UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ബാക്കിയായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പ്രവണത ആരോഗ്യത്തെ നശിപ്പിക്കും!

സര്‍വേയില്‍ പങ്കെടുത്ത 16%പേര്‍ മുതിര്‍ന്നവര്‍ക്ക് നിര്‍ദേശിച്ച ആന്റിബയോട്ടിക് കുട്ടികള്‍ക്ക് നല്‍കുന്നവരാണ്.

അവശേഷിക്കുന്ന ആന്റിബയോട്ടിക് മരുന്നില്‍ രണ്ടുണ്ട് കാര്യം! ഒന്ന്,അടുത്ത വീട്ടിലെ സമാന രോഗമുള്ള വ്യക്തിക്ക് നല്‍കാം. അല്ലെങ്കില്‍ പകുതി കഴിച്ച് അടുത്തപകുതി ഒരു നേരത്തേക്ക് കൂടി കരുതിവെക്കാം! ചിന്ത സാധാരണമാണ്, പക്ഷെ ഫലം അസാധാരണവും. ശരീരത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ആന്റിബയോട്ടിക് മരുന്നുകള്‍ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്നതും ഒരേ മരുന്ന് കൈമാറി ഉപയോഗിക്കുന്നതുമെല്ലാമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സി (AAP)ന്റെ ദേശീയ സമ്മേളനത്തില്‍ ഈ വിഷയം അവതരിപ്പിക്കപ്പെട്ടു.

ന്യൂയോര്‍ക്കിലെ പ്രമുഖ ശിശുരോഗവിദഗ്ധന്‍ ഡോ. റൂത്ത് മിലാനൈക്ക് (Ruth Milanaik) ആണ് അഭിപ്രായപ്പെട്ടത്, ‘പ്രത്യേകിച്ചും കൊച്ചുകുട്ടികളുടെ മാതാപിതാക്കള്‍, ഒരാള്‍ക്ക് ഉപയോഗിച്ച മരുന്ന് മറ്റൊരാള്‍ക്ക് കൈമാറുന്നത് വളരെ സാധാരണമായി മാറിയെന്ന് പഠനം വിലയിരുത്തി. ഇത് രണ്ടാമതായി ഉപയോഗിക്കുന്നവര്‍ക്ക് ഗുണം ചെയ്യില്ലെന്നതാണ് വസ്തുത. പിന്നീട് ഇതേരോഗത്തിന് ഡോക്ടര്‍ നല്‍കുന്ന മരുന്ന് ഏല്‍ക്കാതെ വരുന്ന സ്ഥിതിയും ഉണ്ടായേക്കാം.’

ആമസോണ്‍ മെക്കാനിക്കല്‍ ടര്‍ക്ക് വഴി 496 ചോദ്യാവലികള്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഉദ്ദേശം വെളിപ്പെടുത്താതെയാണ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചതെങ്കിലും നിരവധി മാതാപിതാക്കള്‍ ഇതിനോട് പ്രതികരിച്ചു. പങ്കെടുത്തവരില്‍ പകുതി (48.2%) വ്യക്തികള്‍, തങ്ങളുടെ കുട്ടികള്‍ക്ക് ബാക്കിവന്ന ആന്റിബയോട്ടിക് നല്കുന്നവരാണെന്ന് സമ്മതിച്ചു. ഒരു കോഴ്‌സ് മരുന്ന് കഴിഞ്ഞാല്‍ അധികം വരുന്നത് ഉപേക്ഷിക്കാറില്ലെന്നും വ്യക്തമാക്കി. വീട്ടിലെ മുതിര്‍ന്നവര്‍, അയല്‍വീട്ടിലെ കുട്ടികള്‍, ബന്ധുക്കളുടെ കുട്ടികള്‍ എന്നിവര്‍ക്ക് ഈ മരുന്ന് കൈമാറുന്നത് ഇവരില്‍ തന്നെ 73% പേരാണ്.

മറ്റ് കണ്ടെത്തലുകള്‍

. ദ്രവരൂപത്തിലുള്ള ആന്റിബയോട്ടിക്കുകളാണ് ഏറ്റവുമധികമായി ഇങ്ങനെ ഉപയോഗിക്കുന്നത്(80.4%). കുട്ടികള്‍ക്ക് നല്‍കുന്ന തുള്ളിമരുന്ന്(73.8%) ബാക്കിവെച്ച് ഉപയോഗിക്കാറുണ്ട്. ഗുളികകള്‍ 55.6%ഉം ക്രീമുകള്‍ 69.7%ഉം പേര്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നു

. ആദ്യം ഈ മരുന്ന് കഴിച്ചയാള്‍ക്ക് ഡോക്ടര്‍ നിര്‍ദേശിച്ച അളവിലാണ് രണ്ടാമത്തെയാളും ഇതേ മരുന്ന് ഉപയോഗിക്കുന്നത്. ആദ്യം മരുന്നുനല്‍കിയത് കുട്ടിയ്ക്കും രണ്ടാമത് മുതിര്‍ന്ന വ്യക്തികള്‍ക്കുമാണെങ്കിലും അളവ് തുല്യമായി ആണ് ഉപയോഗിക്കുന്നതത്രെ!

. സര്‍വേയില്‍ പങ്കെടുത്ത 16%പേര്‍ മുതിര്‍ന്നവര്‍ക്ക് നിര്‍ദേശിച്ച ആന്റിബയോട്ടിക് കുട്ടികള്‍ക്ക് നല്‍കുന്നവരാണ്.

ബോധവത്കരണവുമാണ് ഈ പ്രവണതക്കെതിരെ വേണ്ടതെന്ന് ഡോ. റൂത്ത് പറയുന്നു. ഡോക്ടര്‍ നിര്‍ദേശിക്കാതെ മരുന്നുകള്‍, വിശേഷിച്ചും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് രോഗത്തെ ക്ഷണിച്ചു വരുത്തലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആന്റിബയോട്ടിക്കികളുടെ കടന്നുവരവ് വൈദ്യശാസ്ത്രത്തിലെ വിപ്ലവമാണ്.പക്ഷെ എങ്ങനെ ഉപയോഗിക്കണമെന്ന് പറഞ്ഞുകൊടുക്കേണ്ടത് ഒരു ഡോക്ടറുടെ അല്ലെങ്കില്‍ ക്ലിനിക്കിന്റെ ഉത്തരവാദിത്തം ആണ്. ഉപയോഗശേഷം അധികംവരുന്ന മരുന്ന് നശിപ്പിച്ചുകളയാന്‍ ഡോക്ടര്‍മാര്‍ തന്നെ രോഗികളോട് പറയണം’ എന്നും ഡോ.റൂത്ത് മിലാനൈക്ക് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍