UPDATES

വിദേശം

അലെപ്പോയിലെ പോരാട്ടം സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ വിധി നിര്‍ണ്ണയിക്കുമോ?

Avatar

ടീം അഴിമുഖം

രണ്ടാഴ്ച്ചയിലേറെയായി അലെപ്പോ നഗരത്തില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. സിറിയയിലെ ഏറ്റവും ജനവാസമുള്ള പ്രവിശ്യയില്‍ നിന്നും തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പരിക്കേറ്റ സാധാരണക്കാരുടെ ദുരന്തദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

ഈ നഗരം-രാജ്യത്തെ ഏറ്റവും ജനവാസമുള്ളതും, വാണിജ്യ കേന്ദ്രവും- ആഭ്യന്തരയുദ്ധത്തിലെ ഒരു നിര്‍ണായക ദശാസന്ധിയാണ്. കോണ്‍സ്റ്റാന്റിനോപ്പിളും കെയ്റോയും കഴിഞ്ഞാല്‍ ഒട്ടോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ നഗരമാണ് അലെപ്പോ. നാല് വര്‍ഷത്തോളമായി വിമത പോരാളികള്‍ക്കും സര്‍ക്കാര്‍ സൈന്യത്തിനുമിടയില്‍ വിഭജിച്ചുകിടക്കുകയാണ് ഈ നഗരം. ഫലത്തില്‍ ഒരു സൈനിക പ്രതിസന്ധി.

റഷ്യ സിറിയയുടെ പ്രസിഡണ്ട് ബഷര്‍ അല്‍-അസദിനെ പിന്തുണയ്ക്കുമ്പോള്‍ യു.എസ് വിമത പോരാളികള്‍ക്കൊപ്പമാണ്. സിറിയന്‍ പ്രതിസന്ധിക്ക് ഒരു പരിഹാരമുണ്ടാക്കാന്‍ ഇരുകൂട്ടരും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ കഴിഞ്ഞയാഴ്ച്ച പൊളിഞ്ഞു.

നയതന്ത്രതലത്തില്‍ ഒരു പരിഹാരം ഏതാണ്ട് അസാധ്യമായ സ്ഥിതിക്ക് ശ്രദ്ധ വീണ്ടും പോരാട്ടഭൂമിയിലേക്ക് തിരിഞ്ഞിരിക്കുന്നു. വിമതര്‍ക്ക് ഗണ്യമായ സാന്നിധ്യമുള്ള അവസാനത്തെ വലിയ നഗരമായ അലെപ്പോ സര്‍ക്കാര്‍ സൈന്യം പിടിച്ചെടുക്കുമോ എന്നാണ് കാണേണ്ടത്.

അലെപ്പോയിലെ പോരാട്ടം വര്‍ഷങ്ങളായുള്ള ആഭ്യന്തരയുദ്ധത്തിലെ നിര്‍ണായക ഘട്ടമാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി അസദിന്റെ സേനയും പ്രാദേശിക സഖ്യകക്ഷികളും അലെപ്പോ നഗരവും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളും  പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ രണ്ടാഴ്ച്ചയായി സര്‍ക്കാര്‍ അനുകൂല സേന നഗരത്തിനുള്ളിലേക്ക് ഗണ്യമായ തോതില്‍ മുന്നേറ്റം നടത്തി. അസദിനേ സഹായിച്ചുകൊണ്ടു റഷ്യ വ്യോമാക്രമണം കൂട്ടിയതോടെയാണിത്. ബോംബാക്രമണം കെട്ടിടങ്ങളെ അടിയോടെ തകര്‍ക്കുന്നുന്നുവെന്നും ആയുധങ്ങളെ നശിപ്പിക്കുന്നുവെന്നും കിഴക്കന്‍ അലെപ്പോയിലെ താമസക്കാര്‍ പറയുന്നു.

പ്രതിപക്ഷാഭിമുഖ്യമുള്ള സിറിയന്‍ ഒബ്സെര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നത് കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ മുന്നൂറിലേറെ സാധാരണക്കാര്‍ വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു എന്നാണ്. സന്നദ്ധ സംഘടനയായ Doctors Without Borders-ഉം ഐക്യരാഷ്ട്രസഭയും നൂറുകണക്കിനു സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പറയുന്നുണ്ട്. വിമത ആക്രമണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണ പ്രദേശത്ത് 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടന പറയുന്നു.

പക്ഷേ ഈ കനത്ത വ്യോമാക്രമണം നടന്നാലും വിമതര്‍ കയ്യടക്കി വെച്ചിരിക്കുന്ന നഗര പ്രദേശങ്ങളിലേക്ക് അസദ് അനുകൂല കരസേനക്ക് കടന്നുകയറുക എളുപ്പം സാധ്യമല്ല. അതിനു, വര്‍ഷങ്ങളായി, ഈ നഗരത്തില്‍ തുരങ്കങ്ങള്‍ വരെ കുഴിച്ച് സജ്ജരായിരിക്കുന്ന ആയിരക്കണക്കിന് വിമത പോരാളികളുമായി തെരുവുകള്‍ തോറും ഏറ്റുമുട്ടേണ്ടിവരും.

പക്ഷേ തുര്‍ക്കിയില്‍ നിന്നും വിമത പ്രദേശങ്ങളിലേക്കുള്ള സാധന വിതരണ മാര്‍ഗങ്ങള്‍ മുറിക്കാന്‍ സിറിയന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇതിനര്‍ത്ഥം, വിമത പ്രദേശങ്ങളിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നില്ല എന്നു മാത്രമല്ല, ആയുധങ്ങളും പടക്കോപ്പുകളും എത്തില്ല എന്നുകൂടിയാണ്. ഒരുമാസമായി ഈ ഉപരോധം തുടരുകയാണ്.

അലെപ്പോയിലെ നാട്ടുകാര്‍ പറയുന്നത്, ഒന്നുകില്‍ അസദിന്റെ സേന മുന്നേറുകയും കിഴക്കന്‍ അലെപ്പോ തിരിച്ചുപിടിച്ചു സാധാരണക്കാരെ കൂട്ടക്കൊല നടത്തുകയും ചെയ്യും-അല്ലെങ്കില്‍ മാസങ്ങളോ,വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന ഉപരോധത്തിനൊടുവില്‍ നഗരം കീഴടങ്ങാന്‍ നിര്‍ബന്ധിതരാകും.

എങ്ങനെയാണ് വിമതര്‍ തിരിച്ചടിക്കുന്നത്? ഏറ്റുമുട്ടല്‍ തിരിച്ചുവിടാനുള്ള ശ്രമത്തില്‍ മറ്റിടങ്ങളില്‍ ചില ആക്രമണങ്ങള്‍ അവര്‍ നടത്തുകയായിരുന്നു.

“ഒരു യാത്രാമാര്‍ഗം തുറക്കാനുള്ള പോരാട്ടമാണ് ആദ്യം,” വിമത പക്ഷത്തെ ഒരു കമാണ്ടര്‍ യു.എസിലെ നാഷണല്‍ പബ്ലിക് റേഡിയോവിനോടു പറഞ്ഞു. “ഒരു വഴിയുണ്ടാക്കുകയും അലെപ്പോ നഗരവാസികള്‍ക്കായി ഈ ഉപരോധം പൊളിക്കുകയും ചെയ്യുക.”

വിമതരെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍-യു.എസ് മാത്രമല്ല തുര്‍ക്കിയും സൌദി അറേബ്യയുമടക്കം-അവര്‍ക്ക് വിമാനവേധ ആയുധങ്ങള്‍ നല്കാന്‍ വിസമ്മതിച്ചു എന്നയാള്‍ പറഞ്ഞു. വിമതര്‍ ഈ ആയുധങ്ങള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും യു.എസും സഖ്യകക്ഷികളും ഭയക്കുന്നത് ഈ ആയുധങ്ങള്‍ തീവ്രവാദി സംഘങ്ങളുടെ കയ്യില്‍-അല്‍ ക്വെയ്ദയുമായി ബന്ധമുള്ളവയടക്കം- എത്തിപ്പെടും എന്നാണ്.

“വാസ്തവത്തില്‍, ഞങ്ങള്‍ക്ക് വിമാനവേധ ആയുധങ്ങള്‍ കിട്ടിയാല്‍ അവരെ തോല്‍പ്പിക്കാനാകും,” അയാള്‍ പറഞ്ഞു.

അയാളെ സംബന്ധിച്ചു ഇത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. അഞ്ചു കൊല്ലത്തെ ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വിമതര്‍ നിയന്ത്രണം കയ്യാളുന്ന ഏക പ്രധാന നഗരഭാഗമാണ് കിഴക്കന്‍ അലെപ്പോ.

അലെപ്പോ നഗരത്തിന്റെ ഒരു ഭാഗം കയ്യിലില്ലെങ്കില്‍ അസദ് ഭരണത്തിന്റെ ഒരു ബദല്‍ സാധ്യത എന്ന നിലയില്‍ നിന്നും ഒരു ഗ്രാമീണ കലാപം എന്നതിലേക്ക് വിമത പോരാട്ടം ചുരുങ്ങും. അതാകട്ടെ കടുത്ത കുഴപ്പത്തിലാണെങ്കിലും പിടിച്ചുനില്‍ക്കുന്ന സിറിയയുടെ പ്രസിഡന്റിനെ സംബന്ധിച്ച് ഒരു വലിയ ഭീഷണിയാകില്ലതാനും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍