UPDATES

വിദേശം

സിറിയന്‍ ആഭ്യന്തര യുദ്ധം: പലായനം ചെയ്തത് 50 ലക്ഷത്തിലധികം അഭയാര്‍ഥികള്‍

സിറിയന്‍ അഭയാര്‍ത്ഥികളുടെ പത്ത് ശതമാനത്തെ 2018ന് മുമ്പ് പുനഃരധിവസിപ്പിക്കാമെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജനീവയില്‍ നടന്ന യോഗത്തില്‍ ലോക നേതാക്കന്മാര്‍ വാഗ്ദനം നല്‍കിയിരുന്നു. എന്നാല്‍ ആവശ്യമുള്ളതിന്റെ പകുതി സ്ഥലം മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്.

സിറിയയിലെ ആഭ്യന്തര യുദ്ധം മൂലം രാജ്യത്ത് നിന്നും പലായനം ചെയ്തവരുടെ എണ്ണം അഞ്ച് ദശലക്ഷം കവിഞ്ഞു എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. എന്നാല്‍ ഇവര്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിനുള്ള സാധ്യത കുറഞ്ഞുവരികയാണെന്ന ആശങ്കയും യുഎന്‍ പ്രകടിപ്പിക്കുന്നു. സിറിയന്‍ അഭയാര്‍ത്ഥികളുടെ പത്ത് ശതമാനത്തെ 2018ന് മുമ്പ് പുനഃരധിവസിപ്പിക്കാമെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജനീവയില്‍ നടന്ന യോഗത്തില്‍ ലോക നേതാക്കന്മാര്‍ വാഗ്ദനം നല്‍കിയിരുന്നു. എന്നാല്‍ ആവശ്യമുള്ളതിന്റെ പകുതി സ്ഥലം മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പുനഃരധിവാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഎന്നിന്റെ ഈ മുന്‍കൈ അട്ടിമറിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിടാനും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള ശ്രമങ്ങള്‍ യൂറോപ്പിലും വര്‍ദ്ധിച്ചുവരികയാണ്.

2016ല്‍ സിറിയയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച 5,000 അഭയാര്‍ത്ഥികളാണ് മുങ്ങിയോ ശ്വാസം മുട്ടിയോ അല്ലെങ്കില്‍ കൊടുംതണുപ്പിലോ ജീവന്‍ വെടിച്ചത്. ഈ വര്‍ഷം ഇതിനകം തന്നെ 1000 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ആറു വര്‍ഷത്തെ ക്രൂരമായ ആഭ്യന്തര യുദ്ധത്തില്‍ നിന്നും പലായനം ചെയ്യുന്നവരെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം എന്നാണ് യുഎന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ഹൈകമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ആവശ്യപ്പെട്ടു. പുനഃരധിവാസ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയും അഭയാര്‍ത്ഥികള്‍ക്ക് രക്ഷപ്പെടാനുള്ള പുതിയ പാതകള്‍ സൃഷ്ടിച്ചുകൊണ്ടും കൂടുതല്‍ സജീവമായ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിനായി പുതിയ സ്ഥലങ്ങള്‍ അനുവദിച്ചുകിട്ടുകയും നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ച് ദശലക്ഷം പേര്‍ക്കുള്ള ഇടം വാഗ്ദാനം ചെയ്യപ്പെട്ടതില്‍ 2,50,000 പേര്‍ക്കുള്ള ഇടം ഇതിനകം ലഭ്യമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വാഗ്ദാനം പാലിക്കുന്തില്‍ നാടകീയമായ വര്‍ദ്ധനയുണ്ടായെങ്കില്‍ മാത്രമേ ജനീവ സമ്മേളനം നിശ്ചയിച്ച ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഏറ്റവും പിന്നോക്കാവസ്ഥ അനുഭവിക്കുന്ന അഭയാര്‍ത്ഥികളെ പുനരധിവസിപ്പാക്കാനാണ് യുഎന്‍ ആവശ്യപ്പെടുന്നത്. അവരുടെ ജീവിതം തിരിച്ചുപിടിക്കാന്‍ സാധിക്കുന്നതോടൊപ്പം അവരെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും ഗുണകരമായ രീതിയിലായിരിക്കണം ഈ പുനഃരധിവാസം എന്നും ലോക സംഘടന നിഷ്‌കര്‍ഷിക്കുന്നു. കഴിഞ്ഞ സെപ്തംബറില്‍ പുറത്തിറക്കിയ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള ന്യൂയോര്‍ക്ക് പ്രഖ്യാപന പ്രകാരം അഭയാര്‍ത്ഥികള്‍ക്ക് പാര്‍പ്പിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ യുഎന്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ അതിന് ശേഷം പുതിയ പരിപാടികളൊന്നും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. സംഘര്‍ഷം ഉടനെയൊന്നും അവസാനിക്കാന്‍ സാധ്യതയില്ലാത്ത യുദ്ധബാധിത രാജ്യങ്ങളായ സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യമന്‍, ലിബിയ എന്നിടങ്ങളില്‍ നിന്നുള്ള പലായനങ്ങള്‍ തുടരുകയാണ്.

ദിവസവും ആയിരക്കണക്കിന് കുട്ടികളാണ് സിറിയയില്‍ നിന്നും പലായനം ചെയ്യുന്നത് എന്ന് സേവ് ദ ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സംഘടന പറയുന്നു. ഒരു തലമുറ തന്നെ അഭയാര്‍ത്ഥികളായി മാറുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും പ്രതിസന്ധി പരിഹരിക്കുന്നതില്‍ ലോകം സമ്പൂര്‍ണമായി പരാജയപ്പെട്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സിറിയയില്‍ സാധാരണനില കൈവന്നുകഴിഞ്ഞാല്‍, അവിടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ഈ കുട്ടികളാണെന്നും അതിനാല്‍ അവര്‍ക്ക് അടിയന്തിര പിന്തുണ ലഭ്യമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്ക് പ്രകാരം 2017ല്‍ 1.2 ദശലക്ഷം അഭയാര്‍ത്ഥികള്‍ക്കാണ് പുനഃരധിവാസം ആവശ്യമായി വരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണിത്.

2020ഓടെ 20,000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ അഭയം നല്‍കുമെന്ന് ഡേവിഡ് കാമറൂണ്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബര്‍ വരെ വെറും 4,400 പേര്‍ക്കാണ് രാജ്യത്ത് അഭയം ലഭിച്ചത്. 64,000 സിറിയക്കാര്‍ക്ക് അഭയം നല്‍കാമെന്നാണ് യുഎസ് വാഗ്ദാനം നല്‍കിയിരുന്നത്. പദ്ധതി ലഘൂകരിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്കെതിരെ കോടതിയില്‍ പോരാട്ടങ്ങള്‍ നടക്കുകയാണ്. ബോട്ടിലുള്ള യാത്ര കുറയ്ക്കുന്നത് സംബന്ധിച്ച യുറോപ്യന്‍ യൂണിയനുമായുള്ള കരാറിന്റെ ഭാഗമായി തുര്‍ക്കി ഇപ്പോള്‍ 2.97 ദശലക്ഷം സിറിയക്കാര്‍ക്ക് അഭയം നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യുറോപ്പിലേക്ക് 28,000 അഭയാര്‍ത്ഥികളാണ് കൂടുതലായി അഭയം തേടി എത്തിയത്. എത്തുന്ന മൊത്തം അഭയാര്‍ത്ഥികളില്‍ 22 ശതമാനം മാത്രമാണ് സിറിയക്കാര്‍. പതിനൊന്ന് ശതമാനം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരും 10 ശതമാനം നൈജീരിയയില്‍ നിന്നുള്ളവരും ബാക്കി ഇറാഖ്, എറിത്രിയ, പാകിസ്ഥാന്‍, സബ് സഹാറ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍