UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ടി പി 51 വെട്ട് നാട്ടുകാര്‍ കണ്ടാല്‍ എന്താ കുഴപ്പം?

അപര്‍ണ്ണ

കഴിഞ്ഞ രണ്ടു കൊല്ലമായി  ഇടയ്ക്കിടെ ചില വാർത്തകൾ കണ്ടിരുന്നെങ്കിലും ടി പി 51 വെട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ആവുമെന്ന് ഒരു സിനിമാ വാർത്തകളിലും കണ്ടില്ല. ആരും കാണില്ലെന്ന് ഉറപ്പില്ലാത്ത പടങ്ങളുടെ വരെ റിലീസിംഗ് തീയതി കൃത്യമായി പറഞ്ഞു തരുന്ന ഓണ്‍ലൈൻ പേജുകളിലും ഇങ്ങനെ ഒരു സിനിമ ഇറങ്ങാൻ പോകുന്നതായി അറിയിപ്പുണ്ടായില്ല. സിനിമയെ പരിഹസിച്ച പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കണ്ടു. 39 തീയറ്ററുകളിൽ ഉണ്ടെന്നറിഞ്ഞ റിലീസ് ക്ഷണ നേരം കൊണ്ട്  കൈരളി, ശ്രീകളിൽ ഒതുങ്ങി. സിനിമയുടെ സംവിധായകനായ മൊയ്തു താഴത്തുമായി നടത്തിയ അഭിമുഖവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടി പി വധ ഗൂഡാലോചന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി വന്ന സിനിമയുടെ റിലീസ് ദിവസം തീയറ്ററിൽ പോലീസ് വാൻ, ഓ ബി വാൻ, തിക്കും തിരക്കും. മുൻവിധിയെ തെറ്റിച്ച് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നവരെയും കണ്ടു.

ഡോക്യു ഫിക്ഷൻ മാതൃകയിലാണ് സിനിമ. 70 ശതമാനം കാര്യങ്ങളും ടി പി വധാനന്തരം വാർത്താ മാധ്യമങ്ങളിലൂടെ കേരളം അറിഞ്ഞ കാര്യങ്ങൾ. കയ്യൂരും കരിവെള്ളൂരും മണ്ടോടി കണ്ണനും ഊർജം നൽകിയ ടി പിയുടെ ബാല്യ കൌമാരങ്ങൾ, രമയുമായുള്ള വിവാഹം, പിന്നെ പാർട്ടിക്കാലം ഒക്കെ സിനിമയിൽ ഉണ്ട്. കൊട്ടേഷൻ സംഘാംഗങ്ങൾ തമ്മിലുള്ള സംഭാഷണവും സമാധാനത്തിൽ ഊന്നിയ പുതുതലമുറയെ കുറിച്ചുള്ള സ്വപ്നവും ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാം കേട്ടും കണ്ടും എല്ലാവരും അറിഞ്ഞ സംഭവങ്ങൾ. കോണ്‍ഗ്രസ്സ് പാർട്ടിക്കോ ആർ എം പിക്കോ വേണ്ടി ഉള്ള പ്രചാരണങ്ങൾ ഒന്നും സിനിമയിൽ കണ്ടില്ല. ‘യു ഡി യെഫിന് വോട്ടു നല്കുന്ന പ്രശനമേ ഇല്ല എന്ന് ടി പി പറയുന്നിടത്താണ് സിനിമ മ്യൂസിക്‌ ഒക്കെ ഇട്ടു ഇത്തിരി ഹീറോയിസം കലർത്തിയത്. ഇത്തിരി വൈകാരികമായി സംഭവങ്ങളെ ക്രമം തെറ്റാതെ അവതരിപ്പിക്കുക മാത്രമാണ് ഈ ചിത്രം.

സിനിമ ഇറങ്ങും മുന്നേ തന്നെ ആൾക്കാർ ചൂണ്ടിക്കാണിച്ച കുറേ പിഴവുകൾ സിനിമയ്ക്ക് ഉണ്ട്. നാടകീയത ഉണ്ട്, ചില രംഗങ്ങളിൽ പ്രൊഫഷനലിസത്തിന്റെ കുറവ് പ്രകടമാണ്. ശിവജി ഗുരുവായൂരും ദേവി അജിത്തും റിയാസ് ഖാനും ഒഴികെ മുഖ്യ വേഷങ്ങൾ ചെയ്ത എല്ലാവരും പുതുമുഖങ്ങളാണ്. ആ പരിചയക്കുറവ് ചലനങ്ങളിലും സംഭാഷണങ്ങളിലും ഉണ്ട്. ടി പി യായി അഭിനയിച്ച രമേശ്‌ വടകരയടക്കം ആരിലും കേന്ദ്രീകരിക്കാതെ കഥ പറയുന്ന രീതി ചിലപ്പോൾ മുഷിപ്പിക്കുന്നുണ്ട്. ഡബ്ബിംഗ് നറേഷൻ ഒന്നും കുറ്റമറ്റതല്ല. ടി പി കൊലക്കേസ് ആദ്യം അന്വേഷിച്ചപ്പോൾ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു. സിനിമയിൽ രമേശ്‌ ചെന്നിത്തലയുടെ രൂപ സാദൃശ്യവും ശരീര ഭാഷയും ഉള്ള ഒരാളെ അവതരിപ്പിച്ചത് ഒറ്റ കാഴ്ചയിൽ വസ്തുതാപരമായ പിഴവായി തോന്നി. പിന്നെ കൊടി സനു, സോഹനൻ മാഷ് എന്നൊക്കെ ഒറ്റയക്ഷരം മാറ്റി ആളുകളുടെ പേര് പറഞ്ഞത് അധികമായത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. 2012 ലെ വിവാദ  അഭിമുഖത്തിൽ സംവിധായകൻ  പറഞ്ഞ കേസ് അട്ടിമറിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സിനിമയിൽ ഇല്ല. അത്ര മോശമല്ലാത്ത ക്യാമറയും എഡിറ്റിങ്ങും നല്ല പാട്ടുകളും സിനിമയിൽ ഉണ്ട്.

മറ്റെല്ലാ സിനിമയ്ക്കും ഉള്ള ആവിഷ്കാര സ്വാതന്ത്ര്യം  ഈ സിനിമക്കുമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മലയാള സിനിമയിൽ എന്തൊക്കെയാണ് വിറ്റുപോകുന്നത്.ഒരു ഉളുപ്പുമില്ലാത്ത കടപ്പാട് വെക്കാത്ത കോപ്പിയടികൾ, കേട്ടാലറച്ചു പോകുന്ന വാക്കുകൊണ്ടുള്ള ബലാത്സംഗങ്ങൾ , സന്തോഷ്‌ പണ്ഡിറ്റിന്റെ പീഡോഫീലിക് രംഗങ്ങൾ. അത്രക്കൊന്നും സാമൂഹ്യ വിരുദ്ധമല്ല എന്ത് തരത്തിൽ നോക്കിയാലും ഈ സിനിമ.

പിന്നെ മലയാളത്തിൽ ആദ്യമായൊന്നുമല്ല രാഷ്ട്രീയ സ്വഭാവമുള്ള സിനിമകൾ ഇറങ്ങുന്നത്. അവയൊന്നും ഒരു ഇലക്ഷൻ ഫലത്തെയും സ്വാധീനിച്ചിട്ടില്ല. വസന്തത്തിന്റെ കനൽ വഴികളും ലീഡറും വളരെ പ്രത്യക്ഷമായി രാഷ്ട്രീയ പ്രചരണം നടത്തിയ സിനിമകൾ ആണ്. എ കെ ജി പൂർണമായും നെയ്ത്തുകാരൻ ഭാഗികമായും ടി പി 51 വെട്ടു പോലെ ബയോപിക്കുകൾ ആണ്. ലാൽസലാമും ഏറിയും കുറഞ്ഞും അങ്ങനെയാണ്. 80 കളുടെ അവസാനം മുതൽ ഉള്ള സിനിമകൾ മാത്രം എടുത്തു നോക്കിയാൽ മതി. രഞ്ജി പണിക്കർ എഴുതിയ സിനിമകളിൽ  ജനാർദനൻ കരുണാകരൻ ആയും നായനാർ ആയും മാറി മാറി അഭിനയിച്ചിട്ടുണ്ട്. രൌദ്രവും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും രണ്ടു കാലത്ത് രണ്ടു തരത്തിൽ വീ എസ് അച്യുതാനന്ദനെ പരോക്ഷമായി പ്രതിസ്ഥാനത്ത് നിർത്തിയിരുന്നു. ടി പി 51 വെട്ടിലെ അതേ റോൾ ആയിരുന്നു അറബിക്കഥയിലും ശിവജി ഗുരുവായൂർ ചെയ്തത്. ജയകൃഷ്ണൻ മാസ്റ്റർ വധത്തിന്റെ രംഗം സാഹചര്യങ്ങളെ മാറ്റി ചിന്താമണിക്കൊല കേസിലും ലയണിലും അവതരിപ്പിച്ചിരുന്നു. കണ്ണൂർ എന്ന സിനിമ അക്രമ രാഷ്ട്രീയത്തെ  അപലപിച്ചു മെലോഡ്രാമ  ആയപ്പോൾ, വീണ്ടും കണ്ണൂർ മനശാസ്ത്ര വിശകലനം വരെ നടത്തി കളഞ്ഞു. കേരള കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തെ നസ്രാണിയിലും വെള്ളിമൂങ്ങയിലും ഇന്ത്യൻ പ്രണയ കഥയിലും മറ്റു പല സിനിമകളിലും ഉണ്ട്. ലീഗുകാരും ഉണ്ട് മലയാള സിനിമയിൽ. അഭയ കേസ് ആസ്പദമാക്കി എടുത്ത ക്രൈം ഫയൽ ആകട്ടെ ആ കേസുമായി യാതൊരു ബന്ധവും ഇല്ലാതെ സഖാക്കളെ വരെ പ്രതിസ്ഥാനത്തു വലിച്ചിടുന്നുണ്ട്.

മുകളിൽ പറഞ്ഞ പല സിനിമകളും കൾട്ട് ക്ലാസ്സിക്കുകളോ സൂപ്പർ ഹിറ്റുകളോ ഒന്നുമല്ല. പക്ഷെ ഇതൊന്നും വിവാദമായി കണ്ടില്ല. ആദ്യ കമ്യൂണിസ്റ്റു മന്ത്രിസഭയെ പ്രതിസ്ഥാനത്ത് നിർത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയിൽ അഭിനയിച്ചത് കൈരളി ടി വി ചെയർമാൻ കൂടിയായ മമ്മൂട്ടി ആണ്. അത്ര വലിയ കമ്യൂണിസ്റ്റുകാരൻ അല്ലാത്ത ടി പി രാജീവന്റെ മൂലകഥയിൽ വന്ന ആ സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായ ഒരേയൊരു വിവാദം മമ്മൂട്ടിക്ക് കിട്ടാതെ പോയ ദേശീയ അവാർഡ്‌ ആണെന്ന് തോന്നുന്നു. ഇപ്പോൾ ഇവിടെ ഉള്ള ശക്തരായ രാഷ്ട്രീയക്കാരെ  ഒട്ടും സൈദ്ധാന്തികമല്ലാതെ നേരിടുന്നതാണോ എതിർക്കുന്നവരുടെയും പ്രശ്നം. ആദ്യം കൂടെ നിന്ന 24 നിർമാതാക്കൾ പിന്മാറി എന്ന് സംവിധായകാൻ പറയുന്നു. വിജയ രാഘവൻ, രോഹിണി എന്നീ അഭിനേതാക്കൾ പേടിച്ചു പിന്മാറി എന്ന് പറയുന്നു. വധഭീഷണി ഉണ്ട് എന്ന് പറയുന്നു. തീയറ്ററുകൾ അവസാന നിമിഷം കാലു മാറി എന്നും പറയുന്നു. ഇതൊക്കെ സത്യമാണെങ്കിൽ തികഞ്ഞ അസഹിഷ്ണുതയാണ്.  ഒരു സിനിമ കൊണ്ട് മാറാവുന്ന രാഷ്ട്രീയ ബോധമുള്ള ഒരാളും കേരളത്തിൽ ജീവിക്കുന്നില്ല. എത്രയോ സിനിമകൾ വരുന്നു, പോകുന്നു.. ഹിറ്റ്‌ ആകുന്നു..പൊട്ടിപ്പൊളിയുന്നു. അതൊന്നും ഒരിക്കലും കേരളത്തിലെ വോട്ടു ബാങ്കിനെ സ്വാധീനിക്കാറില്ല. തീയറ്റർ കിട്ടുന്നതൊക്കെ നല്ല സിനിമയും കിട്ടാത്തത് ചീത്ത സിനിമയും എന്ന് പറയുന്നതും മണ്ടത്തരമാണ്. അസ്തമയം വരെയും ക്രൈം നമ്പർ 89 നും കാണാൻ വ്യാപക പ്രചരണം നടത്തുന്നതിൽ അങ്ങനെയാണെങ്കിൽ അർത്ഥമൊന്നുമില്ല. സിനിമ ഇറങ്ങും  മുന്നേ അതിനെ കുറിച്ച് റിവ്യൂ പറയുന്നതും പുലഭ്യം പറയുന്നതും ഒക്കെ  മറ്റൊരു തരത്തിൽ ഇലക്ഷൻ പ്രചാരണങ്ങൾ തന്നെയാണ്. വിപ്ലവ വായാടിത്തം അപകടമാണെന്നാണ് വാദമെങ്കിൽ  ഫാസിസം കുറഞ്ഞ പക്ഷം ഭീകരമെങ്കിലുമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍