UPDATES

ട്രെന്‍ഡിങ്ങ്

“ആയാ രാജ്, ഗയാ രാജ്” – കോണ്‍ഗ്രസിനും ബിജെപിക്കുമിടയിലെ എംടിബി നാഗരാജിന്റെ ജീവിതം

ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ അശോകിനൊുപ്പം ബംഗളൂരുവില്‍ നിന്ന് മുംബൈയിലേയ്ക്ക് വിമാനം കയറിയതോടെ നാഗരാജിന്റെ പോക്ക് എങ്ങോട്ടാണ് എന്നത് വ്യക്തം.

ഇന്ത്യന്‍ രാഷ്ട്രീയത്തെ മലീമസമാക്കിയ കുതിരക്കച്ചവടങ്ങളുടെ ചരിത്രം തുടങ്ങുന്നത് 1967ല്‍ ഹരിയാനയില്‍ നിന്നാണ്. “ആയാ റാം ഗയാ റാം” എന്ന ശൈലി ഇന്ത്യന്‍ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത ദയാ ലാല്‍ ആണ് ഇതിന് തുടക്കം കുറിച്ചത്. അക്കാലത്ത് നിരവധി കാര്‍ട്ടൂണുകള്‍ ഈ ആയാ റാം ഗയാ റാം സംസ്‌കാരത്തെ ചിത്രീകരിച്ചു. അമൂലിന്റേതടക്കം നിരവധി രസികന്‍ കാര്‍ട്ടൂണുകള്‍ ഇത് സംബന്ധിച്ച് വന്നു. യാതൊരു തത്വദീക്ഷയും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമില്ലാതെയുള്ള എല്ലാ രാഷ്ട്രീയ കൂറുമാറ്റങ്ങളും നീക്കങ്ങളും പിന്നീട് ആയ റാം ഗയാ റാം ആയി വിശേഷിപ്പിക്കപ്പെട്ടു.

1967ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ജയിച്ച ഗയ ലാല്‍ ആദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് രണ്ടാഴ്ചയ്ക്കിടെ മൂന്ന് തവണ പാര്‍ട്ടി മാറി. ആദ്യം യുണൈറ്റഡ് ഫ്രണ്ടിലേയ്ക്ക്. പിന്നീട് കോണ്‍ഗ്രസിലേയ്ക്ക്. വെറും ഒമ്പത് മണിക്കൂറിനുള്ളില്‍ വീണ്ടും യുണൈറ്റഡ് ഫ്രണ്ടിലേയ്ക്ക്. കര്‍ണാടകയിലെ 18 എംഎല്‍എമാരും ഇക്കൂട്ടത്തില്‍പ്പെട്ടവരാണ്. മിനുട്ടുകള്‍ക്കുള്ളലില്‍ പാര്‍ട്ടിയും നിലപാടും അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ മടിയില്ലാത്തവര്‍. അതിലൊരാളാണ് കോണ്‍ഗ്രസ് വിമത എംഎല്‍എ എംടിബി നാഗരാജ്.

സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും അടുപ്പമുള്ള നേതാവാണ് എംടിബി നാഗരാജ്. സിദ്ധരാമയ്യയുടെ സ്വന്തം ആളായാണ് ഹോസ്കോട് എംഎല്‍എയായ നാഗാരാജ് അറിയപ്പെടുന്നത്. സിദ്ധരാമയ്യയുടെ അതേ സമുദായക്കാരനാണ് (കുറുബ) നാഗരാജ്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കെതിരെ നിരന്തര വിമര്‍ശനം ഉന്നയിച്ച് നാഗരാജ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ യാതൊരു വികസനപ്രവര്‍ത്തനങ്ങളും നടത്താത്തതിനാല്‍ തനിക്ക് മടുത്തു എന്നതാണ് രാജിക്ക് കാരണമായി നാഗരാജ് പറയുന്നത്. എന്നാല്‍ മകന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തതാണ് നാഗരാജിന്റെ ചാട്ടത്തിന് കാരണം എന്ന് ചില കന്നഡ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതാപ് ഗൗഡ പാട്ടീലിനെ പോലെ ബിജെപിയിലേയ്ക്ക് പോകുന്നു എന്ന പ്രഖ്യാപനം നാഗരാജ് നടത്തിയിട്ടില്ല. എന്നാല്‍ ഇന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍ അശോകിനൊപ്പം ബംഗളൂരുവില്‍ നിന്ന് മുംബൈയിലേയ്ക്ക് വിമാനം കയറിയതോടെ നാഗരാജിന്റെ പോക്ക് എങ്ങോട്ടാണ് എന്നത് വ്യക്തം. കൂടുതല്‍ പണം ആര് ഓഫര്‍ ചെയ്യുന്നോ അവര്‍ക്കൊപ്പം എന്നതാണ് നിലപാട് എന്ന് തോന്നിക്കുന്ന വിധമാണ് നാഗരാജ് അടക്കമുള്ള വിമത എംഎല്‍എമാരുടെ നടപടികള്‍. അതേസമയം കോണ്‍ഗ്രസിന്റെ ഏറ്റവും ധനികനായ എംഎല്‍എ എന്ന് അറിയപ്പെടുന്ന, 1015 കോടി രൂപയുടെ ആസ്തിയുള്ള ആളാണ് നാഗരാജ് എന്നതാണ് ശ്രദ്ധേയം.

2018 സെപ്റ്റംബറില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എ. 2016 – 17ല്‍ നാഗരാജ് സമര്‍പ്പിച്ച കണക്ക് പ്രകാരം വരുമാനം 104 കോടി രൂപയായിരുന്നു. ഭാര്യ അടക്കമുള്ളവരുടെ വരുമാനം കൂട്ടിയാല്‍ വാര്‍ഷിക വരുമാനം 157 കോടി രൂപ. മന്ത്രി പദത്തിനായി നാഗരാജ് കിണഞ്ഞുശ്രമിച്ചു. എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത. 437 കോടി രൂപയുടെ ജംഗമ വസ്തുക്കളും 578 കോടിയുടെ സ്ഥാവര വസ്തുക്കളും. ഡികെ ശിവകുമാറിനെ പോലെ തന്നെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രധാന ധനസമാഹാരകരില്‍ ഒരാളായാണ് നാഗരാജിനെ കണ്ടിരുന്നത്.

കര്‍ണാടക രാഷ്ട്രീയത്തിലെ ‘മാനിപ്പുലേറ്റര്‍’ ആയ, കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ എന്നും ക്രൈസിസ് മാനേജര്‍ എന്നുമെല്ലാം അറിയപ്പെടുന്ന ഡികെ ശിവകുമാറിന്റെ ഇടപെടലുകള്‍ വിജയിക്കുന്നു എന്ന തരത്തിലാണ് ഇന്നലെ നാഗരാജിന്റെ രാജി പിന്‍മാറ്റം നല്‍കിയത്. മുഖ്യമന്ത്രി കുമാരസ്വാമിയും ശിവകുമാറും സിദ്ധരാമയ്യയുമെല്ലാം സര്‍ക്കാര്‍ വീഴില്ലെന്ന ആത്മവിശ്വാസത്തില്‍ ഉറച്ച് തുടരുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍