UPDATES

അന്ന മിനി

കാഴ്ചപ്പാട്

അന്ന മിനി

ന്യൂസ് അപ്ഡേറ്റ്സ്

ഒരു തമിഴ് പ്രണയത്തിന്റെ ബാക്കിപത്രം- അന്ന എഴുതുന്നു

അന്ന മിനി

തമിഴ്നാടിനോടും തമിഴരോടും ഉള്ള പ്രണയം ബിരുദത്തിൽ ഒതുങ്ങാതെ കരകവിഞ്ഞൊഴുകിയതിനാൽ, ഒരു തമിഴ്നാടൻ ഗ്രാമത്തിൽ പണിയെടുത്ത് കളയാമെന്ന് ഏതാണ്ട് ഉറപ്പിച്ചു.

 

അങ്ങനെ പെട്ടിയും കിടക്കയുമൊക്കെയായി ചെന്നൈ സെൻട്രലിൽ ചെന്നിറങ്ങിയ എൻറെ കൂടെ ഒരു സുഹൃത്തും കൂടി. ഭാമ എന്ന പേരിലൊരു മൊബൈൽ നമ്പർ മാത്രമാണ് കയ്യിലുള്ളത്. ചെങ്കൽപെട്ട് വരെ രാജകീയമായ ലോക്കൽ ട്രെയിൻ യാത്ര. തിരു-കഴു-കുണ്ട്രം എന്ന് ഒരാഴ്ച്ച എടുത്ത് കഷ്ട്ടപ്പെട്ടു പഠിച്ച പേരുള്ള സ്ഥലത്തേക്കുള്ള ബസ്‌ കണ്ടുപിടിക്കലായിരുന്നു ഞങ്ങളുടെ അടുത്ത ജോലി. തലൈവർ നിർബന്ധിതമാക്കിയ തമിഴ് ക്ലാസ്സുകളിൽ കണ്ട അക്ഷരങ്ങൾ പെറുക്കി പെറുക്കി വായിച്ച് വരുമ്പോഴേക്കും ബസ്‌ അതിൻറെ പാട്ടിന് പോയിട്ടുണ്ടാകും. അങ്ങനെ ഒന്ന് രണ്ട് മണിക്കൂറിന് ശേഷം വന്ന ഒരു ബസ്‌ ചൂണ്ടി അടുത്ത് നിന്ന യുവാവായ പോലീസുകാരന്‍ പറഞ്ഞു “ഇന്ത ബസ്‌ തിരുകഴുകുണ്ട്രം പോവുത്”. കേട്ടതും ഞങ്ങൾ ഓടി ചാടി ബസ്സിന് അടുത്തെത്തി. അതിനകത്ത് ഇനി ഒരു സൂചി കുത്താൻ പോലും ഇടമില്ല. ഒറ്റകാലിൽ ബാഗും തൂക്കി ഒടിഞ്ഞ് മടങ്ങി നിൽക്കുമ്പോൾ അവൻറെ നോട്ടത്തിന് പച്ച തെറിയുടെ പ്രതീതിയായിരുന്നു. നാലുമാസത്തെ എൻറെ കൊടും തമിഴ് ജീവിതത്തിൽ അവൻറെ തെറിഅമ്പുകൾ പതിവായി പതിച്ച് കൊണ്ടേയിരുന്നു. തിരുകഴുകുണ്ട്രത്തിൽ ഞങ്ങൾ ഇറക്കി വെക്കപെട്ടു. മൂന്നു വർഷം ചെന്നൈയിൽ പഠിച്ചു എന്ന അഹങ്കാരത്തിൽ, കയ്യില്ലുള്ള നമ്പറിലേക്ക് വിളിച്ചപ്പോൾ കേട്ട ശബ്ദകോലാഹലത്തിൽ ഷെയർ ആട്ടോ എന്നൊരു വാക്കല്ലാതെ മറ്റൊന്നും മനസ്സിലായില്ല. ഒരു വിധത്തിൽ ചോദിച്ചും പറഞ്ഞും കറു-മറ-പാക്കം എന്ന സ്ഥലത്തുള്ള എൻറെ പണിസ്ഥലം കണ്ടെത്തി. സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു  എൻ ജി ഒ യുടെ പ്രധാന സംരംഭമായ ചികിത്സാകേന്ദ്രമായിരുന്നു അത്.
ഷെയർ ആട്ടോയിൽ വളവ് തിരിഞ്ഞു വരുമ്പോൾ ദൂരെ കണ്ട ചുമന്ന കെട്ടിടമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് മനസിലാക്കാൻ പ്രയാസം തീരെ ഉണ്ടായില്ല. കാരണം ആ പ്രദേശത്ത് കണ്ട ഏക വാർക്ക കെട്ടിടം അതായിരുന്നു. ചുറ്റും പരന്നു കിടക്കുന്ന വരണ്ട ഭൂമി. എതിർവശത്ത് ശ്മശാനം. നാലഞ്ചു കൂറ്റൻ കരിമ്പനകൾ. അതിനിടയിൽ തലപൊക്കി നില്ക്കുന്ന ചികിത്സാകേന്ദ്രം. അത്ര വലുതെന്നൊന്നും പറയാനാകില്ല എങ്കിലും എട്ട് – ഒൻപത് മുറികളുള്ള ഈ കെട്ടിടത്തെ അന്നാട്ടുകാർ ആശുപത്രി എന്ന് വിശേഷിപിച്ചു. അവരുടെ നോട്ടത്തിൽ ഒരു ആശുപത്രിക്ക് വേണ്ടതെല്ലാം അവിടെയുണ്ട്. ഒരു വലിയ കട്ടിലും നിറയെ ലൈറ്റുകളും ഉള്ള ഓപ്പറേഷൻ തീയറ്റർ, പ്രസവമുറി, വാർഡ്‌ എന്ന വിളിക്കപെടുന്ന മുറി, മരുന്നുപീടിക, കക്കൂസ്. ഈ പ്രദേശത്ത് കക്കൂസുള്ള ഏക കെട്ടിടവും ഇത് തന്നെയാകുന്നു! പെട്ടിയും കിടക്കയും ഒക്കെ കെട്ടിപെറുക്കിചെന്ന എന്നെ അഞ്ചാറ് സ്ത്രീകൾ വന്ന് ആനയിച്ച് അകത്തേക്ക് കൊണ്ടുപോയി. തിരികെ ആട്ടോയിൽ കയറും നേരം അവൻറെ തെറി അമ്പുകൾക്കിടയിൽ  എവിടെയോ അല്പം ഭയവും കലർന്നിരുന്നതായി എനിക്ക് തോന്നി.
ആശുപത്രിയിൽ ആഴ്ച്ചയിൽ പലദിവസങ്ങളിലായി പലതരം ഡോക്ടർമാർ വന്നിരുന്നു. അവരെ കൂടാതെ മൂന്ന് നേഴ്സുമ്മാർ, രണ്ട് ഫീല്‍ഡ് വർക്കർമാർ, ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റർ, ക്ലീനർ, വാച്മാൻ, പിന്നെ ഓൾ ഇൻ ഓൾ ആയ ഭാമാക്കയും ചേർന്നതാണ് ഇവിടുത്തെ ആശുപത്രി കുടുംബം. തലമൂത്ത ഡോക്ടർ തന്നെയാണ് പ്രധാന നടത്തിപ്പുകാരിയും. അവർക്ക് മുകളിൽ അങ്ങ് തിരുവനന്തപുരത്ത് എവിടെയോ ഉള്ള പരമാധികാരിക്ക് മാത്രമേ സ്ഥാനമുള്ളു. എടുപ്പിലും നടപ്പിലും ഭാവത്തിലും ഒക്കെ സിംപ്ലി മോഡേണ്‍ ആയ ഒരു തമിഴ് ബ്രാഹ്മിൻ സ്ത്രീ ആണ് തലമൂത്ത ഡോക്ടർ. ആശുപത്രിയിലെ ഇംഗ്ലിഷ് അറിയാവുന്ന ഏക വ്യക്തിയും ഇവരായിരുന്നു. വെളുത്ത് മുടി ബോബ് ചെയ്ത് നല്ല കോട്ടൻ വസ്ത്രങ്ങൾ മാത്രം ധരിച്ചിരുന്ന അവർ അവിടമാകെ വിറപ്പിച്ച് നടന്നു. ഇതുകൂടാതെ ഒന്നോ`രണ്ടോ ആഴ്ച കൂടുമ്പോൾ ചെന്നൈയിൽ നിന്നോ മറ്റോ ഒരു ഡോക്ടർ വരാറുണ്ട്. ആലോപ്പതിക്ക് പുറമേ ഒരു സിദ്ധ വൈദ്യനും ഉണ്ട് രംഗത്ത്. അധികം പ്രായം തോന്നിക്കാത്ത ഒരു തനി തമിഴ് സുന്ദരൻ. ബാക്കി എല്ലാ ജീവനക്കാരും അന്നാട്ടുകാർ തന്നെയാണ്. എല്ലാവരും വിലകുറഞ്ഞ സിന്തറ്റിക്ക് സാരികളുടുത്ത്, മഞ്ഞളും എണ്ണയും കലർന്ന നിറവും മണവും ഉള്ള കൈകാലുകളുള്ളവർ. മിക്കപ്പോഴും കാരകുഴമ്പും ചോറും മാത്രം കഴിച്ച്, പോഷകാഹാരങ്ങളെക്കുറിച്ച് ക്ലാസുകൾ എടുത്തിരുന്നവർ. ഭാമാക്കയാണ് ഇക്കൂട്ടരുടെ മേലധികാരി. നല്ല ഉയരമുള്ള ചുറുചുറുക്കുള്ള സ്ത്രീ. അവരുടെ കഴുത്തിലെ താലിചരടും സ്വർണമാലയും ഒന്നായി പിണച്ച് ബ്ലൗസിനടിഭാഗത്തെവിടെയോ സ്ഥിരമായി കോർത്ത്‌ വെച്ചിരിക്കുകയാണ്. ഓരോ കാറ്റടിച്ച് സാരി പറക്കുമ്പോഴും എന്താണിത്തിൻറെ ടെക്നിക്ക്, എന്തിനാണ് ഈ ഐറ്റം? എന്ന് ചോദിക്കണമെന്ന് തോന്നും. പക്ഷേ അതിനുള്ള ധൈര്യം ആ നാടുവിടുന്ന വരെയും ഉണ്ടായില്ല.
ആദ്യ ദിവസങ്ങളിൽ ആശുപത്രിയുടെ ഗസ്റ്റ് റൂമിൽ തന്നെയായിരുന്നു എൻറെ താമസം. മുനിയമ്മ എന്ന മദ്ധ്യവയസ്കയായ ഫീല്‍ഡ് വർക്കർ ആയിരുന്നു അവിടുത്തെ ആദ്യത്തെ കൂട്ടുകാരി. അവരോടൊപ്പം അടുത്തുള്ള ഗ്രാമങ്ങളെല്ലാം കയറി ഇറങ്ങി. എന്നെ ചൂണ്ടി എല്ലാവരോടും അവർ അഭിമാനത്തോടെ പറഞ്ഞു “എങ്ക ഫ്രെണ്ട്!”. ഒറ്റത്തടിയാണ് കക്ഷി. ഇവിടെ നിന്നും ഉള്ളിൽ ഏതോ ഗ്രാമത്തിൽ ഒറ്റയ്ക്ക് താമസം. മുനിയമ്മയുടെ കഥകളും വാച്മാൻ ചേട്ടൻ കൊണ്ടുവരുന്ന ദോശയും കാരകുഴമ്പും ഒക്കെയായി ദിവസങ്ങൾ മുന്നോട്ട് പോയി.
ആശുപത്രിയിൽ എന്നും രാവിലെ ജോലിക്കാർക്ക് എല്ലാം അവിടെ തന്നെ ഉണ്ടാകുന്ന ഒരു പോഷക കൂട്ട് പാലിൽ ചേർത്ത് കൊടുക്കുന്ന പതിവുണ്ടായിരുന്നു. ബൂസ്റ്റും ഹോർലിക്സും ഒക്കെ തോറ്റു പോകുന്ന സ്വയമ്പൻ സാധനം! അതാണ് സത്യത്തിൽ ഇവിടുത്തെ ജോലിക്കാരുടെയും ഒട്ടുമിക്ക നാട്ടുകാരുടെയും ഏക പോഷകാഹാരം! ഇത് ഉണ്ടാക്കിയിരുന്ന കസ്തൂരി അക്കയുടെ വീട്ടിൽ എനികൊരു വമ്പൻ സ്വീകരണമുണ്ടായിരുന്നു. കേറി ചെല്ലുമ്പോൾ മുൻപിലായി പകുതി ഇടിഞ്ഞ ഒരു കുടിലാണ് കണ്ടത്. അതിനോട് ചേർന്ന് പണിതീരാത്ത വാർക്ക കെട്ടിടമുണ്ട്. പെറുക്കി കൂട്ടിയതെന്നപോലെ പലനിറത്തിലും വലിപ്പത്തിലും ടയിൽസ് പാകിയ തറയിൽ അങ്ങിങ്ങായി വലിയ സ്റ്റീൽ ചരുവങ്ങളിൽ വെള്ളം ശേഖരിച്ചു വച്ചിട്ടുണ്ട്. ഏഴ് വർഷമായിട്ടും പണി തീർക്കാനാവാതതിനാൽ രണ്ടു വീടുകളിലായി താമസിക്കുന്ന നാലുപേരടങ്ങുന്ന കുടുംബമാണ് കസ്തൂരി അക്കയുടേത്. ചെന്ന് കേറിയ ഉടൻ അവരുടെ ഭർത്താവ് മലയാളത്തിൽ കുശാലാന്വേക്ഷണം നടത്തി. ഒരു നിമിഷം ഞാൻ സന്തോഷിച്ചു പോയെങ്കിലും അക്ക അഭിമാനത്തോടെ പറഞ്ഞു; തൻറെ ഭർത്താവിനു അറിയാത്ത നാടുകളും ഭാഷകളും ഇല്ല എന്ന്. റഷ്യൻ മൊഴി വരെ അദ്ദേഹത്തിന് അറിയാം എന്നാണ് അക്കയുടെ ഭാഷ്യം!
ചൂട് കൂടിയ പ്രദേശമായതിനാൽ കുനിഞ്ഞ് കേറേണ്ട വിധം താഴ്ത്തി പനയോല മേഞ്ഞ കുടിലുകളാണ് ഇവിടെ അധികവും. വീടുകൾക്ക് ഇടയിൽ മതിലുകളോ വേലികളോ ഇല്ലാത്ത കോളനികൾ. വാർക്ക കെട്ടിടങ്ങൾ സ്ഥലത്തെ ചുരുക്കം ചില പ്രധാനികൾക്ക്‌ മാത്രം. അവർ കുറഞ്ഞത്‌ ഒരു എം എൽ എ യോ പഞ്ചായത്ത്‌ തലൈവനൊ ആയിരിക്കും. എം എൽ എ മാരുടേയും മറ്റ് തലൈവൻമാരുടെയും വീടുകൾ വർഷങ്ങളായി ഒന്നുതന്നെയാണ്. അച്ഛൻ ആ കസേര മകനും മകൻ അത് തന്റെ അളിയനും ഈ അടുത്ത കാലത്തായി ഭാര്യക്കും ഒക്കെ കൈമാറി കളിക്കുന്നു എന്നതൊഴിച്ചാൽ സാധനം കയ്യിൽ തന്നെയുണ്ട്‌!
കക്കൂസുകളിൽ ഇന്നാട്ടുകാർ ആരും തന്നെ വിശ്വസിക്കുന്നില്ല. സർക്കാർ കെട്ടിക്കൊടുത്ത കക്കൂസുകളൊക്കെ നല്ല സുന്ദരമായ സ്റ്റോർ മുറികളാക്കി മാറ്റിയിട്ടുമുണ്ട്. കക്കൂസുകൾ ഇല്ലെങ്കിലെന്താ എല്ലാ കുടിലുകൾക്കും മുകളിൽ സണ്‍ ഡയറക്റ്റ് ഡിഷ്‌ തലയുയർത്തി നില്പ്പുണ്ട്. തലൈവരുടെ ഇലക്‌ഷൻ ഓഫർ ആയ കളർ ടിവികളിലൂടെ ദളപതിയും ഇളയദളപതിയും സദാ പാടിക്കൊണ്ടിരുന്നു.
അങ്ങനെ ഇരിക്കുമ്പോളാണ് സിന്ധു  എന്ന അമേരിക്കൻ തമിഴ് സുന്ദരി ഞങ്ങളുടെ ഇടയിലേക്ക് എത്തിയത്‌. അവളെക്കാൾ വലിപ്പമുള്ള ഒരു പെട്ടിയും താങ്ങി ആയിരുന്നു രംഗ പ്രവേശം. തമിഴത്തി ആണെങ്കിലും ജനിച്ചു വളർന്നത്‌ അമേരിക്കയിലായതിനാൽ തമിഴ് ജ്ഞാനത്തിൻറെ കാര്യത്തിൽ ഞങ്ങൾ ഒരുമയുള്ള എരുമകളായിരുന്നു. നാട്ടുകാരുടെയും ആശുപത്രി ജീവനക്കാരുടെയും അടുത്ത പരിപാടി ഞങ്ങൾക്കായൊരു താമസസ്ഥലം കണ്ടെത്തലായി. ആ പ്രദേശത്തെ ഒട്ടുമിക്ക വീടുകളും കണ്ടു എന്ന് തന്നെ പറയണം. കക്കൂസ് ഇല്ലെന്നതൊഴിച്ചാൽ ബാക്കി എല്ലാം കുശാൽ! അവസാനം അമേരിക്കൻ സുന്ദരി മുട്ടുമടക്കി കണ്ടതിൽ വെച്ച് ഏറ്റവും കൊള്ളാവുന്ന വീട്ടിൽ നിന്നോളാമെന്ന് ഏറ്റു. സ്ഥലത്തെ ഏക ബിരുദധാരിയുടെ വീടാണ് അത്. കക്ഷിക്ക് ഇരുപത്തി അഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം ഉണ്ടാകണം. വഴിനീളെ നാടിൻറെ രോമാഞ്ചമായ ഇദ്ദേഹവും അംബേദ്‌കറും ഒന്നിച്ചു ഒരുപോലെ നിൽകുന്ന ഫ്ലെക്സ് ബോർഡുകൾ!  ഇപ്പോൾ കിട്ടിയ ബിരുദത്തിൻറെയും ഒപ്പം കിട്ടിയ തിരുമണത്തിൻറെയും ചൂട് മാറിയിട്ടില്ല. രണ്ട് ആഘോഷങ്ങളും ഒന്നിച്ച് വന്നതിനാൽ പുതുക്കി പണിത സുന്ദരൻ വീട്. രണ്ടു മുറി, ഹാൾ, ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷിൻ. ഇതൊക്കെ ഉണ്ടെങ്കിൽ പിന്നെ കക്കൂസെന്തിനാ! ഇന്ത്യൻ ഗ്രാമങ്ങളെ അറിയുമ്പോൾ ഇതും അറിയണമല്ലോ എന്ന് അവൾ സ്വയം സമാധാനിപ്പിച്ചു. പിറ്റേന്ന് രാവിലെ ആശുപത്രിയിലേക്ക് വന്ന സുന്ദരി വെളുപ്പാങ്കാലത്തെ മലമൂത്ര വിസർജ ഒത്തുചേരലിന്റെ കഥകൾ പറഞ്ഞു കണ്ണ് തള്ളി കൊണ്ടേയിരുന്നു. ഞാനാകട്ടെ കക്കൂസുള്ള വീട് കണ്ടെത്തും എന്നുള്ള ദൃഢപ്രതിജ്ഞയിൽ നിന്ന് തെല്ലും അനങ്ങില്ല എന്ന് ഉറപ്പിച്ചു!
ശ്രമങ്ങൾക്കൊടുവിൽ ആശുപത്രിയിൽ നിന്ന് അല്പം ദൂരെയാണെങ്കിലും കക്കൂസുള്ളൊരു വീട് കണ്ടു പിടിച്ചു. കടും നീലയും വെള്ളയും നിറമുള്ള ടയിൽസ് ഇട്ട രണ്ടുമുറികളും ഒരു വരാന്തയും ഉള്ള മുകൾ ഭാഗമാണ് എനിക്ക് കിട്ടിയത്. ആ പ്രദേശത്തെങ്ങും രണ്ട് നിലകളുള്ള വീടുകൾ വേറെ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന്‍ അല്പം മാറി പറമ്പിന്റെ ഒരരികിലായി കക്കൂസും കുളിമുറിയും  ഉണ്ട്. എന്നാൽ ആ വീട്ടുകാർ ആരും അത് ഉപയോഗിച്ചിരുന്നില്ല. വീട് മുതലാളി മിസ്സ്‌ ആനന്ദവല്ലിയും രണ്ട് പെണ്‍കുട്ടികളും ആനന്ദവല്ലിയുടെ അമ്മയും താഴത്തെ നിലയിൽ താമസം. മിക്ക ദിവസങ്ങളിലും പാട്ടിയുടെ കുളിയോ ആനദവല്ലിയുടെ സാരിപൊക്കിയുള്ള മൂത്രമൊഴിക്കാൻ ഇരിക്കലോ ആയിരുന്നു എന്റെ കണി. തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പോലും എന്റെ മുൻപിൽ നിന്ന് സാരിപൊക്കി പറമ്പിൻറെ ഒരു അരികിൽ അവർ മൂത്രമൊഴിച്ചു, കൂസലില്ലാതെ സംഭാഷണം തുടർന്നു. ഇതൊരു ഓൾ വിമൻ ഹൗസ് ആണെന്നും തൻറെ അച്ഛനും അച്ഛൻറെ രണ്ടാം ഭാര്യയും വേറെയാണ് താമസമെന്നും അമ്മയാണ് ഞങ്ങളുടെ നേതാവെന്നും എല്ലാം ജൂനിയർ ആനന്ദവല്ലി ആദ്യദിവസങ്ങളിൽ തന്നെ വിശദീകരിച്ചു. മുടങ്ങാതെ കനകാംബരം ചൂടിയിരുന്ന, സാരിയും ചുരിദാറും മാത്രം ധരിച്ചിരുന്ന, മഞ്ഞൾ പുരണ്ട കൈകാലുകൾ ഉള്ള ഈ വനിതകൾ, എൻറെ സുഹൃത്തുകളേയും ആണ്‍ – പെണ്‍ ഭേദം ഇല്ലാതെ സ്വീകരിച്ചു. മറ്റേതോ ലോകത്ത് നിന്ന് വന്നവർ എന്ന ഭാവത്തിൽ ആദ്യമൊക്കെ നോക്കിയിരുന്നു എന്നത് ഒഴിച്ചാൽ സദാചാര കമ്മിറ്റികൾ ഈ ഗ്രാമങ്ങളിൽ  അത്രകണ്ട് വ്യാപകമായിട്ടില്ല.  അങ്ങും  ഇങ്ങും കമ്മിറ്റി രൂപീകരണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതേയുള്ളൂ !
മഞ്ഞയും പച്ചയും നീലയും നിറമുള്ള പാത്രങ്ങളും, എന്നെ മാത്രം കൊള്ളുന്ന കുഞ്ഞി കിടക്കയും ഒക്കെ ചേർത്ത് ഞാൻ ഈ  മുറികളെ ഒരു വീടാക്കിമാറ്റി. തോന്നുന്നതെല്ലാം തോന്നുന്ന വഴിക്ക് നിരത്തിയും അടുക്കിയും കുഴച്ചും ഒരു ഇടക്കാല താവളം നിർമ്മിച്ചെടുത്തു. അവിടെ മൂന്നു നേരവും ഇഡലി ഉണ്ടാക്കാം, ഇടാൻ ഒന്നും ഇല്ലാതെ വരുമ്പോൾ മാത്രം തുണി കഴുകാം! തുറന്നു വെച്ച പേനയും പുസ്തകവും എടുത്ത് നേരെ വെക്കാനും, ജനലുകൾ അടക്കാനും, നേരത്തിന്‌ നേരെയുള്ള ഭക്ഷണം കഴിപ്പിക്കാനും ഒന്നും ആരും വരാത്ത എന്റെ സ്വന്തം സാമ്രാജ്യം! അങ്ങനെ മൂന്നു നേരവും ഇഡലിയും ആഴ്ച്ചയിൽ ഒരിക്കൽ വാങ്ങുന്ന രണ്ട് കോഴിക്കാലുകളുമായി മൂന്ന്‌ മാസം മുന്നോട്ട് പോയി! ഇടയ്ക്കിടെ ചെന്നൈ പട്ടണത്തിൽ നിന്ന് വരുന്ന സുഹൃത്തിനെക്കാൾ എനിക്ക് പ്രിയം, അവൻ കരുതാറുള്ള ബീഫ് ഫ്രൈയോടായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ! ഏകാന്തതയും ഇഡലിയും ബോറടിപ്പിക്കുമ്പോളൊക്കെ അവൻ പ്രത്യക്ഷപ്പെട്ടു. ഒന്നിച്ചു ചന്തയിൽ പോയും ഭക്ഷണമുണ്ടാക്കിയും പാത്രവും തുണിയും കഴുകിയും രണ്ടു മൂന്ന് ദിവസങ്ങൾ. എൻറെ അഭിപ്രായത്തിൽ ആണിന് എഴുതി നല്കിയിരിക്കുന്ന എല്ലാ ഗുണഗണങ്ങളും ഉള്ള എൻറെ സുഹൃത്ത്‌, ആനന്ദവല്ലി കുടുംബത്തിനും ആ നാട്ടുകാർക്കു തന്നെയും ഒരു കൗതുകവും സ്ത്രീ – പുരുഷ തുല്യതയുടെ ആൾ രൂപവും ആയി തീർന്നു!
പെണ്‍കുട്ടികളെ  എല്ലാം പത്തൊൻപത് വയസ്സിന് മുൻപ് തന്നെ വിവാഹം ചെയ്തു കൊടുക്കുന്ന പ്രദേശമാണിത്. വരന്മാർക്കും അധികപ്രായം ഇല്ല. അതുകൊണ്ട് തന്നെ മിക്കവരും എന്നേക്കാൾ പ്രായം കുറഞ്ഞ അമ്മമാർ ആയിരുന്നു. താങ്കൾ ഗർഭിണികളായത്‌ ഭർത്താക്കന്മാർ വേദനിപ്പിക്കുന്ന എന്തോ ഒന്ന് ചെയ്തതിൻറെ ഫലമായിട്ടാണെന്ന് മാത്രം അറിയാവുന്ന ഈ കുഞ്ഞമ്മമാർക്ക് ഗർഭനിരോധനത്തെ കുറിച്ച് ക്ലാസ്സ്‌ എടുക്കേണ്ടത് എങ്ങനെ എന്നാലോചിച്ചു ഞാനും അമേരിക്കൻ സുന്ദരിയും ദിവസങ്ങൾ ഉറക്കമില്ലാതെ കിടന്നു. അതിനിടയിൽ ആശുപത്രിയിൽ ഇരുപതിന് താഴെ പ്രായമുള്ള രണ്ട് പെണ്‍കുട്ടികൾ മരിച്ചതായി റിപ്പോർട്ട്‌ ചെയ്യപെട്ടു. ഗാർഹിക പീഡനം, ഗർഭധാരണത്തോട് അനുബന്ധിച്ചുള്ള മരണം, പോഷകക്കുറവ് എന്നിവ കൂടിയ പ്രദേശമാണിത്. മറ്റ് ആശുപത്രികൾ എല്ലാം തന്നെ ഗ്രാമങ്ങളിൽ നിന്ന് ദൂരെ സ്ഥിതി ചെയ്യുന്നവയാണ്. യാത്ര സൗകര്യങ്ങൾ നന്നേ കുറവായതിനാൽ ആശുപത്രികൾ വരെ പലപ്പോഴും രോഗികളെ എത്തിക്കാനാവാറില്ല. ക്യാൻസർ നിരക്കും വളരെ കൂടിയ പ്രദേശമാണിത്. കല്പാക്കം ആണവ നിലയത്തോട് അടുത്ത് നിൽക്കുന്നതിനാലാണ് ഇതെന്ന് തലമൂത്ത ഡോക്ടർ പറയുന്നു. യാത്ര സൗകര്യങ്ങൾ വളരെ കുറവായിരുന്നതിനാൽ  മിക്ക തെരുവുകളിലും ഗ്രാമങ്ങളിലും നടന്ന് തന്നെ എത്തിപ്പെടേണ്ടതുണ്ട്. ബസ്സുകളേക്കാൾ അധികവും ഷെയർ ഓട്ടോറിക്ഷകൾ. തെരുവുകൾ മിക്കതും ജാതി അനുസരിച്ച് രണ്ടായി തിരിച്ചവയായിരുന്നു. മേൽജാതിക്കാരുടെ തെരുവുകളിൽ കീഴ്ജാതികാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഒരു മതിലിനു അപ്പുറവും ഇപ്പുറവും ആയി സ്ഥിതി ചെയ്തിരുന്ന ആ ചെറിയ തെരുവുകളിലെ സ്ത്രീപുരുഷന്മാർക്ക് ഞങ്ങൾ പ്രത്യേകം പൃത്യേകം ക്ലാസുകൾ എടുത്തു. സ്നേഹസുന്ദരമായ ആ നാടിൻറെ പേടിപ്പിക്കുന്ന മുഖവും അങ്ങനെ  പുറത്തേക്ക് വന്നു തുടങ്ങി.
വണ്ടിയിലും കവലകളിലും ഒക്കെ പരസ്പരം അറിയുന്ന ആളുകൾ മാത്രം ഉണ്ടായിരുന്ന നാട്ടുകാർക്കിടയിലേക്ക്  വലിയ താമസമില്ലാതെ ഞാനും ചേർന്നു. ആട്ടോയും ബസ്സും എൻറെ സ്ഥിരം സ്റ്റോപുകളിൽ പറയാതെ തന്നെ നിർത്തി തുടങ്ങി. ചന്തയിൽ സ്ഥിരം വാങ്ങുന്ന ഉൽപ്പന്നങ്ങൾ എന്നെ കാണുമ്പോൾ തന്നെ എടുത്ത് വച്ചും കുശലം ചോദിച്ചും അവരെന്നെ അന്നാട്ടുകാരിയാക്കി!
അങ്ങനെ അല്പസ്വല്പം പേടിയുണ്ടെങ്കിലും മെലിഞ്ഞ് തീപ്പട്ടികോല് പോലുള്ള അന്നാട്ടിലെ യുവജനങ്ങളിൽ ഒരാളെപ്പോലെയായെങ്കിലും തമിഴ് പ്രണയം ഇട്ടെറിഞ്ഞു പോരാൻ ഞാൻ തയ്യാറായിരുന്നില്ല. അപ്പോൾ അതാ വരുന്നു വില്ലൻ രൂപത്തിൽ മഴ! ഘോരപേമാരി! അന്നുവരെ കാല്പനിക പ്രണയ വിഷയമായിരുന്ന മഴ, ഒന്നൊന്നര വില്ലൻ വേഷത്തിൽ രംഗം പിടിച്ചടക്കി. കുട്ടികൊട്ടാരമാകെ ചോർന്നൊലിക്കാൻ തുടങ്ങി. ഇടിയും മിന്നലും മഴയും ഇരുട്ടും അപശബ്ദങ്ങളും വീട്ടിനകം മുഴുവൻ വെള്ളവുമായി ഞങ്ങൾ ഒരു നീണ്ട രാത്രി വെളുപ്പിച്ചു. പിറ്റേന്ന് വാതിൽ തുറന്നപ്പോൾ വീടൊരു ദ്വീപും ചുറ്റും വെള്ള കെട്ടുകളും ആയി മാറിയിരുന്നു. ഇരു വശങ്ങളിലും ഉണ്ടായിരുന്ന കുടിലുകളുടെ സ്ഥാനത്ത് വെറും കമ്പുകൾ മാത്രം അവശേഷിച്ചു. തങ്ങളുടെ തകർന്ന വീടിനുള്ളിലെ വെള്ളക്കെട്ടിലൂടെ കുട്ടികൾ ഓടിക്കളിച്ചു നടന്നു.
അതോടെ മടക്കയാത്രക്കുള്ള അന്ത്യശാസനവുമായി കയ്യിലിരുന്ന മൊബൈൽ പെട്ടന്ന് പ്രകാശിച്ചു “PNR: 4165421787, TRAIN:16723, DOJ:30-11-2011, SL, CGL-TVC, ANNA M. . . ” ജനലിൽ നിന്ന് മരച്ചില്ലയിലേക്ക് തൂങ്ങി കിടക്കുന്ന നെറ്റ് സെറ്ററിലേക്കും ശൂന്യമായ അവൻറെ കണ്ണുകളിലേക്കും ഞാൻ മാറി മാറി നോക്കി.

 

അന്ന മിനി

അന്ന മിനി

ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇകണോമിക് ചേഞ്ചില്‍ ഗവേഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍