UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴകത്തെ കുഞ്ഞന്‍ പാര്‍ട്ടികളുടെ അതിമോഹങ്ങള്‍

Avatar

പി കെ ശ്രീനിവാസന്‍

സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ ഏതെങ്കിലും ഒന്നിന്റെ അമരത്ത് കയറിപ്പറ്റിയില്ലെങ്കില്‍ ജീവിതം പാഴായിപ്പോകുമെന്ന ചിന്തയാണ് തമിഴകത്തെ സാധാരണക്കാര്‍ക്കുള്ളത്. സിനിമയിലൂടെ രാഷ്ട്രീയത്തിന്റെ ദിശാബോധം സൃഷ്ടിച്ച അണ്ണാദുരെയും കരുണാനിധിയും എംജി രാമചന്ദ്രനും ജയലളിതയുമൊക്കെ സാധാരണക്കാരന്റെ ഞരമ്പുകളില്‍ ത്രാസം സൃഷ്ടിച്ചില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളു.

നിലവിലുള്ള രണ്ടു പ്രമുഖ ദ്രാവിഡ പാര്‍ട്ടികളേയും വെട്ടിമലര്‍ത്താനും പുതിയ പ്രഭാതം വിരിയിക്കാനും ശ്രമിക്കുന്ന സംഘങ്ങള്‍ പലതാണ്. അതിലൊന്നാണ് കൂടംകുളം ആണവവിരുദ്ധ ജനകീയ സമിതിക്കാരുടെ മുന്നണിപ്പോരാളിയായിരുന്ന എസ് പി ഉദയകുമാറിന്റെ സംഘം. ആണവവിരുദ്ധ മുന്നേറ്റം പരാജയപ്പെടുകയും അതില്‍ പങ്കെടുത്ത ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ വഴിയാധാരമാകുകയും ചെയ്തതല്ലാതെ കാര്യമായ നേട്ടമൊന്നും ഉണ്ടായില്ല. മാത്രമല്ല ഉദയകുമാര്‍ ഉള്‍പ്പെടെയുള്ള അതിന്റെ നേതാക്കള്‍ ജയ സര്‍ക്കാര്‍ കൊടുത്ത നൂറു കണക്കിനു ക്രിമിനല്‍ കേസുകളില്‍ കുരുങ്ങുകയും ചെയ്തു. 

എന്നാല്‍ പച്ചൈ തമിഴകം എന്ന പേരിട്ടിരിക്കുന്ന ഉദയകുമാര്‍ സംഘത്തിന്റെ പുതിയ പാര്‍ട്ടി നിലവിലുള്ള സര്‍വ രാഷ്ട്രീയ പാര്‍ട്ടികളേയും അടുത്ത തെരഞ്ഞെടുപ്പില്‍ നിലംപരിശാക്കാനുള്ള തന്ത്ര മന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണെന്ന് തമിഴകത്തെ വോട്ടറന്മാര്‍ അടക്കിപ്പിടിച്ചു സംസാരിക്കുന്നു. 17000 കോടിയുടെ ആണവപദ്ധതി വഴിക്കുവച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും പുരട്ച്ഛിത്തലൈവി ജയലളിതയുടേയും രാഷ്ട്രീയ ശകുനി മുത്തുവേല്‍ കരുണാനിധിയുടേയും ഭരണക്കസേരയിലേക്കുള്ള യാത്ര മരവിപ്പിക്കാന്‍ തന്റെ പച്ചൈ തമിഴകത്തിനു കഴിയുമെന്ന് ഉദയകുമാര്‍ വിശ്വസിക്കുന്നുണ്ടാകണം.

2014 ല്‍ ആം ആദ്മി പാര്‍ട്ടിയുടെ തലതൊട്ടപ്പനായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കെട്ടിവച്ച കാശുപോലും മടക്കിക്കിട്ടാതെ പോയതിന്റെ വൈക്ലബ്യമൊന്നും ഉദയകുമാറിനെ വിപ്ലവത്തില്‍ നിന്നോ ബാലറ്റുപേപ്പര്‍ ജനാധിപത്യത്തില്‍ നിന്നോ പിന്തിരിപ്പിച്ചിട്ടില്ല. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ തൊട്ടടുത്ത ദിവസം ഈ നേതാവ് ഒരു പ്രസ്താവന ഇറക്കിക്കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു: ‘ഇന്ത്യയുടെ ആണവനയത്തെക്കുറിച്ച് ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ ബോധമില്ലാത്തതിനാല്‍ ഞാന്‍ പിന്‍വാങ്ങുന്നു.’ പക്ഷേ ഉദയകുമാറിന്റെ രാജിയെക്കുറിച്ച് ആം ആദ്മിപാര്‍ട്ടിയില്‍ ആരുംതന്നെ എന്തെങ്കിലും അഭിപ്രായം പറഞ്ഞതായി കേട്ടിട്ടില്ല. 

പരിസ്ഥിതി പ്രശ്‌നങ്ങളില്‍ കണ്ണുവച്ചാണത്രേ ഇപ്പോള്‍ പച്ചൈ തമിഴകത്തിന്റെ കോപ്പുകള്‍ തുന്നിച്ചേര്‍ക്കുന്നത്. തകര്‍ന്നുപോയ പ്രകൃതിയെ സംരക്ഷിക്കാന്‍ മറ്റു വഴികളൊക്കെ അടഞ്ഞ സ്ഥിതിക്ക് പാര്‍ട്ടി പച്ച പിടിക്കുമെന്നാണ് അതിന്റെ പ്രവര്‍ത്തകരുടെ നിഷകളങ്കമായ വിശ്വാസം. വിശ്വാസം രക്ഷിക്കുമെന്ന് ഉദയകുമാറും കരുതുന്നു. എന്നാല്‍ പച്ചൈ തമിഴകം മള്‍ട്ടി നാഷണല്‍ കമ്പനികളുടെ സാമ്പത്തിക സഹായമോ സംഭാവനകളോ കൈക്കൂലിയോ സ്വീകരിക്കുന്നതല്ല എന്ന് ഉദയകുമാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു (കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കോടിക്കണക്കിനു രൂപ സംഭാവന പിരിച്ചെടുത്ത പാര്‍ട്ടി കരുണാനിധിയുടെ ഡിഎംകെ ആണെന്ന് അടുത്തിടെ വന്ന വാര്‍ത്ത ഉദയകുമാര്‍ മറക്കാന്‍ സാധ്യതയില്ല) ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ തക്ക ശേഷിയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ ആണവവിരുദ്ധ നേതാവ്. 

എന്നാല്‍ അമ്പതിലധികം സാമൂഹ്യ -രാഷ്ട്രീയ- സാംസ്‌കാരിക സംഘടകള്‍ പുതിയ ശക്തി ഫ്രണ്ട് (പിഎസ്എഫ്) എന്ന പേരില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ തിരക്കിലാണ്. ചെന്നൈയില്‍ അവരുടെ നേതാക്കള്‍ തലപുകഞ്ഞ് അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നു എന്നാണ് മാധ്യമ പരിഷകള്‍ ഘോഷിക്കുന്നത്. പുതിയ പാര്‍ട്ടിയിലെ ഘടകകക്ഷിയായ ലോകസത്ത പാര്‍ട്ടിയുടെ വക്താവായ ഡി ജഗദീശനു പുതിയ കൂട്ടുകെട്ടിനു തക്കതായ കാരണങ്ങള്‍ നിരത്താനുണ്ട്: ‘അഴിമതി രഹിത സര്‍ക്കാര്‍, കൈക്കൂലിയില്ലാത്ത ഭരണം, മദ്യവിമുക്ത തമിഴ്‌നാട്.’  

ചില പ്രദേശങ്ങളിലെ നേതാക്കള്‍ അവരുടെ പ്രവിശ്യകളില്‍ മത്സരിക്കാനും തയാറെടുക്കുകയാണ്. അതിലൊരാളാണ് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ശാസ്ത്ര ഉപദേശകനായ പൊന്‍രാജ് വെള്ളൈച്ചാമി. സംസ്ഥാനത്തെ പല യുവജന സംഘടനകളും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് പ്രേരിപ്പിക്കുന്നത്. വലിയ സ്വാധീനമൊന്നുമില്ലാത്ത ജാതിപ്പാര്‍ട്ടിയായ പട്ടാളി മക്കള്‍ കക്ഷിയുടെ അമ്പുമണിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം അവരോധിക്കാന്‍ കഴിയുമെങ്കില്‍ വെള്ളൈച്ചാമിക്കും അതാകാമെന്നാണ് യുവജനാഭിപ്രായം. കലാമുമായി ചേര്‍ന്ന് ‘എ മാനിഫെസ്റ്റോ ഫോര്‍ ചെയ്ഞ്ച്’ എന്ന പുസ്‌കം എഴുതിയ വെള്ളൈച്ചാമിക്ക് നാടിന്റെ മാറ്റത്തെക്കുറിച്ച് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ. മാറ്റത്തിനും വേണമല്ലോ ഒരു പ്രകടനപത്രിക! 

ചെന്നൈയിലെ വെള്ളപ്പൊക്കം വരുത്തിയ വിനാശങ്ങളില്‍ ആശ്വാസവമുമായി വന്ന യുവജനസംഘടനകളാണ് പൊന്‍രാജ് വെള്ളൈച്ചാമിയുടെ ആശാനാളം. മരങ്ങള്‍ നട്ടുപിടിപ്പിക്കാനും ജലമാര്‍ഗ്ഗങ്ങള്‍ പുനസ്ഥാപിക്കാനും മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ യുവാക്കളാണ് ഒപ്പമുണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു. കലാമിന്റെ ഉപദേശകനായിരുന്നിട്ടും തമിഴകത്തിന്റെ മനസ്സറിയാന്‍ വെള്ളൈച്ചാമിക്ക് കഴിഞ്ഞില്ലല്ലോ എന്നാണ് പ്രബലനായ ഒരു ദ്രാവിഡപ്പാര്‍ട്ടി നേതാവ് അത്ഭുതപ്പെട്ടത്. രാഷ്ട്രീയം എന്നത് രാവണന്‍കോട്ടയാണ്. അതില്‍ കയറിപ്പറ്റാന്‍ ഇത്തരത്തിലുള്ള വ്യക്തികള്‍ക്ക് എങ്ങനെ കഴിയും? നേതാവിന്റെ ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ കാറ്റില്‍ പറക്കുന്നു. 

ഭരണത്തിലെ അസംതൃപ്തിയാണ് പുതിയ പാര്‍ട്ടികളുടെ ഉത്ഭവത്തിനു കാരണമെന്ന് അറിയാത്തവര്‍ ആരാണ്? വിടുതലൈ ചിറുതൈകള്‍ കക്ഷി നേതാവ് തോള്‍ തിരുമാവളവന്‍ പീപ്പിള്‍സ് വെല്‍ഫയര്‍ ഫ്രണ്ട് (പി ഡബ്ല്യു എഫ്) എന്ന പേരില്‍ പുതിയൊരു പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ്. ഡിഎംകെയും എഐഎഡിഎംകെയും ഒഴികെയുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങള്‍ക്കൊപ്പം വരുമെന്ന ചിന്തയില്‍ കെണിയും വച്ചു കാത്തിരിക്കുകയാണ് പാവം വിസികെ നേതാവ്. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും തമിഴകത്തെ ചെറുകിട പാര്‍ട്ടികളുടെ നിലനില്‍പ്പ് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.

(പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍