷ് 1975-കളുടെ ആദ്യം തലസ്ഥാന നഗരമായ നോം പെന്‍ പിടിച്ചെടുക്കുന്നതിന് അടുത്തെത്തിയപ്പോഴും അവര്‍ വേര്‍പിരിയാത്ത വാര്‍ത്താപങ്കാളികളായി തുടര്‍ന്നു.

കംബോഡിയയെ ആഭ്യന്തര യുദ്ധം ഗ്രസിച്ചു. ഏപ്രില്‍ 12-നു യു.എസ് നയതന്ത്രകാര്യാലയം അടച്ചു. സ്ഥലം വിട്ടുപോരാനുള്ള ടൈംസിന്റെ നിര്‍ദേശം അവഗണിച്ച ഷാന്‍ബെര്‍ഗ്, ഡിത്തിനൊപ്പം ഫ്രഞ്ച് നയതന്ത്ര കാര്യാലയത്തില്‍ അഭയം തേടി. കംബോഡിയയില്‍ അപ്പോഴുണ്ടായിരുന്ന ഏക യു.എസ് ലേഖകനായിരുന്ന ഷാന്‍ബെര്‍ഗ്, ഖമെര്‍ റൂഷ് ഇരകളുടെ രക്തം ഒഴുകിപ്പരന്ന ആശുപത്രികള്‍ സന്ദര്‍ശിച്ചു.

ഏപ്രില്‍ 17, 1975; ഷാന്‍ബെര്‍ഗും ഡിതും ചില വാര്‍ത്തകള്‍ക്കായി നയതന്ത്ര കാര്യാലയത്തിന്റെ പുറത്തേക്ക് പോകാന്‍ ഒരുങ്ങവേ “സായുധരായ ഖമെര്‍ റൂഷ് പട്ടാളക്കാര്‍ പ്രധാന കവാടത്തിലൂടെ അകത്തേക്ക് ഇരച്ചുകയറി,” ഷാന്‍ബെര്‍ഗ് പിന്നീടെഴുതി.

“കുപിതരായി അലറിയ അവര്‍ ഞങ്ങളെ കാറില്‍ നിന്നും പുറത്തിറക്കി, തലയിലും വയറ്റിലും തോക്കുകള്‍ വെച്ചു, കൈകള്‍ പിന്നില്‍ കെട്ടാന്‍ പറഞ്ഞു, ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നറിയാണ് പ്രാനിനെ (ഡിത് പ്രാന്‍) നോക്കി.”

“ഇതിനുമുമ്പും ഞങ്ങള്‍ വിഷമകരമായ സാഹചര്യങ്ങളില്‍പെട്ടിട്ടുണ്ട്, പക്ഷേ അയാളുടെ മുഖത്ത് ഇത്ര വ്യക്തമായ ഭയം ഞാന്‍ അതുവരെ കണ്ടിരുന്നില്ല. അവര്‍ പറയുന്നതെല്ലാം ചെയ്യാന്‍ വിക്കിക്കൊണ്ട് അയാള്‍ പറഞ്ഞു. ഞാന്‍ വിറയ്ക്കുകയായിരുന്നു. ഞങ്ങള്‍ അവിടെവെച്ചുതന്നെ കൊല്ലപ്പെടാന്‍ പോവുകയാണെന്ന് ഞാന്‍ കരുതി. പക്ഷേ എങ്ങനെയൊക്കെയോ സമചിത്തത വീണ്ടെടുത്ത പ്രാന്‍ അവരോട് അപേക്ഷിക്കാന്‍ തുടങ്ങി. അപ്പോഴും കൈകള്‍ തലക്ക് പുറകില്‍ കെട്ടിയിരുന്ന അയാള്‍ ഞങ്ങള്‍ അവരുടെ ശത്രുക്കളല്ലെന്നും അവരുടെ വിജയത്തിന്റെ വാര്‍ത്തകള്‍ നല്‍കുന്ന വിദേശ ലേഖകരാണെന്നും  ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.”

ഡിതിന്റെ അപേക്ഷ ഫലിച്ചു. ഇരുവരെയും അവര്‍ വിട്ടയച്ചു. ദിവസങ്ങള്‍ക്കുശേഷം എല്ലാ കംബോഡിയക്കാരും ഫ്രഞ്ച് നയതന്ത്രകാര്യാലയം വിടണമെന്ന് ഖമെര്‍ റൂഷ് നിര്‍ദേശം നല്കി. നോം പെനില്‍ നിന്നും ഗ്രാമങ്ങളിലെ അജ്ഞാതമായ ഭാവിയിലേക്ക് ആട്ടിത്തെളിച്ച പതിനായിരക്കണക്കിനാളുകളില്‍ ഒരാളായി ഡിത്.

സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ മറ്റ് പാശ്ചാത്യരോടൊപ്പം ഏപ്രില്‍ 30-നു ഒരു ട്രക്കില്‍ കയറി അതിര്‍ത്തികടന്ന്  തായിലണ്ടിലേക്ക് കടന്നു. ബാങ്കോക്കില്‍ എത്തിയ ഷാന്‍ബെര്‍ഗ് നോം പെന്‍ വീണതിനെക്കുറിച്ച് ഖമെര്‍ റൂഷിന്റെ ഭീകരതകളെക്കുറിച്ചുള്ള നാടകീയമായ വിശദാംശങ്ങള്‍ നിറഞ്ഞ ഒരു നേര്‍ക്കാഴ്ച്ച വിവരണമെഴുതി.

1976-ല്‍ പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരം നല്കുമ്പോള്‍ കടുത്ത അപായ സാഹചര്യങ്ങളില്‍ നടത്തിയ ജോലിക്ക് പുലിറ്റ്സര്‍ സമിതി അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു. ഡിത്തിനുള്ള പുരസ്കാരവും അയാള്‍ക്കുവേണ്ടി ഷാന്‍ബെര്‍ഗ് സ്വീകരിച്ചെങ്കിലും നാല് കൊല്ലത്തിലേറെക്കാലം തന്റെ വാര്‍ത്താപങ്കാളിയെക്കുറിച്ച് ആയാള്‍ക്ക് ഒരുവിവരവും ലഭിച്ചിരുന്നില്ല.

ഒടുവില്‍, 1979 ഒക്ടോബറില്‍ ഡിത് തായിലണ്ടിലെ ഒരു അഭയാര്‍ത്ഥി താവളത്തില്‍ എത്തിയതായി വിവരം കിട്ടി. ഉടനടി വിമാനം കയറി അവിടെയെത്തിയ ഷാന്‍ബെര്‍ഗ് ആറ് മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്തു കംബോഡിയന്‍ അതിര്‍ത്തിക്കരികിലെത്തി.

ന്യൂ യോര്‍ക് ടൈംസില്‍ 1980-ല്‍ പ്രസിദ്ധീകരിച്ച ‘ദി ഡെത്ത് ആന്‍ഡ് ലൈഫ് ഓഫ് ഡിത്ത് പ്രാന്‍’ എന്ന ലേഖനത്തില്‍ തന്റെ സുഹൃത്തിന്റെ ദുരിതങ്ങള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. 1984-ല്‍ പുറത്തുവന്ന ‘ദി കില്ലിംഗ് ഫീല്‍ഡ്സ്’ എന്ന ചിത്രത്തിന്റെ കഥാപാശ്ചാത്തലം ഇതായിരുന്നു. സാം വാട്ടേഴ്സ്റ്റനായിരുന്നു ഷാന്‍ബര്‍ഗായി വേഷമിട്ടത്.

കംബോഡിയയില്‍ നിന്നും പലായനം ചെയ്ത ഹെയ്ങ്ഗ് ങോര്‍ എന്ന കംബോഡിയക്കാരനായ ഡോക്ടര്‍ക്ക് ഡിത്തിന്റെ വേഷം അഭിനയിച്ചതിന് മികച്ച സഹനടനുള്ള അക്കാഡമി പുരസ്കാരം ലഭിച്ചു.

ഷാന്‍ബെര്‍ഗുമായി വേര്‍പ്പെട്ടതിന് ശേഷമുള്ള ഡിത്തിന്റെ ജീവിതത്തിന്റെ യഥാതഥമായ ചിത്രീകരണമാണ് ചലച്ചിത്രം. പലപ്പോഴും നാറുന്ന വെള്ളത്തില്‍ നിന്നുകൊണ്ടു ദിവസം 14 മണിക്കൂര്‍ വരെ അയാള്‍ക്ക് കടുത്ത ജോലി ചെയ്യേണ്ടിവന്നു. ഒരു ദിവസം ഒരു ടേബിള്‍ സ്പൂണ്‍ അരിയായിരുന്നു കിട്ടിയിരുന്നത്. വണ്ടുകളും, ഒച്ചുകളും, എലികളും  ഭക്ഷണമാക്കിയും പോത്തുകളുടെ ചോരകുടിച്ചുമൊക്കെയാണ് അയാള്‍ ജീവന്‍ നിലനിര്‍ത്തിയത്.

അയാളുടെ കുടുംബത്തിലെ പലരും കൊല്ലപ്പെട്ടു. ഒരു സഹോദരനെ മുതലകള്‍ക്കിടയിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. നിരന്തരം മര്‍ദ്ദനത്തിന് വിധേയനായെങ്കിലും വെറും ഡ്രൈവറും കൂലിക്കാരനുമാണെന്ന് നടിച്ച് തന്റെ വിദ്യാഭ്യാസയോഗ്യതകള്‍ അയാള്‍ മറച്ചുവെച്ചു.

കംബോഡിയയിലെ ബുദ്ധിജീവികളെയും നഗര ധനികരെയും കൊന്നൊടുക്കിയ ഖമെര്‍ റൂഷ് അടിച്ചമര്‍ത്തലില്‍ ഏതാണ്ട് 2 ദശലക്ഷത്തിനും 3 ദശലക്ഷത്തിനും ഇടയ്ക്കു ആളുകള്‍-രാജ്യത്തെ മൊത്തം ജനസംഖ്യ 7 ദശലക്ഷമായിരുന്നു- കൊല്ലപ്പെടുകയോ പട്ടിണികിടന്ന് മരിക്കുകയോ ചെയ്തു.

എങ്ങനെയൊക്കെയോ ഡിത് ഇതിനെയൊക്കെ അതിജീവിച്ചു. ഷാന്‍ബെര്‍ഗിന്റെ 1980-ലെ ലേഖനത്തില്‍ തായ് അഭയാര്‍ത്ഥി താവളത്തില്‍ വെച്ചുള്ള അവരുടെ കൂടിക്കാഴ്ച്ച വിവരിക്കുന്നുണ്ട്.

“ഒരു ചെറുപ്പക്കാരന്‍ അയാളെ കൊണ്ടുവരാന്‍ ഖമെര്‍ ഭാഷയില്‍ ഉറക്കെവിളിച്ചുകൊണ്ട് ഓടിപ്പോയി,”ഷാന്‍ബെര്‍ഗ് എഴുതി. “സഹോദര, ആരോ വന്നിരിക്കുന്നു. അപ്പോള്‍ പ്രാന്‍ ഓടിവന്നു. ഒരു നിമിഷാര്‍ദ്ധത്തില്‍ എത്ര പീഡിതനും ദുര്‍ബ്ബലനുമായിരിക്കുന്നു അയാളെന്ന് ഞാന്‍ തിരിച്ചറിഞ്ഞു-അയാള്‍ എന്റെ കൈകളിലേക്ക് ചാടിവീണ്, കാലുകള്‍ എന്റെ അരക്കെട്ടിലേക്ക് ചുറ്റിവെച്ചു. തല എന്റെ ചുമലുകളില്‍ പൂഴ്ത്തി. ‘നിങ്ങള്‍ വന്നു സിദ്, ഓ സിദ്, നിങ്ങള്‍ വന്നു’ എന്നു വിതുമ്പി”

1934 ജനുവരി 17-നു മസാച്ചുസെറ്റ്സിലെ ക്ലിന്‍റണിലാണ് സിഡ്നി ഹിലേല്‍ ഷാന്‍ബെര്‍ഗ് ജനിച്ചത്. അയാളുടെ അച്ഛന്‍ ഒരു പലചരക്കുകടക്കാരനായിരുന്നു.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും 1955-ല്‍ ബിരുദമെടുത്ത ഷാന്‍ബെര്‍ഗ്, രണ്ടു വര്‍ഷത്തോളം പട്ടാളത്തില്‍ പോയി. അധികവും ജര്‍മ്മനിയില്‍ ലേഖകനായിട്ടായിരുന്നു. 1959-ല്‍ ന്യൂ യോര്‍ക് ടൈംസിന്റെ ലേഖകനായി ചേര്‍ന്നു. 1969-ല്‍ പത്രത്തിന്റെ ന്യൂ ഡല്‍ഹി ബ്യൂറോയിലെത്തി.

കംബോഡിയക്ക് ശേഷം ഷാന്‍ബെര്‍ഗ് പത്രത്തിന്റെ മെട്രോപൊളിറ്റന്‍ ഡെസ്കില്‍ പത്രാധിപരായി. വിദേശത്ത് ഏറെ വിജയിച്ച അദ്ദേഹത്തിന്റെ ധീരമായ ശൈലിക്ക് പക്ഷേ ന്യൂ യോര്‍കില്‍ മേധാവികളുമായി കോര്‍ക്കേണ്ടിവന്നു. ഒരു നിര്‍ദ്ദിഷ്ട ദേശീയപാത പദ്ധതിയില്‍ പത്രത്തിന്റെ വാര്‍ത്താസമീപനത്തെ എതിര്‍ത്തതോടെ അദ്ദേഹത്തിന്റെ പംക്തി പൊടുന്നനെ നിര്‍ത്തലാക്കി.

ടൈംസ് വിട്ട ഷാന്‍ബെര്‍ഗ് പിന്നീട് 10 കൊല്ലം ന്യൂ യോര്‍ക് ന്യൂസ്ഡേയില്‍ പംക്തി എഴുതി. പിന്നീട് വില്ലേജ് വോയ്സ്, തുടങ്ങി പലതിലും എഴുതിയ അദ്ദേഹം ഒടുവില്‍ ന്യൂ പാല്‍റ്റ്സ്, ന്യൂ യോര്‍കില്‍ സ്ഥിരമാക്കി. അവിടെ ന്യൂ യോര്‍ക് സ്റ്റേറ്റ് സര്‍വകലാശാലയുടെ ഒരു ശാഖയില്‍ പഠിപ്പിക്കുകയും ചെയ്തു.

ആദ്യവിവാഹത്തില്‍ നിന്നും രണ്ടു കുട്ടികളുണ്ട്. ജെയിന്‍ ഫ്രെയ്മാന്‍ ഷാന്‍ബെര്‍ഗാണ് 21 വര്‍ഷമായി ജീവിതപങ്കാളി. 

അവസാനകാലങ്ങളില്‍ വിഷമമേറിയ വിഷയങ്ങളെക്കുറിച്ചായിരുന്നു ഷാന്‍ബെര്‍ഗ് എഴുതിയത്. വിയത്നാം യുദ്ധകാലത്ത് കാണാതാവുകയോ തടവുകാരാക്കപ്പെടുകയോ  ചെയ്തെന്ന് കരുതുന്ന സൈനികരെക്കുറിച്ചുള്ള യു.എസ് സര്‍ക്കാരിന്റെ അനാസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതി.

പുലിറ്റ്സര്‍ പുരസ്കാരത്തിന് പുറമെ “ബിയോണ്ട് ദി കില്ലിംഗ് ഫീല്‍ഡ്സ്” എന്ന 2010-ല്‍ പ്രസിദ്ധീകരിച്ച ലേഖന സമാഹാരത്തിന് George Polk പത്രപ്രവര്‍ത്തന പുരസ്കാരവും ലഭിച്ചു.

“ഞാന്‍ മരണങ്ങള്‍ കണ്ടു. ഒരുപാട്,” 2001-ല്‍ ന്യൂ യോര്‍ക് ഒബ്സെര്‍വറിന് നല്കിയ ഒരു അഭിമുഖത്തില്‍ ഷാന്‍ബെര്‍ഗ് പറഞ്ഞു. “നിങ്ങള്‍ക്കൊരിക്കലും അതുമായി പൊരുത്തപ്പെടാനാവില്ല. ഒരിക്കലും. പ്രവര്‍ത്തിക്കാനായി നിങ്ങള്‍ നിങ്ങളോട് പലതും പറയും, പക്ഷേ നിങ്ങള്‍ ഒടുവില്‍ തകര്‍ന്നുപോകും. അത് എപ്പോഴും സഹിക്കാവുന്നതിലേറെയാണ്. ഒടുവില്‍, ഒറ്റയ്ക്കിരുന്ന് കരയാന്‍ പറ്റുന്ന ഒരു മുറി നിങ്ങള്‍ക്ക് കണ്ടെത്തേണ്ടിവരും.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍