UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേള്‍ക്കൂ, ആലപ്പുഴയില്‍ നിന്ന് ഒരു മലയാളം മീഡിയം സ്കൂളിന്‍റെ വിജയഗാഥ

Avatar

രാകേഷ് നായര്‍

അന്യഭാഷാ മാധ്യമം അല്ല മാതൃഭാഷയാണ് കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസ രീതിക്ക് യോജിച്ചതെന്ന സന്ദേശം നല്‍കി, മലയാളം മീഡിയത്തില്‍ നിലനിന്നുകൊണ്ട് ഇംഗ്ലീഷ് വിജ്ഞാനം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്ത് ഒരു കൊച്ചു വിദ്യാലയം സമൂഹത്തിന് മാതൃകയാകുന്നു. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിലുള്ള പ്രീതികുളങ്ങര ടാഗോര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്നിവിടുത്തെ കുട്ടികള്‍ മറ്റേത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളെയും പോലെ ഇംഗ്ലീഷ് സംസാരിക്കുന്നു.

“വിദ്യാഭ്യാസരംഗത്തെ കച്ചവട മത്സരം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് കുട്ടികളെ കിട്ടണമെങ്കില്‍ സ്‌കൂളിനു മുമ്പില്‍ ഇഗ്ലീഷ് മീഡിയം എന്ന ബോര്‍ഡ് തൂക്കേണ്ട ഗതിയാണെങ്കിലും ടിഎംപി എല്‍പിഎസ് അതിനോട് സന്ധി ചെയ്യാന്‍ തയ്യാറായില്ല. സമീപത്തെ സ്‌കൂളുകളിലെല്ലാം ഇംഗ്ലീഷ് പഠനസൗകര്യം നിലവില്‍ വന്നതോടെ പ്രദേശത്തെ കുട്ടികളെയെല്ലാം അത്തരം സ്‌കൂളുകളില്‍ രക്ഷകര്‍ത്താക്കള്‍ ചേര്‍ത്തതോടെ അറുപതു വര്‍ഷത്തെ പാരമ്പര്യമുള്ള ഈ പഞ്ചായത്ത് സ്‌കൂളിലെ കുട്ടുകളുടെ എണ്ണം കുറഞ്ഞുവന്നു. ആകെയുള്ള കുട്ടികളുടെ എണ്ണം 36-ലേക്കു ചുരുങ്ങി. നാലു ഡിവിഷനുകള്‍ മാത്രമുള്ള ഈ സ്‌കൂളില്‍ ഓരോ അദ്ധ്യയന വര്‍ഷത്തിലും ചേരാനെത്തുന്ന കുട്ടികള്‍ കേവലം നാലോ അഞ്ചോ മാത്രം. എന്നിട്ടും ഗ്രാമത്തിന്റെ ശുദ്ധതയും അതേസമയം ശാസ്ത്രീയതും കലര്‍ന്ന വിദ്യാഭ്യാസരീതി തന്നെ പിന്തുടരാന്‍ ടാഗോര്‍ സ്‌കൂള്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷ് മീഡിയം തുടങ്ങിയാലേ സ്‌കൂളുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ എന്ന പൊതുധാരണയെ തിരുത്തുക കൂടിയായിരുന്നു സ്‌കൂളിന്റെ ലക്ഷ്യം. ഇംഗ്ലീഷ് ഭാഷയോടോ കുട്ടികള്‍ അതില്‍ വിജ്ഞാനം നേടുന്നതിലോ എതിര്‍പ്പുണ്ടായിട്ടല്ല. ലോകഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെങ്കിലും എല്ലാകാര്യങ്ങളും ഇംഗ്ലീഷില്‍ തന്നെ പഠിക്കണമെന്നു പറയുന്നതില്‍ കാര്യമില്ല. അറിയാത്തൊരു ഭാഷയില്‍ ചിന്തകള്‍ പരിവര്‍ത്തനം ചെയ്തു ശീലിച്ചുവരുന്നൊരു തലമുറയാണ് നമ്മുക്കിപ്പോഴുള്ളത്. അത് തിരുത്തണം. ആ സമ്പ്രദായത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുക കൂടിയായിരുന്നു ഞങ്ങളുടെ ലക്ഷ്യം”- ടാഗോര്‍ സ്‌കൂള്‍ പിടിഎ പ്രതിനിധി മോഹന്‍ദാസ് പറയുന്നു.

“കയര്‍ത്തൊഴിലാളികളും കര്‍ഷകരുമായ പാവപ്പെട്ട മനുഷ്യരാണ് ഈ പ്രദേശത്ത് ഭൂരിഭാഗവും. ഇന്നത്തെ വിദ്യാഭ്യാസരീതിയനുസരിച്ച് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചാലെ കുട്ടികള്‍ വളരൂ എന്നൊരു തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. തനിക്ക് ലഭിക്കാതെ പോയത് തന്റെ കുട്ടികള്‍ക്കെങ്കിലും കിട്ടണമെന്ന് ആഗ്രഹിക്കുന്ന പാവപ്പെട്ടവര്‍ എന്തു ത്യാഗം സഹിച്ചും സ്വന്തം മക്കളുടെ വിദ്യാഭ്യാസം നടത്തുകയാണ്. മറ്റുകുട്ടികള്‍ ടൈ കെട്ടി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാന്‍ പോകുന്നത് കാണുമ്പോള്‍ സ്വന്തം കുഞ്ഞും അതുപോലെ തന്നെ പോകണം എന്ന മോഹം ഈ രക്ഷകര്‍ത്താക്കളിലും ഉണരുന്നു. അതൊരുതരം അഭിമാനപ്രശ്‌നമായി ഇന്ന് മാറിയിരിക്കുകയാണ്. എന്തു ചെലവു വന്നാലും സ്വന്തം കുട്ടി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചാല്‍ മതിയെന്ന് രക്ഷകര്‍ത്താവ് തീരുമാനിക്കുന്നത് ആ അഭിമാനം സംരക്ഷിക്കാനാണ്. ഇതൊരു സാമൂഹ്യപ്രശ്‌നമാണ്. കേരളത്തില്‍ മാത്രമായിരിക്കാം ഒരുപക്ഷേ മാതൃഭാഷ ഉപേക്ഷിച്ച് അന്യഭാഷാ മാധ്യമത്തില്‍ കുട്ടികള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. ശാസ്ത്രീയമായും വിവിധ സംഘടനകളുടെ (യുനിസെഫ് അടക്കം) അഭിപ്രായ പ്രകാരവും മാതൃഭാഷയില്‍ ആയിരിക്കണം ഒരു കുട്ടി തന്റെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങേണ്ടത്. എന്നാല്‍ നമ്മുടെ സ്ഥിതി അതല്ല, കുട്ടികളെ അവരുടെ ചിന്തകളുറയ്ക്കും മുന്നേ അപരിചിതമായൊരു ഭാഷയിലേക്ക് ഇറക്കിക്കൊണ്ടുപോവുകയാണ്. ഇതവരുടെ നൈസര്‍ഗികമായ ചിന്താശേഷിയെ തന്നെ നശിപ്പിക്കുന്നുണ്ട്”- മോഹന്‍ ദാസ് വ്യക്തമാക്കി.

മലയാളം മീഡിയത്തില്‍ പഠിച്ചാലും ഇംഗ്ലീഷ് വിജ്ഞാനം നേടാം
ഇംഗ്ലീഷ് അറിയാന്‍ ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ടാഗോര്‍ സ്‌കൂള്‍ ഇവിടെ വ്യക്തമാക്കിത്തരുന്നു. അതിനായി അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് ശ്രദ്ധേയമായിരിക്കുന്നത്. സ്‌കൂളിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വൈഎംഎ വായനശാലയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണ്ണായക ഘടകമായത്. ആലപ്പുഴ ജില്ലയിലെ മാതൃക ഗ്രന്ഥശാലയായി തിരഞ്ഞെടുക്കപ്പെട്ടതാണ് വൈ എം എ ഗ്രന്ഥശാല. ഇതതനുസരിച്ച് ചില പദ്ധതികള്‍ നടപ്പിലാക്കാനുള്ള അവകാശം ഈ വായനശാലയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടാഗോര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം ലഭ്യമാക്കുന്നതിനുള്ള ഒരു പ്രൊജക്ട് സമര്‍പ്പിച്ചു. ഈ പ്രൊജക്ട് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗീകരിക്കുകയും, പദ്ധതിക്കായി അയ്യായിരം രൂപയുടെ ഫണ്ട് അനുവദിക്കുകയും ചെയ്തു. ഈ ഫണ്ട് ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷ വിജ്ഞാനം കുട്ടികള്‍ക്ക് ന്ല്‍കാനുള്ളൊരു പദ്ധതി സ്‌കൂളില്‍ ആരംഭിച്ചു.

ശനിയാഴ്ചകളില്‍ സ്‌കൂളില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികള്‍ക്കായിരുന്നു ഈ ക്ലാസ്. പഞ്ചായത്തിലെ മറ്റു മലയാളം മാധ്യമ സ്‌കൂളുകളില്‍ പഠിക്കുന്ന, താല്‍പര്യമുള്ള കുട്ടികള്‍ക്കും ഈ ക്ലാസില്‍ പങ്കെടുക്കാം. സമീപസ്‌കൂളുകളിലെ അധ്യാപകരടക്കം കുട്ടികളെ ഇംഗ്ലീഷ് പരിശീലിപ്പിക്കാന്‍ എത്തി. ഇതില്‍ എടുത്തു പറയേണ്ട പേര് കലവൂര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ഷുക്കൂര്‍ സാറിന്റെ പേരാണ്. അദ്ദേഹം വളരെ താല്‍പര്യത്തോടെയാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ മുന്നോട്ടുവന്നത്. വിചാരിച്ചതിലും ആവേശത്തോടെ ഈ പദ്ധതി വിജയം കാണുകയായിരുന്നു.

എം എല്‍ എയെ അത്ഭുതപ്പെടുത്തിയ കുട്ടികള്‍
ഇംഗ്ലീഷ് പഠനത്തില്‍ കുട്ടികള്‍ എത്രകണ്ട് വിജയം നേടിയിരിക്കുന്നു എന്നറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ വിജയദശമി ദിവസം ആലപ്പുഴ എം എല്‍ എ ഡോ. ടി എം തോമസ് ഐസകിനെ സ്‌കൂളിലേക്ക് ക്ഷണിച്ചത്. കുട്ടികള്‍ എം എല്‍ എ യെ ഇംഗ്ലീഷില്‍ അഭിമുഖം നടത്തുന്നൊരു പരിപാടിയായിരുന്നു ആസൂത്രണം ചെയ്തത്. തോമസ് ഐസക് ഈ പരിപാടിയില്‍ ചെറിയൊരു മാറ്റം വരുത്തി. അദ്ദേഹം തന്നോട് കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു പകരം, അവരോട് അങ്ങോട്ട് ഇംഗ്ലീഷില്‍ ഓരോകാര്യങ്ങളും ചോദിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കുട്ടികള്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ തന്നെ മറുപടി പറഞ്ഞ അവര്‍, തങ്ങളുടെ സംശയങ്ങളും ആ ഭാഷയില്‍ തന്നെ ചോദിച്ചു മനസ്സിലാക്കി. പ്രതീക്ഷിച്ചതിലും വിജയകരമായിരുന്നു ആ പരിപാടി. അത്ഭുതം അതായിരുന്നില്ല. പരിപാടിയുടെ ഇടയില്‍ തന്നെ ആറു രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ അടുത്ത വര്‍ഷം ഈ സ്‌കൂളില്‍ ചേര്‍ക്കുന്നതിനുള്ള സമ്മതപത്രം തോമസ് ഐസകിന് കൈമാറി. സമീപത്തെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന രണ്ടു കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍, ആ കുട്ടികളെ ഈ സ്‌കൂളിലേക്ക് മാറ്റുമെന്ന തീരുമാനവും അവിടെവച്ച് അറിയിച്ചു. കാലങ്ങളായി അഞ്ചിനു മുകളില്‍ അഡ്മിഷന്‍ ഒരു അദ്ധ്യായനവര്‍ഷത്തിലും നടക്കാതിരുന്ന ഒരു സ്‌കൂളിലാണെന്നോര്‍ക്കണം മുന്‍കൂര്‍ തന്നെ രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ ഉറപ്പാക്കിയത്. ടാഗോര്‍ സ്‌കൂളിന്റെ ഈ പ്രവര്‍ത്തനം തോമസ് ഐസക്ക എംഎല്‍എയെ വല്ലാതെ ആകര്‍ഷിച്ചു. പിറ്റേദിവസം അദ്ദേഹം സ്‌കൂളില്‍ വീണ്ടും എത്തുകയും ഒരു സ്‌കൂള്‍ ബസ് വങ്ങാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

അരമണിക്കൂര്‍ വീട്ടിലും ഇംഗ്ലീഷ്
പലപ്പോഴും സംഭവിക്കുന്നൊരു കാര്യം കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കികൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ലയെന്നതാണ്. വിദ്യാഭ്യാസം കുറഞ്ഞ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ വിടുന്നു. എന്നാല്‍ വിട്ടില്‍വച്ച് ഈ കുട്ടികളെ ഏതെങ്കിലും തരത്തില്‍ സഹായിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല. ഈ സാഹചര്യം ഒഴിവാക്കാനായി ടാഗോര്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ അവിടെയുള്ള കുട്ടികളുടെ വീടുകളില്‍ അരമണിക്കൂര്‍ സമയം കുട്ടികളും മാതാപിതാക്കളുമായി ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയം നടത്തുന്നൊരു പദ്ധതി ആവിഷ്‌കരിച്ചു. മാതാപിതാക്കള്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കി. ഈ പരീക്ഷണവും വിജയം കണുന്നതായാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇത് കുട്ടികളുടെ ഭാഷാപഠനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ഇംഗ്ലീഷിലുള്ള അവരുടെ ആശയവിനിമയത്തിന് സ്വാഭാവികത കൈവരുത്തുകയും ചെയ്യുന്നതായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

മരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ കീഴിലാണ് ടാഗോര്‍ മെമ്മോറിയല്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തിവരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി സ്‌കൂളിലേക്ക് സൈക്കിളുകള്‍ വാങ്ങിനല്‍കിയതും ക്ലാസ് മുറികളിലും ഊണുമുറികളിലും ടൈല്‍സ് പാകിയതുമെല്ലാം എടുത്തുപറയേണ്ട പ്രവര്‍ത്തനങ്ങളാണ്. നാലു ഡിവിഷനുകളിലായി മൂന്നു ടീച്ചര്‍മാരെയാണ് ഈ സ്‌കൂളിലേക്ക് നിയോഗിച്ചിട്ടുള്ളതെങ്കിലും പിടിഎയുടെ നേതൃത്വത്തില്‍ ഒരു ടീച്ചറെക്കൂടി സ്‌കൂളില്‍ നിയമിച്ചിട്ടുണ്ട്. സ്‌കൂളിന്റെ ഇന്നത്തെ ഉയര്‍ച്ചയ്ക്ക് എടുത്തുപറയേണ്ടതാണ് പിടിഎയുടെ പ്രവര്‍ത്തനങ്ങള്‍. തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷകര്‍ത്താക്കളാണ് പിടിഎ യില്‍ ഉള്ളത്. അക്കാദമിക് രംഗത്തും അതേപോലെ കലാകായിക രംഗങ്ങളിലും ഈ സ്‌കൂളിലെ കുട്ടികളെ ഗൈഡ് ചെയ്യാന്‍ ഡയറ്റില്‍ നിന്നുള്ള അധ്യാപകരടക്കം മികച്ച പിന്തുണ നല്‍കുന്നുണ്ട്. ജില്ലയില്‍ നടന്ന ക്വിസ് മത്സരങ്ങളിലുള്‍പ്പെടെ ടാഗോര്‍ സ്‌കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയത് പഠനത്തിനുമപ്പുറം കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫലം കൂടിയാണ്.

മുപ്പത്തിയാറ് കുട്ടികളുമായി മുന്നോട്ട് പോയിരുന്ന ടാഗോര്‍ സ്‌കൂള്‍ ഇന്ന് സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ചില തെറ്റിദ്ധാരണകളുടെ പൊള്ളത്തരം എന്താണെന്ന് സമൂഹത്തിന് കാട്ടികൊടുക്കുന്നു ഈ കൊച്ചുസ്‌കൂള്‍. ഗ്രാമത്തിന്റെ നന്മ കൈവിടാതെയും മാതൃഭാഷയുടെ മഹത്വം സംരക്ഷിച്ചുകൊണ്ടും ഭാവി തലമുറയെ ഒരുക്കിയെടുക്കുന്ന ടാഗോര്‍ സ്‌കൂളിന്റെ തണല്‍ മുറ്റത്തേക്ക് കൂടുതല്‍ കുരുന്നുകള്‍ ഓടിക്കളിക്കുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍