UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടി ആര്‍ ആന്‍ഡ് ടി മറ്റൊരു ഹാരിസണ്‍

Avatar

സന്ദീപ് വെള്ളാരംകുന്ന്

കേരളത്തിലെത്ര ഭൂരഹിതര്‍ ഉണ്ട് തലപുകയ്‌ക്കേണ്ടതില്ല. ഉത്തരം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് തന്നെ പറഞ്ഞു തരും. കൃത്യം 2.33 ലക്ഷം. ഇവര്‍ക്കുവേണ്ടി കേരളത്തില്‍ മന്ത്രി ഭൂമി തപ്പി അന്വേഷിച്ചു നടക്കുന്നുമുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം കേരളത്തില്‍ വന്‍തോതില്‍ ഭൂമി വിവിധ തോട്ടമുടമകള്‍ വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കൈവശം വയ്ക്കുകയാണെന്നാണ്.

വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കേരളത്തില്‍ 62,000-ത്തിലധികം ഏക്കര്‍ ഭൂമി അനധികൃതമായി ഹാരിസണ്‍ മലയാളം എന്ന പ്ലാന്റേഷന്‍ കമ്പനി കൈവശം വയ്ക്കുന്നുവെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതും അത് ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളും അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സമാനമായി ബ്രിട്ടീഷുകാരില്‍ നിന്നു ഭൂമി വാങ്ങിയെന്ന രേഖകളുമായി നിരവധി തോട്ടമുടമകള്‍ വന്‍ തോതില്‍ ഭൂമി കൈവശം വയ്ക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലായി 6500-ല്‍ പരം ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്ന ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ എസ്റ്റേറ്റ് കമ്പനി എന്ന ടി ആര്‍ ആന്‍ഡ് ടി എന്ന പ്ലാന്റേഷനും വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് ഭൂമി കൈവശം വയ്ക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഹാരിസണ്‍ മാതൃകയില്‍ ടി ആര്‍ ആന്‍ഡ് ടി ഭൂമി ഏറ്റെടുക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറായി എറണാകുളം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യത്തെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതോടെ പ്ലാന്റേഷനുകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി വന്‍ തോതില്‍ ഏറ്റെടുക്കലിനാണ് കേരളത്തില്‍ അരങ്ങൊരുങ്ങുന്നത്.

കേരളത്തില്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്നവരെ സംബന്ധിച്ചു പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ മഞ്ഞു മലയുടെ ചെറിയൊരു അഗ്രം മാത്രമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ നല്‍കുന്ന വിവരം.

ടി ആര്‍ ആന്‍ഡ് ടി കമ്പനി മുണ്ടക്കയത്തിനടുത്തുള്ള തെക്കേ മലയില്‍ സമാന്തര ഗേറ്റ് സ്ഥാപിച്ച് ടോള്‍ പിരിക്കുന്നതിനെതിരേയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനെതിരേയും 2007-ല്‍ സമരസമിതി കണ്‍വീനര്‍ സോമന്‍ വടക്കേക്കര മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ഐജി ശ്രീജിത്തിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. ഇതിനെതിരേ ടി ആര്‍ ആന്‍ഡ് ടി കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഐജി ശ്രീജിത്ത് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംശയമുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടു കൂടിയാണ് ഇപ്പോള്‍ ടി ആര്‍ ആന്‍ഡ് ടി കമ്പനിയെ കുടുക്കിലാക്കിയത്.


കാഞ്ഞിരപ്പള്ളി താലൂക്ക്, പീരുമേട് താലൂക്ക് എന്നിവിടങ്ങളിലായി ഭൂമി കൈവശം വയ്ക്കുന്ന ടി ആര്‍ ആന്‍ഡ് ടി തോട്ടം വാര്‍ത്തകളില്‍ നിറഞ്ഞത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ മുണ്ടക്കയത്തിനടുത്തുള്ള തെക്കേമലയില്‍ കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ എഡിഎം മോന്‍സി പി അലക്‌സാണ്ടറെ തള്ളിയിട്ട് കാലൊടിച്ചുവെന്ന വിവാദ സംഭവത്തോടെയായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ എഡിഎമ്മിനെ ബിജിമോള്‍ എംഎല്‍എ കൈയേറ്റം ചെയ്‌തെന്ന ആരോപണം ഏറെ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് പോലീസ് ഗേറ്റ് പൊളിച്ചു മാറ്റിയിരുന്നു. എന്നാല്‍ കമ്പനി ഉടമ ഗേറ്റ് പൊളിക്കുന്നതിനെതിരേ കോടതിയില്‍ നിന്ന് സ്‌റ്റേ ഉത്തരവ് സമ്പാദിച്ചതിനാല്‍ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ എഡിഎമ്മും സ്ഥലത്തെത്തിയ എംഎല്‍എ ബിജിമോളുമായി സംഘര്‍ഷമുണ്ടാകുകയും എഡിഎമ്മിനു പരിക്കേല്‍ക്കുകയുമായിരുന്നു.

ഈ തോട്ടത്തിന്റെ ഭൂമിയുടെ ആധാരം സംബന്ധിച്ച് സംശയമുണ്ടെന്ന് ശ്രീജിത്ത് സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയതിനു പിന്നാലെ ജില്ലാ കളക്ടറും വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് ടി ആര്‍ ആന്‍ഡ് ടി കമ്പനിയും ഭൂമി കൈവശം വയ്ക്കുന്നതെന്നു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ ദിലീപ് മാത്യു കൊല്ലമുള നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയെത്തുടര്‍ന്ന് ടി ആര്‍ ആന്‍ഡ് ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണനും അനു ശിവരാമനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടി ആര്‍ ആന്‍ഡ് ടി കമ്പനിയുടെ ആധാരം പരിശോധിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമായി എംജി രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചത്.

സ്വാതന്ത്ര്യാനന്തരവും വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ വന്‍ തോതില്‍ ഭൂമി കൈവശം വയ്ക്കുന്ന നിരവധി പ്ലാന്റേഷന്‍ കമ്പനികള്‍ ഇപ്പോഴും കേരളത്തിലുണ്ട് എന്നതിനു തെളിവാണ് മുണ്ടക്കയത്ത് വന്‍ തോതില്‍ ഭൂമി കൈവശം വയ്ക്കുന്ന ടി ആര്‍ ആന്‍ഡ് ടി ഭൂമി കേസെന്ന് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു ഭൂരഹിതര്‍ക്കു വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സമര സമിതി നേതാവും കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ റോണി കെ ബേബി പറയുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും വിദേശ ശക്തികളുടെ പേരില്‍ അന്യായമായി ഭൂമി കൈവശം വയ്ക്കുകയും സമാന്തര ഭരണം നടത്തുകയും ചെയ്യുന്ന നിരവധി കമ്പനികളാണ് കേരളത്തിലുള്ളത്. ഇതില്‍ മുണ്ടക്കയത്തുള്ള ടി ആര്‍ ആന്‍ഡ് ടി കമ്പനിയാകട്ടെ വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഭൂമി കൈവശം വച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടസപ്പെടുത്തി വന്‍തോതില്‍ ധനം സമ്പാദിക്കുകയാണ്. തലചായ്ക്കാന്‍ ഒരു തുണ്ടു ഭൂമിയില്ലാതെ ആയിരക്കണക്കിനാളുകള്‍ അലയുമ്പോഴാണ് 6500-ല്‍ പരം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നത്. ടി ആര്‍ ആന്‍ഡ് ടി കമ്പനിയുടെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ടി ആര്‍ ആന്‍ഡ് ടിയുടെ ഭൂമി ഏറ്റെടുക്കുന്നതുവരെ ഞങ്ങള്‍ പ്രക്ഷോഭ രംഗത്തുണ്ടാകും. ടി ആര്‍ ആന്‍ഡ് ടി കേസുമായി ബന്ധപ്പെട്ട് നാളിതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പ്രതീക്ഷ പകരുന്നവയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് അധ്യാപകന്‍ കൂടിയായ റോണി കെ ബേബി കൂട്ടിച്ചേര്‍ക്കുന്നു.


ഹാരിസണ്‍ മാതൃകയിലാണ് ടിആര്‍ ആന്‍ഡ് ടിയുടെയും ആധാരമെന്നു സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സ്രോതസുകള്‍ നല്‍കുന്ന വിവരം. ബ്രിട്ടീഷുകാരില്‍ നിന്നു ഭൂമി വാങ്ങിയെന്ന നിലയിലാണ് ടി ആര്‍ ആന്‍ഡ് ടിയുടെയും ആധാരമെന്നാണ് സൂചന. ബ്രിട്ടീഷുകാര്‍ പോവുകയും ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരുകയും ചെയ്തതോടെ ഇത്തരം വില്‍പ്പനകളെല്ലാം അസാധുവാകണ്ടേതായിരുന്നു. ഹാരിസണ്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിര്‍ണായക കണ്ടെത്തലുകള്‍ നടത്തുകയും കോടതിയില്‍ നിയമ പോരാട്ടം നയിക്കുകയും ചെയ്ത സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍(റവന്യൂ) സുശീല ആര്‍ ഭട്ട് ഹാരിസണ്‍ മാതൃകയിലാണ് ടി ആര്‍ ആന്‍ഡ് ടിയുടെയും ആധാരം തയ്യാറാക്കിയിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ ഭൂ സംരക്ഷണ നിയമ പ്രകാരം ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നു നിയമോപദേശം നല്‍കിയെന്നുമാണ് വിവരം.

ഇതിനു പിന്നാലെയാണ് നടപടികള്‍ക്കായി എംജി രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ച് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. ഇതോടൊപ്പം ബ്രിട്ടീഷുകാര്‍ വിറ്റ വ്യാജ ആധാരങ്ങള്‍ ഉപയോഗിച്ചു കൈവശം വയ്ക്കുന്ന മറ്റ് നാല്‍പ്പതോളം ഭൂമി കേസുകളും സ്‌പെഷ്യല്‍ ഓഫീസര്‍ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. കേരളത്തിന്റെ നാലിലൊന്നു ഭൂമിയും വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കുത്തക കമ്പനികള്‍ കൈവശം വയ്ക്കുകയാണെന്ന സത്യം കൂടിയാണ് പുതിയ നടപടികളിലൂടെ പുറത്തു വരുന്നത്. 

ടി ആര്‍ ആന്‍ഡ് ടി ഉള്‍പ്പടെയുള്ളവര്‍ വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കൈവശം വച്ചിരിക്കുന്നുവെന്നു സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാനായാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ രാഷ്ട്രീയ വിജയമായിരിക്കും അത്. 

ബ്രിട്ടീഷുകാര്‍ വിറ്റ ഭൂമികള്‍ തിരിച്ചു പിടിക്കാനുള്ള നടപടി യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ മുന്നേറ്റമാകുമ്പോഴും 1964ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ധൈര്യ പൂര്‍വം നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമമാണ് ഇപ്പോള്‍ സര്‍ക്കാരിനെ സഹായിക്കുന്നതെന്നാണ് മറ്റൊരു യാഥാര്‍ഥ്യം. കേരളത്തിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംരക്ഷണത്തിനായി ഉണ്ടാക്കിയ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് ഹാരിസണ്‍ മലയാളം ഉള്‍പ്പടെയുള്ളവയ്‌ക്കെതിരേ സര്‍ക്കാര്‍ കോടതി നിര്‍ദേശ പ്രകാരം ഭൂ സംരക്ഷണ നിയമ പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. ടി ആര്‍ ആന്‍ഡ് ടി വിഷയത്തിലും ഈ നിയമപ്രകാരമുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് വിവരം.

ഇതിനിടെ, വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കൈവശം വയ്ക്കുന്ന ഭൂമികള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കി ഏറ്റെടുത്തു ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ സജീവമായതായും വിവരമുണ്ട്. അങ്ങനെ വന്നാല്‍ വിവിധ ആരോപണളില്‍ വലയുന്ന സര്‍ക്കാരിനെ സംബന്ധിച്ച് പ്രതിഛായ തിരിച്ചു പിടിക്കാനുള്ള ഏറ്റവും വലിയ അവസരം കൂടിയായിരിക്കും അത്. പാവപ്പെട്ടവനും പണക്കാരനും രണ്ടു നീതിയില്ലെന്നും അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവരില്‍ നിന്നു പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചതും കഴിഞ്ഞ ദിവസമാണ്. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകളില്‍ കുരുങ്ങി ഏറ്റെടുക്കല്‍ നടപടികള്‍ നിലയ്ക്കാതിരുന്നാല്‍ കേരള ചരിത്രത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന മാറ്റം ഏറെ വലുതായിരിക്കുമെന്നുറപ്പാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍