UPDATES

വിദേശം

വാഷിംഗ്ടണിലെ ലൈംഗിക അടിമത്ത കഥകള്‍

Avatar

കോള്‍ബെര്‍ട് ഐ. കിങ്
(വാഷിംഗ്ടന്‍ പോസ്റ്റ്)

മനുഷ്യക്കടത്ത് ലോകമെമ്പാടും ഉള്ള രാജ്യങ്ങളില്‍ നടക്കുന്ന ക്രൂരവും മനുഷ്യത്വ രഹിതവുമായ പ്രവര്‍ത്തിയാണ്. അതുകൊണ്ട് തന്നെ ഈ മാസം അടിമത്ത, മനുഷ്യക്കടത്ത് പ്രതിരോധ മാസമായി ആചരിക്കാനുള്ള യു‌എസ് പ്രസിഡന്‍റ് ഒബാമയുടെ പ്രഖ്യാപനം അത്ഭുതപ്പെടുത്തുന്നില്ല.

പെണ്‍കുട്ടികളെയും സ്ത്രീകളെയും ചൂഷണം ചെയ്യുന്നതും വേശ്യാവൃത്തിക്കു നിര്‍ബന്ധിതരാക്കുന്നതും ചില ദേശങ്ങളില്‍ മാത്രമൊതുങ്ങുന്ന കാര്യങ്ങളല്ല.

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ കുട്ടികള്‍ ലൈംഗിക അടിമത്തിന് വിധേയരാക്കപ്പെടുന്നു; ഇതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ദിനപ്പത്രങ്ങളിലോ അന്തിപ്പത്രങ്ങളിലോ ഇടംപിടിക്കുന്നില്ല. എന്നാല്‍, മനുഷ്യക്കടത്ത് കൊളംബിയ ജില്ലയിലെ ജീവിതങ്ങളുടെ ഇരുണ്ടതും നീചവുമായ വശമാണെന്ന് പുറംലോകം അറിയുന്നുണ്ട്.

‘സ്റ്റാക്ക്സി’നെയും ‘കാന്‍ഡി’യെയും പറ്റി പറയാം.

2012ല്‍ പെണ്‍കുട്ടികളുടെ ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ കാന്‍ഡി ഇന്‍റര്‍നെറ്റില്‍ നല്കി. പരസ്യത്തില്‍ കൊടുത്തിരുന്ന നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെയും മറ്റൊരു സ്ത്രീയെയും നോര്‍ത്ത്-വെസ്റ്റ് ഡിസിയിലെത്തിക്കാനുള്ള തുക കാന്‍ഡി പറഞ്ഞുറപ്പിച്ചു.

ജൂണ്‍ 23 നു വെളുപ്പിന് രണ്ടരയ്ക്ക് 16ഉം 19ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ ഡിസിയിലെ ഹോട്ടല്‍ മുറിയുടെ വാതിലില്‍ മുട്ടി. FBI (Federal Bureau of Investigation) യുടെ ചൈല്‍ഡ് എക്സ്പ്ലോയിറ്റേഷന്‍ ടാസ്ക് ഫോര്‍സിന്‍റെ (Child Exploitation Task Force) അംഗങ്ങള്‍ ആയിരുന്നു മുറിക്കുള്ളില്‍ അവരെ കാത്തിരുന്നത്. അധികാരികളുടെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ അവരുടെ കഥ പറഞ്ഞു: ഇടപാടുകാരില്‍ നിന്നു സെക്സിനു പകരം പണം ഈടാക്കി ‘സ്റ്റാക്ക്സും’ ‘കാന്‍ഡി’യും ഡിസി (District of Columbia) ഭാഗങ്ങളില്‍ അങ്ങോളമിങ്ങോളം അവരോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഇത്തരം ‘ഡേറ്റു’കള്‍ക്കിടയിലുള്ള സമയങ്ങളില്‍ ഇവര്‍ പെണ്‍കുട്ടികള്‍ക്ക് മാരിജുവനയും ലഹരിയും നല്‍കിപ്പോന്നു. പെണ്‍കുട്ടികള്‍ ലൈംഗികസേവനങ്ങള്‍ നല്‍കുമ്പോള്‍ സ്റ്റാക്ക്സ് കൈത്തോക്കും മറ്റൊരു സെമിഓട്ടോമാറ്റിക് തോക്കുമായി കാറിലിരിക്കും.

ഡൊമിനിക് ഇമ്മാനുവേല്‍ ബെല്‍ എന്ന ‘സ്റ്റാക്ക്സ്’ നു അന്ന് 22 വയസായിരുന്നു. കാന്‍ഡിസ് പോണ്‍ഡെര്‍ എന്ന ‘കാന്‍ഡി’ക്കു 26ഉം. ലോറലില്‍ നിന്നുള്ള ഇവര്‍ക്ക് 2012ല്‍ യഥാക്രമം 7ഉം 4ഉം വര്‍ഷങ്ങള്‍ ജയില്‍ശിക്ഷ ലഭിച്ചു.

ഇനി ‘സ്മോക്കി’ന്‍റെയും ‘കപ് കേക്കി’ന്‍റെയും, 2011ല്‍ മറ്റൊരു സംസ്ഥാനത്തു നിന്നും ഒളിച്ചോടി വന്ന 14കാരിയോട് അവര്‍ എന്തു ചെയ്തു എന്നതിന്‍റെയും കഥ. അവര്‍ കുട്ടിയെ തിരികെ വീട്ടില്‍ കൊണ്ടാക്കിയില്ല. പകരം സ്മോക് ആ പെണ്‍കുട്ടിയെ ഡിസിയിലും മേരിലാന്‍ഡിലും കൊണ്ടു നടന്നു വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചു. അതിനു മുന്‍പു തന്നെ ഇടപാടുകാരില്‍ നിന്നു എത്ര പണം ഈടാക്കണമെന്നും എങ്ങനെ പെരുമാറണമെന്നുമൊക്കെ കപ്കേക്ക് പഠിപ്പിച്ചു.

സ്കൂളില്‍ നിന്നു ഓടിപ്പോയി അലഞ്ഞു നടന്ന പെണ്‍കുട്ടിയെ ഡിസി പോലീസ് പിടികൂടിയതോടെ അവള്‍ ‘സ്മോക്കി’നെയും ‘കപ്കേക്കി’നെയും പറ്റി വെളിപ്പെടുത്തി. ‘സ്മോക്’ അഥവാ റോബെര്‍ട് ബ്രാത്വെയ്റ്റ് – 37കാരനായ ഡിസിക്കാരന്‍ – 10 വര്‍ഷത്തെക്കു ജയിലിലായി. ‘കപ്കേക്ക്’ – ടവിയ ക്രുഡുപ് – 23 വയസ്സുള്ള സ്യൂട്ലണ്ടുകാരന്‍ – തെളിവ് നശിപ്പിച്ചതിന് ഒരു വര്‍ഷവും ഒരു ദിവസത്തേക്കുമുള്ള ശിക്ഷ ഏറ്റു വാങ്ങി. തെളിവായ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നശിപ്പിക്കുകയും അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ പഠിപ്പിക്കുകയുമായിരുന്നു ‘കപ്കേക്ക്’ ചെയ്തത്.

ഇതൊക്കെ 5 വര്‍ഷം മുന്‍പു നടന്നതല്ലേ, പഴയ കഥകള്‍ എന്നാണോ? എങ്കില്‍ ഈ മൂന്നു കേസുകളെ പറ്റി കേള്‍ക്കൂ.

4 മാസങ്ങള്‍ക്ക് മുന്‍പ് ഡിസിക്കാരായ ഡറായ മാര്‍ഷല്‍ (35), ജര്‍നെസ് ഹാരിസ് (29) യു‌എസ് ഡിസ്ട്രിക്ട് കോടതി മുന്‍പാകെ ഹാജരാക്കപ്പെട്ടു. മൂന്നു കുട്ടികളെ ഡിസ്ട്രിക്റ്റിനും മേരിലാന്‍ഡിനും ഇടയില്‍ ലൈംഗികക്കടത്തു നടത്തിയെന്നായിരുന്നു കുറ്റം. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണം, അവരെ ഉള്‍പ്പെടുത്തിയുള്ള അശ്ലീലചിത്ര നിര്‍മാണം എന്നീ കുറ്റങ്ങള്‍ കൂടെ മാര്‍ഷലിനെതിരെ ഉണ്ടായിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നു വാദിക്കുന്ന ഇവര്‍ ഫെബ്രുവരി 4നു വിചാരണ കാത്തു കഴിയുന്നു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ ഹാരിസിനും മാര്‍ഷലിനും ജീവപര്യന്തം തടവില്‍ കഴിയേണ്ടി വരും. കുട്ടികളില്‍ ഒരാളെ 2014 ലെ വേനലിലും മറ്റ് രണ്ടു പേരെ ആ വര്‍ഷം അവസാനവും ലൈംഗികക്കടത്തിനു ഉപയോഗിച്ചു തുടങ്ങിയെന്നാണ് ഇവര്‍ക്കെതിരെ ഉള്ള ആരോപണം. മാര്‍ഷല്‍ രണ്ടു കുട്ടികളെ അവര്‍ 16 വയസ്സാകുന്നതിന് മുന്‍പു ലൈംഗികമായി ഉപയോഗിച്ചു എന്നും കുട്ടികളില്‍ ഒരാളെ ഉപയോഗിച്ച് അശ്ലീലചിത്രം നിര്‍മിക്കുകയും കൈവശം വെയ്ക്കുകയും ചെയ്തു എന്നും കുറ്റപത്രത്തില്‍ പറയുന്നു. 

2014ല്‍, മാര്‍ഷലും ഹാരിസും ലൈംഗികക്കടത്തു തുടങ്ങിയെന്നാരോപിക്കപ്പെടുന്ന വര്‍ഷം, ഡിസ്ട്രിക്ടിലെ തന്നെ ജയ്സണ്‍ വ്രെന്‍ (അന്നു 33 വയസ്സു) 15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനും വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചതിനും 15 വര്‍ഷത്തേക്ക് ജയിലില്‍ അടയ്ക്കപ്പെട്ടു.

ഇന്‍റെര്‍നെറ്റിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടാണ് വ്രെന്‍ പെണ്‍കുട്ടിയെ വശീകരിച്ചത്. ആ കുട്ടിയെ സിയാറ്റിലില്‍ നിന്നു ഡിസ്ട്രിക്ടിലെക്കു വരുത്തി. എത്തിയ ഉടനെ വ്രെന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു; തുടര്‍ന്നു ഡീസിയിലെ തെരുവുകളിലൂടെ നടന്നു ഇടപാടുകാരെ കണ്ടു പിടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അണ്ടര്‍കവര്‍ ഏജന്‍റുമാര്‍ പക്ഷേ ഇയാളെ പിടികൂടി. ഒരു സുപ്പീരിയര്‍ കോടതി ജഡ്ജിയും ജൂറിയും ബാക്കി വേണ്ടതു ചെയ്തു.

പിന്നെ ലിന്‍വുഡ് ബാണ്‍ഹില്ലിന്‍റെ (അന്നു 47 വയസ്സ്) കേസ്. ഡീസി പോലീസ് ഡിപ്പാര്‍ട്മെന്‍റിലായിരുന്ന ഇയാള്‍ 15ഉം 16ഉം വയസ്സുള്ള, ഡിസ്ട്രിക്ടിലെ രണ്ടു പെണ്‍കുട്ടികളെ ഉപയോഗിച്ച് കൂട്ടിക്കൊടുപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നു അറസ്റ്റിലായി. കോടതിയില്‍ കുറ്റം സമ്മതിച്ച ബാണ്‍ഹില്ലിനെ 2014ല്‍ 7 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നാണോ?

യു‌എസ് അറ്റോര്‍ണി വക്താവ് ബില്‍ മില്ലര്‍ ഈ ആഴ്ച എന്നോടു പറഞ്ഞു “2009 മുതല്‍ ഏതാണ്ട് 70ഓളം പ്രതികളെ (ഫെഡറല്‍, ഡീസി കോടതികളില്‍) മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് വിസ്തരിച്ചിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോയതും വേശ്യാവൃത്തിക്കു നിര്‍ബന്ധിച്ചതുമായ കേസുകളും ഇതില്‍ പെടുന്നു.” 

“അതില്‍ ഒട്ടുമിക്ക കേസുകളിലും ആരോപിതര്‍ ശിക്ഷിക്കപ്പെടുകയാണുണ്ടായത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു‌എസ് അറ്റോര്‍ണി ഓഫീസിന് ഒരു വലിയ ടാസ്ക് ഫോഴ്സും മനുഷ്യക്കടത്തിനെതിരെയുള്ള സജീവമായ പരിപാടികളും ഉണ്ട്. കൂടാതെ ഡി‌സി പോലീസും സ്കൂളുകളും സഹകരിച്ചുള്ള പരിശീലന പരിപാടികള്‍ അവര്‍ തിരക്കിട്ട് ആസൂത്രണം ചെയ്യുകയാണ്. ഏഴു പള്ളികള്‍ ചേര്‍ന്ന് രാജ്യ തലസ്ഥാനത്തെ ലൈംഗികക്കടത്തു തടയാനായി വിശ്വാസ സംഗമം സംഘടിപ്പിക്കുന്നുണ്ട്. “Breaking Chains: A Faith Conference on Combating Sex Trafficking in Our Nation’s Capital” എന്ന പേരില്‍ മുഴുദിന പരിപാടി ജനുവരി 30നു രാവിലെ 9 മണി മുതല്‍ ഷിലോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടക്കും.

അവര്‍ക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാനാവില്ല.

നമുക്ക് പ്രസിഡന്‍റിനെയും കോടതിയെയും സഹായിക്കാം: മനുഷ്യക്കടത്ത് അവിടെയും എത്തിയിരിക്കുന്നു; രാജ്യ തലസ്ഥാനത്ത്. നിങ്ങളുടെ വാര്‍ഡുകളിലും ബ്ലോക്കുകളിലും. 

കണ്ണുകള്‍ തുറക്കൂ. മറ്റ് ദേശങ്ങളിലേക്ക് നോക്കാതെ സ്വന്തം തെരുവുകളിലൂടെ കണ്ണോടിക്കൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍