UPDATES

വിദേശം

ലോകം കണ്ണു തുറക്കണം കാനഡയിലേക്ക്; അഭയാര്‍ത്ഥി സ്വീകരണത്തിന്റെ വേറിട്ട മാതൃക

Avatar

റോബിന്‍ ഷുള്‍മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വലതുകയ്യില്‍ മഞ്ഞിലേക്കു നീട്ടിപ്പിടിച്ച സാംസങ് ഫോണുമായി ആമിര്‍ അല്‍ ജബൗലി വഴികാട്ടുന്നു. കാറ്റിന്റെ ശബ്ദത്തില്‍ സ്പീക്കര്‍ ഫോണിലെ നിര്‍ദേശങ്ങള്‍ അത്ര വ്യക്തമല്ല. പക്ഷേ ആമിര്‍ ശ്രദ്ധാലുവാണ്.

‘200 മീറ്ററില്‍ വലത്തേക്കു തിരിയുക,’ അറബിക് ഗൂഗിള്‍ മാപ്‌സിലെ ഡിജിറ്റൈസ് ചെയ്ത ശബ്ദം പറയുന്നു.

ആമിര്‍ തിരിയുന്നു. ഒപ്പം ഭാര്യ റാഗ്ദ അല്‍ടെല്ലാവിയും മക്കളായ ഗേന(6), നഗം (5) എന്നിവരും. മഞ്ഞുവസ്ത്രങ്ങളും തണുപ്പുകാല ബൂട്‌സും ആദ്യമായി ധരിക്കുന്ന കുട്ടികള്‍ നടക്കാന്‍ പാടുപെടുന്നു. ചിരിച്ചുകൊണ്ട് പരസ്പരം കൈപിടിക്കുന്നു.

സിറിയയിലെ യുദ്ധത്തില്‍നിന്ന് കാനഡയില്‍ അഭയാര്‍ത്ഥികളായി എത്തിയവരാണിവര്‍. ഇന്ന് അവരുടെ ആദ്യ സ്‌കൂള്‍ ദിനമാണ്. കാനഡയില്‍ അവരുടെ ആദ്യ സ്‌കൂള്‍ ദിനം എന്നതല്ല അവരുടെ ജീവിതത്തിലെ ആദ്യ സ്‌കൂള്‍ ദിനമാണിത്. ഗേനയും നഗമും കുഞ്ഞുങ്ങളായിരുന്നപ്പോള്‍ അവരുടെ പട്ടണമായ ഹോംസില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതാണ്. കീഴടക്കല്‍, ആക്രമണം, ആമിറിന്റെ കിഡ്‌നാപ്പിങ് എന്നിവയെല്ലാം സഹിച്ച അവര്‍ ലബനനിലേക്കു രക്ഷപ്പെട്ടു. അവിടെ സ്‌കൂള്‍ മിക്ക സിറിയക്കാര്‍ക്കും ആലോചിക്കാവുന്ന കാര്യമായിരുന്നില്ല. ഇപ്പോള്‍ നഗം ജൂനിയര്‍ കിന്റര്‍ ഗാര്‍ട്ടനും ഗേന ഫസ്റ്റ് ഗ്രേഡിലും പഠനം തുടങ്ങുകയാണ്. അവരുടെ മാതാപിതാക്കള്‍ റാഗ്ദ (22)യും ആമിറും (31) മുഴുസമയ ഇംഗ്ലീഷ് ക്ലാസുകളും.

മഞ്ഞ് മനോഹരമാണെന്നാണ് ആമിറിന്റെ അഭിപ്രായം. വൃത്തികെട്ട ലോകത്തിനു മുകളില്‍ ഒരു വൃത്തിയുള്ള വെളുത്ത വിരിപ്പ്. ഓരോ കാല്‍വയ്പും പുതിയ അടയാളമാകുന്നു. കാനഡയിലെ ജീവിതത്തെപ്പറ്റിയും ആമിറിന്റെ അഭിപ്രായം അതാണ്.

‘വീണ്ടും ജനിച്ചതുപോലെ തോന്നുന്നു,’ പത്തുദിവസം മുന്‍പ് ടൊറന്റോയില്‍ എത്തിയതുമുതല്‍ ആമിര്‍ ഇത് ആവര്‍ത്തിക്കുകയായിരുന്നു. കാര്യങ്ങള്‍ ശരിയായി വരുന്നതേയുള്ളൂ എന്നതു സത്യം. കുടുംബത്തില്‍ ആര്‍ക്കും ഇംഗ്ലീഷ് അറിയില്ല. ജോലിയില്ല. പരിചയക്കാരില്ല.

എന്നാല്‍ അവരെ സഹായിക്കുന്ന ആളുകളുടെ ശൃംഖലയുണ്ട്. ഒരുകൂട്ടം അപരിചിതരാണ് അവരെ കാനഡയിലേക്കു കൊണ്ടുവന്നത്. ആഗോളതലത്തില്‍ മാതൃകയായിരിക്കുന്ന ഒരു സ്വകാര്യ സ്‌പോണ്‍സര്‍ഷിപ് പരിപാടി ഉപയോഗിച്ച്. യുഎസില്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി വാദിക്കുന്ന ചിലര്‍ ഈ രീതി പിന്തുടരാന്‍ ആഗ്രഹിക്കുന്നു. അഭയാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പും സാമ്പത്തികസഹായവും പുനരധിവാസവും സാധാരണ പൗരന്മാരെ ഏല്‍പിക്കുന്നതാണ് രീതി. അഭയാര്‍ത്ഥികള്‍ കാനഡ സര്‍ക്കാരിന്റെ സുരക്ഷാ പരിശോധനകളും പശ്ചാത്തല, ആരോഗ്യ പരിശോധനകളും വിജയിക്കണമെന്നു മാത്രം.

അങ്ങനെ ആമിറും റാഗ്ദയും ഈ പുതിയ ഭൂമിയില്‍ എത്തുമ്പോള്‍ അവര്‍ ഒറ്റയ്ക്കല്ല. സ്‌പോണ്‍സറായ അലി ഖാന്‍ പുതിയൊരു ഫോണും ഡാറ്റാ പ്ലാനും നല്‍കിയതിനെത്തുടര്‍ന്നാണ് ആമിറിന് ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കാനായത്. സ്‌പോണ്‍സറായ ആഷ്‌ലി ഹില്‍ക്കെവിച്ച് ജോലിയില്‍നിന്ന് ഒരു ദിവസം അവധിയെടുത്താണ് അവരെ ഇംഗ്ലീഷ് പരിജ്ഞാന പരിശോധനയ്ക്ക് കൊണ്ടുപോയത്. മറ്റൊരു സ്‌പോണ്‍സര്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു. ഒരു വര്‍ഷത്തേക്ക് ആമിറിനും കുടുംബത്തിനും ഏതാണ്ട് ഇരുപതോളം കനേഡിയന്‍ വോളന്റിയര്‍മാരുടെയും 80 ഡോണര്‍മാരുടെയും സഹായമുണ്ടാകും.

ഡിസംബറില്‍ സിറിയയില്‍നിന്നുള്ള അഭയാര്‍ത്ഥികളുമായെത്തിയ ആദ്യ വിമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേയു ടോറന്റോ വിമാനത്താവളത്തില്‍ ഇങ്ങനെ പറഞ്ഞത് ലോകം കണ്ടു: ‘ വീട്ടിലേക്കു സ്വാഗതം. നിങ്ങള്‍ വീട്ടിലാണ്.’ ഇതുവരെ കാനഡയിലെത്തിയിട്ടുള്ള 26,000 സിറിയക്കാരില്‍ പതിനായിരത്തോളം പേര്‍ സ്വകാര്യവ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരാണ്. നായയെ നടത്തല്‍ സംഘം, ബുക്ക് ക്ലബ്, ക്വയര്‍, ഓഫിസ് സൃഹൃത്തുക്കള്‍, ബ്ലോക്ക് അസോസിയേഷനുകള്‍ എന്നിങ്ങനെ സാധാരണക്കാരാണ് സ്‌പോണ്‍സര്‍മാര്‍. ചെറിയ കുടുംബങ്ങള്‍ വീടിന്റെ ബേസ്‌മെന്റ് അഭയാര്‍ത്ഥികള്‍ക്കു നല്‍കുന്നു. വയസായവര്‍ തട്ടിന്‍പുറത്തുള്ള ഗൃഹോപകരണങ്ങളും. അഭയാര്‍ത്ഥികളുടെ പുനരധിവാസം ഒരു ദേശീയ പദ്ധതിയായിരിക്കുന്നു.

‘എന്റെ തൊഴില്‍ ജീവിതത്തില്‍ ഒരിക്കലും ഇതുപോലൊന്നിനു സാക്ഷ്യം വഹിച്ചിട്ടില്ല,’ കാനഡ ഡയറക്ടര്‍ ഓഫ് റഫ്യൂജീസ് സരിത ഭാട്‌ല പറയുന്നു.

അമേരിക്കയിലാണ് ലോകത്ത് ഏറ്റവും വലിയ അഭയാര്‍ത്ഥി പുനരധിവാസ പദ്ധതിയുള്ളത്. എന്നാല്‍ ഇവിടെ സ്വകാര്യ സ്‌പോണ്‍സര്‍ഷിപ് അനുവദനീയമല്ല. അമേരിക്കന്‍ നിയമനിര്‍മാതാക്കളും അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവരും കാനഡയെ നിരീക്ഷിക്കുകയാണ്. ഈ സാമ്പത്തികവര്‍ഷം പതിനായിരത്തോളം സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്ക സ്വീകരിക്കും. എങ്കിലും സ്വകാര്യ സ്‌പോണ്‍സര്‍ഷിപ് അനുവദിച്ചാല്‍ ഇതില്‍ക്കൂടുതല്‍ ചെയ്യാനാകുമെന്ന് കരുതപ്പെടുന്നു. നിസ്‌കാനെന്‍ സെന്ററിന്റെ നേതൃത്വതത്തില്‍ വിവിധ സംഘടനകള്‍ ചെറിയ തോതിലുള്ള പ്രൈവറ്റ് സ്‌പോണ്‍സര്‍ഷിപ് അനുവദിക്കണമെന്നാവശ്യപ്പെട്ടുവരികയാണ്. സര്‍ക്കാര്‍ ക്വോട്ടയ്ക്കു പുറമെ അഭയാര്‍ത്ഥികളെ കൊണ്ടുവരാനുള്ള ചെലവുകള്‍ വഹിക്കാന്‍ സ്വകാര്യ സ്‌പോണ്‍സര്‍മാരുള്‍പ്പെടുന്ന ഫണ്ടിനു രൂപം നല്‍കണമെന്ന് സെന്റര്‍ ആവശ്യപ്പെടുന്നു. 1986ല്‍ ഇത്തരമൊരു കീഴ് വഴക്കമുണ്ടായി. 16,000 സോവിയറ്റ് ജൂതന്മാരെയും ക്യൂബക്കാരെയും പുനരധിവസിപ്പിക്കുന്നതില്‍ സ്വകാര്യ സംഘടനകള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിക്ക് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ അത് പുതുക്കി നല്‍കിയില്ല.

അതിര്‍ത്തികളില്ലാത്ത ഫേസ്ബുക്ക് സംഭാവന ശേഖരണത്തിന്റെ കാലത്ത് സിറിയന്‍ അഭയാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള യുഎസ് പൗരന്മാര്‍ കനേഡിയന്‍ ഗ്രൂപ്പുകള്‍ക്കു പണം നല്‍കുന്നു. പുതിയ ജീവിതം തുടങ്ങാന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കരാര്‍ കൊടുക്കുന്ന യുഎസ് പുനരധിവാസ ഏജന്‍സികളെ സഹായിക്കാമെന്നറിയിച്ചത് ആയിരക്കണക്കിന് അമേരിക്കക്കാരാണ്. കാനഡയുടെ മാതൃക കണ്ട് അമേരിക്കയിലെ അഭയാര്‍ത്ഥികളെ അനുകൂലിക്കുന്നവരും ചിന്തിക്കുന്നു: എന്തുകൊണ്ട് സഹായം നേരിട്ട് അഭയാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന ഒരു സംവിധാനം ആയിക്കൂടാ? അവരെ സഹായിക്കാന്‍ സാധാരണക്കാര്‍ എടുക്കുന്ന നടപടികള്‍ സമൂഹത്തില്‍ സഹവര്‍ത്തിത്വം വളര്‍ത്താന്‍ സഹായിക്കില്ലേ?

പകരം അവര്‍ രാഷ്ട്രീയക്കാരാല്‍ പ്രേരിതമായ, അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടികള്‍ക്കെതിരെ പോരാടുന്നു. അഭയാര്‍ത്ഥികളെന്ന വ്യാജേന രാജ്യത്തേക്കു കടക്കാവുന്ന ഭീകരരെ ഭയക്കുന്നു.

ആമിറിന്റെയും റാഗ്ദയുടെയും സ്‌പോണ്‍സര്‍മാര്‍ അവരുടെ പ്രയത്‌നങ്ങളെ അപകടമായല്ല നിക്ഷേപമായാണു കാണുന്നത്. ആര്‍ക്കും സിറിയയുമായി നേരിട്ടു ബന്ധമില്ല. മിക്കവരും കാനഡയില്‍ ജനിച്ചവരാണ്. മാതാപിതാക്കള്‍ പോര്‍ച്ചുഗല്‍, ഹോങ് കോങ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നു വന്നവരാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേവുവിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന പിയറി ട്രുഡേവുവിന്റെ കാലത്ത് കുടിയേറ്റനിയമം ലളിതമാക്കിയതാണ് അവര്‍ക്കു തുണയായത്. ഒരു തലമുറയ്ക്കിപ്പുറം ഈ നയങ്ങള്‍ ടോറന്റോയെ പുനര്‍നിര്‍വചിച്ചു. ഒരിക്കല്‍ അതീവ കുലീനവും കഠിന സദാചാരനിഷ്ഠയുള്ളതും ഇംഗ്ലണ്ടിനെ അന്ധമായി ആരാധിക്കുന്നതുമായിരുന്ന ഈ നാട്ടില്‍ ഇന്ന് പകുതിയോളം പേര്‍ വിദേശത്തു ജനിച്ചവരാണ്. പുതിയ ആളുകളെ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ ലോകത്ത് ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണതെന്ന് 38 വികസിത രാജ്യങ്ങളെ സംബന്ധിച്ച പഠനം പറയുന്നു. അതുകൊണ്ടുതന്നെ അഭയാര്‍ത്ഥികളെ സഹായിക്കുന്നത് ജീവകാരുണ്യപ്രവര്‍ത്തനമായി ഇവര്‍ കാണുന്നില്ല. ‘ഞങ്ങള്‍ നഗരത്തെ നിര്‍മിക്കുകയാണ്,’ ആഷ്‌ലി പറയുന്നു.

‘ഞങ്ങളുടെ ഗ്രൂപ്പ് വളരെ ചെറുപ്പമാണ്. ചെറുപ്പക്കാരായ പ്രഫഷനലുകളുടെ സംഘം.’ അഭയാര്‍ത്ഥികളില്‍ പലര്‍ക്കും ചെറിയ കുട്ടികളുണ്ടെന്നത് അവരുമായി എളുപ്പത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സ്‌പോണ്‍സര്‍മാരെ സഹായിക്കുന്നു.വ്യത്യസ്തതകളുമുണ്ട്. ആമിര്‍ ഇറച്ചിവില്‍പനക്കാരനാണ്. റാഗ്ദ ആമിറിനെ വിവാഹം കഴിക്കുന്നത് പതിനാലാം വയസിലാണ്. ഇരുവരും യുദ്ധമുറിവുകള്‍ പേറുന്നവരാണ്. ‘അവര്‍ വളരെ നല്ല ആളുകളാണ് എന്നതാണ് അപ്രതീക്ഷിതം. തുറന്ന മനസുള്ള അവര്‍ ഏതു സാഹചര്യത്തിലും സൗഹൃദം സ്ഥാപിക്കാനാകുന്ന തരം മനുഷ്യരാണ്.

ഒരു സിറിയന്‍ കുടുംബത്തെ കാനഡയിലേക്കു കൊണ്ടുവരിക എന്ന ആശയം രൂപമെടുത്തത് വളരെ പതിയെയാണ്. മുപ്പത്തിരണ്ടുകാരിയായ ആഷ്‌ലി ഹില്‍കെവിച്ച് എന്ന നോണ്‍പ്രോഫിറ്റ് മാനേജര്‍ ആദ്യം അതേപ്പറ്റി ആലോചിച്ചത് ഓഗസ്റ്റിലാണ്. ‘ പിന്നെ അവള്‍ നിശബ്ദയായി,’ ആഷ്‌ലിയുടെ ഭര്‍ത്താവും സണ്‍ ലൈഫ് ഫിനാന്‍ഷ്യല്‍ മാനേജരുമായ അലി ഖാന്‍ പറയുന്നു. അത് ഇത്തരമൊരു കാര്യത്തിനു പറ്റിയ സമയമായിരുന്നില്ല. അവരുടെ മകള്‍ ഏറിയയ്ക്കു പ്രായം 18 മാസം മാത്രം. ആഷ്‌ലി പുതിയൊരു ജോലി തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. വൈകുന്നേരങ്ങളില്‍ തിരിച്ചെത്തിയാല്‍ അത്താഴമൊരുക്കാനും ഏറിയയെ ഉറക്കാനുമേ സമയമുണ്ടായിരുന്നുള്ളൂ. മറ്റൊരു കുടുംബത്തെ സഹായിക്കാന്‍ സമയമുെണ്ടന്നു തോന്നിയില്ല.

അപ്പോഴാണ് മൂന്നുവയസുകാരനായ എയ്‌ലാന്‍ കുര്‍ദിയുടെ മൃതദേഹം തുര്‍ക്കി തീരത്തടുത്തത്. മണലില്‍ മുഖം അമര്‍ത്തിക്കിടക്കുന്ന കുഞ്ഞിന്റെ ചിത്രം ലോകമെങ്ങും പ്രത്യക്ഷപ്പെട്ടു. കാനഡയിലുള്ള ബന്ധുക്കള്‍ക്കടുത്തെത്താന്‍ ശ്രമിച്ചു പരാജയപ്പെടുകയായിരുന്നു എയ്‌ലാന്റെ കുടുംബം എന്ന വിവരം പിന്നീട് പുറത്തുവന്നു. മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുടെ നയങ്ങള്‍ ഉണ്ടാക്കിയ തടസങ്ങളായിരുന്നു കാരണം. ആ പരാജയം കാനഡയുടെ ദേശീയതയിലേക്ക് ആഴ്ന്നിറങ്ങി. ഒരു വന്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ മുഖം തിരിക്കുന്നവരാണോ കാനഡക്കാര്‍? അല്ല എന്നായിരുന്നു ഉത്തരം. ഫെഡറല്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഷ്ട്രീയ കക്ഷികള്‍ അനുവദിക്കാവുന്ന സിറിയക്കാരുടെ എണ്ണത്തെച്ചൊല്ലി മുറവിളി കൂട്ടി. സ്വകാര്യ സ്‌പോണ്‍സര്‍മാരെ അനുവദിക്കാമെന്നു വാഗ്ദാനം നല്‍കിയ ജസ്റ്റിന്‍ ട്രുഡേവൂ അധികാരത്തിലെത്തി.

ആഷ്‌ലിയും അലിയും പ്രായോഗികബുദ്ധിയുള്ള ദമ്പതികളാണ്. രണ്ടുപേരും എംബിഎക്കാര്‍. സസ്‌കാഷെവാന്‍ എന്ന ചെറുപട്ടണത്തില്‍ എണ്ണക്കിണര്‍ ഓപ്പറേഷന്‍സ് മാനേജരായ പിതാവിന്റെയും അക്കൗണ്ടന്റായ അമ്മയുടെയും ശിക്ഷണം ആഷ്‌ലിയെ പഠിപ്പിച്ചത് ഒരിക്കലും തോറ്റു പിന്‍മാറരുത് എന്നാണ്. ‘  നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയല്ല വേണ്ടത്. കാര്യങ്ങള്‍ ചെയ്യുകയാണ്.’ പാക്കിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍നിന്നാണ് അലിയുടെ വരവ്. മാതാപിതാക്കളുടെ ചെറിയ വസ്ത്രനിര്‍മാണശാലയില്‍ ചെറുജോലികള്‍ക്കെത്തിയിരുന്നവരെ സഹായിക്കുന്നതിനെപ്പറ്റിയാണ് അലിയുടെ അമ്മ പറഞ്ഞുകൊണ്ടിരുന്നത്. ‘നമുക്കുള്ള ഭാഗ്യങ്ങളെ തിരിച്ചറിയാനും അത് മറ്റുള്ളവരുമായി പങ്കിടാനുമുള്ള മനസ്’ അത് അലിക്കു നല്‍കി.

ഡിസംബറില്‍ ആഷ്‌ലിയുടെ അറുപത്തിരണ്ടുകാരിയായ ഹൗസ്‌കീപ്പര്‍ താന്‍ ആരാധനാലയത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ഒരു സിറിയന്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നെന്നു പറഞ്ഞപ്പോള്‍ തനിക്കും അത് ചെയ്യാനാകുമെന്ന് ആഷ്‌ലിക്കു മനസിലായി.

സഹോദരിയും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥിനിയുമായ മല്ലോറി ഹില്‍ക്കോവിച്ചുമായും അലിയുമായും ആലോചിച്ച് ആഷ്‌ലി കണക്കുകൂട്ടല്‍ തുടങ്ങി. 35,000 ഡോളര്‍ അവര്‍ക്ക് ആവശ്യമായി വരും. ഇ മെയില്‍ സന്ദേശങ്ങള്‍ക്ക് അനുകൂലപ്രതികരണങ്ങളാണുണ്ടായത്. ജനുവരി അവസാനത്തോടെ അവര്‍ 50,000 ഡോളര്‍ സമാഹരിച്ചുകഴിഞ്ഞിരുന്നു.

അഭയാര്‍ത്ഥികളെ കാനഡയിലേക്കു കൊണ്ടുവരാനുള്ള സ്‌പോണ്‍സര്‍മാരുടെ സംഘത്തില്‍ അഞ്ചോ അതിലധികമോ ആളുകള്‍ വേണം. അവര്‍ ഒരു പുനരധിവാസ പദ്ധതി എഴുതിയുണ്ടാക്കണം. ഓരോ ചുമതലയും ആര് നിര്‍വഹിക്കും എന്ന തരത്തില്‍ പട്ടികയുണ്ടാക്കണം. എന്നാല്‍ നൂലാമാലകള്‍ കുറഞ്ഞ ഒരു വഴിയാണ് ആഷ്‌ലി തിരഞ്ഞെടുത്തത്. അവര്‍ ഹ്യുമാനിറ്റി ഫസ്റ്റ് എന്ന സംഘടനയെ ഔദ്യോഗിക സ്‌പോണ്‍സറായി തിരഞ്ഞെടുത്തു.

സംഘത്തിലെ ഒരു റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് ഒരു ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തി. വിക്ടോറിയ പാര്‍ക്ക് സബ് വേ സ്റ്റേഷനടുത്തുള്ള അതിന് വാടക മാസം 830 ഡോളര്‍ മാത്രമായിരുന്നു. സ്‌പോണ്‍സര്‍ഷിപ് വര്‍ഷം കഴിഞ്ഞാലും കുടുംബത്തിന് താങ്ങാനാകുന്ന തുക.

ജനുവരി 31ന് ഹ്യുമാനിറ്റി ഫസ്റ്റിന്റെ ഡയറക്ടറോട് സംസാരിച്ച ആഷ്‌ലിയോട് അദ്ദേഹം ചോദിച്ചു: ‘ താമസസൗകര്യമുണ്ടോ? ഈ ആഴ്ച ഒരു കുടുംബം വരുന്നുണ്ട്’. മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു ആഷ്‌ലിയുടെ സംഘത്തിന്റെ ആലോചന. എന്നാല്‍ സംഘാംഗമായ ജാനിസ് സോസയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ‘നമുക്ക് അത് ചെയ്യാനാകും’.

ഒരു നാലംഗകുടുംബത്തിന് താമസം തുടങ്ങാന്‍ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കിയ ജാനിസ് അടുപ്പമുള്ളവരെയൊക്കെ സാധനങ്ങള്‍ക്കായി സമീപിച്ചു. ഒരു ദിവസം അവധിയെടുത്ത് വാന്‍ വാടകയ്‌ക്കെടുത്ത് പന്ത്രണ്ടോളം സ്ഥലങ്ങളില്‍നിന്ന് അവര്‍ സാധനങ്ങള്‍ ശേഖരിച്ചു.

ആമിറും റാഗ്ദയും വരുന്നതിനു തൊട്ടുമുന്‍പുള്ള രാത്രി എട്ടുപേര്‍ സംഘം ചേര്‍ന്ന് വീടൊരുക്കല്‍ തുടങ്ങി. സിറിയയില്‍നിന്നു വരുന്ന ഒരു കുടുംബത്തിന് വീട് എങ്ങനെയായിരിക്കണം? ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമായിരുന്നു. ജാനിസിന്റെ മാതാപിതാക്കള്‍ പോര്‍ച്ചുഗീസില്‍നിന്നു വന്നവരായിരുന്നു. അവിടത്തെ ഭക്ഷണം ലഭിക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. ഉപ്പും കുരുമുളകും പോലെ സിറിയന്‍ ഭക്ഷണമേശയില്‍ ജീരകവും പ്രധാനഘടകമാണെന്ന് അവര്‍ കേട്ടിരുന്നു. ജീരകം വിതറാന്‍ പറ്റിയ ഒരു കുപ്പിക്കായി അവര്‍ വിപണിയാകെ തിരഞ്ഞു. മറ്റൊരു സംഘാംഗം പെണ്‍കുട്ടികളുടെ കിടപ്പുമുറിക്ക് അലങ്കാരമായി മൂങ്ങകളുടെ ചിത്രങ്ങള്‍ കണ്ടെത്തി. ഒരു അലമാര നിറയെ കോഫി കപ്പുകളും പ്ലേറ്റുകളും നിരത്താന്‍ മല്ലോറി മറ്റ് സ്‌പോണ്‍സര്‍മാരെ സഹായിച്ചു.

വീടൊരുക്കല്‍ കുഴപ്പത്തിലവസാനിച്ചു. മൂങ്ങകള്‍ സിറിയയില്‍ നിര്‍ഭാഗ്യത്തിന്റെ ചിഹ്നമാണ്. ജീരകം ഉപയോഗിക്കുമെങ്കിലും അത് പാചകത്തിനാണ്. സിറിയയില്‍ ആരും മഗുകള്‍ ഉപയോഗിച്ച് ചായയും കാപ്പിയും കുടിക്കാറില്ല.

ആമിറും റാഗ്ദയും മൂന്നു സൂട്ട്‌കേസുകളിലായി 18 ചെറിയ ഗ്ലാസ് കപ്പുകള്‍ കൊണ്ടുവന്നു. ‘ഞങ്ങള്‍ക്ക് ചായയുടെ നിറം കാണണം.’ ഒരു ചെറിയ കുഴവി, കുട്ടികള്‍ക്കായി കാര്‍ട്ടൂണുകളാല്‍ അലങ്കരിച്ച പ്ലാസ്റ്റിക് പ്ലേറ്റുകള്‍, മസാലക്കൂട്ട്, കരിംജീരകം എന്നിവയും അവര്‍ കൊണ്ടുവന്നു.

വിട്ടുപോന്ന ആളുകളെപ്പറ്റിയാണ് അവര്‍ക്കു ഖേദമുണ്ടായിരുന്നത്. സമ്പാദിച്ചതെല്ലാം അവര്‍ക്ക് ഉപേക്ഷിക്കേിവന്നു. വീട് എന്നാല്‍ സാധനങ്ങളല്ലെന്നു തീരുമാനിച്ചുകഴിഞ്ഞവരാണ് അവര്‍. എങ്കിലും സ്‌പോണ്‍സര്‍മാരുടെ ശ്രമത്തെ അവര്‍ ശ്ലാഘിച്ചു. ‘ചോദിക്കുംമുന്‍പ് ഞങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് അവര്‍ക്ക് അറിയാമായിരുന്നു,’ റാഗ്ദ പറഞ്ഞു. ആ പ്രവൃത്തികള്‍, ആളുകള്‍ – അതാണ് വീട്ടിലെത്തിയതായി തോന്നിപ്പിക്കുന്നത്.

‘എനിക്ക് ഭയമാകുന്നു,’ ഇംഗ്ലീഷ് ക്ലാസിന്റെ ആദ്യദിവസം ആമിര്‍ പറയുന്നു. അവരുടെ പഠനവിജയത്തെ ആശ്രയിച്ചാകും എല്ലാക്കാര്യങ്ങളും. പുതിയ സ്ഥലത്ത് നന്നായി സംസാരിക്കാനാകും വിധം അവര്‍ക്ക് പഠിക്കാനാകുമോ? സ്‌പോണ്‍സര്‍മാരുടെ നിക്ഷേപത്തെ നന്നായി ഉപയോഗിക്കാന്‍ അവര്‍ക്കാകുമോ?

യുദ്ധം ആരംഭിച്ച ശേഷം ആമിറിന്റെ കുടുംബത്തിന്റെ മൂന്നാം താമസസ്ഥലമാണിത്. ഇംഗ്ലീഷ് മനസിലാകാത്തപ്പോഴും ചുറ്റുമുള്ള ആളുകളുടെ ആംഗ്യങ്ങളും മുഖവും കണ്ട് കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുന്നു ആമിര്‍.

ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ആപ്പിലൂടെ അലി ആമിറിനോടും റാഗ്ദയോടും ആവര്‍ത്തിക്കുന്നു: ‘ നിങ്ങള്‍ കാനഡയുടെ സൂപ്പര്‍സ്റ്റാറുകളാകും.’

എന്നാല്‍ ഭാഷാവ്യത്യാസം കഠിനമാണ്.

‘ എനിക്കു ചുറ്റും കുടുംബമുള്ളപ്പോള്‍ കുഴപ്പമില്ല,’ ആമിര്‍ പറയുന്നു. എന്നാല്‍ ഞാന്‍ അപരിചിതര്‍ക്കിടയിലാകുമ്പോള്‍ എന്തോ എന്നെ അകറ്റിനിര്‍ത്തുന്നു.’

നേരത്തെ റാഗ്ദ തന്റെ ഭാവിയെപ്പറ്റി ആഷ്‌ലിയോടു സംസാരിച്ചു. എന്നെങ്കിലും ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കുമെന്നോ തൊഴില്‍ പഠിക്കുമെന്നോ യൂണിവേഴ്‌സിറ്റിയിലെത്തുമെന്നോ അവര്‍ കരുതിയിരുന്നില്ല. എന്നാല്‍ ഇവയെല്ലാം സാദ്ധ്യമാണെന്ന് ആഷ്‌ലി പറഞ്ഞു. ‘ ഞാന്‍ ചെറുപ്പമാണ്. എനിക്കു പഠിക്കാം. എനിക്ക് ജോലി ചെയ്യാം എന്നെല്ലാം അവര്‍ പറഞ്ഞു,’ റാഗ്ദ പറഞ്ഞു. തന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച്. മുഖത്തെ വരിഞ്ഞുമുറുക്കുന്ന വര്‍ണപ്പകിട്ടാര്‍ന്ന തൂവാലകള്‍ ധരിച്ച് അപരിചിതമായ സ്ഥലങ്ങളില്‍പ്പോലും അവര്‍ ആത്മവിശ്വാസത്തോടെ നടക്കുന്നു. വീടിനുള്ളില്‍ നീളമുള്ള തലമുടി അവളെ കൂടുതല്‍ ചെറുപ്പമാക്കുന്നു.

ഡാന്‍ഫോര്‍ത്ത് ലാംഗ്വേജ് ഇന്‍സ്ട്രക്ഷന്‍ ഫോര്‍ ന്യൂകമേഴ്‌സ് ടു കാനഡ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്കാണ് റാഗ്ദയുടെയും ആമിറിന്റെയും യാത്ര. ബൂട്ടുകളിലെ മഞ്ഞ് ചവിട്ടിയില്‍ തുടച്ച് ചെറിയൊരു ചിരിയോടെ റാഗ്ദ.

മുന്‍വശത്തെ ഡസ്‌കിലെത്തുമ്പോഴേക്ക് ആദ്യത്തെ ആവേശം തണുത്തു. അവരുടെ പക്കല്‍ ഇംഗ്ലീഷ് വാക്കുകളില്ല. ക്ലാസിനെത്തിയതാണോ എന്ന ചോദ്യത്തോടെ റിസപ്ഷനിസ്റ്റ് ഇരുവര്‍ക്കും ഫോം നല്‍കുന്നു. ലാറ്റിന്‍ അക്ഷരങ്ങളെ തുറിച്ചുനോക്കുന്ന ഇരുവരോടും റിസപ്ഷനിസ്റ്റ് ചോദിക്കുന്നു, ‘പുതിയവരാണല്ലേ?’

പേനയെടുത്ത് ബുദ്ധിമുട്ടി വിക്ടോറിയ പാര്‍ക്ക് എന്ന അഡ്രസ് എഴുതുന്നു ആമിര്‍. അറബിയില്‍ എല്ലാ സ്വരാക്ഷരങ്ങളുമില്ല. അതിനാല്‍ ആമിറിന്റെ എഴുത്തിലും അവ കാണാനില്ല.

സംസാരത്തിലൂടെയുള്ള വിലയിരുത്തലിനായി അവരുടെ അദ്ധ്യാപിക കാതറീന്‍ പോര്‍ട്ടര്‍ അവര്‍ക്കൊപ്പമിരിക്കുന്നു.  ‘ഗുഡ് മോണിങ്’ പോര്‍ട്ടര്‍ പറയുന്നു. റാഗ്ദ തിരിച്ച് ഗുഡ്‌മോണിങ് പറയുന്നു. ആമിറിനു നേരെ തിരിഞ്ഞ് പോര്‍ട്ടര്‍ ചോദിക്കുന്നു, ‘ഹൗ ആര്‍ യു?’ അമ്പരന്ന ആമിര്‍ റാഗ്ദ പറഞ്ഞത് ആവര്‍ത്തിക്കുന്നു, ‘ഗുഡ്‌ മോണിങ്’.

വിലയിരുത്തല്‍ പകുതിയാകുമ്പോഴേക്ക് ആമിര്‍ അസ്വസ്ഥനാകുന്നു. പോട്ടര്‍ പ്രോല്‍സാഹനജനകമായി പുഞ്ചിരിക്കുന്നു.

‘എന്റെ ക്ലാസിന്റെ നിലവാരം അനുസരിച്ച് നിങ്ങളുടെ ഇംഗ്ലീഷ് മദ്ധ്യനിരയിലാണ്. നല്ല തുടക്കം. നിങ്ങള്‍ രണ്ടുപേര്‍ക്കും നല്ല തുടക്കമാണ്.’ ആമിറും പുഞ്ചിരിക്കുന്നു.

ക്ലാസിനുശേഷം ആമിറും റാഗ്ദയും കുട്ടികളെ വിളിക്കാന്‍ എത്തുന്നു.

സെക്കോഡ് എലിമെന്ററി സ്‌കൂള്‍ പ്രസന്നവും സന്തോഷകരവുമായ ഊര്‍ജം പകരുന്ന ഒന്നാണ്. സന്തോഷകരമായ അധികാരത്തോടെ സംസാരിക്കുന്ന അദ്ധ്യാപകര്‍. ശ്രദ്ധിച്ചുകേള്‍ക്കുന്ന കുട്ടികള്‍. ഇവിടത്തെ മൂന്നിലൊന്ന് കുട്ടികളും കാനഡയ്ക്കു പുറത്തു ജനിച്ചവരാണ്. വിദ്യാര്‍ത്ഥികളിലെ ഉയര്‍ന്ന ദാരിദ്ര്യനില മൂലം സ്‌കൂളിന് പ്രത്യേക ഫണ്ടിങ് ലഭിക്കുന്നു. ധാരാളം മദ്ധ്യവര്‍ഗ വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നു. അദ്ധ്യാപന നിലവാരവും മികച്ചതാണ്. അഭയാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഇവിടെ പ്രോട്ടോക്കോള്‍ നിലവിലുണ്ട്.

‘നിങ്ങള്‍ യുദ്ധം കണ്ടിട്ടുണ്ടോ എന്ന് ഞാന്‍ അവരോടു ചോദിച്ചു,’ ഇംഗ്ലീഷ് രണ്ടാംഭാഷയായി പഠിപ്പിക്കുന്ന ജെയ്ന്‍ മേരി പറഞ്ഞു. അവരാണ് ഗേനയെയും നഗമിനെയും റജിസ്റ്റര്‍ ചെയ്തത്. പലപ്പോഴും മോശം അനുഭവങ്ങള്‍ കുട്ടികള്‍ പറയാറില്ലെന്നും അവര്‍ അനുസ്മരിച്ചു.

രാവിലെ ആമിറും റാഗ്ദയും തിരിച്ചുപോകുമ്പോള്‍ കളിക്കളത്തില്‍ ഒറ്റയ്ക്കു നില്‍ക്കുകയായിരുന്നു നഗം. മറ്റു കുട്ടികളെല്ലാം കളിക്കുകയും. ജീവിതം മുഴുവന്‍ യുദ്ധം കാണുകയും ഒരിക്കലും മാതാപിതാക്കളെ വിട്ടുപിരിയാതിരിക്കുകയും ചെയ്ത നഗം പതിയെ സ്ലൈഡിന്റെ പടികള്‍ കയറി മഞ്ഞിലൂടെ തെന്നിനീങ്ങി.

സ്‌കൂള്‍ കഴിയുമ്പോള്‍ അവള്‍ അമ്മയുടെ അടുത്തേക്ക് ഓടിവരുന്നു. ‘എല്ലാവരും എന്നോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നു. എന്റെ മറുപടി അബദ്ധങ്ങളായിരുന്നു.’

ഗേന സന്തോഷവതിയാണ്. ‘എനിക്ക് സമ്മാനങ്ങള്‍ കിട്ടി.’ സ്വാഗത സമ്മാനങ്ങള്‍ കൊണ്ടുവരണമെന്ന് അദ്ധ്യാപിക മറ്റുകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.

നഗം മുഖം വീര്‍പ്പിക്കുന്നു. ‘എനിക്ക് ആരും സമ്മാനങ്ങള്‍ തന്നില്ല.’

വീട്ടിലേക്കുള്ള വഴിയില്‍ ഡെന്റോണിയ പാര്‍ക്ക് കടക്കുമ്പോള്‍ റാഗ്ദ ആറടി ഉയരമുള്ള മഞ്ഞുമനുഷ്യനെ കണ്ടു. മഞ്ഞുമനുഷ്യനെ കെട്ടിപ്പിടിക്കാനായി റാഗ്ദ അങ്ങോട്ടോടി. കുട്ടികളും. റാഗ്ദ ഒരു മഞ്ഞുമാലാഖയെ ഉണ്ടാക്കാന്‍ തുടങ്ങി. ആമിറും കുട്ടികളും അവര്‍ക്കൊപ്പം മഞ്ഞിലേക്കു വീണു.

‘ഞാന്‍ ഇവിടെയാണെന്ന് എനിക്കു വിശ്വസിക്കാനാകുന്നില്ല,’ റാഗ്ദ പറയുന്നു.

സിറിയയിലെ മൂന്നാമത്തെ വന്‍ നഗരമായ ഹോംസില്‍നിന്നാണ് ആമിറും റാഗ്ദയും വരുന്നത്. പഴയ നഗരത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, കല്ലുകൊണ്ടുനിര്‍മിച്ച വീട്ടിലാണ് ആമിര്‍ വളര്‍ന്നത്. ആമിറിന്റെ പിതാവും മുത്തച്ഛനും ഇറച്ചി വില്‍പനക്കാരായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ കച്ചവടസാമര്‍ത്ഥ്യം കാണിച്ച ആമിര്‍ ഒന്‍പതാംവയസില്‍ ഇറച്ചി മുറിക്കാന്‍ പഠിച്ചു. ഒന്‍പതാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് മുഴുവന്‍ സമയ ഇറച്ചിക്കച്ചവടക്കാരനായി.

പിന്നീട് ആമിറിന് സര്‍ക്കാര്‍ സ്ലോട്ടര്‍ഹൗസില്‍ ജോലി കിട്ടി. റാഗ്ദയുടെ പിതാവും അവിടെ ജോലിക്കാരനായിരുന്നു. വിവാഹക്കാര്യം ആലോചിക്കുമ്പോള്‍ റാഗ്ദയ്ക്ക് 14 വയസായിരുന്നു. മറ്റു പെണ്‍കുട്ടികള്‍ ആ പ്രായത്തില്‍ വിവാഹിതരായിരുന്നു. എങ്കിലും റാഗ്ദ ആദ്യം മടിച്ചു. ‘ ആമിറിനെ കണ്ടപ്പോള്‍ എനിക്കിഷ്ടപ്പെട്ടു. എനിക്ക് സ്‌നേഹം തോന്നി.’ ആമിര്‍ പറഞ്ഞു, ‘ഞങ്ങള്‍ ഇറച്ചിക്കടയില്‍ വിവാഹിതരായി.’

ഹോംസിനു തെക്കുകിഴക്ക് ഫെയ്‌റൗസെയിലെ ആധുനിക അപ്പാര്‍ട്ട്‌മെന്റില്‍ ആമിറിന്റെ കുടുംബത്തിനൊപ്പമായിരുന്നു വിവാഹശേഷം അവരുടെ താമസം.

‘അവര്‍ എന്റെ രണ്ടാമത്തെ കുടുംബമായി മാറി. ഞാന്‍ കാര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങും. അതാണ് ആമിര്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം,’ ആമിറിന്റെ മാതാപിതാക്കളെ പരാമര്‍ശിച്ച് റാഗ്ദ പറഞ്ഞു.

റാഗ്ദയ്ക്കു 15 വയസുള്ളപ്പോഴാണ് ഗേന ജനിക്കുന്നത്. പതിനേഴാം പിറന്നാള്‍ കഴിയുമ്പോഴേക്ക് നഗമും എത്തി. നഗമിന് ഏതാനും മാസം പ്രായമാകുമ്പോഴേക്ക് സംഘര്‍ഷം തുടങ്ങി.

‘ഞങ്ങള്‍ പുറത്തിറങ്ങിയില്ല. ഓരോ ആഴ്ചയും കാര്യങ്ങള്‍ ശരിയാകുമെന്നു കരുതി. എന്നാല്‍ സംഭവങ്ങള്‍ വഷളായി. ഏപ്രില്‍ ആയപ്പോഴേക്ക് ആയിരങ്ങള്‍ തെരുവിലിറങ്ങിക്കഴിഞ്ഞിരുന്നു. മേയില്‍ സൈന്യം ടാങ്കുകളെ അയച്ചു. പ്രതിപക്ഷം തെരുവുയുദ്ധത്തിനിറങ്ങി. സര്‍ക്കാര്‍ ആകാശയുദ്ധവും. ‘ പട്ടാളം നമ്മെ ബോംബ് ചെയ്യുമോ’ എന്ന് ഗേന ചോദിച്ചുതുടങ്ങിയിരുന്നു.

ഞാന്‍ ജോലി തുടര്‍ന്നു. എങ്ങെയെങ്കിലും ജോലിസ്ഥലത്തെത്താന്‍ എനിക്കറിയാമായിരുന്നു. സ്‌നിപ്പര്‍മാരെ ഒഴിവാക്കാനും. സഹോദരന്‍ മൊഹനാദിനൊപ്പം ഒരു ചെറിയ ട്രക്കില്‍ ഇറച്ചിവിതരണം നടത്തുകയും ചെയ്തു.

ഒരുദിവസം ആമിറും മൊഹനാദും സര്‍ക്കാര്‍ അനുകൂലികളായ അലാവിറ്റ് തീവ്രവാദികളുടെ 60 പേരടങ്ങുന്ന സംഘത്തിനു മുന്നില്‍പ്പെട്ടു. വാന്‍ വെടിവച്ചു നശിപ്പിച്ച അവര്‍ ഇരുവരെയും ബന്ദികളാക്കി. സംഘാംഗങ്ങളെ വിട്ടുകിട്ടാന്‍ വേണ്ടിയായിരുന്നു അത്. ‘പീഡനത്തെപ്പറ്റി സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല,’ ആമിര്‍ പറയുന്നു. രണ്ടുമാസത്തിനുശേഷം വിട്ടയയ്ക്കപ്പെടുമ്പോള്‍ ആമിര്‍ എല്ലും തോലുമായിരുന്നുവെന്ന് റാഗ്ദ ഓര്‍മിക്കുന്നു.

മറ്റുള്ളവരുടെ നില ഇതിലും കഷ്ടമായിരുന്നു. റാഗ്ദയുടെ രണ്ടു സഹോദരരെ നിര്‍ബന്ധിത സൈനികസേവനത്തിനയച്ചു. ഒരാള്‍ അപ്രത്യക്ഷനായി. ആമിറിന്റെ സഹോദരരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരു സഹോദരന്‍ ഒസാമ ഷെല്‍ ആക്രമണത്തില്‍ പരുക്കേറ്റ് അരയ്ക്കുതാഴേക്ക് ശരീരം തളര്‍ന്ന അവസ്ഥയിലാണ്.

രാജ്യം വിട്ടുപോകാന്‍ പിതാവ് ആമിറിനോട് ആവശ്യപ്പെട്ടു. ട്രിപ്പോളിയില്‍ ചികില്‍സയ്ക്കു പോയതായിരുന്നു ഒസാമ. മറ്റു ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. അയല്‍ക്കാര്‍ ജോര്‍ദാനിലേക്കും തുര്‍ക്കിയിലേക്കും പാലായനം ചെയ്തിരുന്നു. ചിലര്‍ യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ചു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും അവരുടെ യാത്രകളെ പിന്തുടര്‍ന്ന ആമിര്‍ സ്വന്തം കുടുംബത്തെ അതിര്‍ത്തിയിലെ അപകടങ്ങളിലേക്കു തള്ളിവിടാന്‍ മടിച്ചു.

പകരം ഹോംസിനും ദമാസ്‌കസിനും ഇടയിലുള്ള നാബെക്കിലേക്ക് ആമിറും കുടുംബവും മാറി. ആമിര്‍ വീണ്ടും ജോലി തുടങ്ങി. താഴത്തെ നിലയിലായിരുന്നു അവരുടെ വാടകവീട്. ബോംബിങ്ങിനെ ഭയന്നുള്ള രക്ഷാ ഉപായം.

ഒരുവര്‍ഷത്തെ സമാധാനത്തിനുശേഷം യുദ്ധം നാബെക്കിലുമെത്തി.

ഒരു ദിവസം അസ്തമനത്തിനു തൊട്ടുമുന്‍പ് സിറിയന്‍ വ്യോമസേന ആക്രമണം തുടങ്ങി. ബന്ധുക്കള്‍ സന്ദര്‍ശനത്തിനെത്തിയ ദിവസമായിരുന്നു അത്. കുട്ടികളെ കളികള്‍ കൊണ്ടു സമാധാനിപ്പിക്കാന്‍ റാഗ്ദ ശ്രമിച്ചു. പെട്ടെന്ന് മിന്നല്‍പോലൊന്ന് കെട്ടിടത്തെ ഉലച്ചു. വന്‍ശബ്ദത്തോടെ കെട്ടിടം വിറച്ചു; ജനാലകള്‍ പൊട്ടിത്തകര്‍ന്നു. കെട്ടിടത്തിന്റെ മുകള്‍നില ആക്രമണത്തിനിരയായി.

ഹോംസിലേക്കു തിരിച്ചുപോകാന്‍ അവര്‍ തീരുമാനിച്ചു.

‘ഹോംസില്‍ അവശേഷിച്ചിരുന്നത് ‘ഹോംസിലേക്കു സ്വാഗതം’ എന്ന ബോര്‍ഡ് മാത്രമാണ്,’ ആമിര്‍ പറയുന്നു. ആളൊഴിഞ്ഞ, അവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവുകള്‍. ചിലന്തിവല പോലായ കെട്ടിടങ്ങള്‍. വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ ഭയന്ന നാളുകള്‍. ‘എന്റെ രാജ്യത്ത് ചവറുകൂനകളില്‍പ്പോലും മൃതദേഹങ്ങള്‍ കാണാം.’

‘ഒരിക്കലും എന്റെ രാജ്യം വിടേണ്ടിവരുമെന്നു കരുതിയതല്ല. പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെ ജീവിക്കാനാകുമായിരുന്നില്ല, ‘ റാഗ്ദ പറയുന്നു.

കാര്യങ്ങള്‍ എങ്ങനെയുണ്ടെന്ന് അറിയാന്‍ ആമിര്‍ ആദ്യം പുറപ്പെട്ടു. ട്രിപ്പോളിയിലെത്തി രണ്ടാം ദിവസം ആമിറിനു ജോലി കിട്ടി. ആഴ്ചകള്‍ക്കുള്ളില്‍ കുടുംബത്തെ കൊണ്ടുവരാനുള്ള പണമായി.

അവര്‍ എത്തുമ്പോള്‍ ആമിര്‍ ആഴ്ചയില്‍ ഏഴുദിവസവും 12 മണിക്കൂറിലേറെ ജോലി ചെയ്യുകയായിരുന്നു. മൂന്നു കിടപ്പുമുറികളുള്ള വീട്ടില്‍ ഏഴു ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസം. റാഗ്ദ ഒസാമയെ ശുശ്രൂഷിച്ചുതുടങ്ങി. ‘ഞാന്‍ ഏതു സമയവും ദുഃഖത്തിലായിരുന്നു.’  ലെബനീസ് റസിഡന്‍സി വീസകള്‍ ആറുമാസം കൂടുമ്പോള്‍ പുതുക്കേണ്ടിയിരുന്നു. വീണ്ടും പുതുക്കാന്‍ അധികൃതര്‍ വിസമ്മതിക്കുന്നതു വരെ. ആമിറിനു വാടക കൊടുക്കേണ്ടിയിരുന്നു, ഭക്ഷണം കണ്ടെത്തേണ്ടിയിരുന്നു, ഒസാമയ്ക്കു മരുന്നുകള്‍ വാങ്ങേണ്ടിയിരുന്നു.  മാസങ്ങളോളം വീസയില്ലാതെ ആമിര്‍ ജോലി ചെയ്തു. പലപ്പോഴും പിടിയിലായി, ജയില്‍വാസം അനുഭവിച്ചു. റാഗ്ദയെയും കുട്ടികളെയും ഓര്‍ത്ത് വിഷമിച്ചു. ‘തന്നെക്കാളേറെ എന്നെപ്പറ്റിയാണ് ആമിറിന്റെ ചിന്ത. ഞാന്‍ ചെറുപ്പമാണെന്ന് ആമിറിനറിയാം. എന്റെ പ്രായത്തെക്കാള്‍ പക്വത എനിക്കുണ്ടെന്ന് മനസിലാക്കുന്നുെങ്കിലും ആമിര്‍ ഇപ്പോഴും എന്റെ കാര്യത്തില്‍ ഉത്തരവാദിത്തമെടുക്കുന്നു.’

ആമിറും സഹോദരന്‍ അക്രമും കുടുംബങ്ങളെ അഭയാര്‍ത്ഥികളായി കാനഡയിലേക്കു കുടിയേറാന്‍ യുഎന്നില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. 2015ല്‍ അഭിമുഖത്തിനു വരാന്‍ ആവശ്യപ്പെട്ട് ആമിറിന് ഒരു ഫോണ്‍സന്ദേശം ലഭിച്ചു. തുടര്‍ന്ന് വൈദ്യപരിശോധനകള്‍, പശ്ചാത്തല പരിശോധനകള്‍, കനേഡിയന്‍ എംബസിയില്‍ രണ്ടുമണിക്കൂര്‍ ഇന്റര്‍വ്യൂ. എവിടെയാണു നിങ്ങളുടെ സഹോദരി? അവര്‍ എവിടെവച്ചാണ് ഭര്‍ത്താവിനെ കണ്ടുമുട്ടിയത്? നിങ്ങള്‍ പ്രകടനങ്ങളില്‍ പങ്കെടുക്കാറുണ്ടോ? എന്നെങ്കിലും തോക്ക് ഉപയോഗിച്ചിട്ടുണ്ടോ? അക്രമമിനും കുടുംബത്തിനും ഒക്ടോബറില്‍ കുടിയേറ്റ അനുമതി ലഭിച്ചു. പിന്നീട് തനിക്കും അനുമതി ലഭിച്ചതായി ആമിര്‍ അറിഞ്ഞു.

അന്നു രാത്രി ആമിറും റാഗ്ദയും കാനഡയിലെ ജീവിതത്തെപ്പറ്റി ചിന്തിച്ചുതുടങ്ങി. ‘എത്തിയാലുടന്‍ ഇംഗ്ലീഷ് പഠിക്കുമെന്നും കുട്ടികളെ സ്‌കൂളില്‍ വിടുമെന്നും ഞങ്ങള്‍ ഉറപ്പിച്ചു’, റാഗ്ദ പറഞ്ഞു. മൂകനും ബധിരനുമെന്ന പോലെ ഭാഷ ആദ്യം മുതല്‍ പഠിക്കേണ്ടിവന്നാല്‍പ്പോലും ഞാന്‍ അതു ചെയ്യുമെന്നു തീരുമാനിച്ചു,’ ആമിര്‍ പറയുന്നു.

അവരെയും മറ്റു സിറിയക്കാരെയും ട്രിപ്പോളിയില്‍നിന്ന് ബെയ്‌റൂട്ടിലെത്തിക്കാന്‍ കാനഡ സര്‍ക്കാര്‍ ചാര്‍ട്ടേഡ് ബസ് അയച്ചു. അവിടെനിന്ന് ചാര്‍ട്ടേഡ് വിമാനമാര്‍ഗം ജോര്‍ദാനിലെ അമ്മാനിലേക്ക്. മറ്റൊരു വിമാനത്തില്‍ മോണ്‍ട്രിയാല്‍. അവസാനം ഒരു കമേഴ്‌സ്യല്‍ വിമാനത്തില്‍ ടൊറന്റോയിലേക്ക്. വിമാനം സിറിയന്‍ അഭയാര്‍ത്ഥികള്‍ നിറഞ്ഞതായിരുന്നു. പറന്നുയരുംമുന്‍പ് ആര്‍ക്കെങ്കിലും ഭയമോ ഉത്കണ്ഠയോ തോന്നുന്നുണ്ടോ എന്നന്വേഷിച്ച ഉദ്യോഗസ്ഥര്‍ അവര്‍ക്കു ട്രാന്‍ക്വിലൈസറുകള്‍ നല്‍കി.

‘അത് നിങ്ങളെ ഉറക്കുന്നു,’ പില്‍ കഴിച്ച റാഗ്ദ പറയുന്നു. ഒരു സ്ത്രീ യാത്രയിലുടനീളം കരഞ്ഞുകൊണ്ടിരുന്നു. സിറിയയില്‍നിന്നു കൊണ്ടുവന്ന ടെഡി ബെയറുകളെ കെട്ടിപ്പിടിച്ച് ഗേനയും നഗമും കാര്‍ട്ടൂണുകള്‍ കണ്ടു. പുതുജീവിതത്തെപ്പറ്റി ആര്‍ക്കും വ്യക്തമായ ധാരണയുായിരുന്നില്ല. ചിലര്‍ പറഞ്ഞു: ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമല്ല വരുന്നത്. ഇംഗ്ലണ്ടിലേക്കാണു പോകുന്നത്.’ കാനഡയിലെ ചെറുപട്ടണമായ ലണ്ടനിലേക്കാണു യാത്ര എന്നു മനസിലാക്കാതെയായിരുന്നു ഇത്. മോണ്‍ട്രിയലില്‍ രാത്രി വിമാനമിറങ്ങുമ്പോള്‍ റാഗ്ദയും കുടുംബവും അവരുടെ പുതിയ രാജ്യത്തെ നോക്കി. ഓറഞ്ച് ലൈറ്റുകളുടെ നിര കണ്ടു.

ടൊറന്റോ എയര്‍പോര്‍ട്ടിലെത്തുമ്പോഴാണ് അവര്‍ക്കായി ഒരു സംഘം കാനഡക്കാര്‍ കാത്തുനില്‍ക്കുന്നതായി അവര്‍ അറിയുന്നത്. ആ സംഘം അവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സാമ്പത്തിക, സാധനസാമഗ്രി സൗകര്യങ്ങളും സൗഹൃദവും നല്‍കുമെന്നും.

‘മനുഷ്യനന്മയില്‍ എനിക്കു വീണ്ടും വിശ്വാസമുണ്ടായി,’ റാഗ്ദ പറഞ്ഞു.

ആദ്യ ആഴ്ച പിന്നിടുമ്പോഴേക്ക് റാഗ്ദ ഇംഗ്ലീഷ് ക്ലാസില്‍ ഒന്നാമതായി. അവോക്കാഡോയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് പോര്‍ട്ടര്‍ അതിന്റെ നിറം ചോദിക്കുന്നു. ‘ഗ്രീന്‍’ റാഗ്ദയ്ക്കു സംശയമില്ല. ആമിര്‍ കൈകളില്‍ തല താങ്ങി ഇരിപ്പാണ്.

പതിയെ വായിക്കൂ എന്നു പോര്‍ട്ടര്‍ പറയുമ്പോള്‍ ‘ആ പ്രി ക്കോ ട്ട്’ എന്നു വായിക്കുന്നു ആമിര്‍.

വീട്ടില്‍ നഗമും ഗേനയും കളിയിലാണ്. ചുവപ്പും വെളുപ്പും കലര്‍ന്ന റെഡ് ക്രോസ് ബ്ലാങ്കറ്റിനെ അവര്‍ കാര്‍പെറ്റാക്കി മാറ്റിയിരിക്കുന്നു. ആരോ നല്‍കിയ ലാപ്‌ടോപ്പില്‍ യു ട്യൂബ് വിഡിയോകളിലൂടെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഇംഗ്ലിഷ് പേരുകള്‍ പഠിക്കുകയാണ് ആമിറും റാഗ്ദയും.

കുട്ടികള്‍ അവരുടെ സ്‌കൂളുമായി ഇണങ്ങിക്കഴിഞ്ഞു.

കിന്റര്‍ഗാര്‍ട്ടനില്‍ രണ്ടാം ഭാഷയായി ഇംഗ്ലിഷ് പഠിപ്പിക്കുന്നില്ല. നഗമിന്റെ ക്ലാസില്‍ 29 കുട്ടികളാണ്. രണ്ട് അദ്ധ്യാപകരും. അദ്ധ്യയനം ഇംഗ്ലീഷിലായതിനാല്‍ നഗമിന് ശ്രദ്ധ പതറുന്നു. പേന കൊണ്ടുകുത്തിവരച്ചും ഭൂതക്കണ്ണാടി കൊണ്ടു കളിച്ചും അവള്‍ സമയം നീക്കുന്നു.

ഗേനയുടെ ഇഎസ്എല്‍ ക്ലാസില്‍ അഫ്ഗാനിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും ബെല്‍ജിയത്തില്‍നിന്നുമുള്ള കുട്ടികളുണ്ട്. ക്ലാസ് ചെറുതുമാണ്.

ഗേനയെ പുതിയ വാക്കുകള്‍ ഉച്ചരിക്കാന്‍ പഠിപ്പിക്കാന്‍ അദ്ധ്യാപിക അന്ന റോംബോ മറ്റുകുട്ടികളെ പ്രേരിപ്പിക്കുന്നു. ദയയോടെയും സാവധാനത്തിലുമാണ് റോംബോയുടെ സംസാരം. ഗേന കൂട്ടുകാര്‍ക്കൊപ്പം ആവര്‍ത്തിക്കുന്നു: ‘ എല്‍ബോ,’ ‘ ഐ’.

ദിവസവും ഏറിയയെ ഉറക്കിയശേഷം ആഷ്‌ലി ആമിറിനും റാഗ്ദയ്ക്കും വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുന്നു. ഗൂഗിള്‍ ഡോക്യുമെന്റില്‍ മറ്റ് സ്‌പോണ്‍സര്‍മാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നിരത്തുകയാണ് അവര്‍ ചെയ്യുന്നത്. റാഗ്ദയ്ക്കുവേണ്ടി ബ്ലെന്‍ഡര്‍ വാങ്ങുക, അറബി സംസാരിക്കുന്ന ഡോക്ടറെ കണ്ടെത്തുക, ഹലാല്‍ ഇറച്ചിവെട്ടുകാരന്റെ അക്രഡിറ്റേഷന്‍ വിവരങ്ങള്‍ ശേഖരിക്കുക. മറ്റംഗങ്ങള്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഇവ പൂര്‍ത്തീകരിക്കപ്പെടും.

ഹ്യുമാനിറ്റി ഫസ്റ്റിന്റെ നിര്‍ദേശമനുസരിച്ച് സ്‌പോണ്‍സര്‍ഷിപ് ഗ്രൂപ്പിലെ രണ്ടു പേരായിരിക്കണം ഗ്രൂപ്പിന്റെ മുഖം. അഭയാര്‍ത്ഥി കുടുംബത്തെ ശ്വാസം മുട്ടിക്കാതിരിക്കാനാണിത്. മല്ലോറിയും അലിയും ആഴ്ചയില്‍ രണ്ടുതവണ ആമിര്‍ കുടുംബത്തെ സന്ദര്‍ശിക്കുന്നു.

പുതുജീവിതം കെട്ടിപ്പടുക്കുന്നതിന് ചില ഔദ്യോഗിക കാര്യങ്ങളുമുണ്ട്. സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കാന്‍ അലി അവരെ കൊണ്ടുപോയി. അവിടെനിന്ന് ക്ലോത്തിങ് ഡ്രൈവിലേക്ക്. സംഭാവന കിട്ടുന്ന വസ്ത്രങ്ങളില്‍ നിന്ന് ആവശ്യമായവ സൗജന്യമായി തിരഞ്ഞെടുക്കാന്‍ സിറിയക്കാരെ സഹായിക്കുന്ന സ്ഥാപനമാണിത്. ഓരോ ആഴ്ചയും കാലിയാകുകയും അടുത്ത ആഴ്ചയോടെ വീണ്ടും നിറയുകയും ചെയ്യുന്ന സ്‌റ്റോര്‍.

‘കുട്ടികള്‍ക്ക് ദിവസവും വ്യത്യസ്തമായ വസ്ത്രം ധരിക്കാന്‍ ആവശ്യമായത്ര വാങ്ങുക,’ അലി റാഗ്ദയോടു പറഞ്ഞു.

‘ദിവസവും വസ്ത്രം മാറ്റേണ്ടത് ആവശ്യമാണോ?’ റാഗ്ദ അതിശയത്തോടെ ചോദിച്ചു.

‘അതാണ് ഇവിടത്തെ സംസ്‌കാരം,’ അലി മറുപടി നല്‍കി.

അറബി – ഇംഗ്ലീഷ് ഗൂഗിള്‍ മാപ്പിന്റെ ഉപയോഗം സാദ്ധ്യമല്ലാത്തതിനാല്‍ ആമിര്‍ വന്നപ്പോള്‍ മുതല്‍ സബ് വേ ഒഴിവാക്കുകയായിരുന്നു. ‘ ഭൂമിക്കടിയില്‍ നെറ്റ് വര്‍ക്കില്ല. അത് എന്നെ ഭയപ്പെടുത്തുന്നു. ഒരു ദിവസം സബ് വേ മാപ്പുകള്‍ വായിക്കുന്ന രീതി അലി ആമിറിനെ പഠിപ്പിച്ചു. സ്റ്റേഷനുകളുടെ പേര് ശ്രദ്ധിക്കാനും. താമസിക്കാതെ ആമിര്‍ പൊതുഗതാഗതസംവിധാനം ഉപയോഗിച്ചുതുടങ്ങി.

കണ്ടുമുട്ടിയപ്പോള്‍ത്തന്നെ സ്‌പോണ്‍സര്‍മാര്‍ ചെലവിടുന്ന പണം താന്‍ തിരിച്ചുനല്‍കുമെന്ന് ആമിര്‍ അലിയോടു പറഞ്ഞിരുന്നു. സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ മറ്റു സിറിയക്കാരെ സഹായിക്കുമെന്നും.

റാഗ്ദ നന്ദി കാണിക്കാന്‍ മറ്റൊരു മാര്‍ഗമാണു തിരഞ്ഞെടുത്തത്. അലി, ആഷ്‌ലി, മല്ലോറി എന്നിവരെ ഭക്ഷണത്തിനു ക്ഷണിക്കുക.

ഒരു രാത്രി അലി അവരെ ഒരു അറബിക് പലവ്യഞ്ജനക്കടയില്‍ കൊണ്ടുപോയി. റാഗ്ദ ചോറും ഔഷധസസ്യങ്ങളും നിറയ്ക്കാനായി പുതിയ മുന്തിരിയിലകള്‍ വാങ്ങുന്നു. ചുരുണ്ട അയമോദകത്തെ നോക്കി ഇതിനെ ആര് ഇങ്ങനെയാക്കി എന്ന മട്ടില്‍ ചിരിക്കുന്നു.

മിക്കപ്പോഴും ഭക്ഷണ പാക്കറ്റുകളുടെ ചിത്രമെടുത്ത് അവ ഒരു ട്രാന്‍സ്ലേഷന്‍ ആപ്പില്‍ ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുക. ഭക്ഷണഘടകങ്ങള്‍ ഉടന്‍ അറബിയില്‍ ലഭ്യമാകും. എങ്കിലും അവര്‍ക്ക് അബദ്ധം പറ്റുന്നു. പാസ്റ്റയ്ക്കു വേണ്ടി ഒരിക്കല്‍ ഫ്രഞ്ച് വനില യോഗര്‍ട്ടാണ് വാങ്ങിയത്. മറ്റൊരിക്കല്‍ മൈദയ്ക്കു പകരം ചോളപ്പൊടിയും.

ചില വൈകുന്നേരങ്ങളില്‍ റാഗ്ദ ഒറ്റയ്ക്ക് അടുത്തുള്ള പലവ്യഞ്ജനക്കടയില്‍ പോകും. ആമിര്‍ കുട്ടികള്‍ക്കൊപ്പമിരിക്കും. ആരും റാഗ്ദയെ ശല്യപ്പെടുത്തിയില്ല. ലബനനില്‍ റാഗ്ദ ഒറ്റയ്ക്കു പുറത്തുപോകുമ്പോള്‍ ആമിറിന് ഡ്രൈവറെ വിളിക്കേണ്ടിവന്നിരുന്നു. ഇവിടെ എപ്പോഴും സുരക്ഷിതയാണെന്ന് റാഗ്ദയ്ക്കു തോന്നി.

‘ഞങ്ങള്‍ സ്വാതന്ത്ര്യത്തെപ്പറ്റി ഒരുപാട് കേട്ടിരുന്നു. ഒരിക്കലും അത് എങ്ങനെയാണെന്ന് അനുഭവിച്ചിരുന്നില്ല,’ ആമിര്‍ പറയുന്നു. ‘ ഞാന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അത് എന്നെ സ്വതന്ത്രനാക്കുന്നു. ഇപ്പോള്‍ സ്വാതന്ത്ര്യം എന്നാല്‍ എന്ത് എന്ന് എനിക്കറിയാം.’

അഭയാര്‍ത്ഥികളെ പൊതുസമൂഹവുമായി ഇടകലര്‍ത്തുന്നതില്‍ സര്‍ക്കാരിനെക്കാള്‍ സ്വകാര്യവ്യക്തികള്‍ക്കാണ് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനാകുക എന്ന് പല കാനഡക്കാരും വിശ്വസിക്കുന്നു. ‘ ഒരാള്‍ 20 പേരെ സഹായിക്കുന്നതിനുപകരം ഞങ്ങളില്‍ ഒരാളെ സഹായിക്കാന്‍ 20 പേരു ണ്ട്,’ സ്വകാര്യ സ്‌പോണ്‍സര്‍മാരുടെ കീഴിലുള്ള അഭയാര്‍ത്ഥികള്‍ പറയുന്നു. വന്നെത്തി ആറുമാസത്തിനുശേഷവും രണ്ടുവര്‍ഷത്തിനുശേഷവും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അഭയാര്‍ത്ഥികളെക്കാള്‍ സംതൃപ്തിയും ഇഴുകിച്ചേരലും അനുഭവിക്കുന്നത് സ്വകാര്യസ്‌പോണ്‍സര്‍മാര്‍ വഴിയെത്തുന്നവരാണെന്ന് 2007ല്‍ കനേഡിയന്‍ സര്‍ക്കാര്‍ നടത്തിയ പഠനം കാണിക്കുന്നു. സര്‍ക്കാര്‍ സഹായങ്ങളില്‍ ജീവിതം നയിക്കുക എന്ന അവസ്ഥയില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ കൂടുതലും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരാണ്. സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ കൊണ്ടുവരുന്നവരുടെ ഇരട്ടിയാണ് ഇവരുടെ എണ്ണം.

കാനഡയുടെ സ്വകാര്യ സ്‌പോണ്‍സര്‍ഷിപ് പരിപാടി ആരംഭിച്ചത് 1979ലാണ്. പ്രധാനമന്ത്രി പിയറി ട്രുഡേവുവിന്റെ കീഴില്‍ ആരംഭിച്ച ഇത് രണ്ടുവര്‍ഷത്തിനുള്ളില്‍ ഗുണം ചെയ്തത് വിയറ്റ്‌നാം, കംബോഡിയ, ലാവോസ് എന്നിവിടങ്ങളില്‍നിന്നുള്ള 60,000 അഭയാര്‍ത്ഥികള്‍ക്കാണ്. ‘ സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ അഭയാര്‍ത്ഥി നയം മാറ്റാന്‍ സഹായിച്ചു,’ അന്ന് ഒന്റാറിയോയില്‍ അഭയാര്‍ത്ഥികളുടെ ചുമതലക്കാരിയായിരുന്ന നവോമി അല്‍ബോയിം പറയുന്നു. ‘അവര്‍ ഈ രാജ്യത്തേക്കുള്ള കുടിയേറ്റക്കാര്‍ക്കുവേണ്ടി പോരാടുന്നവരായി.’

ഇന്ന് സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ സിറിയക്കാരെ കാനഡയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സമൂഹമാകെ അവര്‍ക്കു പിന്നില്‍ അണിനിരക്കുന്നു. വിമാനയാത്രക്കാര്‍ അവരുടെ ഫ്രീക്വന്റ് ട്രാവലര്‍ സൗജന്യങ്ങള്‍ കുടിയേറ്റക്കാര്‍ക്കു സംഭാവന ചെയ്യുന്നു. ഇക്കിയേ കാനഡ സൗജന്യമായി ഫര്‍ണിച്ചറുകള്‍ നല്‍കുന്നു. തണുപ്പുകാലത്ത് കുടിയേറ്റക്കാരെ കാലാവസ്ഥയുമായി പൊരുത്തപ്പെടുത്താനും രാജ്യത്തെ സംസ്‌കാരവുമായി ഇഴചേര്‍ക്കാനും സ്‌കേറ്റിങ് പാര്‍ട്ടികളുണ്ട്. വേനല്‍ക്കാല ക്യാംപുകളില്‍ സിറിയന്‍ കുട്ടികള്‍ക്കു പ്രവേശനം സൗജന്യമാണ്. റസ്റ്ററന്റുകള്‍ സിറിയന്‍ വനിതകള്‍ക്ക് ഒരുമിച്ച് പാചകം ചെയ്യാനും സാമൂഹികജീവിതം നയിക്കാനുമായി അടുക്കളകള്‍ വിട്ടുകൊടുക്കുന്നു. പലവ്യഞ്ജനക്കടകള്‍ സാധനങ്ങള്‍ നല്‍കുന്നു. കാനഡ കൗണ്‍സില്‍ ഫോര്‍ ആര്‍ട്‌സ് കുടിയേറ്റക്കാര്‍ക്ക് സൗജന്യടിക്കറ്റുകള്‍ നല്‍കുന്നു. വന്‍ കമ്പനികള്‍ – അലിയുടെ സണ്‍ ലൈഫ് ഫിനാന്‍ഷ്യല്‍ ഉള്‍പ്പെടെ – പണം നല്‍കുന്നു. സിറിയക്കാര്‍ വിഭവശോഷണമുണ്ടാക്കുമെന്നും തൊഴില്‍ മേഖലയില്‍ മല്‍സരമുണ്ടാക്കുമെന്നും ചിലര്‍ ഭയക്കുന്നു. ചിലര്‍ക്ക് സുരക്ഷാഭയമുണ്ട്. എങ്കിലും പിന്തുണ വ്യാപകമാണ്.

കഴിഞ്ഞ വര്‍ഷം എയ്‌ലാന്‍ കുര്‍ദിയുടെ മരണത്തെത്തുടര്‍ന്ന് വ്യാപകമായ സഹതാപതരംഗം ഉണ്ടായപ്പോള്‍ അമേരിക്കയിലും സമാനമായ ചില തുടക്കങ്ങള്‍ ഉണ്ടായിരുന്നു. പുനരധിവാസ സംഘടനകളിലേക്ക് സഹായവാഗ്ദാന പ്രവാഹമായിരുന്നുവെന്ന് അഭയാര്‍ത്ഥി സംഘടനകളുടെ കൂടിച്ചേരലായ റഫ്യൂജി കൗണ്‍സില്‍ യുഎസ്എയുടെ മേധാവി മെലാനി നെസെര്‍ പറയുന്നു. ‘ഈ താല്‍പര്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഞങ്ങള്‍ ആലോചിച്ചുവരികയായിരുന്നു’. സെനറ്റര്‍മാരായ സോ ലോഫ്‌ഗ്രെന്‍, ജോണ്‍ കോണ്‍യേഴ്‌സ് എന്നിവരുള്‍പ്പെടെ രാഷ്ട്രീയക്കാരും സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പിനെപ്പറ്റി സംസാരിച്ചുതുടങ്ങിയിരുന്നു.

എന്നാല്‍ അപ്പോള്‍ ഐഎസ്‌ഐഎസ് പാരിസ് ആക്രമിച്ചു. 130 ആളുകളെ കൊലപ്പെടുത്തി. അക്രമികളില്‍ ഒരാളെങ്കിലും യൂറോപ്പില്‍ കടക്കാന്‍ ഉപയോഗിച്ചത് വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടായിരുന്നു. 9/11നു ശേഷം അമേരിക്കക്കാരിലുണ്ടായ ഭയം സിറിയക്കാര്‍ക്കു നേരെയായി. അമേരിക്കയിലേക്കു വരുന്ന കുടിയേറ്റക്കാരുടെ സുരക്ഷാപരിശോധനയ്ക്കു തന്നെ വര്‍ഷങ്ങളെടുക്കുമെങ്കിലും കടന്നുകയറാന്‍ എളുപ്പമുള്ള മറ്റ് പല മാര്‍ഗങ്ങളുമുണ്ട്.

പാരിസ് ആക്രമണത്തിനുശേഷം പൊതുജനാഭിപ്രായം അഭയാര്‍ത്ഥികള്‍ക്കെതിരായി. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ അവരെ ഭീഷണിയായി കണ്ടു. സിറിയക്കാരെയും ഇറാക്കികളെയും യുഎസില്‍ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കി. സ്വന്തം സംസ്ഥാനത്ത് കുടിയേറ്റക്കാരെ താമസിപ്പിക്കില്ലെന്ന നിലപാടുമായി പകുതിയോളം സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രംഗത്തെത്തി. വസന്തകാലമായപ്പോഴേക്ക് സംസ്ഥാനങ്ങളിലും ഫെഡറല്‍ നിയമനിര്‍മാണസഭയിലുമായി അഭയാര്‍ത്ഥികള്‍ക്കെതിരെ പന്ത്രണ്ടോളം നിയമങ്ങള്‍ രൂപമെടുത്തു. സിറിയക്കാരെ സഹായിക്കാന്‍ വഴിയൊന്നും അവശേഷിച്ചിരുന്നില്ല.

ആയിരക്കണക്കിന് പൗരന്മാരോട് അവര്‍ക്ക് കുടിയേറ്റക്കാരെ സഹായിക്കാനാകില്ലെന്ന് സര്‍ക്കാരിന് എങ്ങനെ പറയാനാകും? നിസ്‌കാനെന്‍ സെന്റര്‍ ജീവനക്കാരോട് പലരും ചോദിച്ചു. മാര്‍ച്ചില്‍ സ്വകാര്യ സ്‌പോണ്‍സര്‍ഷിപ് സംബന്ധിച്ച രൂപരേഖ സെന്റര്‍ പുറത്തുവിട്ടു. സര്‍ക്കാര്‍ ക്വോട്ടയ്ക്കു പുറമെ കുടിയേറ്റക്കാരെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ ചെലവിനായി ഫണ്ട് രൂപീകരിക്കണമെന്നായിരുന്നു അഭിപ്രായം.

പൊതുജനസംവാദങ്ങള്‍ സാധാരണക്കാരുടെ നല്ല മനസ് കണക്കിലെടുത്തിരുന്നില്ലെന്ന് പുനരധിവാസ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പലരും പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരെ നേരിട്ട് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്.

യുഎസ് കുടിയേറ്റ അനുഭാവികളുമായി സംസാരിക്കാന്‍ കാനഡയിലെ റഫ്യൂജി ഡയറക്ടര്‍ ഭട്‌ല ഈയിടെ വാഷിങ്ടണിലെത്തി. നിരവധി ചോദ്യങ്ങളാണ് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. അവര്‍ പറയുന്നു,’ആളുകളെ സഹായിക്കാന്‍ എങ്ങനെ അനുവദിക്കാനാകും?’

മാര്‍ച്ച് പകുതിയോടെ ഒന്നാം ഘട്ടം പൂര്‍ത്തിയായെന്നു കാണിച്ച് അലി സ്‌പോണ്‍സര്‍മാര്‍ക്ക് കത്തയയ്ക്കുന്നു. സാമ്പത്തിക ആസൂത്രണം, ബാങ്കിങ്, താമസസൗകര്യം, ഇന്റര്‍നെറ്റ്, ഫോണ്‍, സര്‍ക്കാര്‍ ഐഡികള്‍, ഡോക്ടര്‍മാര്‍, ദന്തഡോക്ടര്‍മാര്‍, സ്‌കൂള്‍ പ്രവേശനം, ഇംഗ്ലിഷ് ക്ലാസുകള്‍ എല്ലാം ശരിയായിക്കഴിഞ്ഞു. ‘ ഇംഗ്ലിഷ് പ്രാവീണ്യവും സാമൂഹിക ശൃംഖലകളുമാണ് ര ണ്ടാം ഘട്ടം.’ നഗരത്തിലേക്ക് ആമിര്‍ കുടുംബവുമായി വിനോദയാത്രകള്‍ നടത്താന്‍ തയാറുള്ളവര്‍ക്ക് ആഷ്‌ലിയുടെ ഗൂഗിള്‍ഡോക്യുമെന്റില്‍ സൈന്‍ അപ് ചെയ്യാം. ഈ കാര്യങ്ങളെല്ലാം ആമിറിനെയും റാഗ്ദയെയും പുതുജീവിതം തുടങ്ങാന്‍ സഹായിക്കുന്നവയായി കാണുകയാണ് സ്‌പോണ്‍സര്‍മാര്‍. ‘എല്ലാം വളരെ എളുപ്പമായിരുന്നു,’ ആഷ്‌ലി പറയുന്നു. ‘ അതാണ് അതിശയം.’

റാഗ്ദയും ആമിറും എത്തി അധികം താമസിയാതെ ആഷ്‌ലി, അലി, മല്ലോറി എന്നിവര്‍ ആമിറിന്റെ സഹോദരന്‍ ഒസാമയ്ക്കുവേണ്ടി അപേക്ഷ നല്‍കി. ട്രിപ്പോളിയില്‍ വികലാംഗര്‍ക്കുള്ള ഒരു സ്ഥാപനത്തിലാണ് ഒസാമ ഇപ്പോള്‍. മറ്റ് ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യാനും ശ്രമമുണ്ട്.

ചെറുചൂടുള്ള ഒരു ദിവസം അലി, ആഷ്‌ലി, മല്ലോറി, ആമിര്‍, റാഗ്ദ എന്നിവര്‍ കുട്ടികളെ റിവര്‍ഡേല്‍ പാര്‍ക്കില്‍ കൊണ്ടുപോകുകയാണ്. മഞ്ഞുകാലത്തിനുശേഷം ഇവിടമാകെ മഞ്ഞപ്പുല്ലുകളാണ്.

ഇവിടെ ടൊറന്റോയുടെ ആകാശാതിര്‍ത്തി കാണാം. മറ്റ് ഓഫിസ് കെട്ടിടങ്ങള്‍ക്കൊപ്പം സിഎന്‍ ടവര്‍ സൂചി പോലെ ഉയര്‍ന്നുനില്‍ക്കുന്നു.

ഇവിടെപ്പോലും ആമിര്‍ പകുതി മദ്ധ്യപൂര്‍വേഷ്യയിലാണ്. ജോര്‍ദാനിലുള്ള സഹോദരന്‍ മൊഹനാദ് ഗുഡ്‌നൈറ്റ് പറയുന്നു. ആമിര്‍ തിരിച്ച് ഗുഡ്‌മോണിങ് പറയുന്നു. ജീവിക്കുന്ന രാജ്യങ്ങളിലെ സമയവ്യത്യാസം അവര്‍ തമാശയാക്കുന്നു.

നഗമും ഗേനയും  കുന്നില്‍നിന്നു താഴേക്ക് ഓടിക്കളിക്കുകയാണ്. ഏറിയ അവര്‍ക്കു പിന്നാലെ പോകാന്‍ ശ്രമിക്കുന്നു. ‘ ഐ ഗോ റണ്ണിങ്’ അവള്‍ പറയുന്നു. അതേ നിലവാരമുള്ള ഇംഗ്ലിഷില്‍ ആമിര്‍ പ്രതികരിക്കുന്നു: ‘ ഗോ, റണ്‍’.

‘നഗം, ഗേന, വെയ്റ്റ്,’ ആമിര്‍ മക്കളോടു പറയുന്നു. കുട്ടികള്‍ ഏറിയയ്ക്കായി കാത്തുനില്‍ക്കുന്നു. ആമിറും റാഗ്ദയും പുഞ്ചിരിക്കുന്നു.

അവരുടെ ജീവിതം ഈ കനേഡിയന്‍ കുടുംബ ത്തിന്റേതുമായി ഇഴചേര്‍ന്നു കഴിഞ്ഞു. അവരുടെ മക്കള്‍ ഒരുമിച്ചു വളരുകയാണ്. മൂന്നു പേരോടുമായി ആമിര്‍ പറയുന്നു, ‘ ഗോ, റണ്‍’.

മൂന്നുപേരും ചിരിച്ചുകൊ ണ്ട് ഓട്ടം തുടങ്ങുന്നു. കൈകള്‍ വിരിച്ച്, മുടി കാറ്റില്‍ പറത്തി….

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍