UPDATES

രോഗി ചത്താലും കുഴപ്പമില്ല; ഡോക്ടര്‍ കറുത്തതാണെങ്കില്‍ പരിശോധിക്കേണ്ട

അഴിമുഖം പ്രതിനിധി

ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങിയ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ ഇന്ത്യയിലെ ജാതിവ്യവസ്ഥ മാറേണ്ടതുണ്ടെന്നു പറഞ്ഞപ്പോള്‍ സ്വന്തം കണ്ണിലെ തടിക്കഷ്ണം കാണാതെ പോയത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. തൊലിപ്പുറത്തെ കറുപ്പും വെളുപ്പും നോക്കി മനുഷ്യനെ നിർവചിക്കുന്ന പല പശ്ച്യാത്യ സാമ്പ്രദായിക സംസ്കാരത്തിനും നാളിതു വരെ ഒരു മാറ്റവും വന്നിട്ടില്ല. അതിന്റെ മറ്റൊരു ഇരയാണ് താമിക ക്രോസ്സ് എന്ന യുവ ഡോക്ടര്‍.

ഡെട്രോയിട്ടിൽ നിന്നും മിന്നെപോള്ളിസിലേക്കുള്ള വിമാനയാത്രയിൽ വര്‍ണ്ണവിവേചനം അനുഭവിച്ച താമിക്ക ക്രോസ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറൽ ആകുന്നു. ഒക്ടോബർ ഒന്‍പതിന് ഇട്ട പോസ്റ്റ്‌ ഇത് വരെ 47123 പേർ ഷെയർ ചെയ്തു കഴിഞ്ഞു. 20646 പേരാണ് പോസ്റ്റിനു കീഴിൽ കമന്റ് ചെയ്തിരിക്കുന്നത്. 

ഞാന്‍ ഡെല്‍റ്റ ഡി.എല്‍.945 വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ എനിക്കു രണ്ടു വരി മുന്നില്‍ നിന്നും ആരുടെയോ നിലവിളി കേട്ടു. അവരുടെ ഭര്‍ത്താവ് പ്രതികരിക്കുന്നില്ല. എന്നിലെ ഡോക്ടര്‍ ഉണര്‍ന്നു . ഞാന്‍ സീറ്റ്‌ ബെല്‍റ്റ്‌ അഴിച്ചു ട്രേ ടേബിള്‍ മാറ്റി എഴുന്നേല്‍ക്കാന്‍ ശ്രമിക്കവേ  ഫ്ലൈറ്റ് അറ്റെന്‍ഡന്‍റ് എല്ലാവരോടും ശാന്തരായി ഇരിക്കാന്‍ ആവശ്യപ്പെട്ടു. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം അദേഹത്തിന് വീണ്ടും വയ്യാതായി.

ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ സീറ്റിനു മുന്നിലെ ബട്ടണില്‍ അമര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് അറിയിപ്പുണ്ടായതിനെ തുടര്‍ന്നാണ് ഞാന്‍ മുന്നോട്ട് പോയത്. എന്നാല്‍ ഒരാള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് ഞങ്ങള്‍ക്ക് വേണ്ടത് ശരിക്കുള്ള ഡോക്ടര്‍മാരെയും നേഴ്സുമാരെയുമാണ്. താങ്കളോടു സംസാരിച്ചു കളയാന്‍ സമയമില്ല എന്നു പറഞ്ഞ്  ഞാന്‍ ബട്ടണ്‍ അമര്‍ത്തി. വയ്യാത്ത ഒരു മനുഷ്യന് വൈദ്യസഹായമെത്തിക്കുന്നതിനു പകരം അവര്‍ എന്‍റെ യോഗ്യത വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും അവിടെ ഒരു വെളുത്ത ഡോക്ടര്‍ കടന്നു വന്നു. അദ്ദേഹത്തോടവര്‍ ഒന്നും ചോദിക്കാതെ തന്നെ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ തുടർന്നുള്ള വൈദ്യ സഹായങ്ങളെല്ലാം ഞാന്‍  നൽകിക്കൊണ്ടിരുന്നു. അറ്റൻഡന്‍റ് വന്നു ഒരുപാട് തവണ മാപ്പപേക്ഷിക്കുകയും യാത്ര ഇളവുകൾ നൽകാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ വിവേചനത്തിന് പകരം തന്ന യാത്ര ഇളവുകള്‍ ഞാന്‍ നിഷേധിച്ചു. അവർ ഇത്തരം വിവേചനങ്ങളിൽ നിന്ന് മാറാൻ പോകുന്നില്ല, എനിക്കിത്തരം സൗജന്യങ്ങൾ കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യും.

കറുത്തതായതുകൊണ്ട് മാത്രമാണ് അവര്‍ക്ക് ഫ്ലൈറ്റ് അറ്റെന്‍ഡന്‍റുമാരുടെ അടുത്ത് നിന്നും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. ഒബ്സ്റ്റട്രിഷ്യനും ഗൈനക്കോളജിസ്റ്റും ആണ്  താമിക. തങ്ങൾക്കിനിയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് സ്വാതന്ത്ര്യ ദിനത്തിൽ ഇട്ട മറ്റൊരു പോസ്റ്റിൽ താമിക എഴുതിയിട്ടുണ്ട്. 

ഇത് ഒരാളുടെ മാത്രം അനുഭവമല്ല. വര്‍ണ്ണവിവേചനത്തിന്റെ ദംശനങ്ങളില്‍ മുറിവേറ്റവര്‍  ഒരുപാടാണ്‌. അതിനാല്‍ തന്നെയാണ് ക്രോസ്സിന്റെ പോസ്റ്റിനു വമ്പിച്ച സ്വീകാര്യത ലഭിക്കുന്നതും.

തങ്ങളുടെ ഉപഭോക്താവിന് നേരെ ഉണ്ടായ വിവേചനത്തിൽ  അപലപിക്കുന്നുണ്ടെന്നും ഇത് തങ്ങളുടെ സംസ്കാരമല്ലെന്നും സംഭവത്തെ കുറിച്ച് വിമാന കമ്പനി ആയ  ഡെൽറ്റ അറിയിച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍