UPDATES

സിനിമ

ഞങ്ങള്‍ സിനിമാക്കാര്‍ എന്തും ചെയ്യും, ചോദിക്കാനും പറയാനും നിങ്ങളൊക്കെ ആരാ?

Avatar

കെ പി നാരായണന്‍

സിനിമയ്ക്കപ്പുറത്ത് കോഴിക്കോടിന്റെ ഊണിലും ഉറക്കത്തിലും കൂടെ നടന്ന കലാ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു ടി.എ.റസാഖ്. സിനിമാക്കാര്‍ സ്വന്തം സ്വാര്‍ഥതയ്ക്ക് വേണ്ടി റസാഖിന്റെ മരണവിവരംപോലും മറച്ചുവെച്ചപ്പോള്‍ കോഴിക്കോട്ടുകാര്‍ക്ക് നഷ്ടമായത് പ്രിയ കൂട്ടുകാരനെ അവസാനമായിട്ട് ഒരു നോക്കു കാണാനുള്ള അവസരം. മരണവിവരം പോലും കോഴിക്കോട്ടുകാര്‍ അറിഞ്ഞത് രാത്രി പത്തോടെ. സാധാരണഗതിയില്‍ വൈകി മരിക്കുകയാണെങ്കില്‍ മൃതദേഹം പുലര്‍ച്ചെ മുതല്‍ രണ്ടോ മൂന്നോ മണിക്കൂറെങ്കിലും ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. പക്ഷെ റസാഖിന്റെ മൃതദേഹം രാത്രി പതിനൊന്നരയോടെ കോഴിക്കോട്ടെത്തിക്കുകയും കോഴിക്കോട്ടുണ്ടായിരുന്ന സിനിമാക്കാര്‍ക്ക് മാത്രം കാണാനുള്ള അവസരം നല്‍കിയ ശേഷം കൊണ്ടോട്ടിക്കു കൊണ്ടുപോകുകയുമായിരുന്നു. ആര്‍ക്കൊക്കെയോ അങ്ങനെ ചെയ്യണമെന്ന് തിടുക്കമുള്ളതുപോലെ തോന്നി. എന്തിനാണ് ഈ സിനിമക്കാര്‍ ഇത്രയും വലിയ നെറികേട് മഹാനായ കലാകാരനോടും കലാസാംസ്‌കാരിക പ്രവര്‍ത്തകരെ ജീവനോളം സ്‌നേഹിക്കുന്ന കോഴിക്കോടിനോടും കാട്ടിയതെന്ന ചോദ്യത്തിന് ആര്‍ക്കുമില്ല ഉത്തരം. മോഹന്‍ലാലെന്ന മഹാനടനെ ആദരിക്കാനുള്ള തിടുക്കത്തിലായിരുന്നു തിങ്കളാഴ്ച സിനിമാക്കാര്‍. അങ്ങനെയൊരു തട്ടിക്കൂട്ട് പരിപാടിക്കുവേണ്ടി അവര്‍ ബോധപൂര്‍വം റസാഖിനെ മറച്ചുവെക്കുകയായിരുന്നു.

പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക് സിനിമാക്കാര്‍, പ്രത്യേകിച്ച് റസാഖിന്റെ കൂടെ തിന്നും കുടിച്ചും സിനിമ പറഞ്ഞും നടന്നവര്‍ മറുപടി പറയേണ്ടതുണ്ട്. ആശുപത്രിവൃത്തങ്ങളും ചില സുഹൃത്തുക്കളും നല്‍കുന്ന വിവിരം ശരിയാണെങ്കില്‍ ടി.എ.റസാഖ് ഏറണാകുളത്തെ ആശുപത്രിയില്‍ മരിക്കുന്നത് തിങ്കളാഴ്ച രാവിലെയാണ്. പത്തുമണിക്കും പതിനൊന്നിനുമിടയില്‍. ആ സമയത്ത് സിനിമാക്കാര്‍ മോഹന്‍ലാലിനെ ആദരിക്കാനുള്ള മോഹനം പരിപാടിയുടെ അവസാന ഘട്ട സംഘാടനത്തിലായിരുന്നു. അവിടെ നിന്നു കിട്ടിയ രഹസ്യ സന്ദേശമാണ് അത്തരമൊരു മരണവാര്‍ത്തയെ രാത്രി ഒമ്പതുമണിവരെ മൂടിവെച്ചതെന്നാണ് പ്രധാന ആക്ഷേപം. രാത്രി ഒമ്പതിനാണ് റസാഖ് ഏറണാകുളത്തെ ആശുപത്രിയില്‍ മരിച്ചതെങ്കില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് മൃതദേഹം വഹിച്ചുള്ള വാഹനം എങ്ങനെ കോഴിക്കോട്ടെത്തി. ഏതാണ്ട് പതിനൊന്നോടെ തന്നെ മൃതദേഹം വഹിച്ചുള്ള വാഹനം ടൗണ്‍ഹാളിലെത്തിയിട്ടുണ്ട്. അപ്പോള്‍ അലിഅക്ബറിനെപ്പോലുള്ള സിനിമാക്കാര്‍ പറയുന്നതുപോലെ രാവിലെതന്നെ പുറപ്പെട്ട മൃതദേഹം വഹിച്ചുള്ള വാഹനത്തെ കോഴിക്കോട് ബൈപ്പാസിലോ മറ്റേതെങ്കിലും രഹസ്യ സങ്കേതത്തിലോ മോഹനം പരിപാടി കഴിയുന്നതുവരെ പിടിച്ചിടുകയായിരുന്നു. അങ്ങനെയെങ്കില്‍ അത് കൊടിയ അപരാധമാണ്. അതിനേക്കാള്‍ വലിയ തെറ്റാണ് റസാഖിനെപ്പോലുള്ള ഒരു കോഴിക്കോട്ടുകാരനായ സിനിമാക്കാരന്‍ മരിച്ചുകിടക്കുമ്പോള്‍ അത് ഒളിച്ചുവെച്ച് സിനിമാക്കാര്‍ സ്വപ്‌ന നഗരയില്‍ പാട്ടും കൂത്തും ആദരിക്കലും നടത്തിയത്. റസാഖിനെപ്പോലൊരു കലാകാരന്‍ മരിച്ചതിനാല്‍ ഇത്തരമൊരു പരിപാടി മാറ്റിയിരിക്കുന്നു എന്നുപറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാനാവാത്തവിധം ബോധമില്ലാത്തവരല്ല കോഴിക്കോട്ടുകാര്‍. ഇത്രമാത്രം ആദരിക്കപ്പെടാന്‍ മുട്ടിനില്‍ക്കുകയായിരുന്നോ മോഹന്‍ലാല്‍? അല്ലെങ്കില്‍ അതിനുമാത്രം എന്ത് സംഭാവനയാണ് മോഹന്‍ലാല്‍ കോഴിക്കോടിന് നല്‍കിയത്.

പിന്നെ ചില സിനിമാക്കാര്‍ ഇപ്പോള്‍ ഇതിന് നല്‍കുന്ന വിശദീകരണം ആ പരിപാടി നടത്തിയത് റസാഖിന് വേണ്ടിയായിരുന്നെന്നാണ്. അവശ കലാകാരന്‍മാരെ സാഹായിക്കാന്‍ വേണ്ടിയാണ് എന്നൊക്കെയാണ്. കരളിന് സുഖമില്ലാതെ ചികിത്സയില്‍ കഴിയുന്ന റസാഖിനെ സഹായിക്കാന്‍ ഇങ്ങനെ പാട്ടും ഡാന്‍സും നടത്തണമായിരുന്നോ? മമ്മൂട്ടി പറഞ്ഞില്ലേ നിങ്ങളോട് 10 ലക്ഷം താന്‍ തരാമെന്ന്. മോഹന്‍ലാലും പറഞ്ഞില്ലേ അതുപോലെ. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഇനി ഓരോ ലക്ഷം വെച്ച് സഹായിക്കാനെങ്കിലും പ്രാപ്തിയുള്ള വേറെ സനിമാക്കാര്‍ മലയാളത്തിലില്ലേ? റസാഖ് താരങ്ങളാക്കിയവര്‍ മാത്രം മതിയല്ലോ. അപ്പോള്‍ അതൊന്നുമല്ലായിരുന്നു ലക്ഷ്യം. അങ്ങനെ സഹായിക്കാന്‍ നടത്തുന്ന പരിപാടിയാണെങ്കില്‍ ഇതിനുമുമ്പ് ഇതുപോലെ കോഴിക്കോട്ട് നടത്തിയ താരനിശയുടെ എത്ര ലക്ഷം ആര്‍ക്കൊക്കെപ്പോയിട്ടുണ്ട്. ചെലവും വരവും നീക്കിയിരിപ്പും വെളിപ്പെടുത്തേണ്ടതല്ലേ. സിനിമാക്കാരെ വിമര്‍ശിക്കുന്നത്  അലിഅക്ബറും വിനയനുമാണെന്ന് കരുതി അവര്‍ പറയുന്ന സത്യങ്ങളൊക്കെ മൂടിവെക്കപ്പെടേണ്ടതാണോ?

അതൊക്കെ പോകട്ടെ, നിങ്ങള്‍ മറച്ചുവെച്ചതു പ്രകാരം പറഞ്ഞ സമയത്ത് ടൗണ്‍ഹാളില്‍ മൃതദേഹമെത്തിയിട്ടും സ്വപ്‌നനഗരിയിലെ കൂത്ത് കഴിയാതെ ആരെങ്കിലും ടൗണ്‍ഹാളിലേക്ക് എഴുന്നള്ളിയോ. ടൗണ്‍ഹാളില്‍ മൃതദേഹം എത്തിയപ്പോള്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എ ഉള്‍പ്പെടെ എതാനും പേര്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. സിനിമാ  മേഖലയിലെ  മുന്‍ നിരക്കാര്‍ കോഴിക്കോട് ഉണ്ടായിരിക്കേയാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും ആളില്ലാത്ത അവസ്ഥ ഉണ്ടായത്. എംഎല്‍എ പോലും ഇക്കാര്യത്തില്‍ നിസഹായനായിരുന്നുവെന്ന് അവിടെവെച്ച് പൊട്ടിത്തെറിച്ചുകൊണ്ടാണ് അലി അക്ബര്‍ പറഞ്ഞത്.

അലി അക്ബറും വിനയനുമെല്ലാം ഉന്നയിക്കുന്ന പരാതികള്‍ നിങ്ങള്‍ മറന്നേക്കുക. എന്നിട്ട് നെഞ്ചില്‍ കൈവെച്ച് പറയുക നിങ്ങള്‍ റസാഖിനോട് കാണിച്ചത് നീതിയോ നെറികേടോ..!

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍