UPDATES

“പ്രകൃതിയെ ചൂഷണം ചെയ്യുന്നവരെ സര്‍ക്കാര്‍ നിയന്ത്രിക്കണം” എന്ന് കത്തോലിക്ക സഭ, ഗാഡ്ഗിലിനെതിരെ വീണ്ടും വിമര്‍ശനം

കര്‍ഷകരെ പീഡിപ്പിക്കാനുള്ള ശ്രമം ആശങ്കജനകമാണെന്ന് സഭ പ്രസ്താവനയില്‍ പറയുന്നു.

ന്യൂനപക്ഷ സമുദായം എന്ന നിലയ്ക്ക് ക്രൈസ്തവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത് എന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആയുധമാക്കി കുടിയേറ്റ കര്‍ഷകരെ പീഡിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സിറോ മലബാര്‍ സഭ. ഈ ശ്രമം ആശങ്കജനകമാണെന്നും സഭ പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ ജോലികളില്‍ ക്രിസ്ത്യാനികള്‍ കുറഞ്ഞിരിക്കുകയാണ്. പ്രകൃതിയെ സംഘടിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ നിയന്ത്രിക്കാനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത് എന്നും സഭ പറയുന്നു. സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ ആണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വ്യാപകമായ കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് കത്തോലിക്ക സഭ വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: ‘ഗാഡ്ഗില്‍ വിരുദ്ധ കലാപത്തിന് വൈദികരെ മാഫിയ സംഘങ്ങള്‍ സാമ്പത്തികമായി സഹായിച്ചു’: പി ടി തോമസ്/അഭിമുഖം

2011ല്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി അതിന്റെ പശ്ചിമ ഘട്ട റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചപ്പോള്‍ ഹൈറേഞ്ച് മേഖലകളില്‍ കത്തോലിക്ക സഭ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും റിപ്പോര്‍ട്ട് കത്തിക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നാണ് താമരശ്ശേരി ബിഷപ്പ് പറഞ്ഞത്.

മാഫിയ സംഘങ്ങളുടെ സഹായം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച കത്തോലിക്ക വൈദികര്‍ക്കുണ്ടായിരുന്നു എന്ന് പി ടി തോമസ് ആരോപിച്ചിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവും അന്ന് ഇടുക്കി എംപിയുമായിരുന്ന പി ടി തോമസിനെ സഭ കടന്നാക്രമിച്ചിരുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഭയുടെ സമ്മര്‍ദ്ദം കാരണം പി ടി തോമസിനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചില്ല. തന്നെ തോല്‍പ്പിക്കാന്‍ പിടി തോമസ് സഭയെ വെല്ലുവിളിച്ചിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കള്ളങ്ങള്‍ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു സംഘം വൈദികര്‍ മുന്നില്‍ നിന്നതായും ഇവരാണ് തന്റെ ശവഘോഷയാത്രയും ശവമടക്കും നടത്തിയത് എന്നും പി ടി തോമസ് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍