UPDATES

സിനിമ

ടമാര്‍ പടാര്‍: അരിക് ജീവിതങ്ങളിലേക്ക് ഒരു മുഖ്യധാരാ ഇടപെടല്‍

Avatar

എന്‍.രവിശങ്കര്‍  

‘ടമാര്‍ പടാര്‍’ കാണാന്‍ പോകുമ്പോള്‍ നല്ല റിപ്പോര്‍ട്ടുകളൊന്നും കൈവശമില്ലായിരുന്നു. സംവിധായകനെക്കുറിച്ചും ഒരു പിടുത്തവുമില്ല. അഭിനയിക്കുന്നത് ബാബുരാജും ചെമ്പന്‍ വിനോദും. പൃഥ്വിരാജ് പടത്തിലുണ്ടെന്ന് കേട്ടുകേള്‍വി പോലെ. ടമാര്‍ പടാര്‍ എന്ന പേരിന്റെ വശ്യത മാത്രം കൈവശം. മലയാളത്തിലെ ചിത്രകഥകളില്‍ മുക്കിനു മുക്കിനു കേട്ടിരുന്ന ഈ ശബ്ദാടോപം. അതിന്റെ ഉപജ്ഞാതാവായ കണ്ണാടി വിശ്വനാഥനെ അദ്ദേഹം മരിക്കുന്നതിന് മുമ്പ് കണ്ട അനുഭവം. (ഈ വിചിത്ര ശബ്ദങ്ങളൊക്കെയും സൃഷ്ടിച്ചത് അദ്ദേഹമായിരുന്നു). പക്ഷേ, പടം കാണാന്‍ തുടങ്ങിയപ്പോള്‍ സംഗതി മാറി. ഒച്ചകള്‍ക്കും അത്ഭുതപ്രകടനങ്ങള്‍ക്കും പകരം നിഴലുകള്‍ക്കും വെളിച്ചങ്ങള്‍ക്കും പകരം ഏതാനും അരിക് ജീവിതങ്ങള്‍ മുന്നോട്ടുവന്നു. 

നായകനെ കവച്ചുനില്‍ക്കുന്ന, രണ്ടു മുഴുത്ത കഥാപാത്രങ്ങളുമായാണ് സംവിധായകന്‍ ദിലീഷ് നായര്‍ എത്തുന്നത്. കാണികള്‍ക്ക് ഇഷ്ടപ്പെടാതെ പോയ ഒരു ഘടകം ഇതായിരിക്കാം. നായകനടന്റെ പ്രാധാന്യമില്ലായ്മ. പക്ഷെ,  തന്റെ പതിവു പോലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എത്ര മിഴിവുള്ള ഒരു കഥാപാത്രത്തെയാണ് സംവിധായകന്‍ പൃഥ്വിക്ക് കൊടുത്തിട്ടുള്ളത്! ഒന്നാം പകുതിയില്‍ തീരെയില്ലാത്ത നായകന്‍ പ്രത്യക്ഷപ്പെടുന്നത് ഇന്റര്‍വെല്ലിനും തൊട്ടു മുമ്പുമാത്രം.

ആദ്യ പകുതി മുഴുവന് അതിവിചിത്ര സ്വഭാവികളായ രണ്ടു കഥാപാത്രങ്ങള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. ജമ്പര്‍ തമ്പിയും ട്യൂബ്‌ലെറ്റ് മണിയും. ബാബുരാജ് അവതരിപ്പിക്കുന്ന ജമ്പര്‍ തമ്പി തന്നെ ഒരു കലാകാരനായാണ് വിശേഷിപ്പിക്കുന്നത്, കസര്‍ത്തുകാരനായല്ല. അയാളുടെ ഫിലോസഫി പ്രകാരം കസര്‍ത്തുകാരില്‍ നിന്നും അകലെയല്ല കലാകാരന്റെ സ്ഥാനം. ഏതൊരു കലാകാരനെയുമെന്ന പോലെ അയാള്‍ തന്റെ കലയേയും അകമഴിഞ്ഞ് സ്‌നേഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. നാടെങ്ങും ടമാര്‍ പടാര്‍ എന്ന് ചെണ്ടകൊട്ടി വിളിച്ചുകൊണ്ടുനടക്കുന്ന അയാളുടെ പ്രധാന ഐറ്റം നാട്ടുകാര്‍ക്കൊന്നും വളയ്ക്കാനാകാത്ത ഇരുമ്പുകമ്പി തന്റെ തൊണ്ടക്കുഴിക്കും ഭൂമിയ്ക്കുമിടയില്‍ ഉറപ്പിച്ച് വളയ്ക്കലാണ്. അയാള്‍ തന്റെ മോട്ടോര്‍ സൈക്കിളിനെ അത്യഗാധമായി സ്‌നേഹിക്കുന്നു. ബി.ടെക്ക് പാസായി വരുന്ന കേരളീയ യുവാക്കള്‍ ഇന്‍ഫോസിസിനെ കാണുന്നതുപോലെ ജംബോ സര്‍ക്കസ്സില്‍ മരണക്കിണറില്‍ തന്റെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കലാണ് അയാളുടെ സ്വപ്നം.

ട്യൂബ്‌ലൈറ്റ് മണിയും ഒരു കലാകാരന്‍ തന്നെ. ഐറ്റം വെരി സിമ്പിള്‍. ട്യൂബ് ലൈറ്റുകള്‍ തന്റെ ശരീരഭാഗങ്ങളില്‍ അടിച്ചു തകര്‍ക്കുക. അവയിലെ മെര്‍ക്കുറി ധൂമങ്ങളാണ് അയാളുടെ ജീവവായു. മണിയും തമ്പിയെപ്പോലെ മനോഹരമായി കള്ളുകുടിക്കുകയും തിന്നുകയും ചെയ്യുന്നവനാണ്. 

ഇത്തരം രണ്ട് അരിക് ജീവിതങ്ങളെ നമുക്ക് കാണിച്ചുതരികയാണ് സംവിധായകന്റെ പ്രധാന ഉദ്ദേശം. അതുകൊണ്ട് മനഃപൂര്‍വ്വമെന്നോണമാണ് അയാള്‍ മുഖ്യധാരയുടെ പ്രതീകമായ പൃഥ്വി എന്ന പൗരന്‍ ഐ.പി.എസിനെ അവതരിപ്പിക്കുന്നത്. ഒരു രൂപകമെന്ന നിലയില്‍ വളരെ പ്രസക്തമാണ് അയാളുടെ പേരും ചെയ്തികളും. പൗരസമൂഹത്തിന്റെ പ്രതിനിധിയാണയാള്‍. ജമ്പറും ട്യൂബ്‌ലൈറ്റും അരിക് ജീവിതങ്ങളുടെയും. ഇവരുടെ ഇടയില്‍ മുഖ്യധാരയുടെ കടന്നുവരവ് അവരുടെ ജീവിതങ്ങളെ തകര്‍ത്തുകളയുന്നു. 

സുകുമാരക്കുറുപ്പിനെ പിടിക്കല്‍ തന്റെ ദൗത്യമായി ഏറ്റെടുത്ത പൗരന്‍ ഐ.പി.എസ്. പുതുപുത്തന്‍ എ.സി.പിക്ക്, പക്ഷെ, നിരാശയാണ് ഫലം. അയാളുടെ എല്ലാ ഉദ്യമങ്ങളും പരാജയത്തില്‍ കലാശിക്കുന്നു. അപ്പോഴാണ് ജമ്പറും ട്യൂബ് ലൈറ്റും അയാളുടെ മുന്നില്‍ ചെന്നെത്തുന്നത്.

ഇതിനിടെ സുപ്രധാനമായ രണ്ടു സംഭവങ്ങള്‍ ജമ്പറിന്റെയും ട്യൂബ്‌ലൈറ്റിന്റെയും ജീവിതങ്ങളില്‍ സംഭവിക്കുന്നുണ്ട്. ഒന്ന്, വിശദമായ ഒരു കള്ളുകുടിയുടെ അന്ത്യത്തില്‍ ജമ്പര്‍ ഒരുത്തന്റെ തലയ്ക്ക് കുപ്പി കൊണ്ടടിക്കന്നു. തമിഴത്തിയായ ഭാര്യയുടെ ശകാരം സഹിക്കവയ്യാതെ സ്വതസിദ്ധമായ കുറ്റബോധം കൊണ്ട് അയാള്‍ സ്ഥലംവിടുന്നു. (അതേ, അയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്). ആ പോക്കിലാണ് പുലിയിറങ്ങിയ ഒരു സ്ഥലത്തുവച്ച് അയാള്‍ നാട്ടുകാര്‍ക്ക് വേണ്ടി പുലിയെ പിടിക്കാന്‍ കാട്ടില്‍ കയറുന്നത്. അയാളെ ആക്രമിച്ച പുലി പക്ഷെ സ്വന്തം പിഴവു കൊണ്ടുതന്നെ ചാവുകയും പുലിയെ കൊന്ന കുറ്റത്തിന് ജമ്പര്‍ ജയിലിലാവുകയും ചെയ്യുന്നു. ട്യൂബ്‌ലൈറ്റ് മണിയാകട്ടെ ഒരു ഗുണ്ടാമാഷിനെ സഹായിക്കാന്‍ ചെന്ന് അബദ്ധത്തിലാവുന്നു. (താന്‍ ഗുണ്ടയാണ്, മാഷല്ല എന്ന് എത്ര പറഞ്ഞിട്ടും അയാള്‍ അങ്ങിനെയെ വിളിക്കൂ). രക്ഷപ്പെടാനായി അയാള്‍ ഒളിച്ചത് ഒരു വേശ്യയുടെ മുറിയിലാണ്. പോലീസ് രണ്ടിനേയും പൊക്കുന്നു. അതോടെ .ട്യൂബ് ലൈറ്റ് മണി  അവളുമായി അഗാധപ്രണയത്തിലാകുന്നു. 

അയാളുടെ ജീവിതത്തില്‍ വച്ച് പഞ്ച് ഡയലോഗായി മാറുന്ന ഒരു വാചകം അവള്‍ അയാളോട് പറയുന്നു. ”ഒരു പെണ്ണായാല്‍ മാത്രമേ എന്റെ വിഷമം തനിക്ക് മനസ്സിലാവൂ.” അവര്‍ക്കുവേണ്ടി സെക്‌സ് ചെഞ്ച് നടത്താനും മണി തയ്യാറാണ്. പക്ഷെ, സൈഡ് ഗുണ്ട ഒരു ഗുണ്ടെടുത്തിടുന്നു. ”അപ്പോള്‍ രണ്ടും പെണ്ണാവില്ലേ?”

ഇങ്ങിനെ, ഒരു രാത്രി നേരം പുരുഷന്‍മാര്‍ സ്ത്രീകളായി വേഷം മാറുന്നത് ഒരു നേര്‍ച്ചയായി കാണുന്ന ഭഗവതിക്കാവില്‍ വെച്ചാണ് ട്യൂബ്‌ലൈറ്റ് മണിയും ജമ്പര്‍ തമ്പിയും പെണ്‍വേഷങ്ങളില്‍ പരസ്പരം കണ്ടുമുട്ടുന്നത്. അരിക് ജീവിതങ്ങളില്‍ തന്നെ അരിക് ജീവിതങ്ങളാകുന്ന പെണ്ണുങ്ങളായി അവര്‍ മാറുന്നു. 

പക്ഷെ, പൗരന്റെ മുഖ്യധാരാ ഇടപെടല്‍ കാരണം അവര്‍ രണ്ടുപേരും ഭീകരരാക്കപ്പെടുന്നു. കേരള പോലീസ്, ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച്, ഐ.ബി., സി.ബി.ഐ., എന്‍.എസ്.എ. വഴി അവര്‍ നാഷണല്‍ മീഡിയയില്‍ വരെ എത്തുന്നു. കേരള സെക്രട്ടേറിയറ്റിന്  ബോംബുവയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് ചാര്‍ജ്ജ്.  മലയാളമാധ്യമങ്ങളും അവരെ കൊട്ടിഘോഷിച്ച്  ആനന്ദിക്കുന്നു. 

സത്യമെന്തെന്ന് വെളിവുണ്ടാകുമ്പോള്‍ പൗരന്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനവും അതിന്റെ ഭാഗമായി അയാള്‍ നടത്തുന്ന ചില കൈക്രിയകളുമാണ് ചിത്രത്തിന്റെ ബാക്കി ഭാഗം. പ്രധാന വില്ലനെ അയാള്‍ കൈകാര്യം ചെയ്യുന്നത് ടമാര്‍ പടാര്‍ എന്ന പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വായ്ത്താരിയിലൂടെയാണ്. സ്ലോമോഷനില്‍ തന്റെ പഞ്ചും കിക്കും എന്തൊക്കെ മാറ്റങ്ങള്‍ ആ ദുര്‍മേദസ്സില്‍ വരുത്തുമെന്ന് എണ്ണിപ്പറഞ്ഞുകൊണ്ട് അതൊക്കെയും സാധാരണ മോഷനില്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. താന്‍ ചെയ്യുന്ന പണിയെന്തെന്ന് വ്യക്തമായ ബോധമുള്ള, അരിക് ജീവിതങ്ങളെ അരിഞ്ഞുവീഴ്ത്തുന്ന മുഖ്യധാര ശരീരങ്ങളെ പദ്ധതിയിട്ട് ആക്രമിക്കുന്ന, ഒരു പൗരനെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഓരോ ഇന്ത്യാക്കാരനും  ജനിച്ചുവീഴുന്നത് 35 രൂപ കടവുമായാണ് എന്ന വില്ലന്റെ സുഭാഷിതത്തിന് അയാള്‍ മറുപടിയും നല്‍കുന്നു. – ”ജനിച്ചു വീഴുന്ന ഓരോ ഇന്ത്യാക്കാരന്റെയും തന്ത അമേരിക്കയല്ല.”

ചിത്രകഥകള്‍ മുന്നേറുന്ന ഒരു രീതിയുണ്ട്.””Meanwhile in a dark street by the  riverside”  എന്നു പറഞ്ഞുകൊണ്ട് ആക്ഷന്‍ മറ്റൊരിടത്തേക്ക് മാറ്റുന്ന രീതിയാണത്. മലയാളത്തില്‍ ‘അതേസമയം’. ഇതിലെ മൂന്നു കഥകളും പറയുന്നത് ഈ ടെക്‌നിക്കുപയോഗിച്ചാണ്. അവിചാരിതമായിരിക്കാം ഇവരുടെ കണ്ടുമുട്ടലുകള്‍. ഉദാഹരണത്തിന്, ഇതിലെ പൗരന്‍ ഒരിക്കലും തമ്പിയേയും മണിയേയും കാണുന്നില്ല.  അവരെ ദുരിതത്തിലേക്ക് വലിച്ചിടുകയും അതില്‍ നിന്ന് കരകയറ്റുകയും ചെയ്യുന്ന ഒരു അജ്ഞാത ഹസ്തമാണയാള്‍. അനാവശ്യമായ കാര്യങ്ങള്‍ക്ക് വേണ്ടി തലപുണ്ണാക്കുകയും ചെയ്യുന്നില്ല അയാള്‍. ഒരു പ്രണയം പോലുമില്ലാത്ത നായകനാണയാള്‍. കര്‍ത്തവ്യനിര്‍വ്വഹണം മാത്രമാണല്ലോ ഒരു പൗരന്റെ ധര്‍മ്മം.

ചിത്രകഥകള്‍ക്ക് മറ്റൊരു അടിത്തറ കൂടിയുണ്ട്. നറേഷന്‍. വളരെ വിദഗ്ധമായാണ് ഇവിടെ അതുപയോഗിച്ചിരിക്കുന്നത്. പ്രത്യേകിച്ച് അഡ്വ. ജയശങ്കറിന്റെ തന്നെ ആക്ഷേപഹാസ്യം നിറഞ്ഞ വാചകങ്ങളിലൂടെ അത് പുറത്തുവരുമ്പോള്‍. ഡോക്യുമെന്ററികളുടേയും ആനിമേഷന്‍ ചിത്രങ്ങളുടെയും പ്രത്യേകതയായ നറേഷന്‍ ഇവിടെ സ്വന്തമായ അസ്തിത്വമുള്ള ഒരു കഥാപാത്രമായി മാറുകയാണ്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

തമിഴില്‍ ഇറങ്ങിയാല്‍ കയ്യടിക്കും; മലയാളത്തിലാണെങ്കില്‍ കല്ലെറിയും-ഹോംലി മീല്‍സ് സംവിധായകന്‍ സംസാരിക്കുന്നു
ഒതുങ്ങാത്ത പെണ്ണ്‍; മുന്നറിയിപ്പിന്റെ ആണ്‍ രാഷ്ട്രീയം
ഞാന്‍: അരങ്ങില്‍ വീണു മരിച്ച ചലച്ചിത്രം
ബോളിവുഡ് മേരികോം; നമ്മുടെ നടിമാര്‍ കണ്ടുപഠിക്കേണ്ടതും
വെള്ളിമൂങ്ങ എന്നൊരു ചിരി സിനിമ

കൂര്‍മ്മബുദ്ധിയായ ഒരു സംവിധായകന്റെ കന്നിച്ചിത്രമാണിത്. കച്ചവടസിനിമയില്‍ ഒരിക്കലും കാണാനിടയില്ലാത്ത വിചിത്രമായ പേരുകളാണ് ദിലീഷ് നായര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അത്രയും ഫ്രഷ് ആണ് ചിന്താരീതി. മലയാള ചിത്രങ്ങളിലെ പല പതിവു വിഭവങ്ങളേയും കളിയാക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. ഇതൊരു കാര്‍ട്ടൂണ്‍/കോമഡി കുട്ടിക്കളിയാണ് എന്ന മട്ടിലാണ് പലരും ഇതിനോട് വിമുഖത കാണിക്കുന്നത് എന്നു തോന്നുന്നു. അല്ലെങ്കില്‍, ഒരു കലാചിത്രത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളൊന്നും ഇല്ലെന്നതു കൊണ്ടാവാം. അസ്തിത്വവ്യഥകളൊന്നും ഇല്ലാത്ത, ആശയക്കുഴപ്പങ്ങളില്ലാത്ത രണ്ടു കഥാപാത്രങ്ങളാണ് ഇവയില്‍ പ്രധാനികള്‍ എന്നതുകൊണ്ടുമാവാം. അല്ലെങ്കില്‍ പൃഥ്വിരാജിനെ കൊണ്ട് മാടമ്പി അഥവാ ഫ്രാഡ് വേഷം കളിപ്പിച്ചില്ലെന്നതു കൊണ്ടാവാം. തൊട്ടപ്പുറത്ത് പൃഥ്വിയുടെ തന്നെ ഫ്രോഡ് തസ്‌കരന്‍ ഇപ്പോഴും തകര്‍ത്തോടുന്നുണ്ട്. 

ബിജിബാലിന്റെ പശ്ചാത്തല സംഗീതം പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ചിത്രത്തിന്റെ കഥാകഥനരീതിയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുണ്ട് സംഗീതം. മൂന്നു ഗാനങ്ങളുള്ളതില്‍ താടിപ്പാട്ടാണ് ഏറ്റവും ശ്രദ്ധേയം. നിരവധി താടിക്കാരെക്കുറിച്ചുള്ള, താടികളെക്കുറിച്ചുള്ള വര്‍ണ്ണനയാണ് ഈ പാട്ട്. ക്യമാറയും ഏറ്റവും മനോഹരമാക്കിയിരിക്കുന്നു. ചുരുക്കത്തില്‍ ഏറെ സാങ്കേതികത്തികവുള്ള ചിത്രമാണിത്. സംവിധായകന്റെ കണ്ണ് എല്ലാ മേഖലയിലും ചെന്നെത്തിയിരിക്കുന്നു. 

പരിമിതമല്ലാത്ത എന്റെ ചലച്ചിത്രാസ്വാദന ജീവിതം കൊണ്ടു  പറയാം, ‘ടമാര്‍ പടാര്‍’ വളരെ ഗൗരവമായി കാണേണ്ട ഒരു ചിത്രമാണ്. മലയാള സിനിമയില്‍ കച്ചവടത്തിന്റേയും കലയുടേയും മുഖ്യധാരയില്‍ നിന്ന് വഴിമാറുന്ന ഒരു ചിത്രവുമാണിത്.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍