UPDATES

വിദേശം

സിറിയ കത്തുമ്പോള്‍ തുര്‍ക്കിയുടെ വാലിന് തീപിടിക്കുന്നു

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സിറിയയോട് ചേര്‍ന്ന് കിടക്കുന്ന തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ മറ്റൊരു യുദ്ധം കത്തിപ്പടരുകയാണ്. പുരാതനമായ ദിയര്‍ബാകിര്‍ നഗരഹൃദയത്തില്‍, ചരിത്രമുറങ്ങുന്ന ഇവിടുത്തെ കരിങ്കല്ലു മതിലുകള്‍ക്കപ്പുറത്ത് സുരക്ഷാസേന ആഴ്ചകളായി നിരോധിത കുര്‍ദിഷ് വിഘടനവാദ സംഘടനയുടെ യുവജന വിഭാഗവുമായി ഏറ്റുമുട്ടലിലാണ്. നഗരത്തിലെല്ലായിടത്തും നിശാനിയമം കര്‍ശനമാക്കിയിരിക്കുന്നു. നൂറുകണക്കിന് പ്രദേശവാസികള്‍ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടിട്ടുണ്ട്.

ഈ ചെറുയുദ്ധത്തിന്റെ മാറ്റൊലി അസ്വസ്ഥത നിലനില്‍ക്കുന്ന തുര്‍ക്കിയിലെ കുര്‍ദിഷ് ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തെക്കുകിഴക്കന്‍ മേഖലയിലും കേട്ടു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടെ ഉണ്ടാകുന്ന ഏറ്റവും രൂക്ഷമായ പോരായി ഈ യുദ്ധം മാറിയേക്കാം. ജൂലൈ മുതല്‍ ഇവിടെ 200-ല്‍ ഏറെ പൊലീസുകാരും പട്ടാളക്കാരും കൊല്ലപ്പെട്ടതായി തുര്‍ക്കി സര്‍ക്കാര്‍ പറയുന്നു. ഏതാണ്ട് ഇത്ര തന്നെ സാധാരണക്കാരും കൊല്ലപ്പെട്ടതായും കണക്കുകളുണ്ട്. നിരോധിത സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) യുടെ പോരാളികള്‍ക്കെതിരായ ഈ തുര്‍ക്കിഷ് യുദ്ധം 500-ലെറെ ഗറില്ലകളുടെ മരണത്തിനും കാരണമായി. 

ഈ ശത്രുത അടങ്ങുന്നതിന്റെ സൂചനകളൊന്നും ഇല്ല. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഒരു സമാധാന ശ്രമം കഴിഞ്ഞ വര്‍ഷം പൊളിഞ്ഞതു മുതല്‍ വിഘടനവാദികളായ കുര്‍ദുകള്‍ പല പട്ടണങ്ങളിലും സ്വയംഭരണാവകാശത്തിനായി മുറവിളി കൂട്ടുകയാണ്. ഒരു വര്‍ഷത്തിലേറെയായി അസ്വസ്ഥ നിലനില്‍ക്കുന്ന കുര്‍ദിഷ് ആധിപത്യമുള്ള അതിര്‍ത്തി പട്ടണമായ സിസറെ ഇപ്പോള്‍ തുര്‍ക്കി സേനയുടെ ശക്തമായ പ്രതിരോധത്തിലാണ്. ഈ പോരിനിടയില്‍ കുടുങ്ങിപ്പോയ സാധാരണക്കാര്‍ക്ക് മതിയായ വൈദ്യസഹായം പോലും തുര്‍ക്കി സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകളും സര്‍ക്കാര്‍ വിമര്‍ശകരും ആരോപിക്കുന്നു. കഴിഞ്ഞ മാസം നിരായുധരായ ഒരുകൂട്ടം സിവിലിയന്‍മാര്‍ക്കു നേരെ പ്രകോപനമില്ലാതെ വെടിവെച്ച് നിരവധി പേര്‍ കൊല്ലപ്പെട്ട ഒരു സംഭവത്തില്‍ അന്വേഷണം നടത്താന്‍ യു എന്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിവിലിയന്‍മാര്‍ക്കുള്ള സഹായങ്ങള്‍ സേന തടയുന്നുവെന്ന പരാതികളെ തുര്‍ക്കി അധികൃതര്‍ നേരത്തെ നിഷേധിച്ചിട്ടുണ്ട്. ‘പരിക്കേറ്റവരെ അവര്‍ മനപ്പൂര്‍വ്വം പുറത്തു കൊണ്ടുവരാതിരിക്കുകയാണ്,’ തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ സിസറെ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പിടിമുറുക്കിയ കുര്‍ദിഷ് പോരാളികളെ പരാമര്‍ശിച്ച് പ്രസിഡന്റ് റസപ് തയ്യിപ് ഉര്‍ദുഗാന്‍ പ്രതികരിച്ചതാണിത്.

പികെകെ നടത്തിയ കലാപങ്ങള്‍ 1980-കളില്‍ ഏതാണ്ട് 40,000-ഓളം പേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി സര്‍ക്കാര്‍ കുര്‍ദുകളുടെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടു വരികയും ചെയ്തിരുന്നു. എന്നാല്‍ സിറിയന്‍ യുദ്ധം വലിയ പ്രത്യാഘാതമായി മാറുകയാണുണ്ടായത്.

സിറിയന്‍, കുര്‍ദിഷ് സേനകള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അതിര്‍ത്തിയിലുണ്ടാക്കിയ മുന്നേറ്റങ്ങള്‍ അതിര്‍ത്തിക്കിപ്പുറത്തും പ്രതിഫലനമുണ്ടാക്കി. പികെകെയുമായി ചരിത്രപരമായ ബന്ധമുള്ള സിറിയന്‍ കുര്‍ദിഷ് വിഭാഗമായ പിവൈഡി വടക്കന്‍ സിറിയയിലെ സുപ്രധാന ശക്തിയായി ഉയര്‍ന്നു വന്നത് കുര്‍ദിഷ് വിഘടനവാദ മോഹങ്ങളെ പതിറ്റാണ്ടുകളായി തല്ലിക്കെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന തുര്‍ക്കി അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധമുന്നണിയില്‍ പിവൈഡി വഹിച്ച പങ്ക് അവരെ യുഎസ് അടക്കമുള്ള പാശ്ചാത്യ ശക്തികളുടെ അടുപ്പക്കാരാക്കി. യുഎസ് സഹായവും പിവൈഡിക്ക് ലഭിച്ചു.

സിറിയയിലെ പിവൈഡിയുടെ വിജയം തുര്‍ക്കിക്കെതിരായി പോരാടുള്ള പികെകെയെ അപകടകരമാംവിധം ശക്തരാക്കുമെന്നാണ് ബൈപാര്‍ട്ടിസാന്‍ പോളിസി സെന്ററിലെ തുര്‍ക്കി വിദഗ്ധന്‍ നിക്കോളാസ് ഡാന്‍ഫോര്‍ത്ത് പറയുന്നത്. യുഎസിനെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പിവൈഡിയുടെ വിജയമാണ് മുഖ്യ ആകര്‍ഷണമെന്നും അദ്ദേഹം പറയുന്നു.

സിറിയന്‍ സംഘര്‍ഷം സംബന്ധിച്ച് യുഎന്നിന്റെ നേതൃത്വത്തില്‍ ജനീവയില്‍ നടന്നു വരുന്ന ചര്‍ച്ചയിലും ഇപ്പോള്‍ ഈ പ്രതിസന്ധി പ്രതിഫലിച്ചിട്ടുണ്ട്. പിവൈഡിയെ ചര്‍ച്ചയിലേക്ക് ക്ഷണിക്കരുതെന്നാണ് തുര്‍ക്കിയുടെ നിലപാട്. യുഎസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുമില്ല. ബഷാറുല്‍ അസദ് ഭരണകൂടത്തിനു വേണ്ടി സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തി തുര്‍ക്കിയെ പ്രകോപിപ്പിച്ച റഷ്യയും ഇപ്പോള്‍ അവസരവാദപരമായി സിറിയന്‍ കുര്‍ദുകളുമായി കൂട്ടുകൂടുകയാണ്. ചര്‍ച്ചയില്‍ പിവൈഡിയേയും ഉള്‍പ്പെടുത്തണമെന്ന് അവര്‍ നേരത്തെ തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അസദ് ഭരണകൂടത്തിന്റെ ശിങ്കിടി ഏജന്റുമാരായാണ് പിവൈഡിയെ തുര്‍ക്കി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതേസമയം അതിര്‍ത്തിയില്‍ ഒരു കുര്‍ദിഷ് സ്വയംഭരണ പ്രദേശം നിലവില്‍ വരാനുളള സാധ്യതകളെ അട്ടിമറിക്കാന്‍ തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിക്കുകയാണെന്ന് പിവൈഡിയും ആരോപിക്കുന്നു.

തുര്‍ക്കിയില്‍ സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണിപ്പോള്‍ നല്‍കുന്നത്. സിറിയന്‍ വിമതര്‍ക്ക് അതിര്‍ത്തിവഴി തുര്‍ക്കിസര്‍ക്കാര്‍ ആയുധങ്ങള്‍ കടത്തിക്കൊടുത്തുവെന്ന വാര്‍ത്ത നല്‍കിയതിന് രണ്ടു പ്രമുഖ പത്രപ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ നല്‍കണമെന്നാണ് ഔദ്യോഗിക പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടുവരുന്നത്. തടവില്‍ കഴിയുന്ന പികെകെ നേതാവ് അബ്ദുല്ല ഒകലാന്റെ രചന ഉള്‍പ്പെടുന്ന ഒരു പരീക്ഷാചോദ്യം വിതരണം ചെയ്തതിന് അങ്കാറ യൂണിവേഴ്‌സിറ്റിയിലെ ഒരു അക്കാദമിക് വിദഗ്ധന് ഏഴു വര്‍ഷം തടവാണ് ലഭിച്ച ശിക്ഷ.

മേഖലയില്‍ ശക്തിപ്രാപിച്ചു വരുന്ന സംഘര്‍ഷങ്ങളും അസ്ഥിരതയും ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹത്തെ അലട്ടിക്കൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയെ കാര്യമായി സ്വാധീനിക്കും. തുര്‍ക്കിയിലെ ആഭ്യന്തര സമാധാനം തുര്‍ക്കിയുടെ മാത്രം പ്രശ്‌നമല്ല, ഇത് സിറിയന്‍ സംഘര്‍ഷത്തിന്റേയും യുറോപ്പിലെ കുടിയേറ്റ പ്രശ്‌നങ്ങളുടേയും കാര്യത്തിലെടുക്കുന്ന ഉറച്ച തീരുമാനങ്ങളുമായും നേരിട്ട് ബന്ധമുണ്ടെന്ന് തുര്‍ക്കിയിലെ മുന്‍നിര പ്രതിപക്ഷ രാഷ്ട്രീയക്കാരനും കുര്‍ദ് അനുകൂല ഇടതുപക്ഷ പാര്‍ട്ടിയായ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ സലാഹത്തിന്‍ ദെമിര്‍താസ് പറയുന്നു.

ദിയര്‍ബാകിറിലും മറ്റു ഭൂരിപക്ഷ കുര്‍ദിഷ് പട്ടണങ്ങളിലും വിദ്വേഷവും നീരസവും സദാസമയവും ഉണങ്ങാത്ത മുറിവായി തുടരുകയാണ്. സിറിയന്‍ അതിര്‍ത്തി കടന്ന് പൊരുതാന്‍ പോയ കുര്‍ദിഷ് യുവാക്കളുടെ ഒരു സെമിത്തേരി ഈ നഗരത്തിലുണ്ട്. ‘1990-കളില്‍ കുര്‍ദുകളും തുര്‍ക്കി സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായപ്പോള്‍ ഗ്രാമങ്ങള്‍ ഉപേക്ഷിച്ചു പോന്നവരാണ് ഈ പട്ടണങ്ങളിലെ ജനങ്ങളിലെറെയും. അവരില്‍ പലരും ദരിദ്ര കുടുംബങ്ങളാണ്,’ ദിയര്‍ബാകിറിലെ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായ സുര്‍ പട്ടണത്തിന്റെ മേയറായിരുന്ന അബ്ദുല്ല ദെമിര്‍ബാസ് പറയുന്നു. ‘കിടങ്ങ് കുഴിച്ച് സുറിലും മറ്റു തെക്കുകിഴക്കന്‍ തുര്‍ക്കി നഗരങ്ങളിലും സ്വയംഭരണം പ്രഖ്യാപിക്കുന്നവരില്‍ അധികവും കൗമാരക്കാരും 20-കളില്‍ പ്രായമുള്ളവരുമായ കുര്‍ദിഷ് യുവാക്കളാണ്. ആക്രമണങ്ങളുടേയും ദാരിദ്ര്യത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും കാലഘട്ടത്തില്‍ ജനിച്ച ഇവര്‍ വളര്‍ന്നത് തീവ്രവല്‍ക്കരിക്കപ്പെട്ട ചേരികളിലാണ്.’ ഒരു വിവാദ പുരുഷന്‍ കൂടിയായ ദെമിര്‍ബാസിന് തന്റെ മക്കളിലൊരാള്‍ പികെകെയില്‍ ചേരുന്നതും കാണേണ്ടി വന്നു. ‘കൊലയുടേയും തകര്‍ക്കലിന്റെയും നിര്‍ബന്ധിത കുടിയേറ്റത്തിന്റേയും ആഘാതത്തില്‍ ഒരു പുതിയ തലമുറ ഇനി വളരും. അവരെല്ലാം എവിടെ പോകും? അവര്‍ എന്തായിത്തീരും?’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍