UPDATES

ട്രെന്‍ഡിങ്ങ്

വ്യാജരേഖ കേസ്; ആദിത്യക്ക് ജാമ്യം, പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയോട് എന്തിനിങ്ങനെ പെരുമാറിയെന്ന് പൊലീസിന് വിമര്‍ശനം

ഉപാധികളോടെയാണ് ആദിത്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖകള്‍ ചമച്ചെന്ന കേസില്‍ മൂന്നാം പ്രതിയാക്കപ്പെട്ട ഐഐടി വിദ്യാര്‍ത്ഥി ആദിത്യക്ക് ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. തെളിവ് ശേഖരിക്കേണ്ടതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ആദിത്യയെ ഇത്രയും ദിവസം കസ്റ്റഡിയില്‍ വച്ചതിനു പൊലീസിനെതിരേ കോടതിയുടെ വിമര്‍ശനവും ഉണ്ടായി. ഇത്രയും ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തത് എന്തു കാര്യത്തിനാണെന്നും പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥിയോട് എന്തിനാണ് ഇങ്ങനെ പെരുമാറിയതെന്നും രൂക്ഷമായ വിമര്‍ശനത്തോടെ കോടതി ചോദിച്ചു. ആദിത്യക്ക് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതിനെതിരേ ഇന്നും കോടതിയുടെ വിമര്‍ശനം ഉണ്ടായിരുന്നു.

ഉപാധികളോടെയാണ് ആദിത്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയും നാലാം പ്രതിയുമായ ഫാ. പോള്‍ തേലക്കാടിനെയോ ഫാ. ടോണി കല്ലൂക്കാരനെയോ ബന്ധപ്പെടാന്‍ പാടില്ല, ഇവര്‍ താമസിക്കുന്ന പൊലീസ് സ്റ്റേഷന്‍  പരിധിയില്‍ പ്രവേശിക്കരുത്, പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകണം എന്നീ വ്യവസ്ഥകളാണ് കോടതി മുന്നോട്ടു വച്ചിരിക്കുന്നത്. ഫാ. ഫോള്‍ തേലക്കാടിന്റെയും ഫാ.ടോണി കല്ലൂക്കാരന്റെയും ചോദ്യം ചെയ്യല്‍ കഴിയും വരെ ആദിത്യക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

കര്‍ദിനാളിനെതിരെയുള്ള വ്യാജരേഖകള്‍ എന്നു പറയുന്ന രേഖകള്‍ ആദിത്യയാണ് ഫാ. പോള്‍ തേലക്കാടിന് ഇമെയില്‍ വഴി അയച്ചു കൊടുക്കുന്നത്. കേസിലെ ഒന്നാം പ്രതിയായി മാറിയ ഫാ.തേലക്കാട് പൊലീസിന് നല്‍കിയ മൊഴിയിലായിരുന്നു ആദിത്യയാണ് ഇമെയില്‍ വഴി രേഖകള്‍ അയച്ചതെന്ന വിവരം പുറത്തു വരുന്നത്. തനിക്ക് കിട്ടിയത്. മേയ് 15 ന് ആദിത്യയെ ആലുവ ഡിവൈഎസ്പി ഓഫിസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പച്ചശേഷം വിട്ടയച്ചിരുന്നു. പിറ്റേദിവസം(മേയ് 16) ഏതൊക്കെയോ പേപ്പറുകളില്‍ ഒപ്പിടാനുണ്ടെന്നു പറഞ്ഞ് ആദിത്യയെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്താതെ രണ്ടു ദിവസത്തോളം കസ്റ്റഡിയില്‍ വച്ച് പൊലീസ് ആദിത്യയെ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലില്‍ ഫാ. ടോണി കല്ലൂക്കാരന്‍ ആവശ്യപ്പെട്ടപ്രകാരമാണ് താന്‍ വ്യാജരേഖകള്‍ ചമച്ചതെന്ന് ആദിത്യ സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. വ്യാഴാഴ്ച്ച കസ്റ്റഡിയില്‍ എടുത്ത ആദിത്യയെ ഞായറാഴ്ച്ചയാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. കേസില്‍ മൂന്നാം പ്രതിയാക്കിയ ആദിത്യയെ റിമാന്‍ഡ് ചെയ്‌തെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഫാ. ടോണി ഉള്‍പ്പെടെയുള്ള വൈദികര്‍ക്കെതിരേ മൊഴി നല്‍കാന്‍ തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ആദിത്യയുടെ വെളിപ്പെടുത്തല്‍ ഉണ്ടായി. പൊലീസ് കസ്റ്റഡിയില്‍ തനിക്ക് നേരിടേണ്ടി വന്ന മര്‍ദ്ദനങ്ങള്‍ വിവരിച്ച് ആദിത്യ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയില്‍ നടത്തിയ അന്വേഷണത്തില്‍ വാസ്തവമുണ്ടെന്ന് മനസിലാക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരേ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.

മൂന്നു തവണയോളം ജാമ്യ ഹര്‍ജി പരിഗണിക്കുന്ന് മാറ്റിവച്ചശേഷമാണ് ഇപ്പോള്‍ ആദിത്യയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെ ജാമ്യാപേക്ഷ കോടതിയുടെ മുന്നില്‍ എത്തിയിരുന്നുവെങ്കിലും ഇന്നു പരിഗണിക്കാമെന്നു പറഞ്ഞ് മാറ്റിവയ്ക്കുകയായിരുന്നു. കേസില്‍ ഇപ്പോള്‍ പ്രതികളായിട്ടുള്ള വൈദികരെ അറസ്റ്റ് ചെയ്യുന്നത് കോടതി ഇന്നലെ തടഞ്ഞിരുന്നു. കര്‍ശന ഉപാധികളോടെ വൈദികാരെ ചോദ്യം ചെയ്യാന്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിന വ്യാജരേഖ കേസ് കോടതി വീണ്ടും പരിഗണിക്കും.

ഒരു ദ്വീപില്‍ ഒറ്റയ്ക്കൊരാള്‍; കടമക്കുടിയിലെ ജോസഫ് ചൊവരോ നമുക്ക് മനസിലാവാത്ത ജീവിതം പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍