UPDATES

സിനിമാ വാര്‍ത്തകള്‍

തൈമൂര്‍ അവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കും; സെയ്ഫ് അലി ഖാന്‍

ഞാനും കരീനയും അവനെ ഒരു ലിബറല്‍ ചിന്താഗതിക്കാരനായി വളര്‍ത്തും

സെയ്ഫ് അലിഖാന്‍-കരീന ദമ്പതി ഏറെ പഴി കേട്ടതാണ് അവരുടെ കുഞ്ഞിന് തൈമൂര്‍ എന്ന പേരിട്ടതിന്. എന്നാല്‍ വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും തള്ളിക്കളയുകയായിരുന്നു സെയ്ഫും കരീനയും. ഇപ്പോള്‍ സെയ്ഫ് നടത്തിയിരിക്കുന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ ലിബറല്‍ ചിന്തയ്ക്ക് വളരെയേറെ പ്രശംസ നേടികൊടുത്തിരിക്കുകയാണ്.

ഒരു അഭിമുഖ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ഞു തൈമൂറിനെ കുറിച്ചു വന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ് സെയ്ഫ് പ്രഖ്യാപിച്ചത്; തൈമൂറിന് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാനും കരീനയും അവനു നല്‍കുമെന്ന്.

ഞാനും കരീനയും ശ്രമിക്കുന്നത് ഞങ്ങളുടെ കുഞ്ഞ് ഈ രാജ്യത്തിന്റെ പ്രതിനിധിയായി തീരുന്നതിനായാണ്. അവന് ഏതു മതത്തില്‍ വിശ്വസിക്കണോ അതിനുള്ള സ്വാതന്ത്യം ഞങ്ങളവനു കൊടുക്കും. ഒരു ലിബറലായ, തുറന്ന മനസുള്ള, താഴ്മയുള്ള ഒരാളായി എന്റെ മകന്‍ വളരണം; അവന്റെ അച്ഛനമ്മമാരെ പോലെ. ഞാന്‍ എന്റെ മകന്റെ നല്ല സുഹൃത്തായിരിക്കും, അവന്റെ ഗൈഡും ഫിലോസഫറുമായിരിക്കും. ഞാനവനെ ആരാധിക്കുന്നു; സെയ്ഫ് തന്റെ മകനെ കുറിച്ചുള്ള ചിന്തകള്‍ ഈ തരത്തില്‍ പങ്കുവച്ചു.

കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റാറുണ്ടോ എന്നൊരു തമാശ ചോദ്യം ഇതിനിടയില്‍ സെയഫിനു നേരെ ഉയര്‍ന്നു. അതിനുള്ള മറുപടി അല്‍പം വിശദമായി തന്നെ താരം നല്‍കി.

കുട്ടികളുമായുള്ള ഇടപഴകലില്‍ അച്ഛന്മാര്‍ അമ്മമാരെക്കാള്‍ ഒരല്‍പം പിന്നിലായിരിക്കാം. അമ്മാരും കുഞ്ഞുങ്ങളുമായി ഒരാന്തരിക ബന്ധം ഉണ്ട്. പത്തുമാസത്തോളം ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറുകയാണ്. എന്നാല്‍ പിതാവിനെ സംബന്ധിച്ച് തന്റെ കുഞ്ഞ് തന്നെ നോക്കുന്ന ആ നിമിഷം മുതലാണ് ബന്ധം വളര്‍ന്നു തുടങ്ങുന്നത്. എന്റെ കുഞ്ഞിനെ ഞാന്‍ എത്രത്തോളം സ്‌നേഹിക്കുന്നു, അവനെക്കുറിച്ചുള്ള എന്റെ വികാരം എന്താണ് എന്നൊക്കെ പറഞ്ഞു തരാന്‍ ഒരുപക്ഷേ ഞാന്‍ ബുദ്ധിമുട്ടും. പക്ഷേ എന്റെ എല്ലാ കുഞ്ഞുങ്ങളുടെയും( സെയ്ഫിന് ആദ്യ ഭാര്യ അമൃത സിംഗില്‍ സാറ, ഇബ്രാഹിം എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട്) സംരക്ഷകനായി, അവരുടെ മാര്‍ഗദര്‍ശിയായി ഞാന്‍ നിലകൊള്ളും. ഞാന്‍ അവരുടെ ഡയപ്പര്‍ മാറ്റിയിട്ടുണ്ടോ ഇല്ലയോ എന്നത് അവിടെ വിഷയമല്ല. ആ തരത്തില്‍ ഞാനെന്റെ സ്‌നേഹം അവരോട് പ്രകടിപ്പിച്ചിട്ടുണ്ടോ എന്നു ചോദിക്കുന്നതിലും അര്‍ത്ഥമില്ല.

എന്റെ മോന്‍ അവന്റെ പതിനറാം വയസിലോ മുപ്പതാം വയസിലോ അവന് അവന്റെ പിതാവിനെ ആവശ്യം ആണെന്നു തോന്നുമ്പോള്‍ (ഞാനപ്പോള്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍) എനിക്കതിനു കഴിയണം. എന്റെ പിതാവ് ചെയ്തതുപോലെ. അദ്ദേഹം ഒരിക്കലും ഞങ്ങളുടെ ഡയപ്പര്‍ മാറ്റിയിട്ടൊന്നുമില്ല. പക്ഷേ അദ്ദേഹം ഏറ്റവും നല്ലൊരു പിതാവായിരുന്നു. ഞങ്ങള്‍ക്ക് അദ്ദേഹത്തെ എപ്പോള്‍ വേണമെങ്കിലും വിളിക്കാമായിരുന്നു, അദ്ദേഹം അവിടെ ഉണ്ടാകും. ഒരു പിതാവ് എന്ന നിലയില്‍ ഞാനും ആഗ്രഹിക്കുന്നത് അങ്ങനെയാണ്; സെയ്ഫ് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍