UPDATES

വിദേശം

മദായ ഒരു നഗരമായിരുന്നു; ഇന്നതൊരു ശ്മശാനമാണ്

Avatar

ഹഗ് നേയ്‌ലര്‍, സൂസന്‍ ഹൈദമസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഉപരോധിക്കപ്പെട്ട സിറിയന്‍ നഗരമായ മദായയില്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിയ വാഹനവ്യൂഹം എത്തുന്ന നേരത്ത് ഇനിയും പിടിച്ചുനില്‍ക്കാനാകാത്തവണ്ണം വലഞ്ഞിരുന്നു സെറീനയും കൂടെയുള്ളവരും. 

മാസങ്ങളായി അവള്‍ മതിയാവണ്ണം ആഹാരം കഴിച്ചിട്ട്. വീട്ടില്‍ ബാക്കിയുള്ള അല്‍പ്പം അരിയും ധാന്യവും പേരകുട്ടികള്‍ക്കു നല്‍കുകയാണ്. തന്റെ സുഹൃത്തുക്കള്‍ ചലിക്കുന്ന അസ്ഥികൂടങ്ങളായി നീങ്ങുന്നത് അവള്‍ കണ്ടു. 

പിന്നെ ഈ അടുത്ത ആഴ്ച്ചകളിലായി ആളുകള്‍ മരിച്ചുവീഴാന്‍ തുടങ്ങി. 

ആദ്യം അയല്‍ക്കാരിലൊരാള്‍, പിന്നെ അയാളുടെ ഒമ്പതു വയസായ മകന്‍. ഒടുവില്‍, ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു കരാറിന്റെ ഭാഗമായി ഈ മലനിരകളിലെ ജനവാസകേന്ദ്രത്തിന് നേരെയുള കണ്ണില്‍ച്ചോരയില്ലാത്ത ഉപരോധം താത്ക്കാലികമായി നീക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ സമ്മതിച്ചപ്പോള്‍ 60 വയസായ ഒരു സുഹൃത്തുകൂടി മരിച്ചിരുന്നു.

‘തന്റെ പേരക്കുട്ടികള്‍ക്ക് കഴിക്കാനായി ആ സ്ത്രീ ഭക്ഷണം കഴിക്കുന്നതു നിര്‍ത്തിയിരുന്നൂ എന്നു അവരുടെ വീട്ടുകാര്‍ പറഞ്ഞു,’ മദായയില്‍ നിന്നും സ്‌കൈപ് വഴി സംസാരിക്കവേ സെറീന്‍ പറഞ്ഞു. ‘അവരുടെ പേരക്കുട്ടികള്‍ ജീവിച്ചിരിക്കുന്നു, ദൈവത്തിന് നന്ദി.’

പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ സര്‍ക്കാരും ഐക്യരാഷ്ട്രസഭയും തമ്മില്‍ ഉണ്ടാക്കിയ ധാരണയനുസരിച്ച് സന്നദ്ധസഹായ സംഘങ്ങളെ, ലെബനീസ് അതിര്‍ത്തിയില്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന് 15 മൈല്‍ പടിഞ്ഞാറു കിടക്കുന്ന ഈ നഗരത്തിലേക്ക് വണ്ടികളുമായി കടക്കാന്‍ അനുവദിച്ചു. ദൗത്യം നിരവധി ആഴ്ച്ചകള്‍ നീളുമെന്നാണ് കരുതുന്നത്. ഫുവ, കെഫ്രായ എന്നീ രണ്ടു സര്‍ക്കാര്‍ അനുകൂല ഗ്രാമങ്ങളിലേക്കും ഭക്ഷണമെത്തിക്കും. 

പ്രതിപക്ഷാനുകൂല നഗരമായ മദായക്ക് നേരെ വേനല്‍ക്കാലം മുതല്‍ സര്‍ക്കാര്‍ സേന അവിടെക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും ചരക്കുകളുടെയും നീക്കം തടഞ്ഞ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വടക്കന്‍ പ്രവിശ്യയായ ഇദ്‌ലിബിലെ നിരന്തരമായ ബോംബാക്രമണം സര്‍ക്കാരനുകൂല ഗ്രാമങ്ങളായ ഫുവ, കെഫ്രായ എന്നിവക്കെതിരെ വിമതസേനയും ഇതുതന്നെയാണ് ചെയ്യുന്നത്. 

നഗരത്തിലെ എല്ലും തോലുമായ കുട്ടികളുടെ ചിത്രം ട്വിറ്ററിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും അടുത്ത ദിവസങ്ങളില്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ഈ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 

സന്നദ്ധ പ്രവര്‍ത്തകര്‍ സഹായവുമായി നഗരത്തില്‍ എത്തിയ ഉടനെ യു എന്‍ മനുഷ്യകാരുണ്യ വിഭാഗം മേധാവി സ്റ്റീഫന്‍ ഓബ്രിയാന്‍ പറഞ്ഞത് 400ഓളം ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന ആളുകള്‍ അവിടെയുണ്ടെന്നും അടിയന്തര വൈദ്യസഹായം ലഭിച്ചിട്ടിലെങ്കില്‍ അവര്‍ മരിച്ചുപോയേക്കാം എന്നുമാണ്. 

നഗരത്തിലെത്തിയ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി എലിസബത്ത് ഹോഫ് റോയിറ്റേഴ്‌സിനോട് പറഞ്ഞത് അവിടുത്തെ സാഹചര്യം ശരിക്കും ഭയാനകമാണ് എന്നാണ്. 

എന്നാല്‍ പട്ടിണിക്കിടല്‍ ഒരു നയമായി സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന ആരോപണം നിഷേധിച്ച യു എന്നിലെ സിറിയന്‍ പ്രതിനിധി ബഷര്‍ ജാഫറി നുണകള്‍ പ്രചരിപ്പിക്കുന്നതിന് അറബി മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. 

എന്നാല്‍ നാല്‍പ്പതുകാരിയായ സെറീന്‍, പറയുന്നതു പട്ടിണിയല്ലാതെ തനിക്കുചുറ്റും മറ്റൊന്നും കാണാനില്ല എന്നാണ്. അത്താഴത്തിനായി തന്റെ പൂച്ചയെ കൊന്ന് മുറിച്ചുനല്‍കാനുള്ള ഒരാളുടെ ആവശ്യം ഒരു കശാപ്പുകാരന്‍ നിരസിച്ച സംഭവം സെറീന്‍ ഓര്‍ക്കുന്നു. കുഞ്ഞുസഹോദരിക്ക് ഭക്ഷണം നല്‍കാന്‍ 10 വയസുകാരിയായ അനന്തരവള്‍ വിശന്നിരുന്ന കഥയും സെറീന്‍ പറഞ്ഞു. ‘ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കുപോലും മുതിര്‍ന്നവരാകേണ്ടിവരുന്നു.’ അവര്‍ക്കൊപ്പം അപ്പൂപ്പനും അമ്മൂമ്മയും, അമ്മയും സഹോദരന്റെ കുടുംബവുമുണ്ട്. 

ഈ വേനല്‍ക്കാലത്താണ് സിറിയന്‍ സേനയും ഹിസ്ബുള്ള പോരാളികളും ആക്രമിച്ചതിനെ തുടര്‍ന്ന് അയല്‍നഗരമായ സബാദാനിയില്‍ നിന്നും സെറീനും അമ്മയും പലായനം ചെയ്തത്. 

ദമാസ്‌കസിനും ലെബനനും ഇടക്കുള്ള ഭൂപ്രദേശത്തില്‍ നിന്നും പടിഞ്ഞാറന്‍ തീരദേശത്തുനിന്നും വിമതരെ തുരത്താനുള്ള അസദ് സര്‍ക്കാരിന്റെ സൈനിക നീക്കത്തിന്റെ ഭാഗമായാണ് മദായക്കും സബാദാനിക്കും നേരെയുള്ള ആക്രമണം. സര്‍ക്കാര്‍ സേന മദായ വളഞ്ഞെങ്കിലും ആക്രമിച്ച് കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ഫുവ, കെഫ്രായ ഗ്രാമങ്ങള്‍ക്ക് നേരെ വിമതര്‍ ആക്രമണം നടത്തുമെന്ന ആശങ്കയിലായിരുന്നു അത്. 

ഈ പ്രദേശങ്ങളിലേക്ക് ഭക്ഷണം എത്തിക്കാന്‍ സെപ്തംബറില്‍ യു എന്‍ ഇടപെട്ട് ഒരു ധാരണയുണ്ടാക്കിയെങ്കിലും അത് നടന്നില്ല. 

2011ല്‍ സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങുന്നതിന് മുമ്പ് സെറീന്റെ ഭര്‍ത്താവ് ഒരു പലചരക്കുകട നടത്തുകയായിരുന്നു. അവരൊരു വീട്ടമ്മയും. പ്രദേശത്തുനിന്നുള്ള പലരെയും പോലെ അവരും സമാധാനപരമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും പിന്നീട് ആഭ്യന്തര യുദ്ധമായി വളര്‍ന്ന സായുധകലാപത്തെ പിന്തുണയ്ക്കുകയും ചെയ്തു. രണ്ടരലക്ഷം സിറിയക്കാരാണ് ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. 

അവരുടെ മുതിര്‍ന്ന മൂന്നു മക്കളും രാജ്യം വിട്ടോടിപ്പോയി. പക്ഷേ മുഹമദ് സബാദാനിയില്‍ കഴിഞ്ഞ വേനലില്‍ ഇസ്ലാമിക വിമതസേന അഹ്രാര്‍ അല്‍ശാമിന് വേണ്ടി പോരാടി കൊല്ലപ്പെട്ടു. തനിക്ക് മരണത്തില്‍ വിലപിക്കാനുള്ള സാവകാശമൊന്നുമില്ലായിരുന്നുവെന്ന് സെറീന്‍ പറയുന്നു.

എങ്ങനെ ജീവന്‍ നിലനിര്‍ത്താം എന്നതായിരുന്നു പരിഭ്രാന്തി. 

‘ആദ്യം നിങ്ങളുടെ തൂക്കം കുറഞ്ഞുവരും. പിന്നെ ഓരോ മായിക കാഴ്ച്ചകള്‍ കാണാന്‍ തുടങ്ങും. ആളുകളുമായി സംസാരിക്കും, പിന്നെ അന്നെന്താണ് പറഞ്ഞതെന്ന് പൂര്‍ണമായും മറക്കും.’

സിറിയന്‍ സേനയും, ഹിസ്ബുള്ള പോരാളികളും സ്ഥാപിച്ച പരിശോധനാകേന്ദ്രങ്ങള്‍ കടന്നു ഭക്ഷണമെത്തിക്കുന്ന കച്ചവടക്കാരില്‍നിന്നും കൊള്ളവില നല്‍കി വാങ്ങിക്കുന്നതിന് താനും കുടുംബവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം സ്വരുക്കൂട്ടിയതിനെക്കുറിച്ചും അവര്‍ പറഞ്ഞു. ഏതാണ്ടൊരു കിലോ അരിക്ക് 100 ഡോളറിലേറെയാണ് വില. 

നവംബറില്‍ തോക്കുധാരികള്‍ കാവല്‍ നില്‍ക്കുന്ന പരിശോധനാകേന്ദ്രങ്ങളെ ഒളിച്ചുകടന്നു വൈദ്യസഹായത്തിനായി പോകാന്‍ താന്‍ ശ്രമിച്ചെന്നും സെറീന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അര്‍ബുദത്തിന് കീമോതെറാപ്പി കഴിഞ്ഞ അവര്‍ക്ക് ഡോക്ടറെ കാണേണ്ടിയിരുന്നു. പക്ഷേ അര്‍ദ്ധരാത്രി നഗരാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോള്‍ പണം വാങ്ങി അതിനു സഹായിക്കാന്‍ ഏറ്റ കൂട്ടത്തിലെ ഒരാള്‍ കുഴിബോബില്‍ ചവിട്ടി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അതോടെ ആ ശ്രമം പരാജയപ്പെട്ടു. 

ഇപ്പോള്‍ ഭക്ഷ്യ വസ്തുക്കളും സഹായവും വന്നതോടെ ഉപരോധം അവസാനിക്കുമെന്നും സാധാരണഗതിയിലേക്ക് മടങ്ങി എത്രയും വേഗം ആഹാരം കഴിക്കാനും ഡോക്ടറെ കാണാനും കഴിയുമെന്ന പ്രതീക്ഷയിലാണവര്‍.

‘ഇനിയുമൊരു ഉപരോധത്തിലേക്ക് തിരിച്ചുപോകാന്‍ ഞങ്ങള്‍ക്കാവില്ല.’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍