UPDATES

ട്രെന്‍ഡിങ്ങ്

ഈ കരുതലിന് ഒരുമ്മ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്ക് ഒരുലക്ഷം രൂപ വീതമാണ് മുഖമന്ത്രി വിതരണം ചെയ്തത്

തെരഞ്ഞെടുപ്പു വാഗ്ദാനമായി ഒതുങ്ങിപ്പോകുന്നില്ല കാസറഗോഡെ എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്ക് പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനങ്ങള്‍. തന്റെ സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളില്‍ പ്രധാനമായി പിണറായി പറഞ്ഞിരുന്നത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമവും അവര്‍ക്കു നല്‍കുന്ന സഹായവും ആയിരുന്നു. സര്‍ക്കാരിന്റെ ആദ്യ നൂറുദിനങ്ങള്‍ക്കുള്ളില്‍ തന്നെ ആ വാഗ്ദാനങ്ങള്‍ നിറവേറ്റി തുടങ്ങാന്‍ മുഖ്യമന്ത്രിക്കു കഴിയുകയും ചെയ്തു.

ഓണക്കാലത്ത് 1000 രൂപവീതം ധനസഹായം നല്‍കിയതും പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ത്തതും അടക്കം മുന്‍കാലങ്ങളില്‍ ഉണ്ടായ അവഗണന മനോഭാവം ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോഴും ഒരുവശത്തു നിന്നുയര്‍ന്ന പരാതി അര്‍ഹരായ പലരും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ നിന്നും പുറത്തു നില്‍ക്കുന്നുവെന്നായിരുന്നു. പട്ടികയില്‍ പെടാത്തതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്കും സഹായത്തിനും ഇവര്‍ക്ക് അവകാശമില്ലാതെ പോകുന്നുമെന്നുവെന്നുമായിരുന്നു. ആ പരാതിയും പരിഭവവും സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നു കൂടി വ്യക്തമാക്കുകയാണ് ഇന്നു കാസര്‍ഗോഡ് വിതരണം ചെയ്ത ധനസഹായം. പട്ടികയില്‍ പെടാത്ത 127 പേര്‍ക്ക് ഒരുലക്ഷം രൂപ വീതമാണ് മുഖമന്ത്രി വിതരണം ചെയ്തത്. തീര്‍ച്ചയായും ഈ പ്രവര്‍ത്തി പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തികളില്‍ ഏറെ പ്രശംസ നല്‍കേണ്ടുന്ന ഒന്നു തന്നെയാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്തവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സര്‍ക്കാര്‍ ധനസഹായം നല്‍കിയതിനെ പറ്റി പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്കിലിട്ട് പോസ്റ്റ്

‘എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒരു ലക്ഷം രൂപാ വീതം ധനസഹായം അനുവദിച്ചത്. ഇക്കഴിഞ്ഞ ഓണത്തിന് ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം സഹായവും നല്‍കി. ദുരിതബാധിതര്‍ക്ക് 10 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുകയും, ആശ്വാസകിരണം പദ്ധതിയും ചികിത്സാ സഹായവും തുടരുകയും ചെയ്തു. ചികിത്സയ്ക്കായി ബാങ്ക് വായ്പയെടുത്തവരുടെ ജപ്തിനടപടികളിന്മേല്‍ ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം തുടക്കത്തില്‍ തന്നെ ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ദുരിതബാധിത മേഖലയില്‍ ഏപ്രില്‍ ആദ്യവാരം സ്‌പെഷല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തിര ചികിത്സ ആവശ്യമുള്ള ദുരിതബാധിതരെ പ്രത്യേകം പരിഗണിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ രോഗികള്‍ക്കും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നത് സംബന്ധിച്ച് ഉടന്‍ നടപടിയുണ്ടാകും.

റവന്യൂ വകുപ്പ് മന്ത്രി ചെയര്‍മാനായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനഃരധിവാസത്തിനുമുളള സെല്‍ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആദ്യ രണ്ടു ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് മൂന്നാം ഗഡുവായി 56.76 കോടി രൂപ ഇപ്പോള്‍ വിതരണം ചെയ്തത്.

450 കോടി രൂപയുടെ ക്ഷേമപദ്ധതികള്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കീടനാശിനി കമ്പനികള്‍ മൂന്നു മാസത്തിനകം അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി കാസര്‍കോട്ടെ ദുരിതബാധിത ഗ്രാമപ്രദേശങ്ങളില്‍ നീതിയുടെ വെളിച്ചം തെളിയിക്കുന്നതാണ്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍