സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
അഫ്ഗാനിസ്ഥാനിലെ രണ്ടു മുഖ്യ ജില്ലകള്‍ പിടിച്ചെടുത്തതിനു ശേഷം താലിബാന്‍ സേന കുണ്ടൂസ് നഗരത്തിന്‍റെ 4 മൈല്‍ അടുത്തുവരെ എത്തിയത് ഭീതിയുടെ വിത്തുക്കള്‍ വിതച്ചിരിക്കുകയാണ്. 2001ല്‍ യു എസിന്‍റെ പിന്തുണയുള്ള സേന താലിബാന്‍ ഭരണത്തെ ഈ മേഖലയില്‍ നിന്ന് തുടച്ചു നീക്കിയതിന് ശേഷം അവര്‍ നടത്തുന്ന ആദ്യ മുന്നേറ്റമാണ് ഇത്.
താലിബാന്റെ തകര്‍ച്ചക്ക് ശേഷം ഇതാദ്യമായാണ് ഇത്ര രൂക്ഷമായ കലാപ ഭീഷണി നേരിടുന്നത്. വസന്തത്തിന്റെ ആരംഭത്തില്‍ തന്നെ കുണ്ടൂസിന്റെയും മറ്റ് വടക്കന്‍ പ്രവിശ്യകളുടെയും അധികാരം പിടിച്ചെടുക്കാന്‍ വേണ്ടി ഉള്ള ശ്രമങ്ങള്‍അവര്‍ തുടങ്ങിയിരുന്നു. ഇതിനായി തങ്ങളുടെ സ്ഥിരം ആക്രമണ മേഖലയായ തെക്ക് കിഴക്കന്‍ മേഖലകളില്‍ ഉള്ള ശ്രദ്ധ താലിബാന്‍ പതിയെ കുറക്കുകയും ചെയ്തു. എന്തുകൊണ്ടാണ് താലിബാന് കുണ്ടൂസിനു മുകളില്‍ ഇത്രയേറെ താത്പര്യം? ഒന്നാമത് അത് താലിബാന്‍ അധീനതയില്‍ ഉണ്ടായിരുന്ന ഒരു കാര്‍ഷിക പ്രവിശ്യ ആയിരുന്നു. രണ്ടാമത് ആര്‍ക്കാണോ കുണ്ടൂസ് മേഖലയില്‍ അധികാരമുള്ളത് അവര്‍ക്ക് വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെക്കുള്ള പാതകളുടെയും അയല്‍രാജ്യമായ താജിക്കിസ്ഥാന്‍, അതോടൊപ്പം മറ്റു മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളിലേക്കുള്ള കള്ളക്കടത്ത് പാതകളുടെയും മുഴുവന്‍ നിയന്ത്രണവും ലഭിക്കും.
മൂന്നു മാസം മുന്‍പ് കുണ്ടൂസിന്റെ അതിര്‍ത്തിവരെ എത്തിയ താലിബാനെ അഫ്ഗാന്‍ സേന തുരത്തിയോടിച്ചിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്തായി കലാപകാരികള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ആ പ്രവിശ്യയിലെ 6 ജില്ലകളില്‍ 4 എണ്ണത്തിന്റെ അധികാരം പിടിച്ചെടുത്തു.
കാബൂളിലെ അതിസുരക്ഷിതമായ അഫ്ഗാന്‍ പാര്‍ലമെന്റിന് നേരെ പട്ടാപ്പകല്‍ ചാവേര്‍ ആക്രമണം നടത്തിയും, പാര്‍ലമെറ്റ് അംഗങ്ങള്‍ക്ക് നേരെ ഗ്രനേഡുകള്‍ എറിഞ്ഞും താലിബാന്‍ യുദ്ധരംഗത്ത് തങ്ങളുടെ കരുത്ത് കാട്ടി. അഫ്ഗാന്‍ സേന വെടിവച്ചുകൊന്ന 7 കലാപകാരികള്‍ ഒഴിച്ചാല്‍ മരണസംഖ്യ അത്രയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഇതൊരു മുന്നറിയിപ്പ് കൂടിയാണ്. ഭരണകൂടം എത്രതന്നെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും അഫ്ഗാന്‍ ഭരണകൂടത്തിനെതിരെ ചോരയൊഴുക്കിയും കലാപം നടത്തിയും താലിബാന്‍ അധികാരസ്ഥാപനത്തിനു ശ്രമിക്കും എന്ന മുന്നറിയിപ്പ്.
യു എസ് ആര്‍മിക്കൊപ്പം നിരവധി അന്തര്‍ദ്ദേശീയ സംഘടനകളും, അവര്‍ക്കൊപ്പം അഫ്ഗാന്‍ സുരക്ഷാസേനയും ചേര്‍ന്ന് പലയിടങ്ങളിലും ചെറിയ ചെറുത്തുനില്‍പ്പുകള്‍ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും നഗരത്തിന്റെ പലഭാഗങ്ങളില്‍ താലിബാന്‍ സേന നടത്തിയ മുന്നേറ്റം കാരണം, സര്‍ക്കാരിനോട് കൂറുള്ള മറ്റു സേനകളുടെ സഹായത്തിനായി സമീപിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായിരിക്കുകയാണ്. അതോടെ കൂടുതല്‍ അക്രമണങ്ങള്‍ക്കും രക്തചൊരിച്ചലിനും വഴിവയ്ക്കും എന്ന ആശങ്കയും വര്‍ധിച്ചു വരുന്നു.
“ഈ നഗരം പലയിടങ്ങളില്‍ നിന്നുള്ള സമര്‍ദ്ദത്തിനു കീഴ്പ്പെട്ടുക്കൊണ്ടിരിക്കുന്നു.” ആക്രമണത്തിന് വിധേയമായ കിഴക്കും, പടിഞ്ഞാറും, തെക്കും, വടക്കും ഉള്ള പ്രവിശ്യകളുടെ പേര് ഒറ്റശ്വാസത്തില്‍ പരാമര്‍ശിച്ച് മുതിര്‍ന്ന ഗോത്ര നേതാവായ ഹാജി അമനുള്ളഹ് ഒത് മന്‍സസായ് പറഞ്ഞു.
2001ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഭയാനകമായ രീതിയില്‍ ആളുകള് ആക്രമങ്ങളില്‍ പരിക്കേല്‍ക്കുകയും, വീട് നഷ്ടപ്പെട്ടു തെരുവുകളില്‍ എത്തുകയും ചെയ്തു. ആയിരക്കണക്കിനു ആളുകള്‍ പല സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. പ്രത്യേകിച്ച് ചാര്‍ദര, ദഷ്ടി ആര്‍ച്ചി എന്നിവിടങ്ങളില്‍. ആക്രമണങ്ങളില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളും അടക്കം വലിയൊരു വിഭാഗം ജനത ആ പ്രവിശ്യയിലെ ഏക പ്രധാന ആശുപത്രിയായ ഡോക്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സിലേക്ക് ഒഴുകിയെത്തി.
സ്വന്തം ഗ്രാമമായ ചാര്‍ദരയില്‍ ഒരു കാറിലേക്ക് തണ്ണിമത്തനുകള്‍ എടുത്തു വയ്ക്കവേ നെഞ്ചില്‍ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 13 വയസ്സുള്ള സിയാദുവിനെ കണ്ടത് അവിടെ വച്ചാണ്.
“ആദ്യ പത്തുമിനിട്ട് എനിക്കൊന്നും മനസിലായില്ല.” ആക്രമണത്തെ ഓര്‍ത്തെടുക്കവേ സിയാദുവീന്‍ പറഞ്ഞു. “പക്ഷെ എന്‍റെ നെഞ്ചില്‍ തൊട്ടപ്പോള്‍ ഞാന്‍ ചോര ഒഴുകുന്നത് അറിഞ്ഞു.”
അവന്‍ മരിച്ചു പോകേണ്ടതായിരുന്നു. സ്വന്തമായി വാഹനം ഇല്ലാത്തതിനാല്‍ അവന്‍റെ അച്ഛന്‍ ഒരു ഉന്തുവണ്ടിയില്‍ അവനെ പുഴക്കരയിലെത്തിച്ചു. ഒരു ബോട്ടില്‍ പുഴകടന്ന് നഗരത്തിലെത്തി. അവിടെ നിന്നും ഒരു ബന്ധുവിന്‍റെ സഹായത്തോടെ ഈ ആശുപത്രിയില്‍ എത്തി. ഈ യാത്രക്കായി ഏകദേശം ഒരു മണിക്കൂര്‍ സമയം എടുത്തു.
“അത് വെടിയുണ്ടകളുടെ മഴപോലെ ആയിരുന്നു”. ഗുലാബുദീന്‍ പറഞ്ഞു. “എന്‍റെ മകനെ ഞാന്‍ എങ്ങനെയാണ് രക്ഷപ്പെടുത്തിയത് എന്ന് എനിക്കറിയില്ല.’
വടക്കന്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനായി താലിബാന്‍ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ബഡാക്ഷാന്‍ പ്രവിശ്യയില്‍ നിന്ന് പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെ കുണ്ടൂസിലേക്ക് എത്താനുള്ള ഒരു പദ്ധതിയിലൂടെ അവര്‍ ആ പ്രവിശ്യയുടെ 120 മൈല്‍ അടുത്തുവരെ എത്തിച്ചേര്‍ന്നു. തൊട്ടരികിലുള്ള പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന, മധേഷ്യയില്‍ നിന്നുള്ള പോരാളികള്‍ ഈ കലാപത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
അഫ്ഗാന്‍ ഭരണകര്‍ത്താക്കളുടെയും പട്ടാളക്കാരുടെയും അഭിപ്രായത്തില്‍ ഇത് കുണ്ടൂസില്‍ ഒരു ഇടക്കാല സുരക്ഷിത താവളം ഒരുക്കാനും അതിലൂടെ അഫ്ഗാന്‍ ഭരണകൂടത്തെയും, അതുപോലെ മറ്റു മതേതര പ്രവിശ്യകളായ ജനാധിപത്യരാഷ്ട്രങ്ങളെയും തകര്‍ക്കാനും ഉള്ള താലിബാന്‍ പദ്ധതിയുടെ ഭാഗമാണ്. താജിക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ ഇസ്ളാമിക ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കലാപകാരികള്‍ അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും താലിബാന്‍ സംഘത്തോടൊപ്പം ചേര്‍ന്ന് കഴിഞ്ഞു എന്ന് ഇസ്ലാമിസ്റ്റ് കലാപങ്ങളെ കുറിച്ച് ബോധ്യമുള്ള അഹമദ് റാഷിദ് പറഞ്ഞു.
കലാപങ്ങളുടെയും ആക്രമണങ്ങളുടെയും സ്വഭാവം മാറിയിരിക്കുന്നു. അഫ്ഗാന്‍ ദേശീയ സേനയുടെ ഡെപ്യൂട്ടി ചീഫ് ആയ ലെഫ്: ജന. മുറാദ് അലി മുറാദ് പറഞ്ഞു. കുണ്ടൂസിലും ബാഡക്സ്ഥാനിലും ഉള്ള കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് വിദേശ കലാപകാരികളാണ്. അവര്‍ക്ക് മധേഷ്യന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയും മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയും വേണം. അതോടൊപ്പം കുണ്ടൂസും മറ്റു വടക്കന്‍ മേഖലകളും അവര്‍ക്ക് പ്രധാനം തന്നെ.
താലിബാന്‍ വടക്കന്‍ മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുന്നതിനു പിറകില്‍ മറ്റു കാരണങ്ങള്‍ കൂടിയുണ്ടെന്ന് ചിലര്‍ കരുതുന്നു. 2001സെപ്റ്റംബര്‍ 11ന്റെ തുടര്‍ച്ചയായി ഉണ്ടായ യു എസ് ഇടപെടലിന്റെ ഭാഗമായി ആ സംഭവത്തിന് രണ്ടുമാസത്തിനു ശേഷം അമേരിക്കന്‍ പിന്തുണയുള്ള മുജാഹിദീന്‍ സേനക്ക് മുന്നില്‍ കീഴടങ്ങുന്നതിന് മുന്‍പ് താലിബാന്‍ കൈവശം വച്ചിരുന്ന അവസാന നഗരങ്ങളില്‍ പ്രധാനമായിരുന്നു കുണ്ടൂസ് പ്രവിശ്യ. സര്‍ക്കാരുമായി ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒത്തുതീര്‍പ്പ്- സമധാന ചര്‍ച്ചക്കുള്ള ഒരു തുരുപ്പു ചീട്ടായാണ് ഈ മേഖലയെ താലിബാന്‍ കണക്കാക്കുന്നത്.
“വടക്ക് പ്രവിശ്യയിലെ താലിബാന്‍ സേനാധിപതി മൌലവി സലാം, കുണ്ടൂസ് സ്വദേശിയാണ്. അവര്‍ക്ക് ഈ മേഖല കൃത്യമായി അറിയാം, തദ്ദേശീയരെയും.” ആ മേഖലയിലെ പോലീസ് മേധാവി ജന: അബ്ദുല്‍ സബൂര്‍ നസ്രാതി പറഞ്ഞു.
“അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 35 വര്‍ഷമായി തുടരുന്ന കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇടയില്‍, ഈ നഗരം പലതവണ പലരുടെയും അധികാരത്തിനു കീഴില്‍ ആയിരുന്നു. ജനങ്ങള്‍ ഇപ്പോള്‍ ഇതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒരു മുതിര്‍ന്ന ഗ്രാമവാസിയായ ഓത് മന്‍സായ് പറഞ്ഞു.
താന്‍ ഇരുപക്ഷത്തിന്‍റെയും കൂടെയല്ല എന്ന് തന്‍റെ മകന്‍റെ ആശുപത്രികിടയ്ക്കക്കരികില്‍ ഇരുന്നുകൊണ്ട് ഗുലബ്ദീന്‍ പറഞ്ഞു. താലിബാനും സര്‍ക്കാരും നടത്തുന്ന ആക്രമണങ്ങളില്‍ പലപ്പോഴും അദ്ദേഹത്തിന്റെ കൃഷിസ്ഥലം നശിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന് സ്വന്തം സ്ഥലത്ത് ഒന്നും ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ല. കയ്യിലുള്ള പണവും തീര്‍ന്നു. ” ഇരുകൂട്ടരെയും ഇല്ലാതാക്കാനാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്.” അദ്ദേഹം പറഞ്ഞു.
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക