UPDATES

സിനിമ

ഇരുമുഖങ്ങളില്ല. ഒരേ മുഖം മാത്രം; മോശം സിനിമയുടെ

Avatar

ജോബി വര്‍ഗീസ്

 

Method Acting-നെ പിന്തുടരുന്ന അഭിനേതാക്കള്‍ വിരളമെങ്കിലും ലോകത്തെല്ലായിടത്തുമുണ്ട്. Marlon Brando-യുടെ ‘A Street Car Named Desire’ എന്ന Elia Kazen എന്ന ചിത്രത്തിലെ പ്രകടനമാണ് Method Acting-നെ ലോകശ്രദ്ധയിലേയ്ക്ക് കൊണ്ട് വന്നതെന്ന് പറയാം. തുടര്‍ന്ന് പലരും അഭിനയത്തിന്റെ ഈ ധാരയെ സ്വീകരിച്ചിട്ടുണ്ട്. ഡസ്റ്റിന്‍ ഹോഫ്മാന്‍, അല്‍ പാച്ചിനൊ, ജാക്ക് നിക്കോള്‍സന്‍, റോബര്‍ട്ട് ഡി നീറോ, ക്രിസ്റ്റ്യന്‍ ബെയ്ല്‍, ഡാനിയേല്‍ ഡേ-ലൂയിസ്, ഫോറസ്റ്റ് വിറ്റേക്കര്‍, ആഡ്രിയന്‍ ബ്രോഡി എന്നിവര്‍ അവരില്‍ ചിലരാണ്. കഥാപാത്രത്തിന്റെ ശാരീരികവും മാനസികവും വൈകാരികവുമായ വികാരങ്ങളെ ഒരു അണു പോലും കൈവിടാതെ പൂര്‍ണ്ണമായും സ്വാംശീകരിച്ച് എല്ലാ അര്‍ത്ഥത്തിലും കഥാപാത്രമായി മാറുകയാണ് Method Acting-ന്റെ രീതി. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായുള്ള അന്വേഷണത്തില്‍ ഏത് തരം അഗ്നിപരീക്ഷകളിലൂടെ കടന്ന് പോകാനും ഇത്തരക്കാര്‍ക്ക് തെല്ലും മടിയില്ല.

 

മാര്‍ലണ്‍ ബ്രാന്‍ഡോ, The Men എന്ന ആദ്യ ചിത്രത്തിലെ മുറിവേറ്റ സൈനികനെ അവതരിപ്പിക്കുന്നതിനായി മിലിറ്ററി ആശുപത്രിക്കിടക്കയില്‍ ഒരു മാസത്തോളം ചെലവഴിച്ചു. ‘ടാക്‌സി ഡ്രൈവര്‍’ എന്ന സ്‌കോര്‍സസെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ‘ റോബര്‍ട്ട് ഡി നീറോ, രാത്രി മുഴുവന്‍ ന്യൂയോര്‍ക്കിലുടനീളം ടാക്‌സി കാറോടിച്ച് യാത്രക്കാരെ കയറ്റിയിറക്കി. One flew over the cuckoo’s nest എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ജാക്ക് നിക്കോള്‍സന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ യഥാര്‍ത്ഥ രോഗികളോടൊപ്പം മാസങ്ങളോളം കഴിയുകയുണ്ടായി. ക്രിസ്റ്റ്യന്‍ ബെയ്ല്‍ ഉറക്കമില്ലായ്മയുള്ള കഥാപാത്രമായി സമരസപ്പെടാന്‍ രണ്ട് ദിവസം ഉറങ്ങാതെയിരുന്നു. മാത്രമല്ല, 86 കിലോയില്‍ നിന്നും ശരീരഭാരം 54 കിലോയിലേക്ക് ക്രമാതീതമായി കുറയ്ക്കുകയും ആ ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ഉടനെ അടുത്ത ചിത്രമായ Batman Begins-നു വേണ്ടി ശരീരഭാരം 86 കിലോയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും വിജയിക്കുകയും ചെയ്തു. Daniel Day – Lewis, The Last of the Mohicans എന്ന ചിത്രത്തിന് വേണ്ടി അലബാമന്‍ വന്യതകളില്‍ ഏകാന്തവാസമനുഷ്ഠിക്കുകയും അതിനിടയില്‍ ഒറ്റയ്ക്ക് വേട്ടയാടി സ്വന്തമാക്കിയ ഇരകളെയല്ലാതെ മറ്റൊന്നിനേയും ഭക്ഷിക്കാതെ മാസങ്ങളോളം ജീവിതം തുടര്‍ന്നു. Method Acting-ന്റെ രക്തസാക്ഷിയാണ്, ക്രിസ്റ്റഫര്‍ നോളന്റെ ‘Dark Knight-ലെ ജോക്കറെ അനശ്വരനാക്കിയ ശേഷം, തന്റെ അഭിനയത്തിനുള്ള തയ്യാറെടുപ്പുകള്‍ കുറിച്ചിടുന്ന പുസ്തകത്തിലെ അവസാന വരി പോലെ, ‘bye, bye’ പറഞ്ഞ് മറഞ്ഞ ഹീത്ത് ലെഡ്ജര്‍. ലോകത്തില്‍ നിന്നകന്ന്, ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ സ്വയംബന്ധിതമായി മാസങ്ങളോളമുള്ള ഏകാന്തതടവിനിടയില്‍ വിവിധ തരത്തിലുളള ഡയലോഗ് ഡെലിവറികളും മാനറിസങ്ങളുമായി ഹീത്ത് ലെഡ്ജര്‍ ജോക്കറായി രൂപാന്തരപ്പെടുകയായിരുന്നു; ഒപ്പം മരണത്തോടടുക്കുകയും.

 

 

വിക്രം, Method Acting-ല്‍ വിശ്വസിക്കുന്ന നടനാണ്. കഥാപാത്രത്തിനായുള്ള പരിണാമത്തിനായി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറുള്ള അഭിനേതാവ്. ശരീരഭാരം കുറയ്ക്കുക, ഒരുപാട് നാളുകള്‍ ചിലപ്പോഴൊക്കെ വര്‍ഷങ്ങള്‍ വരെ ഒരു കഥാപാത്രത്തിനായി മാറ്റിവയ്ക്കുക തുടങ്ങിയ രീതികള്‍ ഒന്നിലേറെത്തവണ തന്റെ ചലച്ചിത്രയാത്രയില്‍ അനുവര്‍ത്തിച്ച നടനാണ് അദ്ദേഹം. വിക്രം നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഇരുമുഖന്‍. രണ്ട് കഥാപാത്രങ്ങളെ വിക്രം ഇതില്‍ അവതരിപ്പിക്കുന്നു. തനത് നായക സങ്കല്പങ്ങളുടെ ഉത്പന്നമായ ‘അഖിലന്‍ വിനോദ്’ എന്ന റോ ഏജന്റും പ്രതിനായക വേഷത്തിലെത്തുന്ന ‘ലൗ’ എന്ന ട്രാന്‍സ്ജെന്ററും. നടപ്പ് വഴികളില്‍ നിന്നും മാറി സഞ്ചരിക്കുകയെന്നത് അക്ഷന്തവ്യമായ പാതകമായി കരുതുന്നത് കൊണ്ടാണോ എന്നറിയില്ല, ഇരുമുഖന്‍ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് സഞ്ചരിക്കുന്നില്ല .’നന്മയുടെ അന്തിമ വിജയ’മെന്ന പതിവ് ക്ലൈമാക്‌സിലേക്ക് നടന്നടുക്കുന്ന വിരസതയുടെ 154 മിനിറ്റുകള്‍.

‘ലൗ’ എന്ന ട്രാന്‍സ്ജെന്റര്‍ കഥാപാത്രത്തില്‍ വിക്രത്തിനെ കാണാനാവില്ല. Stylized ആയിട്ടുള്ള പ്രകടനമാണ് ഭൂരിഭാഗം അഭിനേതാക്കളും ഇത്തരം കഥാപാത്രങ്ങള്‍ക്ക് നല്‍കാറുള്ളതെങ്കില്‍, പരിധി വിട്ട മാനറിസങ്ങള്‍ക്കോ ഡയലോഗ് ഡെലിവറിക്കോ വിക്രം മുതിരുന്നില്ല.

1986-ല്‍ പുറത്തിറങ്ങിയ ‘വിക്രം’ എന്ന കമല്‍ഹാസന്‍ നായകനായ ചിത്രത്തിലെ ഏജന്റിന്റേയും ഇരുമുഖനിലെ അഖിലന്‍ വിനോദ് എന്ന ഏജന്റിന്റേയും ഭൂതകാലം ഒന്നുതന്നെ. മരണപ്പെട്ട ഭാര്യ, സര്‍വ്വീസിനോടുള്ള വിമുഖത സൃഷ്ടിച്ച ഒളിച്ചോട്ടം, നിര്‍ബന്ധത്തിന് വഴങ്ങിയുള്ള തിരിച്ച് വരല്‍, അസിസ്റ്റ് ചെയ്യുന്ന വനിത ഏജന്റ്, അന്ന് ലിസി, ഇന്ന് നിത്യാ മേനോന്‍. എല്ലാ സ്‌പെഷല്‍ ഏജന്റ് ചിത്രങ്ങളിലേയും കഥ ഏതാണ്ടിങ്ങനെയൊക്കെത്തന്നെ.

 

ഒരു ത്രില്ലറിന്റെ രൂപഘടനയാണ് സംവിധായകന്‍ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും അനാവശ്യമായ, അതും വില്ലനെ ചെയ്‌സ് ചെയ്യുന്നത് പോലുള്ള അടിയന്തിര ഘട്ടങ്ങളിലെ കോമഡികളും അനാവശ്യ സമയത്ത് കേറിവരുന്ന പാട്ടുകളും ചിത്രത്തിനെ ഫോക്കസില്‍ നിന്നുമകറ്റി വിരസമാക്കുന്നു. കാക്കാമുട്ടൈ, വിസാരണൈ പോലുള്ള സിനിമകള്‍ ആസ്വദിക്കുന്ന തമിഴ് പ്രേഷകരെ, അവരുടെ ആസ്വാദന നിലവാരത്തെ സംവിധായകനും നിര്‍മ്മാതാവും വില കുറച്ച് കാണുകയാണ്. ‘വിശ്വരൂപ’ത്തിലും പാട്ടുണ്ട്. കഥാപാത്രത്തെ വെളിപ്പെടുത്തുന്നതിനായി മാത്രം. മസാല വേണ്ട എന്നല്ല, അനവസരത്തില്‍ അനാവശ്യമായി തിരുകി കയറ്റണ്ട എന്നേയുള്ളൂ. ത്രില്ലറുകള്‍ ത്രില്ലറുകളല്ലാതെ മറ്റൊന്നാകരുത്.

 

 

കഥാപാത്രത്തെ മാത്രം മുഖവിലക്കെടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകടമാണ് ഇരുമുഖനിലും വിക്രം ആവര്‍ത്തിച്ചത്. ഒരു കഥാപാത്രം ഉണ്ടായാല്‍ മാത്രം നല്ല സിനിമയുണ്ടാവില്ലെന്നും ഉള്‍ക്കനമുള്ള നല്ല ആശയമാണ് നല്ല ചിത്രങ്ങളെ സൃഷ്ടിക്കുന്നതെന്നുമുള്ള പാഠം ഇരുമുഖന്‍ വിസ്മരിച്ചു. വിക്രത്തിനിത് ആദ്യത്തെ അനുഭവമല്ല. ആഴമോ പരപ്പോ ഇല്ലാത്ത കഥകളിലെ കഥാപാത്രങ്ങള്‍ക്കായി തുലച്ച വര്‍ഷങ്ങളുടേയും പ്രയത്‌നങ്ങളുടേയും അവയുടെ അന്തിമ ഫലങ്ങളുടേയും ബാലന്‍സ് ഷീറ്റില്‍ , പിതാമഹനും സേതുവും ദൈവത്തിരുമകളും ഒഴികെ, കൊട്ടിഘോഷിക്കപ്പെട്ടതോ കൊണ്ടാടപ്പെട്ടതോ ആയ ഒന്നിനേയും കാണാനാവുന്നില്ല. ഉയരം കൂടിയവന്‍ – കുറഞ്ഞവന്‍, തടി കൂടിയവന്‍ – കുറഞ്ഞവന്‍, പ്രായം കൂടിയവന്‍ – കുറഞ്ഞവന്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളിലെ, മേക്കപ്പില്‍ ഒതുങ്ങുന്ന വൈവിധ്യം മാത്രമായ ചിത്രങ്ങളുടെ ഒരു ശൂന്യകാലഘട്ടത്തിലൂടെ കമല്‍ഹാസനും കടന്നുപോയിട്ടുണ്ട്. ഉത്തമ വില്ലന്‍ ആ കാലഘട്ടത്തിന്റെ അന്ത്യം കുറിച്ച ചിത്രമായിരുന്നു. കഥാപാത്രത്തില്‍ മാത്രം അഭിരമിക്കാത്ത, നല്ല ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പ് എന്നത് അഭിനേതാവില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.

ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ഇരുമുഖന്‍. കാലമെത്ര പുരോഗമിച്ചാലും ചൊവ്വയിലേക്കുള്ള റോക്കറ്റിന്റെ ചൊവ്വാദോഷം മാറ്റാന്‍ വിക്ഷേപണത്തിന് മുമ്പ് നാളികേരമുടയ്ക്കുന്ന പോലെയാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ഗതിയും. കൃത്യം തിരുനെറ്റിയില്‍ വെടിയേറ്റ ഒരു കഥാപാത്രം, ആദിവാസികളുടെ ഒറ്റമൂലി പ്രയോഗത്തില്‍ പുല്ല് പോലെ ജീവിക്കുന്നുണ്ടീ ചിത്രത്തില്‍. പണ്ട് തച്ചോളി ഒതേനനാണ്, വെടിയേറ്റ തിരുനെറ്റിയില്‍ കച്ച വലിച്ച് കെട്ടി കിലോമീറ്ററുകളോളം നടന്ന്, തച്ചോളി തറവാട്ടിലെത്തി അവിടെ കിടന്ന് സകല പഴമ്പുരാണവും പറഞ്ഞു തീര്‍ത്ത് വീരമൃത്യു വരിക്കുന്നത്. അത് വടക്കന്‍ പാട്ട്. ഇത് സയന്‍സ് ഫിക്ഷന്‍. കലണ്ടറുകളില്‍ കാലം മാറിയെന്നേയുള്ളൂ. ചിന്തകളിലെ മാറാല കൂടിയിട്ടേയുള്ളൂ.

പൂര്‍ണ്ണമായും നിരാശപ്പെടുത്തുന്ന, യാതൊന്നും കാണികള്‍ക്ക് തിരിച്ച് നല്കാത്ത മോശം സിനിമയാണ് ഇരുമുഖന്‍.

 

(ചാലക്കുടി സ്വദേശിയാണ് ജോബി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. ഹ്രസ്വചിത്ര സംവിധായകന്‍. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍