UPDATES

യാത്ര

കാവേരി തീരം തന്നില്‍- മാങ്ങാട് രത്നാകരന്‍ തലക്കാവേരിയിലൂടെ

Avatar

ഇന്ത്യയിലെ നദികള്‍ മനോഹരമായ പേരുകളുള്ള ദേവതകള്‍. ഗംഗ, യമുന, സരസ്വതി,  കാവേരി, ഹേമാവതി, കബനി അങ്ങനെ നിറഞ്ഞൊഴുകുന്ന നദികള്‍. യാത്ര ഇപ്പോള്‍ കാവേരി തീരത്താണ്. ദക്ഷിണേന്ത്യയിലെ പുണ്യനദിയായ കാവേരി കര്‍ണ്ണാടകത്തില്‍ നിന്നുത്ഭവിച്ച് നഗരങ്ങളെയും പുണ്യസ്ഥലങ്ങളെയും കുളിര്‍പ്പിച്ച് 460 കിലോമീറ്ററോളം ഒഴുകി ബംഗാള്‍ ഉള്‍ക്കടയില്‍ ചെന്നുചേരുന്നു. കാവേരി ഉത്ഭവിക്കുന്ന തലക്കാവേരിയില്‍ നിന്ന്  ബംഗാള്‍ ഉള്‍ക്കടലോളം ചെന്നാല്‍ ദക്ഷിണേന്ത്യയുടെ ചരിത്രത്തിലൂടെയുള്ള പുരാണങ്ങളിലൂടെയുള്ള നിത്യജീവിതമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു യാത്രയായിത്തീരും.

യാത്ര കാവേരി ഒരു നീരുറവയായി ഊറിവരുന്ന തലക്കാവേരിയില്‍ നിന്ന് പത്തിരുപത് കിലോമീറ്ററോളം സഞ്ചരിക്കുകയാണ്. കുടക് ജില്ലയുടെ മുഖ്യകേന്ദ്രമായ മടിക്കേരിയില്‍ നിന്ന് തലക്കാവേരിയിലേക്ക് 48 കിലോമീറ്റര്‍ ദൂരമുണ്ട്. പുണ്യസ്ഥലമായ വാഗമണ്ഡലയില്‍ നിന്നും 8 കിലോമീറ്ററും.

തലക്കാവേരിയുടെ താഴ്‌വാരത്തില്‍ തലക്കാവേരിയുടെ പരിപാലകനും പണ്ഡിതനുമായ സ്വാമി ആനന്ദതീര്‍ത്ഥയെ കാണാന്‍ പോയി. തലക്കാവേരിയില്‍ പോകുമ്പോഴൊക്കെ സ്വാമിയെ ചെന്ന് കാണാറുണ്ട്. തലമുറകളായി തലക്കാവേരിയെയും ഭാഗമണ്ഡലയെയും പരിപാലിക്കുന്ന സ്വാമിയുടെ ചരിത്രം ചോദിച്ചറിഞ്ഞു. 

സ്വാമി ആനന്ദതീര്‍ത്ഥ: നമ്മളെല്ലാം പത്തു പന്ത്രണ്ട് തലമുറയായി ഇവിടെയാണ്. എന്റെ അച്ഛനുമെല്ലാം ജീവനം കാവേരി പൂജയായിട്ട് ഇവിടെയായി. കാവേരി തീര്‍ത്ഥമെന്നത് അത്യന്തം പവിത്രമായിട്ടുള്ള ഒരു വസ്തുവായിട്ടുണ്ട്. ഒരു വിശേഷവസ്തുവായിട്ട് ഇപ്പോഴും കാവേരിയെ പൂജിക്കുന്നുണ്ട്. ഒക്‌ടോബര്‍ 17 ന് സൂര്യന് തുലാരാശി കൂടുന്ന സമയത്ത് ഗംഗ കാവേരിയില്‍ വന്ന് കൂടുമെന്ന് പറഞ്ഞ് ഒരു ഐതിഹ്യമുണ്ട്. തലക്കാവേരിയില്‍ തീര്‍ത്ഥപൂജയാണുള്ളത്. അതാണ് വളരെ പ്രധാനം. കുളത്തിലെ തീര്‍ത്ഥം പൂജിക്കുകയാണ്. മൂന്നുനേരവും കാവേരിക്ക് പൂജയാക്കുന്നുണ്ട്.  

സ്വാമിയോടൊപ്പം തലക്കാവേരിയിലേക്ക്, കാവേരിയുടെ ഉത്ഭവസ്ഥാനത്തേക്ക് പോയി. ബ്രഹ്മഗിരി, അഗ്നിഗിരി, വായുഗിരി, ഗജരാജഗിരി എന്നീ നാല് ഗിരികളുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന തലക്കാവേരി ഒരു പുണ്യസ്ഥലമാണ്. കാവേരിയമ്മയ്ക്കായി ഒരു ക്ഷേത്രം ഇവിടെയുണ്ട്. അഗസ്ത്യമുനിക്കും മഹാഗണപതിക്കും ഉപക്ഷേത്രങ്ങളും.  

 

സ്വാമി ആനന്ദതീര്‍ത്ഥ: കവേരന്റെ പുത്രിയാണ് കാവേരി. കാവേര ഋഷിയുടെ പുത്രി. അങ്ങനെയാണ് കാവേരിയെന്ന പേരുണ്ടായത്. ഈ കാ, വേ, രി എന്നീ മൂന്ന് അക്ഷരങ്ങള്‍ക്കും ഓരോ അര്‍ത്ഥമുണ്ട്. അത് ഒരു ശ്ലോകമാണ്. അതായത്.

കാകാരോ കലുഷം ഹന്തി
വേകാരോ വാഞ്ചിത പ്രതഹാ
രീകാരോ മോക്ഷതം മൃണാം
കാവേരി ഇതി അവധാരയാ.

എന്നുപറഞ്ഞാല്‍ മനസ്സില്‍ നമ്മള്‍ ക എന്ന് പറഞ്ഞാല്‍ മനസ്സില്‍ എന്തെല്ലാം പാപമാകുന്ന വിഷയങ്ങളുണ്ടോ അതെല്ലാം പുറത്തുപോയിടും. കലരുഷം ഹന്തി. അതായത് ദോഷമെല്ലാം പോയിടും. വേകാരോ വാഞ്ചിത പ്രതഹാ നമ്മള്‍ എന്ന് പറഞ്ഞാല്‍ നമ്മള്‍ എന്ത് ഇഷ്ടപ്പെടുന്നുവോ അത് കിട്ടും. രീകാരോ മോക്ഷിത മൃണാം. ഇതാണ് വളരെ വിശേഷമായ വിഷയം.  ഈ സൃഷ്ടിയില്‍ എത്രയോ പ്രധാന പ്രാണികളെല്ലാം ജനിക്കുന്നുണ്ട്. പിന്നെ മരിക്കുന്നുണ്ട്. ഇതില്‍ മനുഷ്യന് മാത്രമേ ജീവന്‍ എന്തെന്ന് അറിയാന്‍ സാധിക്കൂ. മറ്റു പക്ഷിമൃഗങ്ങള്‍ക്കെല്ലാം അറിയാന്‍ ബുദ്ധിമുട്ടുണ്ട്. 

കാവേരിയുടെ ഉത്ഭവത്തെക്കുറിച്ച് പുരാണപ്രസിദ്ധമായ പല കഥകളും ഉപകഥകളുമുണ്ട്. നദികളുടെ കൈവഴികള്‍ പോലെ അവ വഴിപിരിയുകയും കൂടിച്ചേരുകയും ചെയ്യുന്നു. കാവേരി നദിയുടെ ജന്മകഥ ഇങ്ങനെയാണ്. ബ്രഹ്മഗിരിയുടെ താഴ്‌വാരത്തില്‍ കവേര മഹര്‍ഷി സന്താനലബ്ധിക്കായി തപസ്സിരുന്നു. ബ്രഹ്മാവ് വളര്‍ത്തുപുത്രിയായ ലോകമുദ്രയെ മുനിക്ക് സമ്മാനിച്ചു. മഹര്‍ഷി അവളെ കാവേരി എന്നുവിളിച്ചു. അഗസ്ത്യമുനി ബ്രഹ്മഗിരിയിലെത്തിയപ്പോള്‍ കാവേരിയെ കണ്ടിഷ്ടപ്പെട്ട്  വിവാഹാഭ്യര്‍ത്ഥന നടത്തി. അഗസ്ത്യമുനി ഒരിക്കലും തന്നെ വിട്ടുപോകരുതെന്ന ഉപാധിയില്‍ കാവേരി വിവാഹത്തിനു സമ്മതം മൂളി. ഒരിക്കല്‍  കന്യകാനദിയില്‍ സ്‌നാനം ചെയ്യാന്‍ പുറപ്പെട്ട അഗസ്ത്യന്‍ യോഗശക്തിയാല്‍ കാവേരിയെ ജലമാക്കി തന്റെ കമണ്ഡലുവിലാക്കി ആശ്രമത്തിലെ ബ്രഹ്മകുണ്ഠത്തില്‍ വച്ചു. അഗസ്ത്യനെ കാത്തിരുന്ന് പരവശയായ കാവേരി നദിയായി ഒഴുകാന്‍ തുടങ്ങി. ഭര്‍ത്താവിനെയും കുടകരെയും നിരാശപ്പെടുത്താതെ എല്ലാ തുലാസംക്രമത്തില്‍ ബ്രഹ്മകുണ്ഡത്തില്‍ ദര്‍ശനം നല്‍കാമെന്ന് ഉറപ്പ് നല്‍കി. ഗണപതിയുമായി ബന്ധപ്പെട്ട കഥയും അതീവഹൃദ്യമാണ്. അഗസ്ത്യമുനി ഒരു കമണ്ഡലുവില്‍ സൂക്ഷിച്ചിരുന്ന കാവേരിയെ മുനി ധ്യാനനിമഗ്നനായ നേരം നോക്കി ഗണപതി ഒരു കാക്കയുടെ രൂപത്തില്‍ വന്ന് തട്ടിമറിച്ചു. കാവേരി ഒഴുകാന്‍ തുടങ്ങി. കാക്ക അപ്രത്യക്ഷനായി. ആ സ്ഥലത്ത് ഒരു ബാലനെയാണ്  അഗസ്ത്യമുനി കണ്ടത്. ബാലന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി. അഗസ്ത്യമുനി പിന്നാലെ പാഞ്ഞുചെന്നു. ബാലന്‍ അപ്രത്യക്ഷനായി. വിശ്വരൂപം കാട്ടിക്കൊടുത്തു. സാക്ഷാല്‍ ഗണപതി. അങ്ങനെ ദേവകളും മഹര്‍ഷിമാരും കാവേരിയുടെ ഉത്ഭവകഥയെ ചൂഴ്ന്നുനില്‍ക്കുന്നു. തലക്കാവേരിയിലെ കാഴ്ചകള്‍ ചാരുതയേറിയതാണ്. ചുറ്റിലും മലനിരകള്‍. സമുദ്രനിരപ്പില്‍ നിന്ന് 4186 അടി ഉയരത്തിലുള്ള തലക്കാവേരി സ്വര്‍ഗ്ഗീയമായ കാഴ്ചകളൊരുക്കുന്നു. ബ്രഹ്മഗിരിയില്‍ നിന്നും പടവിറങ്ങിവരുമ്പോള്‍ ചക്രവാളത്തോളമുള്ള കാഴ്ചകള്‍ ഹരിതസമൃദ്ധമാണ്. അഗസ്ത്യമുനിയുടെ ക്ഷേത്രത്തിന് തൊട്ടായി കാവേരിയെ കമണ്ഡലുവില്‍ സൂക്ഷിച്ച സ്ഥലം എന്ന് സങ്കല്‍പ്പിക്കുന്നിടത്ത് ഒരു ചെറിയ അരയാല്‍ കാറ്റിലിളകി നില്‍ക്കുന്നു. ആ കാറ്റ് പറയുന്ന കഥകള്‍ പുരാണകാലത്തോളം നമ്മെ കൊണ്ടുചെല്ലുന്നു. കഴിഞ്ഞ നൂറ്റാണ്ടുവരെയും ദുര്‍ഗ്ഗമമായിരുന്നു തലക്കാവേരി. കാവേരിയുടെ ഭക്തജനങ്ങളും തലക്കാവേരി കാണാന്‍ വന്നെത്തുന്ന സഞ്ചാരികളും ഭാഗമണ്ഡലയില്‍ നിന്നും കൊടുംകാട്ടിലൂടെ നടന്നാണ് വന്നെത്തിയിരുന്നത്. ഇന്ന് സുഗമമായ പാതയുണ്ട്. അതിനാല്‍ സന്ദര്‍ശകരുടെ എണ്ണം പതിന്മടങ്ങായി. കര്‍ണ്ണാടക സര്‍ക്കാര്‍ തലക്കാവേരിയുടെയും ഭാഗമണ്ഡലയുടെയും വികസനത്തിനായി 15 കോടി രൂപ  കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ചിരുന്നു. അതിനാല്‍ തലക്കാവേരിയെ പരിസ്ഥിതിക്ക് കോട്ടംതട്ടാതെ തന്നെ മോടിപിടിപ്പിക്കാന്‍ കഴിഞ്ഞു.  

                  

സ്വാമി ആനന്ദതീര്‍ത്ഥ: ബാംഗ്ലൂരില്‍ നിന്നും  മൈസൂരില്‍ നിന്നുമൊക്കെ ഐ.ടി. മേഖലയില്‍ നിന്നൊക്കെ ധാരാളം ആള്‍ക്കാര്‍ ഇവിടെ വരുന്നുണ്ട്. ഇതൊരു ടൂറിസ്റ്റ് സ്ഥലമായിട്ടാണ് അവര്‍ കാണുന്നത്. അവരൊക്കെ ഇവിടെ പ്ലാസ്റ്റിക് മലിനീകരണം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. കാവേരിയെയും ക്ലീനാക്കാനുള്ള നടപടികള്‍ വേണമെന്നാണ് എന്റെ അഭിപ്രായം.   

തുലാസംക്രമ വേളയില്‍ തലക്കാവേരിയിലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹം തന്നെയുണ്ടാകും. തലക്കാവേരിയിലും കാവേരീതീരത്തും തുലാസ്‌നാനം നടത്താനായി വിശ്വാസികള്‍ ഒഴുകിയെത്തും. സുഗന്ധദ്രവ്യങ്ങളുടെ കേദാരമാണ് കുടക് നാട്. തലക്കാവേരിയില്‍ നിന്നും തിരിച്ചുപോകുമ്പോള്‍ സുഗന്ധദ്രവ്യങ്ങളും അനുബന്ധ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന ഒരു കടയില്‍ കയറി. കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പു പിന്നെ പലതരം ചെറിപ്പഴങ്ങള്‍, തേന്‍, അച്ചാറുകള്‍, കാപ്പിപ്പൊടി, പിന്നെ വീട്ടിലുണ്ടാക്കിയ വീഞ്ഞ് അങ്ങനെ പലതും. തലക്കാവേരി സന്ദര്‍ശകരുടെ ഇടത്താവളമാണ് ഇത്തരം സുഗന്ധദ്രവ്യകടകള്‍.

ഭാഗമണ്ഡല കുടക് ജില്ലയിലെ കണ്‍കണ്ട തീര്‍ത്ഥാടന കേന്ദ്രമാണ്. കാവേരിയുടെ തീരത്തുള്ള ഭഗണ്ടേശ്വര ക്ഷേത്രത്തില്‍ നിന്നാണ് ഭാഗമണ്ഡല എന്ന പേരുവന്നത്. കാവേരിയും കന്യകയും അദൃശ്യയാ സുജ്യോതിയും സംഗമിക്കുന്ന പുണ്യസ്ഥാനമാണ് ഭാഗമണ്ഡല. ഉത്തരേന്ത്യയിലെ പ്രയാഗയില്‍ ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംയോഗിക്കുന്നതുപോലെ. കന്നഡഭാഷയില്‍ കൂടല എന്നാണ് ഈ സംഗമത്തെ വിശേഷിപ്പിക്കുന്നത്.  

സ്വാമി ആനന്ദതീര്‍ത്ഥ: തലക്കാവേരിയില്‍ നിന്ന് പൂര്‍വ്വഭാഗത്തില്‍ നിന്ന് രണ്ട് നദികള്‍ പോകുന്നുണ്ട്. ഒന്ന് ബ്രഹ്മഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന കാവേരിയാണ്. ബ്രഹ്മഗിരി മലയുടെ ഒരു ഭാഗത്ത് ഒരു കിണര്‍ കാണുന്നുണ്ട്. അതില്‍ നിന്നും കനകഎന്നൊരു നദിയും വരുന്നുണ്ട്. ഭാഗമണ്ഡലില്‍ പോയിട്ട് രണ്ട് നദികളുകൂടുന്നു. ഇവിടെ സുജ്യോതി എന്ന പേരില്‍ ചെറിയ ഒരു നദി വന്നുചേരുന്നുവെന്ന് ഐതിഹ്യവുമുണ്ട്. അത് നമ്മള്‍ക്ക് അനുഭവപ്പെടാം. നദികള്‍ കൂടുന്നിടത്ത് നിന്നാല്‍ വെള്ളത്തില്‍ ചൂടനുഭവപ്പെടുന്നതായി അനുഭവസ്ഥര്‍ പറയുന്നുണ്ട്.    

സുബ്രഹ്മണ്യനും മഹാവിഷ്ണുവും ഗണപതിയുമാണ് ഈ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തികള്‍. ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് അഞ്ചുവര്‍ഷത്തോളം ഭാഗമണ്ഡല അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. 1790 ല്‍ ദൊഡ്ഡ വീരരാജേന്ദ്രരാജാവ് ഭാഗമണ്ഡല തിരിച്ചുപിടിച്ചു. 


സ്വാമി ആനന്ദതീര്‍ത്ഥ: കുടകിന്റെ ഒരു രാജാവ്, യജമാനന്‍ ആരെന്ന് ചോദിച്ചാല്‍ സുബ്രഹ്മണ്യനെന്ന് പറഞ്ഞ് പുരാണത്തില്‍ ഐതിഹ്യമുണ്ട്. ഹിമാലയത്തില്‍ ഒരു ദിവസം പാര്‍വ്വതി പരമേശ്വരനോട് ചോദിച്ചു. എന്റെ മകന്‍ എവിടെയെന്ന്. അപ്പോള്‍ പരമശിവന്‍ കുടക് മലയില്‍ മകനുണ്ടെന്ന് പറഞ്ഞു. അങ്ങനെ പാര്‍വ്വതി കുടകില്‍ വന്ന് മകനെ കണ്ടുവെന്ന് ഒരു ഐതിഹ്യമുണ്ട്.    
   

പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് പ്രസിദ്ധമാണ് ഭാഗമണ്ഡല. ത്രിവേണി സംഗമമെന്ന് പ്രസിദ്ധമായ നദീതീരം പിതൃതര്‍പ്പണമന്ത്രങ്ങളാല്‍ മുഖരിതമാകും. കുടക് നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് പ്രധാനമായും ഇവിടെയെത്താറുള്ളത്.  കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരും കുറവല്ല. കഷ്ടിച്ച് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരള അതിര്‍ത്തിയിലെത്താം.

വിശാല്‍ നഗരിയില്‍ കാവേരിക്ക് കുറുകെയുള്ള ഒരു പാലത്തിനരികില്‍ കാവേരിയുടെ ഒരു പ്രതിമയുണ്ട്. ആ പ്രതിമയെ കമനീയമായി വസ്ത്രധാരണം ചെയ്യിച്ചിട്ടുണ്ട്. കാവേരിദേവിയെ വണങ്ങാന്‍ നിരവധി പേര്‍ എത്തുന്നു.  വിശാല്‍നഗറിന് തൊട്ടായി കാവേരി നിറഞ്ഞൊഴുകുന്ന സ്ഥലം ഇന്ന് വിനോദസഞ്ചാരികളുടെ പറുദീസയാണ്. മൈസൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യുവാക്കളും യാക്കിംഗ് നടത്താനായി ഇവിടെ കൂട്ടത്തോടെ എത്തുന്നു. യാക്കിംഗ് പുതുതലമുറയ്ക്ക് ഒരു ഹരമായി തീര്‍ന്നിരിക്കുന്നു.

കാവേരിയിലെ മറ്റൊരു സന്ദര്‍ശനകേന്ദ്രമാണ് ദുബാരയിലെ ആനപരിശീലന കേന്ദ്രം. ബോട്ടില്‍ കാവേരിയുടെ മറുതീരത്തേക്ക് ചെന്നാല്‍ ദുബാരയിലെത്താം. മൈസൂരിലെ പ്രസിദ്ധമായ ദസറ ഉത്സവവേളയിലേക്ക് ആനകളെ പരിശീലിപ്പിക്കുന്നത് ഇവിടെയാണ്. ദുബാരെ കാടുകള്‍ വിവിധ വന്യജീവികളുടെ വിഹാരകേന്ദ്രമാണെങ്കിലും ആനകളെ കാണാനും കുളിപ്പിക്കാനും ആനപ്പുറത്ത് കയറാനുമാണ് സന്ദര്‍ശകര്‍ പ്രധാനമായും ഇവിടെ എത്തുന്നത്. 25 ആനകളും രണ്ട് കുട്ടിയാനകളുമാണ് ദുബാരെയിലെ പ്രധാന ആകര്‍ഷണം. 

കാവേരിക്ക്  ഇനിയും എത്രയോ ദൂരം ഒഴുകാനുണ്ട്. യാത്ര കാവേരിയോടും കുളിര്‍കാറ്റിനോടും യാത്രപറഞ്ഞ് മറ്റൊരു ദിശയിലേക്ക് ഒഴുകി.

(കടപ്പാട്: ഏഷ്യാനെറ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍