UPDATES

വിദേശം

യുദ്ധം തകര്‍ത്ത സിറിയയില്‍ ബധിരയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം

Avatar

ഹഫ് നെയ് ലാര്‍
(വാഷിംഗ്‌ടണ്‍ പോസ്റ്റ്) 

യുദ്ധവിമാനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും, ബോംബ് സ്ഫോടന ശബ്ദവും കാരണം ആളുകള്‍ അലറിക്കരയുന്നു. പക്ഷേ ഏഴു വയസ്സുകാരി മരാം ലഹം എന്ന പെണ്‍കുട്ടി സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്‍റെ ഈ കോലാഹലമൊന്നും കേള്‍ക്കുന്നില്ല.

ബധിരയായ മരാമിന് സര്‍ക്കാരിന്‍റെ ഉപരോധം കാരണം ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കാനോ ആവശ്യമായ വേണ്ട വൈദ്യസഹായം സ്വീകരിക്കാനോ സാധിക്കുന്നില്ല. ഒരു സാധാരണ ജീവിതമെന്ന് പറയാവുന്ന ഒന്നുംതന്നെ അവളുടെ ജീവിതത്തിലില്ല.

“സ്വന്തം മകള്‍ക്കിങ്ങനെ സംഭവിക്കുമ്പോള്‍ അത് നോക്കിയിരിക്കുകയെന്നത് വളരെ സങ്കടകരമാണ്.”മരാന്റെ അമ്മ ഫാത്തിമ ലഹം പറയുന്നു.

സര്‍ക്കാരും വിമത സൈന്യവും എല്ലാം ചേര്‍ന്ന് വളഞ്ഞിരിക്കുന്ന സുപ്രധാനമായ പതിനെട്ട് പ്രദേശങ്ങളില്‍ ഒന്നാണ് ദറയ്യ. അഞ്ചു ലക്ഷത്തിലധികം മനുഷ്യരാണ് ഇതുകാരണം ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ കിട്ടാതെ ഇവിടെ വലയുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം നിരവധി പേരാണ് പട്ടിണി മൂലവും ആവശ്യത്തിന് പരിചരണവും മരുന്നും ലഭിക്കാതെ ഇവിടങ്ങളില്‍ മരിക്കുന്നത്. ചിലരാകട്ടെ ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന രോഗമായിരുന്നിട്ടുകൂടി ഇങ്ങനെ യാതനകള്‍ അനുഭവിച്ച് കഴിയാന്‍ വിധിക്കപ്പെട്ടവരാണ്.

സിറിയയുടെ തലസ്ഥാനമായ ദമാസ്കസിനോട് ചേര്‍ന്നുള്ള പ്രദേശമായ ദറയ്യ 2012ല്‍ തന്നെ സൈനികരാലും റിബല്‍ പോരാളികളാലും വളഞ്ഞിരിക്കുകയാണ്. സിറിയയിലെ മറ്റൊരു പട്ടണവും ഇത്രയേറെക്കാലം ബന്ധിയാക്കപ്പെട്ടിട്ടില്ല.

മാസങ്ങളായി നടന്ന ചര്‍ച്ചകള്‍ കാരണം കഴിഞ്ഞ ആഴ്ചകളില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയെ താല്‍ക്കാലികമായി ദറയ്യയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ, സമാധാന സേന എത്തിക്കഴിഞ്ഞ് വളരെപ്പെട്ടന്ന് തന്നെ പ്രസിഡന്റ് ബഷീര്‍ അസ്സദിനെ അനുകൂലിക്കുന്ന ആളുകള്‍ വീണ്ടും മുന്‍പത്തേതിനേക്കാള്‍ മാരകമായി ആക്രമണം അഴിച്ചുവിട്ടു. ഇത്തരം ആക്രമണങ്ങള്‍ ഏത് നിമിഷവും അവസാനിക്കാം എന്നതിനുള്ള തെളിവാണ് ഇപ്പോഴത്തെ മാരകമായ ആക്രമണങ്ങള്‍. പക്ഷേ അത് അത് മരാമിനെ സംബന്ധിച്ചിടത്തോളവും അവളെപ്പോലെ ബന്ധിയാക്കപ്പെട്ട ആയിരക്കണക്കിന് പേരെ സംബന്ധിച്ചിടത്തോളവും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.

സിറിയ തങ്ങളുടെ ജനങ്ങള്‍ക്ക് സഹായം എത്തിച്ചില്ലെങ്കില്‍ തങ്ങള്‍ അത് വായുമാര്‍ഗം എത്തിക്കുമെന്ന് റഷ്യയും അമേരിക്കയും വാക്ക് കൊടുത്തിട്ടുണ്ട്. സിറിയയില്‍ നടക്കുന്ന മുഴുവന്‍ ഉപരോധങ്ങള്‍ക്കും പ്രധാന ഉത്തരവാദി അസ്സദ് തന്നെയാണ്.

മോസ്കോ സിറിയയ്ക്ക് സാമ്പത്തിക സൈനിക സഹായം നല്‍കുന്നുണ്ട്. അമേരിക്കയാണെങ്കില്‍ എതിര്‍ ചേരിയില്‍ ഉള്ളവരേയും. പക്ഷേ രണ്ടുപേരും യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഡിപ്ലോമാറ്റിക്ക് തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. 

ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയ്ക്കുണ്ടായ പരാജയം തന്നെയാണ് സര്‍ക്കാരും എതിര്‍വിഭാഗവും തമ്മിലുള്ള ചര്‍ച്ചകളേയും ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. ജനീവയില്‍ വച്ച് നടന്ന സമാധാനചര്‍ച്ചകളും തീരുമാനങ്ങളും പരാജയപ്പെടാനും പ്രധാനകാരണവും ഐക്യരാഷ്ട്ര സഭ തന്നെയാണ്. ഇത്തരം പ്രതിരോധങ്ങള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ ഐക്യരാഷ്ട്ര സഭ പരാജയപ്പെടുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

“അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ സംഭാവനയായി ബില്ല്യന്‍ കണക്കിന് ഡോളറാണ് ദമാസ്കസ് വഴി  സിറിയയിലേക്ക് ഒഴുകുന്നത് എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. അവര്‍ക്കൊന്നും പക്ഷേ ദമാസ്കസില്‍ നിന്നും മിനുട്ടുകള്‍ മാത്രം ദൂരമുള്ള ദറയ്യയിലേക്ക് ഒരു റോഡ്‌ പോലും ഉണ്ടാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുന്നില്ല”.- സിറിയ ക്യാംപൈന്‍ എന്ന സംഘടനയുടെ ഡയറക്റ്റര്‍ ജെയിംസ് സാദ്രി പറഞ്ഞു.

പക്ഷേ യു.എന്‍ അധികൃതര്‍ പറയുന്നതാകട്ടെ ഇത്ര ബുദ്ധിമുട്ടേറിയ ഒരവസ്ഥയില്‍ സഹായവും ഭക്ഷണവും എത്തിക്കണമെങ്കില്‍ അവര്‍ക്ക് രണ്ടു ഭാഗത്ത് നിന്നും ശ്രമിച്ചാല്‍ മാത്രമേ സാധിക്കൂ എന്നാണ്. അസ്സദിനെതിരേ പ്രതിഷേധം ഉയര്‍ന്നുവന്ന ആദ്യ ഘട്ടത്തില്‍ തന്നെ ദറയ്യയിലെ ജനങ്ങള്‍ വളരെ സമാധാനപരവും ഊര്‍ജസ്വലവുമായ പ്രകടനങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ച് രാജ്യത്താകമാനമുള്ള പ്രതിഷേധക്കാര്‍ക്ക് വലിയ മാതൃകയും പ്രോത്സാഹനവും ആയിരുന്നു.

പക്ഷേ സര്‍ക്കാര്‍ വളരെ മൃഗീയമായിട്ടാണ് പെരുമാറിയത്. പലരെയും കൊന്നൊടുക്കി. പതിനായിരക്കണക്കിന് മനുഷ്യരെ നാടുവിട്ടു പോകാന്‍ പ്രേരിപ്പിച്ചു.

സര്‍ക്കാര്‍ പറയുന്നത് ദറയ്യയിലെ വിമതര്‍ തീവ്രവാദികളും മുസ്ലിം എക്സ്ട്രിമിസ്റ്റുകളുമാണെന്നാണ്. അവിടെ താമസിക്കുന്നവര്‍ പറയുന്നതാകട്ടെ ഇപ്പറയുന്നവരെല്ലാം സാധാരണ മനുഷ്യരും സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകളെ എതിര്‍ക്കുന്നവരും ആണെന്നാണ്‌. തലസ്ഥാനത്തോട് വളരെ അടുത്തു നില്‍ക്കുന്നതിനാലും സുപ്രധാനമായ വിമാനത്താവളം ഉള്ളതിനാലും അസ്സദിന്റെ സൈന്യത്തെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ ഒരു ഇടമാണ്.

ഇത്രത്തോളം പ്രശ്നങ്ങള്‍ സംഭവിക്കുമ്പോഴും 8000-ത്തോളം ആളുകള്‍ കൃഷി ചെയ്യുകയും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും കള്ളക്കടത്ത് നടത്തി ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ശ്രമിക്കുകയും പ്ലാസ്റ്റിക്ക് ഉരുക്കി ഇന്ധനം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും മരാമിനെ പോലെയുള്ള കുട്ടികള്‍ ഇപ്പോഴും സിറിയയില്‍ വളരെയേറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. 

“മരാമിന് ആവശ്യത്തിലും തൂക്കം കുറവാണ്. മരാമും അവളുടെ ആറു സഹോദരിമാരും ഒരു ദിവസത്തില്‍ ആകെ ഭക്ഷണം കഴിക്കുന്നത് ഒരേയൊരു വട്ടം മാത്രമാണ്. കൂട്ടത്തില്‍ പറ്റിയാല്‍ ഒരു സൂപ്പ് മാത്രം കഴിക്കും.” അവളുടെ അമ്മ പറഞ്ഞു.

അവര്‍ അവസാനമായി മാംസ ഭക്ഷണം കഴിച്ചത് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ്. സര്‍ക്കാര്‍ ആക്രമണം കാരണം ഇവിടെ ഉണ്ടായിരുന്ന രണ്ട് ആട്ടിന്‍കുട്ടികള്‍ മരിച്ചു. അതോടെ മാംസ ഭക്ഷണം കഴിക്കുക എന്ന മോഹം എന്നെന്നേക്കുമായി ഇല്ലാതായി.

“ബധിരത ജനിക്കുമ്പോഴേ അവള്‍ക്കുണ്ടായിരുന്നു. പക്ഷേ നന്നായി ചികിത്സിക്കാന്‍ സാധിച്ചില്ല. കാരണം ഈ ഭാഗത്തുണ്ടായിരുന്ന മുഴുവന്‍ ഡോക്ടര്‍മാരുംപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ നാട് വിട്ടുപോയി. യുദ്ധവിമാനങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ബാക്കി എല്ലാവരും വീടുകളിലേക്ക് ഓടിക്കയറും. പക്ഷേ അവള്‍ക്ക് മാത്രം ഒന്നും കേള്‍ക്കാന്‍ പറ്റാത്തത് കൊണ്ട് അകത്ത് കയറാറെയില്ല”- ഫാത്തിമ പറയുന്നു.

രണ്ടുവര്‍ഷം മുന്‍പ് അവരുടെ വീടിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളും ആക്രമണത്തില്‍ തകര്‍ന്നുപോയി. അതോടെ ആരോ ഉപേക്ഷിച്ചിട്ടുപോയ ഒരു അപ്പാര്‍ട്ട്മെന്റില്‍ അവര്‍ അഭയം തേടി. ഒരു സൈനികന്‍ ഫാത്തിമയുടെ മരുമകളെ വെടിവെച്ചു കൊല്ലുന്നതിന് കുറച്ച് മാത്രം മുന്‍പാണ് അത് സംഭവിച്ചത്.

വിമതരുടെ കൂടെ സൈന്യത്തിന്‍റെ ആക്രമണം ചെറുക്കാനുള്ള മതില്‍ നിര്‍മിക്കുന്നതിന് ഇടയില്‍ സൈന്യത്തിന്‍റെ തന്നെ വെടിയേറ്റ് ഫാത്തിമയുടെ ഭര്‍ത്താവും മരായുടെ പിതാവുമായ ബഷാര്‍ മരിച്ചു. മരാം അവളുടെ പിതാവുമായി അത്രയേറെ അടുപ്പത്തിലായിരുന്നു.

“ചില ദിവസങ്ങളില്‍ അവള്‍ വളരെ സന്തോഷത്തോടെ എഴുന്നേല്‍ക്കും.എന്നിട്ട് പറയും ഞാനിന്നെന്റെ ഡാഡിയെ സ്വപ്നം കണ്ടു”-ഫാത്തിമ പറയുന്നു.

ദറയ്യയിലെ മെഡിക്കല്‍ ടീം മരാമിന് ഒരു ശ്രവണസഹായി നല്‍കിയിരുന്നു. കുറച്ചുനാള്‍ അത് ഉപയോഗിക്കുകയും ചെയ്തു. പക്ഷേ അതിലുപയോഗിക്കുന്ന ബാറ്ററി കിട്ടാന്‍ പ്രയാസമായതിനാല്‍ അതും പിന്നീട് നിന്നു. “ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നിട്ടും അത് ഉപയോഗിക്കുവാനുള്ള ആഗ്രഹം കാരണം അവള്‍ മാസങ്ങളോളം ആ ശ്രവണസഹായിയും ചെവിയില്‍ വച്ചുകൊണ്ട് നടക്കുന്നത് കണ്ടിരുന്നു”-ഫാത്തിമ പറഞ്ഞു.

ഈയടുത്ത് വന്ന ഒരു മെഡിക്കല്‍ സംഘം മരാമിന് ശ്രവണസഹായിക്കുള്ള ബാറ്ററി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കൊടുത്ത ബാറ്ററി കുറച്ച ആഴ്ചകളോളം ചാര്‍ജ് നില്‍ക്കുന്നതാണ്. ഇനി അടുത്തുതന്നെ വേറൊരു മെഡിക്കല്‍ സംഘം വരികയാണെങ്കില്‍ ഒരുപക്ഷേ അവള്‍ക്ക് വീണ്ടും അത് ഉപയോഗിക്കാന്‍ സാധിച്ചേക്കാം. ഇല്ലെങ്കില്‍ അതും അവള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരും.

മരാം ഇപ്പോള്‍ അത്യാവശ്യം വരയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഫാത്തിമ മരായെ എന്നും വരയ്ക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.പക്ഷേ ഈയടുത്തായി അവള്‍ വരയ്ക്കുന്നതിലെല്ലാം കറുപ്പാണ് കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് ഫാത്തിമ പറയുന്നു.

“അവള്‍ ഈയടുത്ത് വരച്ച ഒരു ചിത്രമുണ്ട്. ഒരു കുടുംബം ബോംബുകള്‍ വന്നു വീഴുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. പക്ഷേ ആ കുടുംബത്തിലെ പെണ്‍കുട്ടി മാത്രം ഓടാന്‍ പറ്റാതെ നില്‍ക്കുന്നു. കാരണം ആ കുട്ടിക്ക് ചെവി കേള്‍ക്കില്ലായിരുന്നു”-ഫാത്തിമ കണ്ണീരോടെ പറഞ്ഞു.

“നിങ്ങള്‍ക്കത് കണ്ടാല്‍ കരയാതിരിക്കാനാവില്ല”- ഫാത്തിമ പറഞ്ഞു നിര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍