UPDATES

ജയലളിത വെന്റിലേറ്ററിലെന്ന് ആശുപത്രി അധികൃതര്‍

അഴിമുഖം പ്രതിനിധി

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയുടെ സംബന്ധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ ഇന്നലെ വീണ്ടും പത്രകുറിപ്പ് ഇറക്കി. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ആന്റിബയോട്ടികുകള്‍ ഉള്‍പ്പടെയുള്ളവ ചികിത്സയ്ക്കായി നല്‍കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. കൂടാതെ ശ്വാസം എടുക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളുള്‍പ്പടെയുള്ളവ തുടരുന്നുണ്ടെന്നും(വെന്റിലേറ്റര്‍) ഡോക്ടറുമാരുടെ വിദഗ്ധ സമിതിയുമായി തുടര്‍ച്ചയായി അവരുടെ നില പരിശോധിക്കുകയാണെന്നും പത്രകുറിപ്പില്‍ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുബ്ബ വിശ്വാനാഥന്‍ കൂച്ചിച്ചേര്‍ത്തു.

അതെ സമയം എഐഡിഎംകെ ഐടി വിഭാഗത്തിലെ വക്താവ് കെ സ്വാമിനാഥന്‍ സാമൂഹിക മാധ്യമങ്ങളില്‍ ജയലളിതയെക്കുറിച്ച് വരുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിട്ടുണ്ട്. അഭ്യൂഹങ്ങള്‍ ഒഴിവാക്കി ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുവാനും. ആശുപത്രി അധികൃതര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനും സ്വാമിനാഥന്‍ പറയുന്നു.

മുഖ്യമന്ത്രി എന്നതെയുംപോലെ ഭരണത്തിലിടപ്പെടുന്നുണ്ടെന്നും കാവേരി വിഷയത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുറത്തുവിട്ട പട്ടികയിലുള്ള അപകടങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്ക് 1 ലക്ഷം രൂപവരെ സര്‍ക്കാര്‍ നല്‍കുമെന്നും ഐടി വിഭാഗത്തിലെ വക്താവ് കൂട്ടിച്ചേര്‍ത്തു.

ആശുപത്രി അധികൃതര്‍ നേരെത്തെ ഇറക്കിയ പത്രകുറിപ്പില്‍ ചികിത്സകളോട് ജയലളിത നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും ചികിത്സയ്ക്കായി കുറച്ചു ദിവസങ്ങള്‍ കൂടി മുഖ്യമന്ത്രി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും പറഞ്ഞിരുന്നു.

സംഘര്‍ഷസാധ്യത കണക്കിലെടുത്തും കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും തമിഴ്‌നാട്ടില്‍ സുരക്ഷ ശക്തമാക്കുകയും അപ്പോളോ ആശുപത്രിക്ക് കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ജയലളിതയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായ നിലയിലേക്ക് നീങ്ങുകയാണെന്നും കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായിട്ടുണ്ടെന്നും അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. ആശുപത്രി അധികൃതര്‍ ഇതെല്ലാം നിഷേധിച്ചെങ്കിലും അപ്പോളോ ആശുപത്രിയിലേക്ക് കൂടുതല്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍