UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്ളിക്കുന്നിലെ വീട്ടില്‍ ‘മുന്‍കോപം’ തണുപ്പിക്കാന്‍ ഇനി പപ്പേട്ടന്റെ തങ്കമില്ല

Avatar

കെ.പി.എസ്. കല്ലേരി

മുന്‍കോപി, എന്തും വെട്ടിത്തുറന്നു പറയുന്ന ആള്‍, ആരേയും വകവെക്കാത്തവന്‍, സുഹൃത്തുക്കളേക്കാള്‍ ശത്രുക്കളുള്ള കഥാകാരന്‍… ടി.പത്മനാഭന്‍ എന്ന കഥയുടെ കാരണവര്‍ക്ക് മലയാള സാഹിത്യലോകവും മധ്യമകുലവും കല്‍പിച്ചു നല്‍കിയ വിശേഷണങ്ങള്‍ നിരവധിയാണ്. പക്ഷെ അടുത്തറിയാവുന്നവര്‍ക്ക് മാത്രം തിരിച്ചറിയാവുന്നൊരു പപ്പേട്ടനുണ്ട്, പള്ളിക്കുന്ന് പൊടിക്കുന്നിലെ രാജേന്ദ്രനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് പതിനഞ്ചാം നമ്പര്‍ വീട്ടില്‍. പുരസ്‌കാരങ്ങളുടെയും പ്രശസ്തിയുടെയും പകിട്ടൊന്നുമില്ലാത്ത പൊട്ടിപ്പൊളിഞ്ഞ് പഴകിയ വീട്ടില്‍ എന്തിനും ഏതിനും തങ്കം..തങ്കം എന്ന് വിളിക്കുന്ന പപ്പേട്ടന്‍. കുറേ പൂച്ചകുട്ടികളും നായകളും നിറയെ പുസ്തകങ്ങളും അവാര്‍ഡ് ഫലകങ്ങളും പിന്നെ പപ്പേട്ടന്റെ വാമഭാഗമായ തങ്കവും മാത്രമുള്ള വീട്. അവിടെ നിന്നാണിപ്പോള്‍ പൊടുന്നനെ തങ്കമെന്ന ഭാര്‍ഗവി പടിയിറങ്ങിപ്പോയത്.

ഇന്നലെ (3-11-14) പുലര്‍ച്ചെയാണ് അരനൂറ്റാണ്ടിലേറെക്കാലമായി പപ്പേട്ടനൊപ്പം സഞ്ചരിച്ച കല്ലുമാര്‍തൊടി ഭാര്‍ഗ്ഗവി കൂടൊഴിഞ്ഞത്. കഴിഞ്ഞ പത്തുവര്‍ഷമായി കിടപ്പിലായിരുന്ന അവര്‍ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. അപ്പോള്‍ സമീപത്ത് പപ്പേട്ടന്‍ മാത്രമായിരുന്നു കൂട്ട്. കുട്ടികളില്ലാതിരുന്നതിന്റെ ദുഖം ഇരുവരും മറന്നത് വീടു മുഴുവന്‍ നിറഞ്ഞ പുച്ചകളേയും നായകളേയും തൊടിയിലെ ചെടികളേയും പൂക്കളേയും പരിപാലിച്ചായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി തങ്കം കിടപ്പിലായ ശേഷം അവരുടെ പരിചരണാര്‍ഥം യാത്രകള്‍പോലും പപ്പേട്ടന്‍ ഒഴിവാക്കിയിരുന്നു. നിവൃത്തിയില്ലാത്തപ്പോള്‍ മാത്രം ഒന്നോ രണ്ടോ ദിവസത്തെ യാത്ര. അല്ലെങ്കില്‍ രാവിലെ പോയി ഉച്ചയാവുമ്പോഴേക്കും വീട്ടില്‍ തിരിച്ചെത്തിക്കുന്ന പരിപാടികള്‍ മാത്രം. അസുഖമാവുന്നതിനുമ്പ് ലോകം മുഴുന്‍ കറങ്ങിയ പപ്പേട്ടന്റെ യാത്രകളിലെല്ലാം അവര്‍ ഉണ്ടായിരുന്നു. പപ്പേട്ടന്റെ വിശാലമായ കഥാലോകത്ത് കലഹങ്ങളേതുമില്ലാതെ പപ്പേട്ടന്റെ ക്ഷോഭിക്കുന്ന വാക്കുകള്‍ക്ക് മുമ്പില്‍ ഒരു നനുത്ത സ്പര്‍ശമായി. ഒട്ടും നിനക്കാത്തൊരു ദിവസം പെട്ടന്ന് പപ്പേട്ടനെ തനിച്ചാക്കി അവര്‍ കടന്നുപോകുമ്പോള്‍ അടുക്കും ചിട്ടയുമില്ലാതെ വാരിവലിച്ചിട്ട പുസ്‌കങ്ങളും കുറേ പൂച്ചകളും രണ്ട് നായയും മാത്രമാണിനി പപ്പേട്ടന് കൂട്ട്.

കേരള സര്‍വകലാശാലയില്‍ മുന്‍ അസിസ്റ്റന്റ് ലൈബ്രേറിയനായിരുന്നു ഭാര്‍ഗവി. സഹോദരങ്ങള്‍: കെ.ടി. ഇന്ദിര (മുന്‍ അധ്യാപിക, കോഴിക്കോട് സാമൂതിരി കോളജ്), അഡ്വ. സെന്‍ (കേരള ഹൈക്കോടതി, കൊച്ചി), പരേതയായ അമ്മുക്കുട്ടി. ഒരുപാട് മഹാന്‍മാരെ നെഞ്ചോട് ചേര്‍ത്ത പയ്യാമ്പലത്ത് തങ്കത്തിന്റെ മൃതദേഹം തീനാളങ്ങളേറ്റുവാങ്ങുമ്പോള്‍ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കുകയായിരുന്നു മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍