UPDATES

വിദേശം

സിറിയന്‍ യുദ്ധം: അലെപ്പോയില്‍ നിന്നുള്ള ഈ റെഡ് ക്രോസ് ഡോക്ടറുടെ കത്ത് ഹൃദയം തകര്‍ക്കും

Avatar

അലെപ്പോയിലെ യുദ്ധമുന്നണിയില്‍ കുടുങ്ങിയ ഒരു മുന്‍ വൃദ്ധസദനത്തിലുള്ള ചിലരെ ബുധനാഴ്ച്ച ഒഴിപ്പിച്ചിരുന്നു. ആ ദൌത്യത്തില്‍ പങ്കാളിയായ ഒരു റെഡ് ക്രോസ് ഡോക്ടറാണ് ബിബിസിക്ക് ഈ കത്തയച്ചത്. 

അന്താരാഷ്ട്ര റെഡ് ക്രോസില്‍ (ICRC) ഒരു ഡോക്ടറായി പ്രവര്‍ത്തിക്കവേ കഴിഞ്ഞ കാലങ്ങളില്‍ സിറിയയില്‍ ഞാന്‍ പലതും കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴുള്ളതുപോലെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

കേന്ദ്രത്തിലെത്താന്‍ ഞങ്ങള്‍ കഴിഞ്ഞ ദിവസം ശ്രമിച്ചു, പക്ഷേ ആവശ്യമായ സുരക്ഷാ അനുമതി ലഭിച്ചില്ല. പോരാട്ടം അതിരൂക്ഷമായിരുന്നു. കേന്ദ്രത്തിലെ മൂന്നുപേര്‍ അപ്പോള്‍ മരിച്ചിരുന്നു.

ഇപ്പോള്‍ പഴയ വൃദ്ധസദനത്തിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് അനുമതി ലഭിച്ചു. 150-ഓളം പേരുടെ അഭയകേന്ദ്രമായിരിക്കുകയാണ് അവിടം. ചിലര്‍ ഭിന്നശേഷിയുള്ളവര്‍, ചിലര്‍ മാനസികരോഗികള്‍, മറ്റുള്ളവര്‍ പോകാനിടമില്ലാത്ത നിരാശര്‍.

ഞങ്ങള്‍, സിറിയന്‍ അറബ് റെഡ് ക്രെസെന്‍റ് , ICRC പ്രവര്‍ത്തകര്‍ അവരെ കിഴക്കന്‍ അലെപ്പോയിലേക്ക് കൊണ്ടുപോകാനാണ് ചെന്നത്.

പഴയ നഗരത്തിന്റെ ഇടുങ്ങിയ തെരുവുകളില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ ഇരുട്ടായിത്തുടങ്ങിയിരുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് എനിക്കാ നഗരം പരിചിതമായിരുന്നു. ആളുകള്‍ നിറഞ്ഞ സജീവമായ ഒരു നഗരം.

ഇപ്പോളത് നാശാവശിഷ്ടങ്ങളുടെ ഒരു കടലാണ്. എനിക്കു തെരുവുകള്‍-കെട്ടിടങ്ങളുടെ ചോദ്യമേ ഉയരുന്നില്ല- തിരിച്ചറിയാനായില്ല. തകര്‍ന്ന കോണ്‍ക്രീറ്റിന്റെ ഒരു പ്രേതനഗരം. ലോകാവസാനം പോലൊന്ന്. ഒരു രൌദ്രമായൊരു കൊടുങ്കാറ്റ് വീശിയടിച്ചപോലൊന്ന്. 

അകലെയായി വെടിവെപ്പിന്റെ ശബ്ദങ്ങള്‍, പക്ഷേ ഇവിടം നിശബ്ദമാണ്, ആരുമില്ല.

വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസാനദൂരം ഞങ്ങള്‍ക്ക് നടക്കേണ്ടിവന്നു. 

രണ്ടു തകര്‍ന്ന കെട്ടിടങ്ങള്‍. ഒന്നു പുരുഷന്‍മാര്‍ക്കും, ഒന്ന് സ്ത്രീകള്‍ക്കും.

ഞങ്ങള്‍ മുറ്റത്തേക്കു കടന്നു. ഒരുകൂട്ടം രോഗികള്‍ തീ കാഞ്ഞിരീരിക്കുന്നു. വേണ്ടത്ര വസ്ത്രങ്ങളില്ലാതെ വിറയ്ക്കുകയാണവര്‍. പലരും അമ്പരപ്പോടെയാണ് നോക്കുന്നത്. അവര്‍ തൊട്ടുതൊട്ടാണ് ഇരിക്കുന്നത്, ചുറ്റും നോക്കി പരസ്പരം ഉറപ്പുനല്‍കിക്കൊണ്ട്.

ഒരു വശത്ത് മൃതദേഹങ്ങളുണ്ട്, ഏതാണ്ട് 10 പേര്‍.

കേന്ദ്രത്തിന്റെ നടത്തിപ്പുകാരനെ എനിക്കറിയാം, ഞങ്ങളയാളെ കണ്ടു. മൂന്നു ദിവസം മുമ്പ് അയാളുടെ കുടുംബം മുഴുവനും അയാള്‍ക്ക് നഷ്ടപ്പെട്ടു എന്നു ഞങ്ങള്‍ മനസിലാക്കി; അതില്‍ ഭാര്യ, മകന്‍, പേരക്കുട്ടി എന്നിവരും ഉള്‍പ്പെടും. ആരും ഇവിടം ആക്രമിക്കില്ല എന്നു കരുതിയാണ് അയാള്‍ കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവന്നത്.

മുറ്റത്ത് കിടന്ന ചില മൃതദേഹങ്ങള്‍ അയാളുടെ വീട്ടുകാരുടേതാണ്.

ഇരുട്ട് കനത്തതോടെ തണുപ്പ് കൂടാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് വേഗം നീങ്ങണം. അടിയന്തര സഹായം ആവശ്യമുള്ളവരെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞങ്ങള്‍ ജോലിയെടുക്കവെ ഒരു പ്രായമായ മനുഷ്യന്‍ തണുപ്പത്ത് ഞങ്ങള്‍ക്ക് മുന്നില്‍ മരിച്ചുവീണു.

മരുന്നില്ല. ചൂട് പകരാനുള്ള സംവിധാനമില്ല. ഭക്ഷണം പാകം ചെയ്യാന്‍ ഇന്ധനമില്ല.

അടുത്തുള്ള കെട്ടിടങ്ങളില്‍ ആരെങ്കിലുമൊണ്ടോ എന്നു ഞാന്‍ നോക്കി. ശൂന്യമായിരുന്നു.

പക്ഷേ ഒരു മൃതദേഹം കൂടി കണ്ടു. ഞങ്ങള്‍ക്കത് കാണാം, പക്ഷേ അത് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല.

ഒഴിപ്പിക്കല്‍ എളുപ്പമല്ലായിരുന്നു. പലരും, പ്രത്യേകിച്ചു മാനസിക രോഗമുള്ളവര്‍ അവിടം വിടാന്‍ തയ്യാറാല്ലായിരുന്നു. അവര്‍ ആശയക്കുഴപ്പത്തിലാണ്, നിസഹായരും. ഒരു യുദ്ധമുന്നണിയിലാണ് തങ്ങളെന്ന് അവര്‍ തിരിച്ചറിയുന്നില്ല.

അവരില്‍ ചിലര്‍ അവിടെ താമസമായിട്ടു നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞു. അവര്‍ക്ക് വേറെയൊന്നും അറിയില്ല. “ ഞങ്ങള്‍ക്ക് വേറെ ബന്ധുക്കളൊന്നുമില്ല, ഞങ്ങള്‍ക്കെവിടെയും പോകാനില്ല.”  ചിലര്‍ അവിടെത്തന്നെ നില്‍ക്കാനാണ് താത്പര്യം കാണിച്ചത്.

അപ്പോള്‍ ചില സൈനികരെത്തി. അവര്‍ കൂടെ 6 കുട്ടികളെയും കൊണ്ടുവന്നിരുന്നു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലാതെ കിടക്കുകയായിരുന്നു കുട്ടികള്‍. അതില്‍ ഏറ്റവും പ്രായം കൂടിയത്  ഒരു പെണ്‍കുട്ടിയാണ്, 7 വയസ്. ഏറ്റവും ഇളയ ആണ്‍കുട്ടിക്കു 7 മാസവും. രണ്ടു ദിവസമായി അവര്‍ പട്ടിണിയിലാണ്.

അവര്‍ എത്രയോ പെട്ടന്നു അനാഥരായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ ബോംബാക്രമണങ്ങളില്‍ അവരുടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടു. അവരുടെ കയ്യിലൊന്നുമില്ല, അവര്‍ക്കിനി ആരുമില്ല. നിങ്ങള്‍ക്കെന്താണ് പറയാനാവുക? നിങ്ങള്‍ക്കെന്താണ് ചെയ്യാനാവുക?

കേന്ദ്രത്തിലെ 18 പേര്‍ അവിടം വിടാന്‍ കൂട്ടാക്കിയിരുന്നില്ല. കാരണം അവര്‍ക്കേവിടെയും പോകാനില്ലായിരുന്നു.

അവര്‍ക്കെന്തെങ്കിലും സഹായവുമായി ഞങ്ങള്‍ക്ക് ഉടനെ മടങ്ങിയെത്താനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അതിഭീകരമായൊരു യുദ്ധത്തിലെ മറ്റൊരധ്യായം.

ഈ ഭീകര യുദ്ധത്തിന് വിലകൊടുത്ത മനുഷ്യര്‍ അതിലെന്തെങ്കിലും പങ്കുള്ളവരോ അതിന്റെ ഭാഗമായിരിക്കുകയോ ചെയ്തവരല്ല. അവര്‍ ഏറ്റവും ദുര്‍ബ്ബലരാണ്, അതീവദുര്‍ബ്ബലര്‍. ഒരു പക്ഷവും അവരെ സംരക്ഷിക്കുന്നില്ല.

ആരാണ് ശരിയെന്നതിനെക്കുറിച്ചല്ല ശരി, ആരാണ് തെറ്റ് എന്നതിനെക്കുറിച്ചല്ല ഇത്. ആരാണ് ജയിക്കുന്നത്, ആരാണ് തോല്‍ക്കുന്നത് എന്നതുമല്ല. ഇത് മനുഷ്യരെക്കുറിച്ചാണ്; മാംസവും രക്തവുമുള്ള, മനുഷ്യജീവികള്‍. ഓരോ ദിനവും രക്തം വാര്‍ന്ന്, അനാഥരാകുന്നവര്‍.

ഞാനിന്ന് ഏറെ ദു:ഖിതനാണ്. ദയവുചെയ്ത്, ഈ യുദ്ധത്തിനൊരു അറുതിയുണ്ടാകണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍