UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണാടി: ഒറ്റപ്പെട്ട ശബ്ദങ്ങളുടെ പ്രതിഫലനം

Avatar

എം കെ രാമദാസ്‌

മലയാളിയുടെ ദൃശ്യമാധ്യമ സങ്കല്‍പം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ പ്രധാനിയാണ് മൂന്നക്ഷരത്തില്‍ അറിയപ്പെട്ട ടി എന്‍ ഗോപകുമാര്‍. ടി എന്‍ ഗോപകുമാറിനെ ടിഎന്‍ജിയെന്ന ഇഷ്ടനാമത്തിലാണ് ശരാശരി കേരളീയന്‍ അഭിസംബോധന ചെയ്തത്. അപരിചിതര്‍ പോലും ടിഎന്‍ജി എന്ന് വിളിച്ചു.

കണ്ണാടിയെന്ന വാര്‍ത്താ പരിപാടിയാണ് ടിഎന്‍ജിയെ ജനകീയനാക്കുന്നത്. ഓരോ മലയാളിയുടേയും മനസിന് നേരെ പിടിച്ച കണ്ണാടിയായി ടിഎന്‍ജി അവതാരകനായ ടെലിവിഷന്‍ പരിപാടി മാറി. വലിയവര്‍ക്കിടയിലെ ചെറിയ മനുഷ്യരുടെ ദുരിതവും ദോഷവും പരുപരുത്ത ശബ്ദത്തിലൂടെ ദൃശ്യങ്ങളുടെ സഹായത്തോടെ ടിഎന്‍ജി പ്രേക്ഷകരില്‍ എത്തിച്ചു. ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ രോദനം കണ്ണാടിയില്‍ പ്രതിഫലിപ്പിച്ചു. ഏകാന്തതയും ആള്‍ക്കൂട്ടവും പ്രതിരോധവും പ്രതിഷേധവും ശബ്ദമായും ദൃശ്യമായും കണ്ണാടിയില്‍ നിറഞ്ഞു. ടിഎന്‍ജി കണ്ണാടിയിലൂടെ സ്പര്‍ശിക്കാത്ത ഭാവങ്ങളോ സാഹചര്യങ്ങളോ മലയാളിക്കില്ല.

മനുഷ്യര്‍ക്കൊപ്പം കാടിന്റെ ഞരക്കവും കൊമ്പന്‍മാരുടെ ഛിന്നംവിളിയും കണ്ണാടിയില്‍ കേട്ടു. പുഴകളുടെ കരച്ചിലും കരിമ്പാറകളുടെ നടുക്കവും കണ്ണാടിയില്‍ കാഴ്ചയ്‌ക്കൊപ്പം കേട്ടു. ബഹികൃതരാക്കപ്പെട്ട മനുഷ്യരുടെ കൂട്ടുകാരനാണ് ടിഎന്‍ജിയുടെ കണ്ണാടി. ആദിവാസികളുടെ ജീവിതം പ്രധാനവിഭവമാണ് കണ്ണാടിക്ക്. ഊരുകളില്‍ നിന്നുള്ള തുടിതാളവും കുഴല്‍വിളിയും നൃത്തച്ചുവടുകളും ടിഎന്‍ജി കണ്ണാടിയില്‍ നിറഞ്ഞു. പുഴയുടെ മാറു തുരന്ന് മണ്ണെടുത്തവരെ കണ്ണാടിയിലെ പ്രതിബിംബം ഭീതിപ്പെടുത്തി. കരിമ്പാറക്കെട്ടുകളുടെ നിശബ്ദ ശയനത്തിനെ അലോസരപ്പെടുത്താന്‍ കണ്ണാടി അനുവദിച്ചില്ല. മനുഷ്യാവകാശ പ്രശ്‌നവും പാരിസ്ഥിതിക തകര്‍ച്ചയും കണ്ണാടിയുടെ ചേരുവകളാണ്. പൂമ്പാറ്റകള്‍ക്കും ഇഴജന്തുക്കള്‍ക്കും പറവകള്‍ക്കും കാട്ടുകൊമ്പന്മാര്‍ക്കും അടിയില്‍ അഭയം നല്‍കിയ കണ്ണാടി ആവാസത്തിലേക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് പതിച്ച് പ്രേക്ഷകരെ സാക്ഷരരാക്കി. കേരളത്തില്‍ മാത്രമല്ല മലയാളി ഉള്ളിടത്തെല്ലാം ടിഎന്‍ജിയും കണ്ണാടിയും പ്രതിഫലിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ തലവന്‍ എന്നതിനപ്പുറമുള്ള തലയെടുപ്പാണ് ടിഎന്‍ജിയുടേത്. മലയാളിയുടെ സാംസ്‌കാരിക ബോധത്തെ ടെലിവിഷന്‍ എന്ന മാധ്യമവുമായി ഉള്‍ച്ചേര്‍ക്കുന്നതില്‍ നിര്‍ണായക പങ്കാണ് ടി എന്‍ ജി നിര്‍വഹിച്ചത്.

തൂവെള്ള താടിയില്‍ മലയാളി സൗന്ദര്യം ആസ്വദിച്ചു തുടങ്ങിയത് ടി എന്‍ ഗോപകുമാര്‍ എന്ന കണ്ണാടി അവതാരകനിലൂടെയാണ്. കേവലം ടെലിവിഷന്‍ പരമ്പയ്ക്ക് അപ്പുറം മലയാളിയെ ആഴത്തിലറിഞ്ഞ ഒരു ആക്ടിവിസം കൂടിയാണ് കണ്ണാടിയെന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ടി എന്‍ ഗോപകുമാര്‍ കേരളീയന് മുന്നിലെത്തിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍