അഴിമുഖം പ്രതിനിധി
യുദ്ധക്കപ്പലില്‍ നിന്നും ചൈന ലക്ഷ്യമാക്കി മിസൈല്‍ തൊടുത്തത് അബദ്ധം സംഭവിച്ചതാണെന്ന വിശദീകരണവുമായി തായ്‌വാന്‍. തായ്‌വാന്‍ സ്വന്തമായി നിര്‍മ്മിച്ച സിയൂങ് ഫെങ് 3 മിസൈലാണ് തകരാര്‍ മൂലം ചൈന ലക്ഷ്യമാക്കി പറന്നത്. എന്നാല്‍ തായ്‌വാന്‍ അധീനതയില്‍ തന്നെയുള്ള പെങ്ങുവില്‍ വെള്ളത്തില്‍ പതിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
വെള്ളത്തില്‍ പതിക്കുന്നതിനു മുമ്പ് 75 കിലോമീറ്ററാണ് മിസൈല്‍ സഞ്ചരിച്ചത്. യുദ്ധക്കപ്പലില്‍ നിന്നും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാവാനുള്ള കാര്യം കണ്ടുപിടിക്കാന്‍ സാധിച്ചിട്ടല്ലെന്നും എന്നാല്‍ തകരാര്‍ മൂലമായിരിക്കമെന്നും നേവി വെളിപ്പെടുത്തി.
ഇന്ത്യന്‍ സമയം രാവിലെ 8:10 ഓടെ ആണ് അഞ്ഞൂറു ടണ്ണോളം ഭാരമുള്ള മിസൈല്‍ സോയിങ്ങിലുള്ള നേവല്‍ ബേസില്‍ നിന്നും ചൈന ലക്ഷ്യമാക്കി കുതിച്ചത്. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍,നേവി ഷിപ് തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചു തിരച്ചില്‍ ആരംഭിച്ചു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നു വൈസ് അഡ്മിറല്‍ മെയ് ചിയാ ഷു പറഞ്ഞു.
ഈ അപകടത്തെ പറ്റി ബെയ്ജിംഗിനെ അറിയിച്ചോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ചൈനയുമായുള്ള നയങ്ങള്‍ കൈകാര്യം ചെയ്യുന്ന തായ്‌വാന്‍ മെയിന്‍ലാന്‍ഡ് അഫ്ഫയെര്‌സ് കൗണ്‍സില്‍ തയാറായില്ല.
തായ്‌വാനില്‍ സായ് ഇങ് വെന്‍ ജനുവരിയില്‍ അധികാരത്തിലെത്തിയ ശേഷം ചൈനയുമായുള്ള ബന്ധം അത്ര സുഖകരം ആയിരുന്നില്ല. 1949 മുതല്‍ തായ്‌വാന്‍ സ്വതന്ത്ര്യം നേടിയെങ്കിലും ചൈനയിപ്പോഴും അത് അംഗീകരിച്ചിട്ടില്ല.