UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ടി എ റസാക്ക്: മനുഷ്യവ്യഥകളുടെ കഥ പറച്ചിലുകാരന്‍

അപര്‍ണ്ണ

മലയാള സിനിമ വളരെ സജീവതയോടെ 90-കളില്‍ അടയാളപ്പെട്ടിരുന്നു. ശരാശരി മലയാളിയുടെ നിത്യജീവിതത്തെ ആ ദശാബ്ദം സിനിമാക്കഥകളില്‍ വരച്ചിട്ടു. നിറഞ്ഞ ചിരിയും അതിനേക്കാള്‍ കവിഞ്ഞ ദു:ഖവും കാണികളോട് നേരിട്ട് സംസാരിച്ചു. ചുറ്റും കാണുന്നവരെ തീയറ്ററില്‍ കണ്ടു. സിദ്ധാന്ത ഭാരങ്ങളുടെ തടവറ മുറിച്ച വലിയൊരു ആള്‍ക്കൂട്ടം സ്വന്തം ജീവിതം കണ്ടു കയ്യടിച്ചു. മഹാനടന്മാര്‍, സംവിധായകര്‍, മറക്കാത്ത കുറെ സിനിമകള്‍ ഒക്കെ ആ കാലം സംഭാവന ചെയ്തു…

ഇതൊക്കെ ഓര്‍ക്കാന്‍ കാരണം ടി എ റസാഖിന്റെ മരണ വാര്‍ത്തയാണ്. വളരെ ലളിതമായി കഥ പറഞ്ഞിരുന്ന, ജീവിതഗന്ധിയായ സിനിമകളുടെ ഭാഗമായ ഒരാളുടെ മരണം. മരണത്തിനു തൊട്ടു മുന്നേ ഉള്ള റസാക്കിനെ ഓര്‍ത്തു. ”മൂന്നാം നാള്‍ ഞായറഴ്ച ” എന്ന കന്നിസംവിധാന സംരംഭത്തെ ആളില്ലാ പടമെന്നു മുന്നേ ഉറച്ച തീയറ്ററുകാര്‍ ആട്ടി വിട്ട സങ്കടം പറച്ചിലായിരുന്നു ആദ്യം ഓര്‍മ വന്നത്. അവാര്‍ഡ് നിര്‍ണയത്തെ പറ്റിയുള്ള എന്തൊക്കെയോ കലഹങ്ങളും ഓര്‍മ വന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട തിരക്കഥകള്‍ എഴുതിയ, വലിയ പുരസ്‌കരങ്ങള്‍ ലഭിച്ച, ഒരുപാട് മഹാരഥന്മാരുടെ വളര്‍ച്ചയില്‍ പങ്കുപറ്റാന്‍ അവകാശമുള്ള ഒരാളുടെ അവസാനകാലം ആണത്. പെരുമഴക്കാലത്തിനു ശേഷം ശ്രദ്ധിക്കപ്പെട്ട തിരക്കഥകള്‍ എഴുതിയില്ല. പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ് തുടങ്ങി ആരും അത്ര നല്ലതു പറഞ്ഞിട്ടില്ലാത്ത കഥകളാണ് അവസാനം എഴുതിയത്. രണ്ടു ദശാബ്ദത്തിലേറെ നീണ്ട ആ സിനിമാ ജീവിതത്തെ ചുരുക്കാന്‍ എളുപ്പമാണ്. ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍, ക്രിട്ടിക്‌സ് അവാര്‍ഡ്, എ ടി അബു അവാര്‍ഡ് തുടങ്ങി നിരവധി സ്വകാര്യ പുരസ്‌കാരങ്ങളും ലഭിച്ചു. കമല്‍, സിബി മലയില്‍, ജയരാജ്, വി എം വിനു, പത്മകുമാര്‍, തമ്പി കണ്ണന്താനം, സുന്ദര്‍ദാസ്, അനില്‍ ബാബു, കെ ബി മധു, ജി എസ് വിജയന്‍, സഞ്ജീവ് ശിവന്‍ തുടങ്ങീ നിരവധി സംവിധായകര്‍ക്ക് വേണ്ടി കഥയും തിരക്കഥയും എഴുതി. ഇടക്ക് എപ്പോഴോ കരിയറില്‍ താഴ്ചകള്‍ ഉണ്ടായി. അവാര്‍ഡുകളും സ്ഥാനമാനങ്ങളും സംബന്ധിച്ച പ്രസ്താവനകളാല്‍ ഒറ്റപെട്ടു. രോഗബാധിതനായി. പതിവ് പോലെ കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ വച്ച് മരിച്ചു.

വിഷ്ണുലോകം ആയിരുന്നു റസാക്കിന്റെ തിരക്കഥയില്‍ റിലീസ് ആയ ആദ്യ സിനിമ. ”വീണിടം വിഷ്ണുലോക”മായ തെരുവ് സര്‍ക്കസ് ജീവിതവും സൈക്കിള്‍ യജ്ഞവും ഒക്കെയായിരുന്നു ആ സിനിമയുടെ പശ്ചാത്തലം. മോഹന്‍ലാലിന്റെ വിഷ്ണു ഇന്നും ആളുകള്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്ന കഥാപാത്രമാണ്. കമലിനെ മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയര്‍ത്തുന്നതില്‍ ഈ സിനിമക്കും പങ്കുണ്ട്. ഉര്‍വശി, ശാന്തികൃഷ്ണ, മുരളി തുടങ്ങിയ അഭിനേതാക്കള്‍ക്ക് ഒരുപാട് അഭിനയ സാധ്യതകള്‍ ഉള്ള കഥാപാത്രങ്ങളെ നല്‍കിയ സിനിമ. നടന്‍ ദിലീപ് ആദ്യമായി സംവിധാന സഹായി ആകുന്നത് ഈ സിനിമയിലൂടെയാണ്. ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളില്‍ ഒരാളായി റസാഖ്. പിന്നാലെ വന്ന നാടോടിയും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് .

തിയേറ്ററുകളില്‍ എത്താന്‍ വര്‍ഷങ്ങള്‍ നീണ്ടു പോയെങ്കിലും ജി എസ് വിജയന്റെ ഘോഷയാത്രക്ക് വേണ്ടി ആയിരുന്നു ആദ്യമായി തിരക്കഥ എഴുതിയത്. ധ്വനി പോലെ ചില സിനിമകളുടെ പിന്നണി പ്രവര്‍ത്തകന്‍ ആയ കാലത്തയിരുന്നു അത്. അന്ന്‍ മലയാള സിനിമ ഒട്ടും ചര്‍ച്ച ചെയ്യാതിരുന്ന ഓട്ടിസം പോലുള്ള ശാരീരിക, മാനസിക അവസ്ഥകളെയും ഒക്കെ അടയാളപ്പെടുത്തിയ സിനിമ ആയിരുന്നു അത്. തിയേറ്ററില്‍ ശരാശരി പ്രതികരണം മാത്രമേ കിട്ടിയിരുന്നെങ്കിലും സായ്കുമാറിലെ നടനെ ചൂഷണം ചെയ്ത സിനിമയായിരുന്നു ഘോഷയാത്ര. ഗസല്‍ ആയിരുന്നു അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട മറ്റൊരു ടി എ റസാഖ് സിനിമ. താന്‍ സംവിധാനം ചെയ്തതില്‍ ജീവിതത്തോട് ഏറ്റവും അടുത്ത നില്‍ക്കുന്ന സിനിമ എന്ന് കമല്‍ ഈ സിനിമയെ ഓര്‍ക്കാറുണ്ട്. പ്രണയവിരഹങ്ങളുടെ കഥയാണെങ്കിലും മലബാറിലെ മുസ്ലിം ജീവിതത്തിന്റെ രേഖാ ചിത്രം ഗസലിലുണ്ട്. ഗസലിലെ സംഭാഷണങ്ങളും പാട്ടുകളും കുറെ പേരുടെ പ്രിയപ്പെട്ട സിനിമ ഓര്‍മയാണ്. 

1996-ല്‍ പുറത്തിറങ്ങിയ കാണാക്കിനാവിലൂടെ ടി എ റസാഖിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സിബി മലയിലിനെ തേടിയും പുരസ്‌കാരങ്ങള്‍ എത്തി. വൈകാരികമായി മനുഷ്യ ബന്ധങ്ങളെക്കുറിച്ചു പറയുമ്പോള്‍ തന്നെ ഒരു പ്രദേശത്തെ കൂടി അടയാളപ്പെടുത്തുണ്ട് കാണാക്കിനാവ്. മതവിശ്വാസങ്ങളുടെ നിഷ്ഠകളെ, യാഥാസ്ഥിതിക ദുരാചാരങ്ങളെ ഒക്കെ ഇത്ര വൈകാരികമായി, സത്യസന്ധമായി ചോദ്യം ചെയ്ത സിനിമകള്‍ ഉണ്ടാവില്ല. മുരളിയിലെ നടന് കിട്ടിയ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നു കൂടിയായിരുന്നു കാണാക്കിനാവ്.

ആശാപൂര്‍ണാദേവിയുടെ കഥയാണ് താലോലത്തിന്റെ തിരക്കഥക്ക് ആധാരം. വാത്സല്യവും സ്വാര്‍ത്ഥതയും ഒക്കെ കലര്‍ന്ന് അതിവൈകാരികാവസ്ഥയിലൂടെ കടന്നു പോകുന്ന കുറെ മനുഷ്യരുടെ കഥയാണ് അത്. ചിത്രശലഭം ഋഷികേശ് മുഖര്‍ജിയുടെ കഥയുടെ ദൃശ്യഭാഷയാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും തിരിച്ചറിവുകളുടെയും പിറകെ പോകുന്നവരുടെ കഥ. സ്‌നേഹം, സാഫല്യം, സമ്മാനം തുടങ്ങീ സിനിമകളൊക്കെ സംസാരിക്കുന്നത് മനുഷ്യരുടെ വൈകാരിക അരക്ഷിതത്വത്തെപ്പറ്റിയാണ്. വാല്‍ക്കണ്ണാടി കലാഭവന്‍ മണിക്ക് അതുവരെ ചെയ്യാത്ത കഥാപാത്രത്തെ നല്‍കി. 

റസാഖിനും മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച ബഹുഭൂരിപക്ഷം പേര്‍ക്കും ഒരുപാടു പുരസ്‌കാരങ്ങള്‍ നല്‍കിയ സിനിമയാണ് കമലിന്റെ പെരുമഴക്കാലം. രണ്ടു സ്ത്രീ കഥാപാത്രങ്ങളായിരുന്നു ആ സിനിമയെ മുന്നോട്ടു നയിച്ചത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആശ്രയിച്ചു നിര്‍മിച്ച ഈ സിനിമയിലും മതത്തെ പ്രശ്‌നവത്കരിക്കുന്നുണ്ട്. ഒരുപാട് തലങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്ന സിനിമയായിരുന്നു ഇത്. വേഷം, രാപ്പകല്‍, പരുന്ത്, മായാബസാര്‍ തുടങ്ങി വിജയ പരാജയങ്ങള്‍ മാറി മാറി അറിഞ്ഞ മമ്മുട്ടി സിനിമകളുടെ നിരയായിരുന്നു തുടര്‍ന്ന് കണ്ടത്. ആയിരത്തില്‍ ഒരുവന് അവാര്‍ഡുകള്‍ ലഭിച്ചെങ്കിലും പ്രേക്ഷകര്‍ തീരെ ശ്രദ്ധിച്ചില്ല. പെണ്‍പട്ടണം, മഴവില്ലിനറ്റം വരെ, വേനലൊടുങ്ങട്ടെ, സുഖമായിരിക്കട്ടെ തുടങ്ങിയ അവസാന കാല സിനിമകള്‍ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല.

ജീവിതത്തിലെ നിത്യവ്യഥകള്‍, മലബാര്‍ ജീവിതം, മതങ്ങള്‍ക്കുള്ളിലെ ദുരന്തങ്ങള്‍, നിസ്സഹായതകള്‍, ബന്ധങ്ങള്‍ നല്‍കുന്ന അനിവാര്യമായ മുറിവുകള്‍ ഇവയൊക്കെയായിരുന്നു റസാഖ് പൊതുവായി സംസാരിച്ച വിഷയങ്ങള്‍. ദു:ഖിതനായ, വന്‍ദുരന്തങ്ങള്‍ പേറി നടക്കുന്ന, ആരെയും ഇടിച്ചു തോല്പിക്കാത്തവര്‍, നമ്മള്‍ കാണുന്നവര്‍ ഒക്കെയാണ് അദ്ദേഹത്തിന്റെ മുഖ്യകഥാപാത്രങ്ങള്‍. മോഹന്‍ലാലിനെ, മുരളിയെ ഒക്കെ ജനകീയനാക്കാന്‍ എവിടെയൊക്കെയോ അദ്ദേഹത്തിന്റെ ചില സംഭാഷണങ്ങള്‍ ഉപകരിച്ചു. പലരും തങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന മനുഷ്യരെ ആ കഥകളില്‍ കണ്ടു. 

എന്തൊക്കെയായാലും പറായാണുള്ളത് ലളിതമായി പറഞ്ഞു കൊടുക്കുന്നതാണ് കഥ എങ്കില്‍ റസാഖ് വളരെ നല്ല കഥയെഴുത്തുകാരനാണ്. സ്‌നേഹത്തെ, വിരഹത്തെ, സ്‌നേഹനിരാസങ്ങളെ, ബന്ധശൈഥില്യങ്ങളെ ഒക്കെ ഓര്‍ത്ത ആള്‍. മതത്തിന്റെ സങ്കുചിതത്വങ്ങളെ കളിയാക്കിയ ആള്‍. 2016 പ്രിയപ്പെട്ട ഒരു സിനിമാക്കാരനെ കൂടി കളയുന്നു. അദ്ദേഹം പറയാന്‍ ബാക്കി വച്ച കഥകള്‍ ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും വല്ലാത്ത നഷ്ടബോധത്തോടെ ഫ്രെയിമുകള്‍ ഫ്രീസ് ചെയ്യപ്പെടുന്നു. പക്ഷെ റീലുകള്‍ വേഗത്തിലോടുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍