UPDATES

കനേഡിയന്‍ വധുവിന്റെ വിവാഹ ഗൌണിന്‍റെ സിബ്ബ് പൊട്ടി; സിറിയന്‍ അഭയാര്‍ത്ഥി ഇടപെട്ടു; ഫേസ്ബുക്ക് ആഘോഷിച്ചു

അഴിമുഖം പ്രതിനിധി

വിവാഹത്തലേന്ന് വധുവിന്‍റെ വിവാഹവസ്ത്രത്തിന് കേടുപാടു വരുന്നു. സഹായവുമായെത്തിയത് സിറിയയില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ഥി കുടുംബം. സിനിമക്കഥയെ വെല്ലുന്ന കഥയാണ് ലിന്‍ഡ് സെ കൌട്ലര്‍ എന്ന വെഡിങ് ഫോട്ടോഗ്രാഫര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം കൌട്ലറിന്‍റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ തരംഗമായി. പക്ഷെ, ഇതൊരു വെറും കഥയല്ല. സംഭവകഥയാണ്.

വിവാഹത്തിന്‍റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. തലേന്ന് വധുവിന്‍റെ വിവാഹവസ്ത്രത്തിന് തകരാറ് വന്നാലെന്തു ചെയ്യും. കാനഡയില്‍ ജോ ഡു എന്ന വധുവിനുണ്ടായത് ഈ അനുഭവമാണ്. വിവാഹ ഗൌണിന്‍റെ സിബ്ബ് പൊട്ടിപ്പോയി. ഞായറാഴ്ച ആയതുകൊണ്ട് തയ്യല്‍കടകളെല്ലാം അവധിയിലും. ഗൌണ്‍ ശരിയാക്കാനറിയാവുന്ന ആരും തന്നെ കൂട്ടത്തില്ല. വിവാഹം അലങ്കോലമാകുമെന്ന ആശങ്കയിലായി ജോ ഡു.

സിറിയയിലെ യുദ്ധക്കളത്തില്‍ നിന്ന് ജീവനും കൊണ്ട് പലായനം ചെയ്ത ഒരു കുടുംബം ജോ ഡുഡുവിന്‍റെ രക്ഷയ്ക്കെത്തി. ജോ ഡു വിന്‍റെ അയല്‍വീട്ടുകാരാണ് ഹലില്‍ ഡുഡുവെന്ന സിറിയക്കാരനും കുടുംബത്തിനും അഭയം നല്‍കിയിരുന്നത്. ഹലില്‍ ഡുഡുവാകട്ടെ 28 വര്‍ഷമായി അലെപ്പോയില്‍ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആളാണ്. വിവരം അറിഞ്ഞ ഹലിലും മകനും തയ്യല്‍ സാമഗ്രികളുമായി ജോ ഡുവിന്‍റെ വീട്ടിലെത്തി. ഗൌണിന്‍റെ തകരാറ് പരിഹരിച്ചു. ജോ ഡുവിന്‍റെ വിവാഹചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ലിന്‍ഡ് സെ കൌട്ലര്‍ എന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍ രാജ്യം കടന്നെത്തിയ സഹായത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഈ കഥ ലോകം അറിഞ്ഞു. സൈബര്‍ലോകം ജോ ഡുവിന്‍റെ വിവാഹവും ഹലിലിന്‍റെ സഹായവും ആഘോഷമാക്കിയിരിക്കുകയാണ്.

കാനഡ സിറിയന്‍ അഭയാര്‍ഥികളോട് കാണിച്ചിരിക്കുന്ന മാനുഷികപരിഗണന ലോകശ്രദ്ധ നേടിയിരുന്നു. പല സമ്പന്ന രാജ്യങ്ങളും അഭയാര്‍ഥികളെ ഏഴയലത്ത് അടുപ്പിക്കാത്ത പശ്ചാത്തലത്തിലാണ് കാനഡയുടെ ഇടപെടല്‍. അഭയാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കുന്ന തന്‍റെ രാജ്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നതായും കൌട്ലര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹലില്‍ ഡുഡുവിന്‍റെ വീടും തയ്യല്‍ഷോപ്പുമെല്ലാം ബോംബാക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു. സിറിയയില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് തുര്‍ക്കിയിലാണ് ഹലിലും കുടുംബവും എത്തിയത്. ഏതെങ്കിലും രാജ്യം തങ്ങളെ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ മൂന്ന് വര്‍ഷം ആ കുടുംബം കാത്തിരുന്നു. ഒടുവില്‍ കാനഡയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.

ലിന്‍ഡ് സെ കൌട്ലറുടെ ഫേസ്ബുക്ക് പോസ്റ്റ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍