UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സയിദ് അന്‍വര്‍ 194 റണ്‍സ് അടിച്ച ദിവസം ടി എന്‍ ജി

Avatar

ശരത് കുമാര്‍

അന്നാണ് സയിദ് അന്‍വര്‍ 194 റണ്‍സ് അടിച്ചത്. 

മദ്യപാനങ്ങളാണ് എന്നെ എപ്പോഴും മുന്നോട്ടും പിന്നോട്ടും നയിച്ചിട്ടുള്ളത്. ഏത് ബന്ധത്തെ കുറിച്ച് ഓര്‍ക്കുമ്പോഴും അതില്‍ ചില മദ്യപാനരംഗങ്ങള്‍ വരുന്നതും അതുകൊണ്ടാണ്. വ്യക്തിപരമായ ചില വെറുപ്പിക്കലുകള്‍ക്കപ്പുറം മദ്യപാന സദസ്സുകള്‍ എന്നെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ രാഷ്ട്രീയവും സംസ്‌കാരവും പഠിച്ചതും അങ്ങനെയാണ്. അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്ന സദസ്സുകളില്‍ ഒന്ന് ചിന്തകന്‍ എന്ന് വിളിക്കപ്പെടുന്ന രവിയേട്ടന്റെ വാസസ്ഥലികളായിരുന്നു. അവിടെയാണ് ഞാന്‍ അന്ന് നരച്ചിട്ടില്ലാത്ത താടിയും വിടര്‍ന്ന ചിരിയുമുള്ള ഒരു സുന്ദരനെ കണ്ട് മുട്ടിയത്.

ഒരിക്കലും ബൈക്ക് ഓടിക്കാന്‍ കഴിയാത്ത എനിക്ക് എന്‍ഫീല്‍ഡിലുള്ള ഏത് യാത്രകളും അഹങ്കാരമായിരുന്നു. ഈ സുന്ദരന് അന്തകാലത്ത് ഒരു എന്‍ഫീല്‍ഡ് ബൈക്കും ഉണ്ടായിരുന്നു. അയാള്‍ ബൈക്കില്‍ വരും, മേഫെയര്‍ ബാറില്‍ തലേദിവസം ബാക്കി വച്ച പൈന്റ് അടിക്കും. ആരോടും മിണ്ടാതെ പോകും. ഒന്നരയുടെ കാശുമായി പോകുന്ന നമ്മളെ സംബന്ധിച്ചിടത്തോളം പുലി. ഇതാരടാ ഇവന്‍ എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു പൂര്‍ണ്ണ ലോഡ്ജില്‍ ചിന്തകന്റെ മുറിയില്‍ വച്ച് പരിചയപ്പെട്ട ടിഎന്‍ജി എന്ന ആ സുന്ദരന്‍.

അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് എന്ന വിശ്രുത പത്രത്തിന് ‘സ്‌ക്രീന്‍’ എന്ന ഒരു ‘നാന’ ഉണ്ടായിരുന്നു. ആജീവനാന്തം കൂലിപ്പണിക്കാരനായ എന്റെ തൊഴിലുറപ്പ് അതിലായിരുന്നു. സ്ട്രിംഗര്‍ എന്നായിരുന്നു വ്യാജനാമം. ഇതിനിടയില്‍ ബൈക്കിലെ സുന്ദരനുമായി ചങ്ങാത്തം മുറുകുകയും മേഫെയറിലെ കുപ്പിയില്‍ നിന്നും ബാക്കി കുടിക്കാനുള്ള അപൂര്‍വ ചങ്ങാത്തം നേടിയെടുക്കുകയും ചെയ്തിരുന്നു. ഓസിന് കള്ള് കുടിക്കുന്നതിന്റെ ഒരു കുറ്റബോധം എന്ന നിലയിലാണ് സ്‌ക്രീന് വേണ്ടി ആദ്യമായി ടിഎന്‍ജിയുടെ അഭിമുഖം അടിക്കുന്നത്. കണ്ണാടിയുടെ നൂറാം എപ്പിസോഡായിരുന്നു സംഭവം.

മദ്യപാനത്തിന്റെ ആള്‍ക്കൂട്ടത്തിന് അപ്പുറമുള്ള ഒരു തുടിക്കുന്ന ഹൃദയം കണ്ടത് അന്നായിരുന്നു. എണ്ണം പറഞ്ഞ പത്രക്കാരായിരുന്നു അന്ന് എഷ്യാനെറ്റിനെ നിലനിറുത്തിയിരുന്നത്. കെ ജയചന്ദ്രന്‍ മുതല്‍ രാജു റാഫേല്‍ വരെയുള്ളവര്‍ വാര്‍ത്തകളില്‍ മനുഷ്യത്വം നിറച്ചിരുന്ന കാലമായിരുന്നു. മനുഷ്യന്മാരുടെ തുണിപൊക്കി സ്‌കൂപ്പ് അടിക്കേണ്ട ഗതികേട് അന്നില്ലായിരുന്നു എന്നും പറയാം. അതുകൊണ്ടാവണം കണ്ണാടിയുടെ ക്രെഡിറ്റ് മുഴുവന്‍ ഈ റിപ്പോര്‍ട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ ടിഎന്‍ജിക്ക് മടിയില്ലാതിരുന്നതും. അന്ന് തിരുവനന്തപുരത്തെ വലിയ ബാറായിരുന്ന ഓര്‍ബിറ്റില്‍ വച്ച് അഭിമുഖം നടത്താന്‍ തീരുമാനിച്ചതും ശേഷം സ്വന്തം ബുള്ളറ്റില്‍ എന്നെ മുറിയില്‍ കൊണ്ടു വിട്ടതും ടിഎന്‍ജിയുടെ എന്നെ സന്തോഷിപ്പിച്ച തീരുമാനങ്ങളായിരുന്നു.

പിന്നീടാണ് ഞാന്‍ ശിഷ്യന്റെ വേഷം ചമയുന്നത്. എന്‍ ആര്‍എസ് ബാബു എന്ന ബാബു സാറിന്റെ സകല തെറികളോടെയും അടിച്ച് ഫിറ്റായി ക്ലാസില്‍ ചെന്നതിന്റെ പേരില്‍ ഉടക്കുകയും പിന്നീട് തിരിച്ചുവന്ന് മാപ്പ് പറയുകയും ചെയ്ത സി ഗൗരീദാസന്‍ നായരുടെയും (ഇന്ന് വിദ്യാര്‍ത്ഥികളോട് അങ്ങനെ പറയുന്ന അദ്ധ്യാപകര്‍ ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം, വൈക്കം ചന്ദ്രശേഖരന്‍ നായരെ പോലെയുള്ള മനുഷ്യര്‍ക്ക് ഇക്കാലത്ത് ജീവിക്കല്‍ അസാധ്യമാണ്, പ്രത്യേകിച്ചും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍) അനുഗ്രാഹാശിസുകളില്‍ വിലസുന്ന കാലമായിരുന്നു.

ടിഎന്‍ജിയിലെ വേറൊരു മനുഷ്യനെ കാണുന്നത് അക്കാലത്താണ്. ക്ലാസിന്റെ ഇടവേളകളില്‍ ടിഎന്‍ജിക്ക് സിഗരറ്റ് വലിക്കേണ്ടി വരും. എന്റെയും ഉന്നം അതാണ്. കൈയില്‍ കാശുണ്ടാവില്ല. ഒരു സിഗരറ്റ് വലിക്കാനുള്ള ആഗ്രഹം പക്ഷെ മുമ്പില്‍ ഉണ്ടാവും. ടിഎന്‍ജിയുടെ ക്ലാസില്‍ അതുകൊണ്ട് തന്നെ ഞാന്‍ ഏറ്റവും പിറകില്‍ ഇരിക്കും. സിഗരറ്റ് ഇടവേളകള്‍ക്ക് പോകുമ്പോള്‍ തോളില്‍ ഒരു തട്ടുണ്ടാവും. കൂടെ ഇറങ്ങുമ്പോള്‍ പാന്റിന്റെ ഇടത്തെ പോക്കറ്റില്‍ നിന്നും എടുക്കുന്ന വില്‍സിന്റെ പാക്കറ്റില്‍ നിന്നും ഒരെണ്ണം എനിക്കും.

അങ്ങനെ ഒരു ദിവസമായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അന്നത്തെ മദ്രാസില്‍ ഏകദിനം നടന്നത്. പ്രസ് ക്ലബ്ബിലെ ടിവിയില്‍ കളി ലൈവായി കാണാമായിരുന്നു. സയിദ് അന്‍വര്‍ ലോക റിക്കോഡിട്ടത് അന്നായിരുന്നു. ഒരു സിഗരറ്റ് കൈമാറുന്നതിനിടയില്‍ ടിഎന്‍ജിയുടെ കമന്റും അന്നായിരുന്നു. ‘എടാ നോക്ക്, ഒരു മിനിട്ടില്‍ എത്ര ഷോട്ടാണ് അവര്‍ കട്ട് ചെയ്യുന്നത്.’ വിഷ്വല്‍ മീഡിയ ബാധയല്ലാതിരുന്ന കാലത്തെ വലിയൊരു പാഠമായിരുന്നു അത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് അങ്ങേര് വലിയ ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്ന സത്യം മനസിലായത്.

എന്റെ ഗതിവിഗതികള്‍ക്കിടയില്‍ പിന്നീടും ചില അഭിമുഖങ്ങള്‍ തന്നിട്ടുണ്ട്. എല്ലാം എന്നെ രക്ഷിക്കാന്‍ എന്ന വ്യാജേനയായിരുന്നു. അവസാനത്തെ അഭിമുഖം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു. അന്ന് ക്ഷീണിതനായിരുന്നില്ല. സുന്ദരനായിരുന്നു. ‘നീ നല്ല ഫിറ്റാണല്ലോ’ എന്ന ചിരിയോടെയാണ് ഏഷ്യാനെറ്റിന്റെ പുതിയ കെട്ടിടത്തിലെ സ്വന്തം മുറിയില്‍ സ്വീകരിച്ചത്. പക്ഷെ വര്‍ത്തമാനത്തില്‍ ചിരി മാഞ്ഞു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ പതിവിലേറെ കനമുണ്ടായിരുന്നു. ‘അത് ഭ്രാന്ത്.. എന്തൊക്കെ കാണിച്ചുകൂട്ടുമെന്ന് പറയാന്‍ പറ്റില്ല’ എന്ന മറുപടിയില്‍ ചിരിയുണ്ടായിരുന്നില്ല.

ആ ഭ്രാന്തിന്റെ നാനാര്‍ത്ഥങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കെയാണ് ടിഎന്‍ജി പോകുന്നത്. ചോദിക്കാതെ പോയ ഒരു ചോദ്യം മാത്രം ബാക്കിയാക്കി ഞാനും. ചോദ്യം ഇതാണ്. ‘വെറും വ്യക്തിതാല്‍പര്യങ്ങളുടെ പേരില്‍ ദൃശ്യമാധ്യമങ്ങളില്‍ കുരയ്ക്കുന്ന ഒരു സംഘത്തെ ഉണ്ടാക്കിയെടുത്തതില്‍ വിഷമമുണ്ടോ?’.

കെ രാജഗോപാലും നീലനും ബാക്കിയാവുന്ന പഴയ ഏഷ്യാനെറ്റ് സംഘത്തിലെ ആര്‍ക്കെങ്കിലും മറുപടി പറയാന്‍ പറ്റിയേക്കും. ഒരു പക്ഷെ ചരിത്രത്തെ ഓക്കാനിക്കാതെ ഓര്‍ക്കാനെങ്കിലും കഴിഞ്ഞേക്കും. 

(മാധ്യമ പ്രവര്‍ത്തകനാണ് ശരത്. അഴിമുഖം കണ്‍സല്‍ടിംഗ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍